ജോലി ചെയ്യുവാനായി മാത്രം ജീവിക്കരുത്

നിര്‍മ്മല്‍ വളരെ അസ്വസ്ഥനായിരുന്നു. സാധാരണ ചുണ്ടില്‍ കാണാറുള്ള പുഞ്ചിരി അന്നുണ്ടായിരുന്നില്ല. കഫെ കോഫി ഡേയുടെ ചില്ലിലൂടെ ശൂന്യതയിലേക്ക് നോക്കി കടുപ്പമുള്ള കാപ്പി മെല്ലെ മൊത്തിക്കുടിച്ച് അവനിരുന്നു. നിശബ്ധത മടുപ്പിക്കുന്ന അവസ്ഥയിലെത്തിയപ്പോള്‍ ഞാന്‍ അവനോട് എന്നെ കാണണം എന്ന് പറഞ്ഞതിന്റെ കാരണം ആരാഞ്ഞു.

”ദീപ്തി ഡിവോഴ്‌സ് ആവശ്യപ്പെട്ടിരിക്കുന്നു” അവന്‍ ശൂന്യമായ മുഖഭാവത്തോടെ പറഞ്ഞു. അവന്റെ കണ്ണില്‍ നിറഞ്ഞുനിന്ന സങ്കടം എന്റെ ഹൃദയത്തില്‍ കുത്തേറ്റത് പോലെ ഒരു വേദന സമ്മാനിച്ചു. നന്നേ ചെറുപ്പമായ ദമ്പതികള്‍. മാലാഖപോലെ ഒരു മകള്‍. വളരെ ആഹ്ലാദകരമായ ജീവിതം നയിക്കുന്നവര്‍ എന്ന നിലയിലാണ് എന്നും ഞാന്‍ അവരെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ നിര്‍മ്മലിന്റെ വാക്കുകള്‍ എന്നില്‍ ഞെട്ടലുളവാക്കി.

”എന്റെ തിരക്ക് അവളെ മടുപ്പിച്ചു തുടങ്ങി. ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജോലിയുടെ സമ്മര്‍ദ്ദവും സംഘര്‍ഷവും ഞങ്ങള്‍ക്കിടയിലെ നല്ല നിമിഷങ്ങളെ അപഹരിച്ചു. പലപ്പോഴും ഓഫീസ് വിട്ടുവന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട അവസ്ഥ അവള്‍ക്ക് സ്വീകരിക്കുവാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. ജോലിയുടെ അമിതഭാരം എന്നെ മറ്റൊരാളാക്കി. ജീവിതം ആസ്വദിക്കാന്‍ കഴിയാതെ ഒരാളോടൊപ്പം എത്രകാലം ജീവിക്കും. അവളെ തെറ്റു പറയാന്‍ കഴിയില്ല” നിര്‍മ്മല്‍ പറഞ്ഞു നിര്‍ത്തി.

സമൂഹത്തില്‍ നിര്‍മ്മല്‍ ഒറ്റപ്പെട്ട ഒരു കഥാപാത്രമല്ല. ജോലിക്കിടയില്‍ ജീവിക്കാന്‍ മറന്നുപോകുന്ന അനേകായിരങ്ങളുടെ പ്രതിനിധിയാണ് നിര്‍മ്മല്‍. ജോലിയുടെ ബാഹുല്യവും സമ്മര്‍ദ്ദവും ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. അല്ലെങ്കില്‍ അതില്‍ ലയിച്ചു പോകുന്ന നാം തന്നെ ആ താളം അവതാളമാക്കുന്നു. ജീവിക്കുന്നത് തന്നെ ജോലി ചെയ്യാനാണ് എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമായി നാം മാറുന്നുണ്ടോ?

ജീവിതത്തിന് അതിസുന്ദരമായ ഒരു താളമുണ്ട്. വ്യക്തിയും കുടുംബവും സമൂഹവും ഉത്തരവാദിത്വങ്ങളും ഒക്കെ കൂടിയ മനോഹരമായ ഒരു താളം. ഈ ശ്രുതികളില്‍ ഏത് തെറ്റിയാലും ആ താളത്തില്‍ ഭംഗം വരും. അമിതമാകുന്ന ഏതൊരു പ്രവര്‍ത്തിയും ആ താളം തെറ്റിക്കും. നമ്മെ കീഴടക്കുന്ന ഏത് പ്രവര്‍ത്തിയും നമുക്ക് അടിമച്ചങ്ങല തീര്‍ക്കും.

രമണ മഹര്‍ഷി പറയുന്നു ”ജോലി ചെയ്യണം. പക്ഷേ ആ ജോലി നിങ്ങളെ കീഴടക്കരുത്. ജോലിയെടുക്കുക എന്നത് വിധിച്ചിട്ടുണ്ടെങ്കില്‍ ജോലിയെടുത്തേ തീരൂ. നിങ്ങള്‍ക്കത് വിധിച്ചിട്ടില്ലെങ്കില്‍ എത്ര ശ്രമിച്ചാലും ജോലി ലഭിക്കുകയുമില്ല. വിധിച്ചതേ നടക്കൂ. ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ സ്വയം ബന്ധിതരാകുന്നതിനു പകരം ജോലി സ്വയം പ്രേരിതമായി സംഭവിക്കണം. അതാണ് സ്വാഭാവികമായത്.”

ജോലി നമ്മെ അടിമയാക്കുന്നുണ്ടോ? ഇത് നാമറിയാതെ സംഭവിക്കുന്നതാണ്. സ്വാഭാവികമായ ഒരു പ്രവര്‍ത്തിപോലെ ജോലിയെ നാം നമ്മുടെ ഭാഗമാക്കുന്നു. മുന്നോട്ടുള്ള പ്രയാണത്തില്‍ അത് നമ്മെ കീഴടക്കുന്നു. ചിന്തകള്‍ മുഴുവന്‍ ജോലിയെക്കുറിച്ചാകുന്നു. വീട്ടിലെത്തിയാലും അത് തന്നെ മനസില്‍. ഇത് കുടുംബബന്ധങ്ങളില്‍ ഉലച്ചിലുകള്‍ ഉണ്ടാക്കുന്നു.

ജോലി ചെയ്യുന്നത് തന്നെ നല്ല ഒരു കുടുംബം രൂപപ്പെടുത്താനും ജീവിതം സന്തോഷകരമാക്കുവാനും വേണ്ടിയാണ് എന്നത് മറന്നുപോകുന്നതാണ് നാം ജോലിയുടെ അടിമയാകുമ്പോള്‍ സംഭവിക്കുന്നത്. ജോലി ഭംഗിയായി ചെയ്യുമ്പോഴും ധനം സമ്പാദിക്കുമ്പോഴും കുടുംബത്തെ നന്നായി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞില്ലായെങ്കില്‍ ജോലി ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി തന്നെ നഷ്ട്ടപ്പെടുന്നു. കഠിനമായ സമ്മര്‍ദ്ദവും മാനസിക സംഘര്‍ഷവുമാണ് ജോലി നല്കുന്നതെങ്കിലോ ഇത് ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.

ജോലിയും കുടുംബവും രണ്ടാണ്. ഇതിന്റെ സന്തുലിതാവസ്ഥ സൂക്ഷിക്കുക അത്യന്തം ശ്രമകരമായ ഒന്നാണ് എന്ന് നാം കരുതുന്നുണ്ട് എങ്കില്‍ അത് തെറ്റാണ്. കാരണം ഇത് തീര്‍ത്തും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി നാം ഉണ്ടാക്കിയെടുക്കുന്ന അസന്തുലിതാവസ്ഥയാണ് പലപ്പോഴും ബന്ധങ്ങളുടെ താളം തെറ്റിക്കുന്നത്. ജോലി നമ്മെ വിഴുങ്ങാതിരിക്കുവാന്‍ നാം ജാഗരൂകരാകേണ്ടതുണ്ട്.

കുടുംബത്തിനായി സമയം കണ്ടെത്തൂ. ജോലിയെ വളരെ സ്വാഭാവികമായ ഒന്നായി കണക്കാക്കുക. അത് സംഭവിക്കും. ജോലിയെ വീട്ടിലേക്ക് വലിച്ചുകൊണ്ടുവരാതിരിക്കുക, അതിന്റെ സമ്മര്‍ദ്ദങ്ങള്‍ വീട്ടില്‍ അലയടിക്കാതിരിക്കട്ടെ. ജോലിയുടെ അടിമയാകരുത്. നമുക്ക് ജീവിക്കുവാനുള്ള ഉപാധി മാത്രമാണത്. അത് നമ്മുടെ ജീവിതത്തെ ബാധിക്കുന്ന ഇരുട്ടായി മാറരുത്.

നിര്‍മ്മല്‍ തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. ജോലി ചെയ്യാന്‍ ജീവിക്കുന്നതിന് പകരം അയാള്‍ ജീവിതത്തിന് പുതിയൊരു താളം കണ്ടെത്തി. ഇന്ന് അവര്‍ സന്തോഷമായി ജീവിക്കുന്നു. താന്‍ ജോലിയുടെ അടിമയായിരുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം നിര്‍മ്മലിന്റെ ജീവിതത്തില്‍ പുതിയൊരു വെളിച്ചം കടന്നുവന്നു.

 

Leave a comment