ബിസിനസില്‍ വിജയത്തിന്റെ ആധാരം ഉത്പാതനക്ഷമത

കടലിന്റെ ആഴത്തില്‍ നീന്തുന്ന ഒരാളും കടലിന്റെ ഉപരിതലത്തില്‍ നീന്തുന്ന ഒരാളും കാണുന്ന കാഴ്ചകള്‍ വ്യത്യസ്തങ്ങളാണ്. കടല്‍ എന്നത് എന്താണെന്നും അതിന്റെ വൈവിധ്യങ്ങള്‍ എന്താണെന്നും ഒരാള്‍ക്ക് മനസിലാകണമെങ്കില്‍ അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നേ മതിയാകൂ. ഉപരിതലത്തില്‍ നീന്തുന്ന ഒരാള്‍ ഒരിക്കലും അത് തിരിച്ചറിയുന്നില്ല.

ബിസിനസും ഇതുപോലെയാണ്. നമുക്ക് അതിന്റെ ഉപരിതലത്തില്‍ നീന്താം. എന്നിട്ട് ഇതാണ് ബിസിനസ് എന്ന് കരുതാം. അല്ലെങ്കില്‍ കൂടുതല്‍ ധൈര്യം സമ്പാദിച്ച്, വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടാം. കടലിന്റെ അടിത്തട്ടിലെ മുത്തുക്കളും ചിപ്പികളും കണ്ടെത്തുന്നത് പോലെ ബിസിനസില്‍ മറ്റാരും കണ്ടെത്താത്ത വിലപിടിപ്പുള്ള സമ്പത്ത് നമുക്ക് കണ്ടെത്താം.

ഉപരിതലത്തില്‍ നീന്തുന്ന ഒരു വ്യക്തിക്ക് കടലിന്റെ ആഴങ്ങളില്‍ എന്താണുള്ളത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല. അയാളെ സംബന്ധിച്ചിടത്തോളം അയാള്‍ പുറമേ കാണുന്നതാണ് ലോകം. അതില്‍ അയാള്‍ സംതൃപ്തനാണ്. അല്ലെങ്കില്‍ ആഴങ്ങളിലേക്ക് മുങ്ങാംകുഴിയിടുവാന്‍ അയാളുടെ ഭയം അയാളെ സമ്മതിക്കുന്നില്ല. അല്ലെങ്കില്‍ അതിനാവശ്യമായ നിപുണത അയാള്‍ കരസ്ഥമാക്കുന്നില്ല. തന്റെ ലോകത്തില്‍ അഭിരമിക്കുന്ന ഒരു സാധാരണവ്യക്തിയായി അയാള്‍ മാറ്റപ്പെടുന്നു.

ബിസിനസിന്റെ സമ്പൂര്‍ണ്ണത

ബിസിനസിന്റെ ഉപരിതലത്തില്‍ അഭിരമിക്കുന്ന ഒരു ബിസിനസുകാരന്‍ ബിസിനസിന്റെ സമ്പൂര്‍ണ്ണത മനസിലാക്കുന്നതില്‍ പരാജയപ്പെടുന്നു. അയാളെ സംബന്ധിച്ചിടത്തോളം ദിനംപ്രതി നടക്കുന്ന ഇടപാടുകളും അതില്‍ നിന്ന് ലഭിക്കുന്ന ലാഭവുമാണ് ബിസിനസ്. അതിലുപരി സമ്പൂര്‍ണ്ണമായ ഒരു വ്യവസ്ഥിതിയായി അയാള്‍ ബിസിനസിനെ കാണുന്നില്ല. ചരക്കിന്റെയോ സേവനത്തിന്റെയോ വ്യവഹാരങ്ങള്‍ക്കപ്പുറം മറ്റൊന്നും അയാളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല.

സമ്പൂര്‍ണ്ണമായ ഒരു വ്യവസ്ഥിതിയായി ബിസിനസിനെക്കാണുന്ന ഒരാള്‍ കടലിന്റെ അടിത്തട്ടില്‍ നീന്തുന്ന ഒരു നീന്തല്‍ക്കാരനെപ്പോലെയാണ്. ബിസിനസിന്റെ സ്വഭാവവും, വ്യജാത്യവും, വെല്ലുവിളികളും അവിടെ പ്രകടമാണ്. കേവലം വ്യവഹാരങ്ങള്‍ക്കപ്പുറം ഒരു തലം ഉണ്ടെന്ന് അയാള്‍ മനസിലാക്കുന്നു. ബിസിനസിലെ ആവാസവ്യവസ്ഥയുടെ സാന്നിധ്യവും അതിന്റെ പ്രാധാന്യവും അയാള്‍ തിരിച്ചറിയുന്നു. ബിസിനസ് അവിരാമം തുടരേണ്ട ഒരു പരിശ്രമം ആണെന്ന തിരിച്ചറിവ് വ്യവഹാരങ്ങള്‍ക്കപ്പുറത്തെ തലം നോക്കിക്കാണുവാന്‍ അയാളെ പ്രേരിപ്പിക്കുന്നു. ബിസിനസിന്റെ യഥാര്‍ത്ഥമൂല്യം അയാള്‍ തിരിച്ചറിയുന്നു.

ബിസിനസിന്റെ യഥാര്‍ത്ഥമൂല്യം ഉത്പാതനക്ഷമതയാണ്

ബിസിനസുകളെ എടുത്താല്‍ അവയുടെ യഥാര്‍ത്ഥ ഉത്പാതനക്ഷമതയുടെ അന്‍പത് ശതമാനത്തില്‍ കൂടുതല്‍ ബഹുഭൂരിപക്ഷം ബിസിനസുകളും ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഉപരിതലത്തില്‍ നീന്തുന്നൊരാളെപ്പോലെ ഈ കാഴ്ച്ച ബിസിനസുകാരന്‍ കാണുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൂര്‍ണ്ണമായ അല്ലെങ്കില്‍ ഭൂരിപക്ഷമായ ഉത്പാതനക്ഷമത തന്റെ സ്ഥാപനത്തിനുണ്ടെന്ന് അവര്‍ കരുതുന്നു. കുറഞ്ഞ ഉത്പാതനക്ഷമത തരുന്ന ലാഭത്തില്‍ അവര്‍ കണ്ണടച്ച് തൃപ്തരാകുന്നു.

ഇനി ഉത്പാതനക്ഷമതയുടെ കുറഞ്ഞ ഉപയോഗക്ഷമത തിരിച്ചറിഞ്ഞാല്‍ തന്നെ അത് എങ്ങിനെ വര്‍ദ്ധിപ്പിക്കാം എന്ന അറിവ് അവര്‍ക്കില്ല. അതിനായുള്ള നിപുണത സ്വായത്തമാക്കേണ്ടതുണ്ട്. ഉത്പാതനക്ഷമതയുടെ വര്‍ദ്ധനവ് ബിസിനസിനെ ഉയരത്തിലേക്ക് നയിക്കും. അതിനായി ബിസിനസിന്റെ സമ്പൂര്‍ണ്ണത ബിസിനസുകാരന്‍ മനസിലാക്കേണ്ടതുണ്ട്. ഉത്പാതനക്ഷമത കൂടിയ ഒരു ബിസിനസ് കെട്ടിപ്പടുക്കുവാനും നിലനിര്‍ത്തുവാനും മനസിനെ പരിശീലിപ്പിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുക വളരെ പ്രധാനമാണ്.

എല്ലാ വിഭവങ്ങളുടേയും കൃത്യതയാര്‍ന്ന, ഫലവത്തായ ഉപഭോഗമാണ് ബിസിനസിന്റെ ഉത്പാതനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്. ഉത്പാതനക്ഷമതയുടെ വര്‍ദ്ധനവ് ലാഭത്തിലും ബിസിനസിന്റെ മൊത്തം വ്യവഹാരങ്ങളിലും പ്രതിഫലിക്കും. മുനുഷ്യപ്രയത്‌നവും പണവും വസ്തുക്കളും ബിസിനസിന്റെ ആത്യന്തിക ലക്ഷ്യത്തിനായി ഒരേപോലെ ഉപയോഗിക്കപ്പെടും. പ്രായോഗികതലത്തിലൂന്നിയ ഈ കാഴ്ചപ്പാട് ബിസിനസില്‍ സമൂലമായ ഒരു മാറ്റം സൃഷ്ട്ടിക്കും.

ശ്രദ്ധ ഉത്പാതനക്ഷമതയിലേക്ക്

വിഭവങ്ങളുടെ വിനിയോഗം സൃഷ്ട്ടിക്കുന്ന ഉത്പാതനക്ഷമതയിലേക്ക് ബിസിനസുകാരന്റെ കണ്ണുകളും കാതുകളും എത്തണം. ഓരോ വിഭവവും കൃത്യമായി പ്രതീക്ഷിക്കപ്പെടുന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്നത് വിലയിരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. പാഴായിപ്പോകുന്ന സമയവും പണവും ബിസിനസിന്റെ നഷ്ട്ടങ്ങളാണ്. ഇത് തിരിച്ചുപിടിക്കുക എളുപ്പമല്ല. നഷ്ട്ടപ്പെടുന്നതിന് മുന്‍പുതന്നെ അതിന് കാരണമാകുന്ന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി അതിനെ തടയുക ബിസിനസുകാരന്റെ നിപുണതയാണ്.

ബിസിനസിന്റെ ദൈനന്തിന വ്യവഹാരങ്ങളിലും പ്രശ്‌നങ്ങളിലും പെട്ടുപോകുന്ന ഒരു ബിസിനസുകാരന് ഇത് കണ്ടെത്തുവാനും പരിഹരിക്കുവാനും എളുപ്പമല്ല. ഒരു സംരംഭകന്‍ എന്ന നിലയിലുള്ള തന്റെ കടമകള്‍ എന്തെന്നും അതെങ്ങനെ നിറവേറ്റുവാന്‍ സാധിക്കും എന്നതിനെക്കുറിച്ചും ബിസിനസുകാരന്‍ ബോധവാനായിരിക്കണം. ബിസിനസുകാരന്റെ ഉത്പാതനക്ഷമതയും ഇവിടെ പ്രാധാന്യമേറിയതാണ്. തന്റെ സമയം തനിക്ക് ഫലപ്രദമായി വിനിയോഗിക്കുവാന്‍ കഴിയുന്നുണ്ടോ എന്നതും വിലയിരുത്തപ്പെടേണ്ട വളരെ പ്രധാനപ്പെട്ട ഘടകമാണ്.

ഉത്പാതനക്ഷമത ഉയര്‍ത്തുന്ന ഒരു അന്തരീക്ഷം സൃഷ്ട്ടിക്കുക

മാനസികാരോഗ്യം പ്രദാനം ചെയ്യുന്ന ഒരു അന്തരീക്ഷം സ്ഥാപനത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. തൊഴിലാളികളെ മുഷ്ട്ടിക്കുള്ളില്‍ ചുരുട്ടിപ്പിടിച്ച് ജോലിചെയ്യിപ്പിക്കുന്ന ഒരു വ്യവസായസംസ്‌ക്കാരം മാറിക്കഴിഞ്ഞിരിക്കുന്നു. അവര്‍ക്ക് സ്വാതന്ത്ര്യത്തോടെ, മാനസികസൗഖ്യത്തോടെ, സന്തോഷത്തോടെ, ഒരുമയോടെ ജോലി ചെയ്യാവുന്ന ഒരു സംസ്‌ക്കാരം കെട്ടിപ്പടുക്കുക ബിസിനസുകാരന്റെ ഉത്തരവാദിത്വമാണ്.

സ്വാതന്ത്ര്യം നല്‍കുക

തൊഴിലാളികള്‍ക്ക് അവരുടെ കടമ സംതൃപ്തമായി ചെയ്തുതീര്‍ക്കാവുന്ന രീതിയില്‍ പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കുക തന്നെ വേണം. അവരുടെ ഉത്പാതനക്ഷമതയിലാണ് ശ്രദ്ധ നല്‍കേണ്ടത്. നിശ്ചയിക്കപ്പെട്ട ഫലം നല്‍കുവാന്‍ അവരുടെ പ്രവര്‍ത്തനത്തിന് സാധിക്കുന്നുണ്ടോ എന്ന വിലയിരുത്തലാണ് ഉണ്ടാവേണ്ടത്. ബിസിനസിലെ ഓരോ വ്യക്തിയേയും ഇത്തരത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ജോലിയില്‍ അവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം തീരുമാനങ്ങളെടുക്കുവാന്‍ അവരെ പ്രാപ്തരാക്കും. എടുക്കുന്ന തീരുമാനങ്ങളില്‍ അവര്‍ക്ക് ഉത്തരവാദിത്വം ഉണ്ടാവുകയും ചെയ്യും. മനസിന് നല്‍കുന്ന സ്വാതന്ത്ര്യം ഉത്പാതനക്ഷമത വര്‍ദ്ധിപ്പിക്കും.

പരിശീലനം നല്‍കുക

ഓരോ ജോലിക്കാരനിലും വ്യക്തിപരമായോ തോഴില്‍പരമായോ ചില ദൗര്‍ബല്യങ്ങള്‍ ഉണ്ടാകും. ഇത് അറിവിന്റെയോ നിപുണതകളുടെയോ അഭാവം കൊണ്ട് ഉണ്ടാകുന്നതാണ്. ഇത്തരം കുറവുകള്‍ പരിശീലനത്തിലൂടെ നികത്തുവാന്‍ സാധിക്കും. എന്തുതരം നിപുണതകളാണ് അവരുടെ ജോലിക്കാവശ്യം എന്നത് കണ്ടെത്തി അവരെ പരിശീലിപ്പിച്ചാല്‍ ഇത്തരം കുറവുകള്‍ നികത്തി അവരെ പ്രാപ്തരാക്കുവാന്‍ കഴിയും. നിരന്തരമായ പരിശീലനങ്ങള്‍ ബിസിനസുകള്‍ക്ക് ഒഴിവാക്കുവാന്‍ സാധിക്കുകയില്ല. പരിശീലനത്തിലൂടെ ഉത്പാതനക്ഷമത ഉയര്‍ത്തുവാനും മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ഫലം ലഭിക്കുവാനായി അവരെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തുവാനും കഴിയും. വളരെ വേഗം മാറ്റങ്ങള്‍ സംഭവിക്കുന്ന ബിസിനസ് ലോകത്ത് നിപുണതപരിശീലനങ്ങള്‍ക്ക് വളരെ പ്രസക്തിയുണ്ട്.

സമയം പാഴാക്കാതിരിക്കുക

നഷ്ട്ടപ്പെടുന്ന പ്രയത്‌നനിമിഷങ്ങള്‍ തിരിച്ചെടുക്കുവാനാകില്ല. പാഴായിപ്പോകുന്ന ഓരോ നിമിഷവും ബിസിനസില്‍ നഷ്ട്ടമാണ്. ”ലാഭത്തിന്റെ ആധാരം നിമിഷങ്ങളാകുന്നു” (മൂലധനത്തില്‍ കാള്‍ മാര്‍ക്‌സ് ഫാക്ടറി ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്). ലാഭത്തിന്റെ ആധാരശില നിമിഷങ്ങളാകുമ്പോള്‍ അത് പാഴാകുന്നത് നഷ്ട്ടം തന്നെയാണ്. ഒരു ജോലിക്കാരന്റെ അല്ലെങ്കില്‍ ഉടമസ്ഥന്റെ തന്നെ ബിസിനസില്‍ ചിലവഴിക്കപ്പെടുന്ന സമയം ഉത്പാതനക്ഷമമല്ലെങ്കില്‍ അത് ജോലിക്കാരുടെയും ഉടമസ്ഥരുടെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

മൂലധനത്തില്‍ കാള്‍ മാര്‍ക്‌സ് ചൂണ്ടിക്കാട്ടുന്ന ഒരുദാഹരണമുണ്ട് ഒരു ജീവനക്കാരന്റെ വിശ്രമസമയത്തിലെ പത്തുമിനിട്ട് ഒരുദിവസം ഉടമസ്ഥന്‍ അപഹരിച്ചാല്‍ അയാളുടെ പോക്കറ്റിലേക്ക് ഒരു വര്‍ഷം എത്തുന്നത് ആയിരങ്ങള്‍ ആയിരിക്കും. ഇത്തരം ചൂഷണങ്ങള്‍ ഇല്ലാതെ തന്നെ, തൊഴിലാളികള്‍ക്ക് നല്‍കുന്ന ഒരാനുകൂല്യങ്ങളും വെട്ടിക്കുറക്കാതെ, അപഹരിക്കാതെ അവര്‍ ജോലിചെയ്യുന്ന സമയം ഉത്പാതനക്ഷമമാക്കി വിനിയോഗിക്കുവാന്‍ സാധിച്ചാല്‍ തന്നെ ബിസിനസ് വിജയകരമാകും.

ഉടമസ്ഥന്റെ / ഉടമസ്ഥരുടെ സമയം

ബിസിനസില്‍ നിമ്ഗ്‌നനാകുന്ന ഉടമസ്ഥര്‍ സ്വയം തൊഴിലാളികള്‍ എന്ന് തന്നെ കരുതണം. ബിസിനസില്‍ അവര്‍ ചിലവഴിക്കുന്ന സമയം തൊഴിലാളികള്‍ ചിലവഴിക്കുന്ന സമയംപോലെ തന്നെയോ അവക്ക് മുകളിലോ ആണ്. ഈ സമയം ഉത്പാതനക്ഷമമല്ലാതെ ചിലവഴിക്കപ്പെടുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം തൊഴിലാളികളുടെ സമയം ഉത്പാതനക്ഷമമല്ലാതെ ചിലവഴിക്കപ്പെടുന്നതിനേക്കാള്‍ മാരകമായിരിക്കും. തന്റെ യഥാര്‍ത്ഥ കടമകളെക്കുറിച്ചും അവ ഗുണകരമായി വിനിയോഗിക്കുന്നതിനെക്കുറിച്ചും ബിസിനസുകാരന് ഉള്‍ക്കാഴ്ച ഉണ്ടായിരിക്കണം.

ബിസിനസിന്റെ ദൈനംദിന ഇടപാടുകള്‍ക്കായി തൊഴിലാളികളെ നിയമിക്കുകയും അതില്‍ നിരന്തരം ഇടപെട്ട് സമയം പാഴാക്കുകയും ചെയ്യുന്ന ഉടമസ്ഥര്‍ തിരിച്ചറിയേണ്ടുന്നത് തൊഴിലാളികള്‍ ചെയ്യുന്ന ജോലികള്‍ എടുക്കുവാനല്ല തങ്ങള്‍ സ്ഥാപനത്തില്‍ ഇരിക്കുന്നത് എന്നുള്ളതാണ്. അനാവശ്യവും തങ്ങള്‍ ഇടപെടേണ്ടാത്തതുമായ വ്യവഹാരങ്ങളില്‍ ഇടപെടുമ്പോള്‍ അവരുടെ വിലപ്പെട്ട സമയം അപഹരിക്കപ്പെടുന്നു. ഈ നിമിഷങ്ങളുടെ മൂല്യം നഷ്ട്ടത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുന്നു. താക്കോല്‍ സ്ഥാനങ്ങളില്‍ തൊഴിലാളികളെ നിയമിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഉടമസ്ഥര്‍ക്ക് നിരന്തരം ഇടപെടേണ്ടിവരികയും ചെയ്യുക എന്ന സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത് തൊഴിലാളികളുടെ പ്രാപ്തിക്കുറവോ നിപുണതകളുടെ അഭാവമോ ആണ്. അത് നികത്തുവാന്‍ ഉടമസ്ഥര്‍ തങ്ങളുടെ മൂല്യവത്തായ സമയം പാഴാക്കുന്നത് ബിസിനസിന്റെ വളര്‍ച്ചയെ തടുക്കും.

ഉത്പാതനക്ഷമമായി തങ്ങളുടെ സമയം വിനിയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉടമസ്ഥര്‍ ഉറപ്പുവരുത്തണം. തങ്ങളുടെ സമയം വിനിയോഗിക്കപ്പെടേണ്ട മേഖലകള്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഓരോ മേഖലയിലും എത്രമാത്രം സമയം ചിലവഴിക്കണമെന്ന് അവര്‍ തീരുമാനിക്കണം. എത്ര സമയം ഓഫീസില്‍ ഉണ്ട് എന്നതിനേക്കാള്‍ എന്തൊക്കെ ഉത്പാതനക്ഷമമായി ചെയ്യുന്നുണ്ട് എന്നതിലാണ് പ്രാധാന്യം. തൊഴിലാളികളുടെ സമയത്തില്‍ അതീവശ്രദ്ധയും തങ്ങള്‍ ചിലവഴിക്കുന്ന സമയത്തില്‍ ശ്രദ്ധയില്ലാതെ വരികയും ചെയ്താല്‍ ബിസിനസിന്റെ ഉത്പാതനക്ഷമത മികച്ച തലത്തിലേക്ക് ഉയര്‍ത്തുവാന്‍ സാധിക്കാതെ വരും.

നിരന്തരമായ ശ്രദ്ധ നിരന്തരമായ പ്രവര്‍ത്തി

ബിസിനസിന്റെ എല്ലാ മേഖലകളും ഉത്പാതനക്ഷമമാക്കുക എന്നത് നിരന്തരമായ ഒരിക്കലും അവസാനിക്കത്ത ഒരു പ്രവര്‍ത്തിയാണ്. ഉത്പാതനക്ഷമത എന്ന അദൃശ്യകരങ്ങള്‍ ബിസിനസിന്റെ എല്ലാ വശങ്ങളേയും സ്പര്‍ശിക്കുന്നു എന്നുള്ളതാണ് വാസ്തവം. അസംസ്‌കൃതവസ്തുക്കളുടെ വാങ്ങല്‍, ഉത്പന്നങ്ങളുടെ ഉത്പാതനം, അവയുടെ വിതരണം, ഓഫീസിന്റെ കാര്യനിര്‍വ്വഹണം, വിലപേശലുകള്‍, ചര്‍ച്ചകള്‍ ഇന്നിങ്ങനെ എല്ലായിടങ്ങളിലും അത് നിലകൊള്ളുന്നു. ഒരു പ്രവര്‍ത്തിമാത്രം ഉത്പാതനക്ഷമമാക്കിയാല്‍ ബിസിനസ് ഉദ്ദേശലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുമോ? തീര്‍ച്ചയായും ഇല്ല. ഓരോ പ്രവര്‍ത്തിയും ഓരോ പ്രക്രിയയും ഉത്പാതനക്ഷമമായി മാറണം. ഇതിനായി നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്, ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

പാഴായിപ്പോകുന്ന സമയവും പണവും ചരക്കുകളും ശ്രദ്ധയുടെ അഭാവം കൊണ്ടോ ശ്രദ്ധ വ്യതിചലിക്കുന്നത് കൊണ്ടോ സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ അവയെ തടുക്കുക എന്നത് അസാധ്യമല്ല. ചിലവഴിക്കപ്പെടുന്ന സമയവും പണവും ഫലം നല്‍കുന്നുണ്ടോ എന്ന വിശകലനം ഇതിലേക്ക് ശ്രദ്ധ കൊണ്ടുവരാന്‍ സഹായകരമാകും. ഉത്പാതനക്ഷമത അളക്കുവാനുള്ള അളവുകോലുകള്‍ ബിസിനസില്‍ സൃഷ്ട്ടിക്കപ്പെടണം. അവ നിരന്തരമായ വിശകലനങ്ങള്‍ക്ക് വിധേയമാകണം. വിഭവങ്ങളെ ചൂഷണം ചെയ്യുക എന്നതിലുപരി അവയുടെ ശരിയായ വിനിയോഗത്തിലായിരിക്കണം ഉടമസ്ഥരുടെ കണ്ണുകള്‍. ഒരു തൊഴിലാളിയെ അയാള്‍ക്ക് അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സമയം പണിയെടുപ്പിക്കാതെ അയാളുടെ അനുവദനീയമായ സമയത്ത് ശരിയായ ഉത്പാതനക്ഷമത ഉറപ്പുവരുത്തുന്നതാണ് ബിസിനസിന്റെ ശരിയായ രീതി.

ബിസിനസ് സംസ്‌ക്കാരം

ഉത്പാതനക്ഷമതയിലൂന്നിയ ഒരു ബിസിനസ് സംസ്‌ക്കാരം രൂപപ്പെടേണ്ടതുണ്ട്. ഇന്ന് ചെറിയൊരു സ്ഥലത്ത് ഒതുങ്ങിയ ഒരു വിപണിയല്ല ബിസിനസുകള്‍ക്കുള്ളത്. ലോകം മുഴുവന്‍ ഒരൊറ്റ വിപണിയായി രൂപാന്തരത്വം സംഭവിച്ചുകഴിഞ്ഞു. ഇത്തരമൊരു മാറ്റം കൊണ്ടുതന്നെ മത്സരങ്ങളും വര്‍ദ്ധിച്ചു കഴിഞ്ഞു. നാം നിര്‍മ്മിക്കുന്ന ഒരു ഉത്പന്നത്തിന് ഒരെതിരാളി ഉയരുന്നത് മറ്റേതെങ്കിലും രാജ്യത്ത് നിന്നാവാം. മത്സരങ്ങളുടെ ലോകത്ത് ചിലവ് കുറച്ച് പരമാവധി ഉത്പാതനക്ഷമത കൈവരിക്കുവാന്‍ സാധിച്ചില്ല എങ്കില്‍ ഒരു ബിസിനസിനും പിടിച്ചുനില്‍ക്കുവാന്‍ കഴിയുകയില്ല. ഏതൊരു ബിസിനസിന്റെയും ജീവിതദൈര്‍ഘ്യം കുറഞ്ഞു എന്നതാണ് പേടിപ്പെടുത്തുന്ന വസ്തുത. നാം നിര്‍മ്മിക്കുന്നതിനേക്കാള്‍ മികച്ച ഉത്പന്നം ഏതൊരു നിമിഷവും വിപണിയിലെത്താം. നാം ഉപയോഗിക്കുന്നതിനേക്കാള്‍ മികച്ചൊരു സാങ്കേതികത ഇതൊരു നിമിഷവും വിപണിയിലെത്താം. ഇതൊരു യാഥാര്‍ത്ഥ്യമാണ്.

ഉത്പാതനക്ഷമതയില്‍ ശ്രദ്ധപതിപ്പിക്കാത്ത, ഗൗരവം കാണാത്ത ബിസിനസുകള്‍ വിപണിയില്‍ നിന്ന് പുറംതള്ളപ്പെടും. മൂലധനത്തിന്റെ പാഴ്ച്ചിലവ് ബിസിനസിന്റെ അടിവേരുകള്‍ തോണ്ടും. പണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള വിനിയോഗത്തിനനുസരിച്ചുള്ള ഒരു പ്രസ്ഥാനമാക്കി ബിസിനസിനെ വളര്‍ത്തുവാന്‍ നമുക്ക് സാധിക്കണം. ബിസിനസുകളുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ആധുനിക കച്ചവടസമൂഹത്തില്‍ മൂലധനത്തിന്റെ അനാവശ്യവിനിയോഗവും ഉത്പാതനക്ഷമതയുടെ കുറവും ബിസിനസുകളെ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടും. എന്തുകൊണ്ട് ഒരു ബിസിനസ് പ്രശ്‌നത്തിലാകുന്നു എന്ന് ചോദിച്ചാല്‍ ആദ്യം നാം വിരല്‍ ചൂണ്ടേണ്ടത് അതിന്റെ ഉത്പാതനക്ഷമതയില്‍ സംഭവിക്കുന്ന പോരായ്മകളിലേക്കാണ്.
 

Leave a comment