സമയം ലഭിക്കുന്ന ഒരു ദിവസം വരും

കോഴിക്കോടേക്കുള്ള ട്രെയിന്‍ യാത്ര. എറണാകുളത്ത് നിന്നും കയറുമ്പോള്‍ അടുത്ത സീറ്റില്‍ ചെറുപ്പക്കാരായ ഭര്‍ത്താവും ഭാര്യയും മാത്രം. കയറിയപ്പോള്‍ മുതല്‍ രണ്ടുപേരും മൊബൈലില്‍ ഗെയിം കളിക്കുകയാണ്. അതില്‍ തന്നെ പൂര്‍ണ്ണമായും മുഴുകി കളിച്ച് ചിരിച്ച് ഇരിക്കുന്നു. അടുത്ത സ്റ്റേഷന്‍ എത്തിയപ്പോള്‍ രണ്ട് ചെറുപ്പക്കാര്‍ കയറി. ഒരാള്‍ ഇയര്‍ ഫോണ്‍ ചെവിയിലേക്ക് തിരുകി പാട്ടുകേട്ട് കണ്ണടച്ചിരുന്നു. മറ്റെയാള്‍ മൊബൈലില്‍ സിനിമ കാണുവാന്‍ തുടങ്ങി.

ട്രെയിനിന്റെ ശബ്ധം മാത്രം. ബോഗിയില്‍ മനുഷ്യരുണ്ട് എന്ന തോന്നല്‍ വരുന്നത് ഇടക്ക് ചായ വില്‍ക്കാന്‍ വരുന്ന ഭായിമാര്‍ ശബ്ധിക്കുമ്പോള്‍ വിളിക്കുമ്പോള്‍ മാത്രം. തൃശ്ശൂരില്‍ എത്തിയപോള്‍ ഒരു പെണ്‍കുട്ടി കൂടി കയറി. അവള്‍ എന്റെ എതിരേയുള്ള സീറ്റില്‍ ഇരുന്നു. തന്റെ ബാഗൊക്കെ ഒതുക്കി വെച്ച് അവളും മൊബൈല്‍ കൈയ്യിലെടുത്തു ആരോടോ സംസാരിച്ചു തുടങ്ങി.

ഞാനും ഒപ്പം അഞ്ചുപേരും. ആരും പരസ്പരം നോക്കുന്നില്ല. സംസാരിക്കുന്നില്ല. നാലോ അഞ്ചോ ഇഞ്ച് വലിപ്പമുള്ള ഒരു ഉപകരണം അവരുടെ ചുറ്റുമുള്ള ലോകത്തെ അവരില്‍ നിന്നും അടര്‍ത്തിമാറ്റിയിരിക്കുന്നു. യാത്രയുടെ വിരസതയെ അവര്‍ ഇല്ലാതെയാക്കുകയാണ്. കടന്നു പോകുന്ന കാഴ്ചകളെ അവര്‍ കാണുന്നില്ല. കയറുകയും ഇറങ്ങുകയും ചെയ്യുന്ന മനുഷ്യരെ അവര്‍ കാണുന്നില്ല. ഇടക്ക് അവരുടെ മുഖത്ത് ചിരി വിടരുന്നു. ചിലപ്പോള്‍ മറ്റ് രസങ്ങളും. അവരെ നോക്കിയിരുന്ന് മടുത്ത് എപ്പോഴോ ഞാന്‍ അറിയാതെ മയങ്ങിപ്പോയി.

കണ്ണുതുറന്ന് നോക്കുമ്പോള്‍ എല്ലാം പഴയപടി. അല്പം പ്രായമുള്ള ഒരാള്‍ കൂടി കൂടിയിട്ടുണ്ട്. അദ്ദേഹം എന്നെ നോക്കി ചിരിച്ചു. പിന്നീട് ഞങ്ങള്‍ സംഭാഷണത്തിലായി. എന്റെ വിരസത എവിടെയോ പോയി മറഞ്ഞു. അദ്ദേഹം ഒരു സ്‌കൂള്‍ അധ്യാപകനായിരുന്നു. റിട്ടയര്‍ ചെയ്തതിന് ശേഷം അല്പ്പസ്വല്‍പ്പം കൃഷിയൊക്കെ ചെയ്ത് മുന്നോട്ട് പോകുന്നു. സംസാരത്തിനിടെ അദ്ദേഹം പറഞ്ഞു.

”ആര്‍ക്കും സമയമില്ല. സ്വന്തം കാര്യങ്ങള്‍ക്കായി തന്നെ സമയം കണ്ടെത്താന്‍ എല്ലാവരും ബുദ്ധിമുട്ടുകയാണ്. എന്റെയൊക്കെ ചെറുപ്പത്തില്‍ എത്രമാത്രം സമയം ലഭിച്ചിരുന്നു. ഇപ്പോഴും ധാരാളം സമയമുണ്ട്. ഒരു കാര്യവും നടക്കാതെ പോകുന്നില്ല. പക്ഷേ പുതിയ തലമുറക്ക് സമയമേ കിട്ടുന്നില്ല. ജീവിതത്തിന്റെ വേഗത കൂടിയിരിക്കുന്നു. നമ്മള്‍ ചെറുപ്പത്തില്‍ ചെയ്തിരുന്നതിന്റെ പകുതി കാര്യങ്ങള്‍ പോലും അവര്‍ ചെയ്യുന്നില്ല. എന്നിട്ടും ഈ സമയമൊക്കെ എവിടെ പോകുന്നു”.

മാഷ് പറഞ്ഞത് ശരിയാണ്. മറ്റുള്ളവരെ കാണുവാന്‍, സംസാരിക്കുവാന്‍ സമയമില്ല. അടുത്ത സുഹൃത്തുക്കളെ തന്നെ കാണുന്നത് വല്ലപ്പോഴും. ബന്ധുഗൃഹങ്ങളിലേക്കൊക്കെ പോകുന്നത് എന്തെങ്കിലും പരിപാടികള്‍ ഉള്ളപ്പോള്‍ മാത്രം. പുറത്തിറങ്ങി സൊറ പറഞ്ഞ് നടക്കാനൊക്കെ എവിടെ സമയം. മുന്‍പൊക്കെ വീട്ടില്‍ വന്നാല്‍ നേരെ റോഡിലേക്കാണ് പാച്ചില്‍. നാട്ടുകാരെയൊക്കെ കണ്ട് വര്‍ത്തമാനം പറഞ്ഞു അടുത്തുള്ള ചായക്കടയില്‍ നിന്ന് ചായകുടിച്ച് ലൈബ്രറിയില്‍ കയറി വായിച്ച് അങ്ങനെ അങ്ങനെ.

സത്യത്തില്‍ സമയം എവിടെയെങ്കിലും പോയിട്ടുണ്ടോ. ഒരിടത്തേക്കും പോയിട്ടില്ല. ആവശ്യത്തിന് ഉപയോഗിക്കേണ്ട സമയം അനാവശ്യത്തിന് വിനിയോഗിച്ച് തുടങ്ങിയ അന്ന് സമയം നമ്മുടെ കരവലയത്തില്‍ നിന്നും മോചിതമായി. നമുക്ക് ചുറ്റും നിറഞ്ഞുകവിയുന്ന സംഭാഷണങ്ങളാണ്. ടെലിവിഷനില്‍ നിന്നും മൊബൈലില്‍ നിന്നും കമ്പ്യൂട്ടറില്‍ നിന്നുമൊക്കെ അത് നമുക്ക് നേരെ കുതിച്ചുചാടുകയാണ്. അതിന്റെ മലവെള്ളപാച്ചിലില്‍ നമുക്ക് സമയം കൈവിട്ടുപോകയാണ്. ആവശ്യമുള്ളതെന്ത് ആവശ്യമില്ലാത്തതെന്ത് എന്ന് വേര്‍തിരിച്ചറിയാതെ നാം അവയെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു.

ഒരു ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് ഞാന്‍ ഒരു ലിസ്റ്റ് കൊടുത്തു. അതില്‍ പറഞ്ഞിരിക്കുന്ന ഓരോ പ്രവര്‍ത്തികള്‍ക്കും എത്ര സമയം ചിലവഴിക്കുന്നുണ്ട് എന്ന് രേഖപ്പെടുത്താന്‍ പറഞ്ഞു. ലിസ്റ്റ് പൂരിപ്പിച്ച് കഴിഞ്ഞ അവര്‍തന്നെ ഞെട്ടിപ്പോയി. സമയം എവിടെപ്പോയി എന്ന് ആ ലിസ്റ്റ് തന്നെ ഉത്തരം നല്കി. മുന്‍പ് മഹാഭാരതമോ ആഴ്ചയില്‍ ഒരിക്കല്‍ വന്നിരുന്ന ചിത്രഗീതമോ കാണുവാന്‍ മാത്രം ടെലിവിഷന്‍ ഉപയോഗിച്ചിരുന്നവര്‍ ഇന്ന് മൂന്നും നാലും മണിക്കൂറുകള്‍ അതിന് മുന്നില്‍ കഴിച്ചുകൂട്ടുന്നു. കുടുംബത്തോട് പോലും നമുക്ക് സംസാരിക്കുവാന്‍ സമയമില്ല. എന്തിന് ആഹാരം കഴിക്കുമ്പോള്‍ പോലും നോട്ടം മൊബൈലിലാണ്.

സമയം എങ്ങും പോയിട്ടില്ല. നാം അത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള്‍ ചെയ്യേണ്ടതെല്ലാം സമയക്കുറവിന്റെ പേരില്‍ നാം നീട്ടിവെച്ചുകൊണ്ടിരിക്കുകയാണ്. ഒരു ദിവസം സമയം ലഭിക്കും പക്ഷേ അന്ന് നമുക്കൊന്നും ചെയ്യുവാനാകാതെ നീണ്ട് നിവര്‍ന്ന് കിടക്കേണ്ടി വരും.

യാത്രപറയുമ്പോള്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു. മക്കളെ കണ്ടിട്ട് കുറച്ചധികം നാളുകളായി. അവര്‍ വല്ലാത്ത തിരക്കിലാണ്. അടുത്ത യാത്ര ഇനി അവരുടെ അടുത്തേക്കാണ്. മാഷിനോട് നന്ദി പറഞ്ഞു ഞാന്‍ കോഴിക്കോടിറങ്ങി. എന്റെ അസാന്നിധ്യം അവിടെ ഒരു ചലനവും സൃഷ്ട്ടിക്കുന്നില്ല. എല്ലാവരും അവരുടേതായ ലോകത്താണ്. വേഗത കൂടിയ, ഒന്നിനും സമയം തികയാത്ത ലോകത്ത്.

 

 

Leave a comment