ബ്രാന്‍ഡ് എന്ന ഗോലിയാത്തും ദാവീദിന്റെ കല്ലും

സ്റ്റീവ് സാസ്സണ്‍ എന്ന കൊഡാക്ക് എഞ്ചിനീയര്‍ ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ കണ്ടുപിടിച്ചപ്പോള്‍ ഇന്ന് നാം നില്‍ക്കുന്നിടത്ത് നിന്നും കാലം ഏകദേശം നാല്‍പ്പത്തിമൂന്ന് വര്‍ഷം പിന്നിലായിരുന്നു ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍. ചരിത്രത്തേയും ഭാവിയേയും മാറ്റിമറിക്കുവാന്‍ പോകുന്ന ഈ കണ്ടെത്തലിനോടുള്ള കൊഡാക്ക് മാനേജ്മെന്റിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

”വളരെ നല്ലത്, മനോഹരമായിരിക്കുന്നു. പക്ഷേ ഇതാരോടും മിണ്ടരുത്”

ഈ ഒരൊറ്റ അഭിപ്രായം കാരണം ഒരിക്കല്‍ ലോകം അടക്കിവാണ കൊഡാക്ക് എന്ന ഭീമന്‍ ഇന്ന് ആഗോള ബിസിനസ് ഭൂപടത്തിലേയില്ല. കാലത്തിന്റെ യവനികക്കുള്ളില്‍ മറഞ്ഞുപോയ ഒരു മുത്തശിക്കഥ മാത്രമായി മാറി കൊഡാക്ക്. കൊഡാക്കിന്റെ ഫിലിം ഉപയോഗിക്കാത്ത ഒരു ക്യാമറയും ആ നാളുകളില്‍ ഈ ഭൂമിയിലുണ്ടായിരുന്നില്ല. ഒരു ചെറിയ പിഴവ് കൊടാക്ക് എന്ന നാമം താളുകളില്‍ നിന്ന് തുടച്ചുനീക്കി.

ഫിലിം ബിസിനസില്‍ നിന്ന് പിന്മാറുവാന്‍ കൊഡാക്ക് മടിച്ചു നിന്നു. അതൊരു ഭയമായിരുന്നു. ഡിജിറ്റല്‍ ക്യാമറയുടെ കണ്ടുപിടിത്തത്തിന് ശേഷം   കൊഡാക്കിന്റെ ഗവേഷണ വിഭാഗം തന്നെ കണ്ടെത്തിയ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവയായിരുന്നു.

• ഭാവിയില്‍ ഫിലിം ബിസിനസിനെ ഡിജിറ്റല്‍ ടെക്‌നോളജി തുടച്ചുനീക്കും.
• അതിന് മുന്‍പ്  ഒരു ഡിജിറ്റല്‍ വിപ്ലവത്തിന് തയ്യാറെടുക്കുവാന്‍ കൊഡാക്കിന് ഇനിയും നീണ്ട പത്ത് വര്‍ഷങ്ങള്‍ മുന്നിലുണ്ട്.

പക്ഷേ ഈ കണ്ടെത്തലുകള്‍ കൊഡാക്ക് മാനേജ്മന്റ് ശ്രവിച്ചില്ല. ഡിജിറ്റല്‍ ടെക്‌നോളജിയെ ഭാവിയിലെ ഒരു പൊളിച്ചെഴുത്തായി കാണുവാനുള്ള ദീര്‍ഘവീക്ഷണം അവര്‍ക്ക് ഉണ്ടായിരുന്നില്ല. ഇതൊരു തന്ത്രപരമായ പരാജയം ആയിരുന്നു. ഫിലിം എന്ന ഉത്പന്നത്തെ ചുറ്റിപറ്റിയുള്ള ഒരു ബിസിനസ് മോഡല്‍ എന്നതില്‍ കവിഞ്ഞ് മറ്റ് പരിവര്‍ത്തനങ്ങളെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് സാധിച്ചില്ല. അനന്തരഫലം ആദ്യത്തെ ഡിജിറ്റല്‍ ക്യാമറ വികസിപ്പിച്ച കൊഡാക്ക് പിന്നീട് കടന്നുവന്ന അതേ ഡിജിറ്റല്‍ ടെക്‌നോളജിയുടെ മഹാപ്രളയത്തില്‍ ഇല്ലാതെയായി.

ബ്രാന്‍ഡ് അതെത്ര വലുതുമാവട്ടെ എന്നും നിലനില്‍ക്കപ്പെടും എന്നതിന് യാതൊരു ഗ്യാരണ്ടിയും ഇല്ല. ഒരു നീര്‍ക്കുമിള പൊട്ടിത്തകരുന്നപോലെ ഏത് നിമിഷവും അത് തകര്‍ന്നുപോകാം. ബ്രാന്‍ഡ് കെട്ടിപ്പടുക്കാന്‍ എടുക്കുന്നത് വര്‍ഷങ്ങളാണെങ്കില്‍ അത് ഒന്നുമല്ലാതായിത്തീരുന്നതിന് നിമിഷങ്ങള്‍ മതി. തീരുമാനമെടുക്കുന്നതില്‍ വരുന്ന ചെറിയൊരു പാകപ്പിഴ അല്ലെങ്കില്‍ അല്‍പ്പം കാലതാമസം ഒരു ബ്രാന്‍ഡിനെ ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റും.

ബ്രാന്‍ഡും ആവാസവ്യവസ്ഥയും

ഒരു ആവാസവ്യവസ്ഥക്കുള്ളിലാണ് ബ്രാന്‍ഡ് നിലകൊള്ളുന്നത്. ബ്രാന്‍ഡ് എന്നത് ഒരു ഉത്പന്നമോ സേവനമോ പേരോ അല്ല. മറിച്ച് ആവാസവ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ഉപഭോക്താവിന്റെ ആവശ്യമാണ് ബ്രാന്‍ഡായി രൂപമെടുക്കുന്നത്. ആ ആവശ്യത്തെ തൃപ്തിപ്പെടുത്തുന്ന ഉത്പന്നത്തെ ഒരു ബ്രാന്‍ഡ് ആയി ഉപഭോക്താവ് തിരിച്ചറിയുന്നു. ആവാസവ്യവസ്ഥയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍  മാറ്റങ്ങള്‍ വരുത്തുന്നു. മാറുന്ന അത്തരം ആവശ്യങ്ങള്‍ക്കനുസൃതമായി സമയാസമയങ്ങളില്‍ ഉത്പന്നങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കപ്പെടുന്നില്ലായെങ്കില്‍ ഉപഭോക്താവ് അത്തരം ബ്രാന്‍ഡുകളെ കൈയ്യൊഴിയുന്നു.

ഉപഭോക്താവിന്റെ ആവശ്യമാണ് ബ്രാന്‍ഡായി മാറുന്നത് എന്ന് നാം കണ്ടു. ഫിലിം ഉപയോഗിക്കേണ്ട ആവശ്യമില്ലാത്ത ക്യാമറകള്‍ വിപണിയില്‍ എത്തിയതോടെ ഫിലിമിന് ആവശ്യക്കാര്‍ ഇല്ലാതെയായി. ഉപഭോക്താവിന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താന്‍ കഴിയാത്ത ബ്രാന്‍ഡ് അപ്രത്യക്ഷമാവുകയും തല്‍സ്ഥാനത്ത് പുതിയ ബ്രാന്‍ഡുകള്‍ ഉടലെടുക്കുകയും ചെയ്തു. ആവാസവ്യവസ്ഥയിലെ സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണിത്. ഇത് എല്ലാ ഉത്പന്നങ്ങള്‍ക്കും ബാധകമാണ്.

എന്താവണം ഒരു ബ്രാന്‍ഡ്?

നമ്മെ കൂടുതല്‍ ചിന്തിപ്പിക്കുവാന്‍ ഈ ചോദ്യം പ്രേരകമാകുന്നു. ഒരു ബ്രാന്‍ഡ് എന്താവണം എന്ന് തീരുമാനിക്കുന്നത് ഉത്പാദകനാണോ? അതോ ഉപഭോക്താവോ? തന്റെ ആവശ്യങ്ങളെ കണക്കിലെടുക്കാത്ത ബ്രാന്‍ഡുകളെ ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമില്ല. ആവാസവ്യവസ്ഥയില്‍ സംഭവിക്കുന്ന സാമൂഹ്യ, സാമ്പത്തിക, സാങ്കേതിക, ശാസ്ത്ര പരിവര്‍ത്തനങ്ങളെല്ലാം തന്നെ അവരുടെ ആവശ്യങ്ങളില്‍ നിരന്തരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കും.

ഉത്പന്നം യാതൊരു പരിണാമത്തിനും വിധേയമാകാതെ നിലകൊള്ളുകയും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മാറിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നത് ചിന്തിക്കുക. ഇതൊരു കെണിയാണ്. സമൂഹത്തിലെ മാറ്റങ്ങളെ പ്രതിബിംബിക്കുന്ന ഉത്പന്നങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. അതിനായി ഉത്പന്നങ്ങള്‍ തുടര്‍ച്ചയായി മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്. ഇന്ന് പരിണാമത്തിന് വിധേയമാകാത്ത ഉത്പന്നങ്ങളുടെ ആയുസ്സ് വളരെ കുറവാണ്. വിജയിച്ച ഒരു ബ്രാന്‍ഡ് എന്ന രീതിയില്‍ കൈയ്യുംകെട്ടി നോക്കിയിരിക്കുവാന്‍ സംരംഭകനാവില്ല എന്ന് ചുരുക്കം.

നിങ്ങള്‍ കൊക്കോകോള കുടിക്കരുത്?

കൊക്കോകോളയുടെ എതിരാളികള്‍ പറയുന്ന വാചകമല്ല ഇത്. കൊക്കോകോള തന്നെ പറയുന്നതാണ്. ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ഒന്ന്. ലോകത്തിന്റെ ഏത് മുക്കിലും മൂലകളിലും സുപരിചിതമായ നാമം. യുവത്വം ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന ബ്രാന്‍ഡുകളില്‍ ഒന്ന്. ഉത്പാദകന്‍ തന്നെ പറയുന്നു നിങ്ങള്‍ ഞങ്ങളുടെ ഉത്പന്നം ഉപയോഗിക്കരുത്.

നമുക്കിത് തികഞ്ഞ വൈരുദ്ധ്യമായി അനുഭവപ്പെടാം. ഭ്രാന്തമായ ഒരു ചിന്തയില്‍ നിന്ന് ഉടലെടുത്ത ആശയം എന്ന് തോന്നാം. ഒരിടത്ത് കോടികള്‍ ചിലവഴിച്ച് ഉത്പന്നത്തിന്റെ പ്രോമോഷന് വേണ്ടി പരസ്യം ചെയ്യുന്നു. മറ്റൊരിടത്ത് നിങ്ങള്‍ ഇത് കുടിക്കരുത് എന്ന് ഉപദേശിക്കുന്നു. വിരോധാഭാസം എന്ന് തോന്നുന്ന ഒരവസ്ഥ. 
എന്തുകൊണ്ട് ഇത് പറയാന്‍ കൊക്കോകോള നിര്‍ബന്ധിതമായി എന്ന് ചികയുമ്പോളാണ് നാം ആവാസവ്യവസ്ഥയുടെ പരിണാമവും ശക്തിയും തിരിച്ചറിയുന്നത്. ആരോഗ്യമുള്ള സമൂഹത്തെ രൂപപ്പെടുത്തുവാന്‍ പ്രതിബദ്ധതയുള്ള ഒരു ആവാസവ്യവസ്ഥയില്‍ തങ്ങളുടെ ഉത്പന്നം ആരോഗ്യത്തിന് ഹാനികരമാണ് എന്ന് പറയുവാന്‍ കൊക്കോകോള നിര്‍ബന്ധിതരാക്കപ്പെടുകയാണ്. ഇവിടെ മറ്റൊരു മാര്‍ഗ്ഗമില്ല. സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉത്പന്നവും ഉത്പാദകനും പ്രതികരിച്ചേ മതിയാകൂ. മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കണം.

സത്യസന്ധമായി ഉപഭോക്താവിനെ സമീപിക്കുക 

ആവാസവ്യവസ്ഥയുടെ ചലനങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുന്ന, നിരന്തരം പരിഷ്‌ക്കരിക്കപ്പെടുന്ന ബ്രാന്‍ഡുകള്‍ക്ക് സത്യസന്ധമായിട്ടല്ലാതെ ഉപഭോക്താവിനെ സമീപിക്കുക ദുഷ്‌ക്കരമാണ്. എന്റെ ഉത്പന്നത്തിന്റെ ദോഷവശങ്ങള്‍ എനിക്ക് ചൂണ്ടിക്കാട്ടുവാന്‍ സാധിച്ചില്ല എങ്കില്‍ ആവാസവ്യവസ്ഥയിലെ മറ്റ് ഘടകങ്ങള്‍ അത് ചൂണ്ടിക്കാട്ടും. അത് ബ്രാന്‍ഡിന്റെ വിശ്വാസ്യതയെ ബാധിക്കും. ഉപഭോക്താവ് അവിശ്വാസം രേഖപ്പെടുത്തുന്ന ബ്രാന്‍ഡുകള്‍ ആവാസവ്യവസ്ഥയില്‍ നിന്നും പുറംതള്ളപ്പെടും.

വിജയിച്ച ബ്രാന്‍ഡുകള്‍ സമൂഹത്തിന്റെയും എതിരാളികളുടെയും നിരന്തരമായ വിശകലനത്തിനും ശസ്ത്രക്രിയക്കും വിധേയമാക്കപ്പെടുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. ബ്രാന്‍ഡ് വിജയിച്ചു കഴിഞ്ഞു. ഇനി അത് നിലനിന്നുകൊള്ളും എന്നത് ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. കാരണവും (Cause) ഫലവും (Effect) തമ്മിലുള്ള അഭേദ്യമായ ബന്ധം നമുക്കിവിടെ ദര്‍ശിക്കാം. സമൂഹത്തില്‍ ചലനം സൃഷ്ട്ടിക്കുന്ന ഓരോ കാരണവും ബിസിനസിലും ചലനങ്ങള്‍ സൃഷ്ട്ടിക്കുന്നു. സമൂഹം എന്ന, ബിസിനസ് നിലകൊള്ളുന്ന ആവാസവ്യവസ്ഥയും ബിസിനസും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ഒന്നില്‍ നിന്നും മറ്റൊന്നിനെ അടര്‍ത്തുമാറ്റുവാന്‍ സാധ്യമല്ല. ഈ തത്വം മനസിലാക്കുന്ന ബ്രാന്‍ഡുകള്‍ക്ക് മാത്രമേ ദീര്‍ഘായുസുള്ളൂ.

അപ്രത്യക്ഷമാകുന്ന ബ്രാന്‍ഡുകള്‍

നൂറ്റി നാല്പ്പത്തെഴ് വര്‍ഷം നമ്മുടെ ചെവിയില്‍ മുഴങ്ങിക്കെട്ട നോക്കിയ എന്ന ബ്രാന്‍ഡ് ഇല്ലതെയാവുകയാണ്. മൈക്രോസോഫ്റ്റ് ഏറ്റെടുത്തതോടെ നോക്കിയ എന്ന പേര് അപ്രത്യക്ഷമാകും. ഒരു കാലത്ത് ലോകത്തിലെ ഒന്നാം നമ്പര്‍ മൊബൈല്‍ ഉത്പാദകരായിരുന്ന നോക്കിയ ഇനി ഒരു ഓര്‍മ്മ മാത്രമാകും.

നമുക്ക് സുപരിചിതമായിരുന്നു ബി പി എല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ്. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സില്‍ ഇന്ത്യക്ക് ഏറ്റവും പരിചിതമായ നാമങ്ങളില്‍ ഒന്ന്. ഇന്ന് ബി പി എല്‍ എവിടെ? മറ്റ് ബിസിനസുകളില്‍ അനാവശ്യ തിടുക്കത്തിലൂടെ നടത്തിയ നിക്ഷേപങ്ങള്‍, സാമ്പത്തിക അച്ചടക്കമില്ലായ്മ, എല്‍ ജിയെപ്പോലെയും സാംസഗിനെപ്പോലുള്ള കൊറിയന്‍ കമ്പനികളുടെ വിപണിയിലേക്കുള്ള കടന്നുവരവ് എന്നിവ ബി പി എല്ലിനെ പ്രതിസന്ധിയിലാക്കി. ഒരു ബ്രാന്‍ഡിന്റെ മരണം അവിടെ സംഭവിച്ചു. തൊണ്ണൂറുകളുടെ അന്ത്യത്തില്‍ നാലായിരത്തി മുന്നൂറിലധികം കോടി രൂപയുടെ വരുമാനം ഉണ്ടായിരുന്ന ഒരു ഗ്രൂപ്പ് ആയിരുന്നു എന്നതോര്‍ക്കണം. വലുപ്പമല്ല പ്രധാനം എന്നത് ഇവിടെ പ്രസക്തമാകുന്നു.

വീഡിയോകോണ്‍ എന്ന ബ്രാന്‍ഡിനും സംഭവിച്ചതും മറ്റൊന്നല്ല. പെട്ടെന്ന് വളരാനുള്ള അത്യാഗ്രഹത്തില്‍ വരുത്തിവെച്ച കടങ്ങള്‍ കമ്പനിയെ വിഴുങ്ങി. നാല്‍പ്പത്തിഅയ്യായിരം കോടി രൂപ കടക്കെണിയില്‍ വീണ കമ്പനി. വികസന പ്രക്രിയകളും മറ്റ് വ്യവസായങ്ങളിലേക്കുള്ള ചുവടുമാറ്റപ്പിഴവുകളും എല്ലാം ആ ബ്രാന്‍ഡിനെ ഇല്ലാതെയാക്കി. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് പോലെയുള്ള മറ്റൊരു ദുരന്തം.

ഗോലിയാത്തിനും രക്ഷയില്ല

ബ്രാന്‍ഡ് എത്ര വലുതുമാകട്ടെ. അതല്ല പ്രധാനം. വീഴ്ചക്ക് ആക്കം കൂടും എന്നത് മാത്രമാണ് വ്യത്യാസം. ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിനെപ്പോലെ ചെറിയൊരു ബ്രാന്‍ഡ് മതി ഒരു ഭീമാകാരനെ നിലംപരിശാക്കാന്‍. ഉപഭോക്താവിനെ അറിയുന്ന, ശ്രദ്ധിക്കുന്ന ബ്രാന്‍ഡുകള്‍ വിപണിയെ പിടിച്ചടക്കും. ഇത് അതിവേഗം സംഭവിക്കുന്ന ഒരു പ്രക്രിയയാവണം എന്നില്ല. മറിച്ച് മെല്ലെ മെല്ലെ അത്തരമൊരു ബ്രാന്‍ഡ് വിപണിയെ കീഴടക്കി മുന്നേറും.
പരസ്യങ്ങള്‍ ബ്രാന്‍ഡിനെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുകയാണ്. നോക്കൂ, നിങ്ങളുടെ ആവശ്യങ്ങള്‍ ഈ ഉത്പന്നം നിറവേറ്റുന്നു എന്ന സന്ദേശം അവര്‍ക്ക് നല്‍കുകയാണ്. ഇതൊരു സംവേദനമാണ്. ഉത്പന്നവും ഉപഭോക്താവും തമ്മിലുള്ള സംവേദനം. ഇല്ലാത്ത ഗുണവിശേഷങ്ങള്‍ ഒരു ഉത്പന്നത്തില്‍ ചാര്‍ത്തുവാനല്ല പരസ്യങ്ങള്‍ ഉപയോഗിക്കേണ്ടത്. അങ്ങിനെ ഉപയോഗിച്ചാല്‍ സമൂഹം അത് പെട്ടെന്ന് തിരിച്ചറിയും. അതിന്റെ ഫലം നേരെ വിപരീതമായിരിക്കുകയും ചെയ്യും.

ഇന്നൊവേഷന്‍ (നവീനത)

ഉത്പന്നത്തില്‍ നിരന്തരം പരിവര്‍ത്തനങ്ങള്‍ വരുത്തുന്ന ഒരു പ്രക്രിയ മാത്രമാണോ ഇന്നൊവേഷന്‍? തീര്‍ച്ചയായും അത് മാത്രമല്ല. ഉപഭോക്താവിന്റെ മാറുന്ന ആവശ്യങ്ങള്‍ കണ്ടെത്തുകയും ഇന്നൊവേഷന്റെ ഭാഗമാണ്. ഈ മാറുന്ന ആവശ്യങ്ങളില്‍, ഉപയോഗത്തില്‍, പുതുതായി ഉടലെടുക്കുന്ന ആവശ്യങ്ങളിലൊക്കെ ആണ് ഇന്നൊവേഷന്റെ താക്കോല്‍. ഗവേഷണങ്ങളിലും ഇന്നൊവേഷന്‍ പ്രധാനപ്പെട്ടതാണ്. ഉത്പന്നം നിലനില്‍ക്കുന്ന ആവാസവ്യവസ്ഥ നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യം ഇന്നൊവേഷന്‍ എന്ന പ്രക്രിയയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പുതുമ ഭംഗിയും സൗകര്യങ്ങളും മാത്രമല്ല. ആവശ്യങ്ങളുടെ പൂരണം കൂടിയാണ്.

ഉപഭോക്താവിന്റെ മാറുന്ന, ഉടലെടുക്കുന്ന താല്‍പ്പര്യങ്ങള്‍, സ്വഭാവങ്ങള്‍, ആവശ്യങ്ങള്‍ ഇവയെല്ലാം തന്നെ ബിസിനസിന്റെ അവസരങ്ങളാണ്. ഈ മാറ്റമാണ് യഥാര്‍ത്ഥത്തില്‍ ബിസിനസിനെ സൃഷ്ട്ടിക്കുന്നത്. ഈ മാറ്റങ്ങളിലേക്ക് ഇന്ദ്രിയങ്ങളെ തുറന്നുവെക്കുകയാണ് സംരംഭകര്‍ ചെയ്യേണ്ടത്. നിരന്തരം മാറുന്ന താല്‍പ്പര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക ഒരു തലവേദനയായി കാണുന്ന ബ്രാന്‍ഡുകള്‍ കുറഞ്ഞ ആയുസുള്ളവയായി മാറുന്നു. ദീര്‍ഘകാലം നിലനില്‍ക്കുന്നവ ഇത്തരം മാറ്റങ്ങളെ ക്രിയാത്മകമായി ഉള്‍ക്കൊള്ളുന്നവ മാത്രമാകുന്നു.

ബ്രാന്‍ഡിന് കരുത്താകുന്നത് ഗവേഷണം

നല്ലൊരു ബ്രാന്‍ഡ് വളര്‍ത്തിയെടുക്കണോ? ഗവേഷണം ഒഴിവാക്കുവാനാകാത്തതാണ്. പിന്നില്‍ ഗവേഷണത്തിന്റെ, പഠനത്തിന്റെ സഹായമില്ലാത്ത ഒരു ബ്രാന്‍ഡും വിജയിക്കുകയില്ല. ഗുഡ്‌നൈറ്റ് എന്ന ബ്രാന്‍ഡിനെ നോക്കുക. ആ ഉത്പന്നത്തില്‍ വന്ന കാലോചിതമായ മാറ്റങ്ങള്‍, കാലാകാലത്തിലുള്ള കൂട്ടിചേര്‍ക്കലുകള്‍, ഉള്‍ക്കൊള്ളിക്കുന്ന പുതുമകള്‍ എല്ലാമെല്ലാം അതിനെ മികച്ച ഒരു ബ്രാന്‍ഡായി നിലനിര്‍ത്തുന്നു. പഴയ കൊതുക് തിരി മാത്രമായിരുന്നു ആ ബ്രാന്‍ഡ് എങ്കില്‍ ഒന്ന് ഓര്‍ത്തുനോക്കൂ അതിന്റെ ഇപ്പോഴത്തെ  അവസ്ഥ എന്താകുമായിരുന്നു എന്നത്.
ശ്രദ്ധയോടെ നീങ്ങിയില്ലെങ്കില്‍ പതനം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ബ്രാന്‍ഡുകളുടെ ആയുര്‍ദൈര്‍ഘ്യം വളരെ കുറഞ്ഞുവരുന്ന ഒരു കാലഘട്ടമാണ് നമുക്ക് മുന്നിലുള്ളത്. കരുതലോടെ മുന്നോട്ട് നീങ്ങാത്ത ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്ന് തുടച്ചുനീക്കപ്പെടും. ഉപഭോക്താവിനെ, വിപണിയെ അറിഞ്ഞ് മുന്നോട്ട് പോകുന്ന ബ്രാന്‍ഡുകള്‍ കൂടുതല്‍ കരുത്തോടെ നിലനില്‍ക്കും. ബ്രാന്‍ഡ് സൃഷ്ട്ടിക്കുന്നതിനേക്കാള്‍ ശ്രമകരമാണ് അത് നിലനിര്‍ത്തുന്നത്. നമ്മുടെ ലക്ഷ്യം കേവലമൊരു ബ്രാന്‍ഡ് സൃഷ്ട്ടിക്കുക എന്നത് മാത്രമാവരുത് മറിച്ച് ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു ബ്രാന്‍ഡ് സൃഷ്ട്ടിക്കുക എന്നതാവണം.

 

 

Leave a comment