തോല്‍വിയോ താല്‍ക്കാലിക തിരിച്ചടിയോ?

സിംഹം വിശന്നുവലഞ്ഞു നടക്കുകയാണ്. രാവിലെ തുടങ്ങിയ നടപ്പാണ്. ഇരയെ ഒന്നും ഇതുവരെ കിട്ടിയില്ല. പെട്ടെന്നാണ് കുറച്ചകലെ പുല്ലുതിന്ന് നില്‍ക്കുന്ന ഒരു മാനിനെ സിംഹം കണ്ടത്. തടിച്ചുകൊഴുത്ത മാനിനെ കണ്ട സിംഹത്തിന്റെ വായില്‍ വെള്ളമൂറി. തന്റെ പതുങ്ങിയ കാലടികളോട് കൂടി സിംഹം മാനിനെ ലക്ഷ്യം വെച്ച് നടന്നു.

പുല്ലിനിടയില്‍ ഒന്ന് പതുങ്ങി നിന്ന ശേഷം സിംഹം മാനിന് നേരെ കുതിച്ചു ചാടി. തന്റെ പിന്നില്‍ അനക്കം കേട്ട മാന്‍ സര്‍വ്വശക്തിയുമെടുത്ത് പാഞ്ഞു. മാനിന്റെ നേരെ ചാടിയ സിംഹം നിലത്തടിച്ചു വീണു. അവിടെക്കിടന്ന് തലയുയര്‍ത്തി നോക്കിയപ്പോള്‍ ദൂരെ ഒരു മിന്നായം പോലെ മറയുന്ന മാനിനെ സിംഹം കണ്ടു.

സിംഹം ആകെ നിരാശനായി. വിശന്ന്, ക്ഷീണിച്ച് തന്റെ ലക്ഷ്യത്തില്‍ പരാജയപ്പെട്ട് സിംഹം ഒരു മരത്തണലില്‍ വന്ന് കിടന്നു. മനസില്‍ വല്ലാത്ത ഭാരം. തന്റെ കഴിവുകള്‍ നഷ്ട്ടപ്പെട്ടോ എന്ന ഭയം. ഒരു മാനിനെപ്പോലും വേട്ടയാടാന്‍ പറ്റാതെ താന്‍ പരാജിതനായി എന്ന തോന്നല്‍. ഇത്തരം ചിന്തകള്‍ മനസില്‍ നിറഞ്ഞപ്പോള്‍ സിംഹം തളര്‍ന്നു.

ഈ കാഴ്ചകളെല്ലാം കണ്ട് മരത്തിന്റെ കൊമ്പിലിരുന്നിരുന്ന ഒരു കാക്ക സിംഹത്തിനോട് പറഞ്ഞു ”അങ്ങ് ഈ കാട്ടിലെ രാജാവാണ്. അങ്ങയെപ്പോലെ വീരശൂരപരാക്രമിയായ മറ്റ് മൃഗങ്ങള്‍ ഈ കാട്ടില്‍ ഇല്ല. ഈ ഒരു ലക്ഷ്യത്തില്‍ പരാജയപ്പെട്ടു എന്ന് വിചാരിച്ചു അങ്ങ് ഇങ്ങിനെ മനസ് തളര്‍ന്ന് കിടക്കുന്നത് ധീരര്‍ക്ക് യോജിച്ച പ്രവര്‍ത്തിയല്ല.” കാക്ക സിംഹത്തെ പ്രകീര്‍ത്തിച്ചു കൊണ്ടിരുന്നു. കാക്കയുടെ വാക്കുകള്‍ സിംഹത്തിന് പ്രചോദനം നല്കി. മനസില്‍ ഉത്സാഹം നിറഞ്ഞു. തന്റെ കിടപ്പില്‍ നിന്നും എഴുന്നേറ്റ് മൃഗരാജന്‍ തന്റെ അടുത്ത ലക്ഷ്യവും തേടി ഇറങ്ങി.

ഇതൊരു സാങ്കല്‍പ്പിക കഥയാണ്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു കഥ. ഈ ഭൂമിയില്‍ മനുഷ്യനൊഴിച്ച് ഒരു ജീവിയും പരാജിതരായി, ആശയറ്റ്, പരിക്ഷീണരായി പിന്‍വാങ്ങുന്നത് നാം കണ്ടിട്ടില്ല. മാനിനെ കിട്ടാതെ നിലത്തടിച്ച് വീണ സിംഹം പിടഞ്ഞെണീക്കും. ശരീരത്തില്‍ പറ്റിയിരിക്കുന്ന പരാജയത്തിന്റെ പൊടി കുടഞ്ഞുകളഞ്ഞ് അവന്‍ അടുത്ത ഇരയെയും തേടിയിറങ്ങും. അവനെ പ്രചോദിപ്പിക്കുവാന്‍ മറ്റൊരാളുടെ ആവശ്യമില്ല. തനിക്ക് സംഭവിക്കുന്ന തിരിച്ചടികള്‍ ആ നിമിഷം തന്നെ അവന്‍ ഉപേക്ഷിച്ച് കളയുകയാണ്. അത് മനസിലിട്ട് ചിന്തിച്ച് തന്റെ ഊര്‍ജ്ജം പാഴാക്കുവാന്‍ അവന്‍ ശ്രമിക്കുന്നതേയില്ല.

മനുഷ്യന്‍ നേരെ തിരിച്ചാണ്. തന്റെ ഓരോ പരിശ്രമത്തിലേയും തിരിച്ചടികള്‍ അവനെ ഭയചകിതനാക്കുന്നു. അവന്റെ ഊര്‍ജ്ജം ചോര്‍ത്തിക്കളയുന്നു. ഓരോ തിരിച്ചടികളേയും പരാജയമായി അവന്‍ കണക്കാക്കുന്നു. ജീവിതത്തിലെ സംഭവങ്ങളിലോരോന്നിലും താന്‍ വിജയിക്കണമെന്നാണ് അവന്റെ മാനസികാവസ്ഥ. ഓരോ സംഭവങ്ങളും വ്യത്യസ്ഥങ്ങളാണെന്നും അതിന്റെ ജയപരാജയങ്ങളില്‍ താന്‍ മാത്രമല്ല കാരണമെന്നും അവന് ചിന്തിക്കുവാന്‍ സാധിക്കുന്നില്ല. ഓരോ പരിശ്രമത്തിലും വിജയിക്കേണ്ടവനാണ് താന്‍ എന്ന ധാരണ അവന്റെ മനസില്‍ രൂഡമൂലമായിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്? നമ്മുടെ സാങ്കല്‍പ്പിക കഥയിലെപ്പോലെ ആ ഒരു നിമിഷത്തിലെ പ്രവര്‍ത്തിയില്‍ മാത്രമാണ് സിംഹം തോല്‍ക്കുന്നത്. ഇത് സിംഹം എന്ന ആ മൃഗത്തിന്റെ ശക്തിയിലോ, ഗുണത്തിലോ, വ്യക്തിത്വത്തിലോ, പ്രതാപത്തിലോ യാതൊരു പരുക്കുകളും ഏല്‍പ്പിക്കുന്നില്ല. അനേകം കാര്യങ്ങള്‍ ചെയ്യുന്ന കൂട്ടത്തില്‍ അനുഭവപ്പെട്ട കേവലമായ ഒരു തിരിച്ചടി മാത്രം. മാനിനും അത് താത്കാലികമായ ഒരു വിജയം മാത്രം. മറ്റൊരിക്കല്‍ സിംഹം വിജയിക്കുകയും മാന്‍ തോല്‍ക്കുകയും ചെയ്യാം.

താത്കാലികമായ തിരിച്ചടികളെ നാം തോല്‍വികളായി മനസിലേക്കെടുക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ജീവിതത്തിലെ അനേകായിരം സംഭവങ്ങളിലെല്ലാം നാം വിജയിക്കണം എന്ന് യാതൊരു ഉറപ്പുമില്ല. ഭൂമിയിലെ മറ്റൊരു മൃഗവും താത്കാലിക തിരിച്ചടികളില്‍ തളരുന്നില്ല. അവര്‍ നിരന്തരം തങ്ങളുടെ ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. വല കെട്ടുന്ന ചിലന്തിയും, ആഹാരം തേടുന്ന ഉറുമ്പിനേയുമൊക്കെ സൂക്ഷിച്ചു നോക്കൂ. അവരെ പ്രചോദിപ്പിക്കുവാന്‍ മറ്റൊരാളുടെ ആവശ്യമില്ല.

നമ്മുടെ അഹംബോധം തിരിച്ചടികള്‍ ഏറ്റുവാങ്ങാന്‍ പോലും തയ്യാറാവാത്തവിധത്തില്‍ വളര്‍ന്നു പോയിരിക്കുന്നു. താത്കാലിക തിരിച്ചടികള്‍ തന്റെ തോല്‍വിയാണ് എന്ന വിശ്വാസം അടിയുറച്ചുപോയിരിക്കുന്നു. ”ഞാന്‍” എന്ന ഭാവം തിരിച്ചടികള്‍ക്കും മേലെയാണ് താന്‍ എന്ന അഹംബോധം വളര്‍ത്തിയിരിക്കുന്നു. ഓരോ തിരിച്ചടിയും പരാജയമാണെന്ന് വിശ്വസിക്കുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യന്‍ മാറ്റപ്പെട്ടിരിക്കുന്നു.

ഇര തേടുന്ന സിംഹത്തിനെപ്പോലെ തന്നെയാണ് നമ്മളും. എല്ലാ ലക്ഷ്യങ്ങളും വിജയിക്കണമെന്നില്ല. താത്കാലികമായ ആ തിരിച്ചടിയില്‍ നിന്നും എഴുന്നേറ്റ് പരാജയത്തിന്റെ പൊടി കുടഞ്ഞെറിഞ്ഞ് മുന്നോട്ട് നടക്കണം. എവിടെയാണോ തിരിച്ചടി നേരിട്ടത് അവിടെത്തന്നെ അത് ഉപേക്ഷിക്കണം, അടുത്ത ലക്ഷ്യം തേടി യാത്രയാവണം.

 

 

Leave a comment