നമ്മുടെ സമയവും വന്നെത്തും

ആല്‍ബര്‍ട്ട് മെല്ലെ പാര്‍ക്കിലേക്ക് നടന്നു. പാര്‍ക്ക് ശൂന്യമാണ്. വൈകുന്നേരമാകണം പാര്‍ക്ക് തിരക്കിലാകുവാന്‍. കടുത്ത ചൂടില്‍ തണല്‍ വിരിച്ച് നില്‍ക്കുന്ന മരത്തിന്റെ ചോട്ടില്‍ അയാള്‍ ഇരുന്നു. തളര്‍ന്ന തന്റെ ശരീരം മരത്തിനോട് ചേര്‍ത്ത് വെച്ചു കാലുകള്‍ നീട്ടി അയാള്‍ ചാഞ്ഞുകിടന്നു.

തീര്‍ത്തും പരാജിതനായ ഒരാളാണ് താന്‍ എന്ന തോന്നല്‍ അയാളുടെ മനസ്സിനെ ക്ഷീണിപ്പിച്ചു. അയാളുടെ തലച്ചോറിലൂടെ ജീവിതത്തിന്റെ ഫ്‌ലാഷ്ബാക്ക് ഒരു ചലച്ചിത്രം പോലെ കടന്നു പോയി. ദരിദ്രനായി ജനിച്ച് ദരിദ്രനായി മരിക്കുവാനാണ് തന്റെ വിധി എന്ന് അയാള്‍ സ്വയനിന്ദയോടെ ഓര്‍ത്തു. തന്റെ ഭാര്യയേയും മക്കളേയും തീറ്റിപോറ്റുവാന്‍ കഴിവില്ലാത്ത ഒരുവനായി താന്‍ മാറി എന്ന ചിന്ത അയാളുടെ ഹൃദയത്തില്‍ മൂര്‍ച്ചയുള്ള വാള്‍ പോലെ തുളച്ചുകയറി.

ജീവിതത്തിനോടുള്ള പോരാട്ടത്തില്‍ അയാള്‍ ചെയ്യാത്ത പണികളൊന്നുമില്ല. തുടങ്ങിയ ബിസിനസുകളൊക്കെ പരാജയപ്പെട്ടു. ഇപ്പോള്‍ അയാള്‍ ചെയ്ത് കൊണ്ടിരുന്നത് ആ ഗ്രാമത്തില്‍ വിളയുന്ന അടക്കകള്‍ ശേഖരിച്ച് പട്ടണത്തില്‍ വില്‍ക്കുകയായിരുന്നു. പക്ഷേ ചെറിയ വില്പ്പനക്കാരെ പട്ടണത്തിലുള്ളവര്‍ക്ക് ആവശ്യമില്ല. കൂടുതല്‍ വാങ്ങണമെങ്കില്‍ അതിനുള്ള പണം അയാളുടെ കയ്യിലില്ല. അതുകൊണ്ട് തന്നെ നാള്‍ക്കുനാള്‍ ബിസിനസ് ശോഷിച്ചു വന്നു. വളരെ ദൗര്‍ഭാഗ്യവാനായ ഒരുവനാണ് താന്‍ എന്ന് അയാള്‍ വിശ്വസിച്ചു. കാരണം ഈ ജീവിതകലാപത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഭാഗ്യം അയാളെ തുണച്ചില്ല. കഴുതയെപ്പോലെ അയാള്‍ പണി എടുത്തിരുന്നു. പക്ഷേ എന്നും ദൗര്‍ഭാഗ്യം അയാളെ വിടാതെ പിന്തുടര്‍ന്നിരുന്നു.

മരച്ചുവട്ടില്‍ ഇരിക്കുന്ന ആല്‍ബര്‍ട്ട് ആകെ തകര്‍ന്ന മനുഷ്യനാണ്. ജീവിക്കണം എന്ന കൊതി ഇപ്പോള്‍ തീരെ അയാള്‍ക്കില്ല. ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നത് കഠിനമായ വ്യഥയാണ്. അതിന്റെ തീച്ചൂളയില്‍ അയാള്‍ വെന്തുരുകുകയാണ്. ഈ ലോകത്തില്‍ ജീവിക്കുവാന്‍ അര്‍ഹതയില്ലാത്ത ഒരു വ്യക്തിയാണ് താനെന്ന് അയാള്‍ അതിയായി വിശ്വസിച്ചു. എല്ലാ പ്രതീക്ഷകളും തകര്‍ന്ന് ആശ നശിച്ച ഒരു ജഡമായി സ്വയം അയാള്‍ക്ക് അനുഭവപ്പെട്ടു.

ചിന്തകളുടെ വേലിയേറ്റത്തില്‍ വേദനകള്‍ ഇനി സഹിക്കാനാവില്ല എന്ന തിരിച്ചറിവില്‍ അയാള്‍ ഏക പോംവഴി ആത്മഹത്യയാണ് എന്ന് തീരുമാനിച്ചു. കുടുംബത്തിനെക്കുറിച്ചുള്ള ചിന്തകള്‍ അയാളെ അതികഠിനമായ സങ്കടത്തിലേക്ക് തള്ളിയിട്ടു. ഒന്നും ചെയ്യുവാനാവാത്ത താന്‍ മരിക്കുക തന്നെയാണ് അവര്‍ക്ക് നല്ലത്. ഈ ദുഃഖങ്ങളില്‍ നിന്നുമുള്ള മോചനത്തിനായുള്ള പാത ആത്മഹത്യ തന്നെ എന്ന് നിശ്ചയിച്ച് അയാള്‍ മരത്തണലില്‍ നിന്നും എഴുന്നേറ്റു. ഇടറിയ കാലുകള്‍ അയാളെ പാര്‍ക്കിന് പുറത്തേക്ക് നയിച്ചു.

റോഡിന്റെ വശത്തുള്ള നടപ്പാതയിലൂടെ അയാള്‍ നടന്നു നീങ്ങി. കിഴക്ക് ദിക്കിലുള്ള മലയെ ലക്ഷ്യമാക്കിയാണ് അയാളുടെ യാത്ര. മലയുടെ മുകളില്‍ കയറി തന്റെ തളര്‍ന്ന ചിറകുകള്‍ കൊണ്ട് മരണത്തിന്റെ അനശ്വരതയിലേക്ക് പറക്കാം എന്ന ചിന്തയില്‍ അയാള്‍ തന്റെ നടത്തത്തിന്റെ വേഗത കൂട്ടി. ഈ ലോകം തന്നെ അയാളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. മരിക്കാന്‍ തീരുമാനിച്ചവന്‍ ഈ ലോകത്തിനെക്കുറിച്ച് എന്തിനോര്‍ക്കണം. അതൊരു വൈരുദ്ധ്യമാണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവനേക്കാള്‍ സ്വാര്‍ത്ഥനായി ആരുമില്ല. അവന് അവന്റെ ലക്ഷ്യം മാത്രമാണ് പ്രധാനം.

ശൂന്യമായ മനസ്സോടെ ഒരു അപ്പൂപ്പന്‍താടിയെ പോലെ ഭാരമില്ലാതെ നടന്നുനീങ്ങുന്ന ആല്‍ബര്‍ട്ടിന്റെ അരികില്‍ ഒരു കാര്‍ വന്നു നിന്നു. ജീവനില്ലാത്ത തന്റെ കണ്ണുകള്‍ കൊണ്ട് അതില്‍ നിന്നും ഇറങ്ങിവന്ന പൊക്കംകുറഞ്ഞ തടിച്ച മനുഷ്യനെ ആല്‍ബര്‍ട്ട് നോക്കി. ഒരു നീണ്ട കറുത്ത കുപ്പായമാണ് അയാള്‍ ധരിച്ചിരുന്നത്. വലിയൊരു വട്ടതൊപ്പി അയാളുടെ കുലീനമായ മുഖത്തിന്റെ ഒരുഭാഗം മറച്ചിരുന്നു.

”ഞാന്‍ ആല്‍ബര്‍ട്ട് എന്ന വ്യക്തിയെ അന്വേഷിച്ച് വന്നതാണ്. നിങ്ങള്‍ക്ക് അദ്ദേഹത്തെ പരിചയമുണ്ടോ” കാറില്‍ നിന്നും ഇറങ്ങി വന്നയാള്‍ ആല്‍ബര്‍ട്ടിനോട് ചോദിച്ചു. ”ഞാനാണ് ആല്‍ബര്‍ട്ട്” നിര്‍വ്വികാരതയോടെ ആല്‍ബര്‍ട്ട് മറുപടി പറഞ്ഞു.

”ഞാന്‍ ഭാഗ്യവാനാണ് താങ്കളെ തന്നെ കണ്ടുമുട്ടിയല്ലോ” ഒരു പുഞ്ചിരിയോടെ അപരിചിതന്‍ പറഞ്ഞു. ”ഞാന്‍ പട്ടണത്തില്‍ നിന്നും നിങ്ങളെ തേടി എത്തിയതാണ്. നിങ്ങളുടെപേര് ഞാന്‍ ഒരുപാട് കേട്ടിരിക്കുന്നു. നിങ്ങളുടെ സത്യസന്ധത ബിസിനസില്‍ പ്രസിദ്ധമാണ്. ഞാന്‍ അടക്ക കയറ്റുമതി ചെയ്യുന്ന ഒരാളാണ്. നിങ്ങളില്‍ നിന്നും അടക്കകള്‍ ശേഖരിക്കാന്‍ എനിക്ക് താല്‍പ്പര്യമുണ്ട്. പണം മുന്‍കൂറായി നല്‍കാന്‍ ഞാന്‍ തയ്യാറാണ്.”

അന്നാദ്യമായി ആല്‍ബര്‍ട്ട് ദൈവത്തെ കണ്ടു. ദൈവത്തിന് നീളന്‍ കുപ്പായവും വട്ടതൊപ്പിയുമുണ്ട് എന്ന് കണ്ണില്‍ മെല്ലെ ഊറിവരുന്ന കണ്ണുനീരിനിടയില്‍ ഒരു ചെറുചിരിയോടെ അയാള്‍ ചിന്തിച്ചു. അയാളുടെ കൈകള്‍ അറിയാതെ നീണ്ട് അപരിചതന്റെ കൈകളെ തൊട്ടു.

ജീവിതം അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു പെട്ടിയാണ്. നിനക്കാത്ത നേരത്ത് അത് തുറക്കും. പ്രതീക്ഷകള്‍ അറ്റുപോകുന്ന സമയത്ത് അദൃശ്യമായ ഒരു ശക്തി നമ്മുടെ കരങ്ങള്‍ മുറുകെ പിടിക്കും. പ്രവചിക്കുവാനാവാത്ത ഇത്തരം അനുഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തര്‍ക്കുമുണ്ട്. അതിലൊന്ന് ആല്‍ബര്‍ടട്ടിന്റെ ജീവിതത്തിലും സംഭവിച്ചു.

ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജീവിക്കുന്ന നമ്മള്‍ പലസമയങ്ങളിലും നിരാശയ്ക്ക് അടിപ്പെട്ട് പോകാറുണ്ട്. നാം പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കാത്തപ്പോള്‍ മനസ്സ് കലുഷിതമാകുന്നു. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ അനാവശ്യചിന്തകള്‍ അതിനെ കീഴടക്കുവാന്‍ ശ്രമിക്കുന്നു. ആരോഗ്യമില്ലാത്ത ശരീരത്തെ രോഗങ്ങള്‍ കീഴടക്കുന്നത് പോലെ. നിരാശയുടെയും വേദനയുടെയും ഇടയില്‍ പ്രത്യാശയുടെ ഒരു ചെറുതിരി എപ്പോഴും തെളിച്ചുവെക്കുകയാണ് ഇതിനൊരു പ്രതിവിധി.

ജീവിതത്തില്‍ ഉയര്‍ച്ചയും താഴ്ചയും സ്വാഭാവികമാണ്. അതൊരിക്കലും ശാശ്വതമല്ല. അത് മാറിമറിഞ്ഞുകൊണ്ടിരിക്കും. ഒന്നും അധികകാലം നിലനില്‍ക്കുകയില്ല. ഈ യാഥാര്‍ത്ഥ്യം മനസിലാക്കുക എന്നതാണ് ജീവിതത്തിന്റെ യാത്രയില്‍ ഏറ്റവും പ്രാധാന്യമുള്ളത്. പരീക്ഷകളില്‍, ബിസിനസില്‍, ജോലിയില്‍, ബന്ധങ്ങളില്‍ എല്ലാം നമുക്ക് പരാജയങ്ങള്‍ സംഭവിക്കാം. പക്ഷേ ഒന്നും ലോകാവസാനമല്ല. കീഴടങ്ങാത്ത ഒരു മനസ്സ് ആര്‍ജ്ജിക്കുക തന്നെയാവണം ലക്ഷ്യം.

പരാജയങ്ങള്‍ക്ക് ഉത്തരവാദി നാം മാത്രമല്ല. നമുക്ക് ചുറ്റുമുള്ള വ്യവസ്ഥിതിയും, വ്യക്തികളും, സന്ദര്‍ഭങ്ങളും എല്ലാം ഇതിനുത്തരവാദികള്‍ തന്നെയാണ്. ഒരു പരാജയം സംഭവിക്കുമ്പോള്‍ ഞാന്‍ മാത്രമാണ് ഇതിനുത്തരവാദി എന്ന ചിന്ത നമ്മെ നിരാശയില്‍ ആഴ്ത്തും. ഓരോ പരാജയവും അനുഭവങ്ങളാണ്, പാഠങ്ങളാണ്. അതിന്റെ വില ചിലപ്പോള്‍ വലുതായിരിക്കാം എന്നാല്‍ അത് നല്‍കുന്ന പാഠങ്ങളും വിലമതിക്കാനാവാത്തതാണ്.

വെള്ളം കുടിക്കാതെ നീന്തല്‍ പഠിക്കുക അസാധ്യമാണ്. അതുപോലെ പരാജയങ്ങളും കൈപ്പേറിയ അനുഭവങ്ങളും ഇല്ലാതെ ജീവിതനദി നീന്തികടക്കുക അസാധ്യം തന്നെ. എല്ലാം പഠിച്ചിട്ട് നമുക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഓരോ അനുഭവവും നമ്മളിലെ വ്യക്തിത്വത്തെ ഒരു ശില്‍പ്പിയുടെ ചാതുര്യത്തോടെ കൊത്തിയെടുക്കുന്നു. ജീവിതത്തിന്റെ നിഗൂഡമായ സൗന്ദര്യം അതാണ്.

മനസ്സില്‍ നിരാശയുണ്ടോ? വേദനകളുണ്ടോ? കടന്നുപോകാന്‍ സമയം കൊടുക്കുക. അതില്‍ തന്നെ നിലകൊള്ളുക. ഈ സമയം കടന്നുപോകും എന്ന് തിരിച്ചറിയുക. നമ്മുടെ സമയവും വന്നെത്തും ആ അദൃശ്യമായ കൈകള്‍ അന്ന് നമ്മെ തേടി എത്തും. ആല്‍ബര്‍ട്ടിനെ തേടി എത്തിയ പോലെ.

 

Leave a comment