ബിസിനസിന്റെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍

”അത്യാവശ്യമാണ്, ഒന്ന് കാണണം” ആ ശബ്ദത്തില്‍ ഒളിഞ്ഞിരുന്ന, അടക്കിപ്പിടിച്ച എന്നാല്‍ ശ്രോതാവിന് അനുഭവപ്പെടുന്ന ഒരു സംഘര്‍ഷം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യപ്പെട്ട ആ സന്ദര്‍ശനം വൈകിക്കേണ്ട എന്ന് ഞാന്‍ വിചാരിച്ചു. പിറ്റേദിവസം തന്നെ ഫോണിലൂടെ കേട്ട ആ ശബ്ദത്തിന്റെ ഉടമ ഓഫീസിലെത്തി.

ഏകദേശം നാല്പ്പതിനടുത്ത് പ്രായം വരുന്ന സുമുഖനായ ചെറുപ്പക്കാരന്‍. തന്നെ പരിചയപ്പെടുത്തിയതിനു ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി ”ഞാന്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ബിസിനസ് ചെയ്യുന്നു. അച്ഛനായി ആരംഭിച്ച ബിസിനസ് ആണ്. വളരെ ലാഭകരമായി, ഭംഗിയായി അതിനെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞിരുന്നു. ധാരാളം പണം ഒഴുകിയെത്തിയപ്പോള്‍ പാരമ്പര്യമായി ചെയ്തു കൊണ്ടിരുന്ന ബിസിനസില്‍ നിന്നും ഒന്ന് പതിയെ ചുവടുമാറ്റി മറ്റ് പുതിയ മേഖലകളിലേക്ക് കടന്നു. അതും നന്നായി ചെയ്യുവാന്‍ സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. പുതുതായി തുടങ്ങിയവ അടച്ചുപൂട്ടേണ്ട ഒരവസ്ഥയിലെത്തി. നൂറിലധികം ഉണ്ടായിരുന്ന തൊഴിലാളികളുടെ എണ്ണം പകുതിയില്‍ താഴെയാക്കി കുറച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി സ്ഥാപനം സാമ്പത്തികമായ പ്രതിസന്ധിയിലായി.”

ആ യുവാവ് പറയുന്നത് നിശബ്ദനായി ഞാന്‍ കേട്ടുകൊണ്ടിരുന്നു. ഒന്ന് നിര്‍ത്തി അയാള്‍ വീണ്ടും തുടര്‍ന്നു ”ബിസിനസ് മികച്ച രീതിയില്‍ മുന്നോട്ട് പോയ്‌കൊണ്ടിരുന്നപ്പോള്‍ ആര് പറയുന്നതും ഞാന്‍ കണക്കിലെടുത്തിരുന്നില്ല. എന്റെ തീരുമാനങ്ങള്‍ മാത്രമാണ് ഞാന്‍ നടപ്പില്‍ വരുത്തിക്കൊണ്ടിരുന്നത്. ആരുടെയും ഉപദേശവും എനിക്ക് സ്വീകാര്യമായിരുന്നില്ല. ഇപ്പോഴാണ് ഞാന്‍ അതിനെക്കുറിച്ചൊക്കെ ബോധവാനായി തുടങ്ങിയത്. എന്ത് ചെയ്യണം എന്ന് അലോചിച്ചിരിക്കുമ്പോഴാണ് സാറിന്റെ വീഡിയോ ശ്രദ്ധയില്‍ പെട്ടത്. അത് കേട്ട ഉടനെയാണ് ഞാന്‍ താങ്കളെ വിളിച്ചത്.”

ഞങ്ങളുടെ സംഭാഷണം പല കാര്യങ്ങളിലൂടെ കടന്നുപോയി. കേരളത്തിലെ പൊതുവായ ഒരവസ്ഥയുടെ പരിശ്ചേദമാണ് അയാള്‍ ചൂണ്ടിക്കാണിച്ചത്. ഇത് അയാളുടെ മാത്രം കഥയല്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിപണിയുടെ സ്ഥിതിയുടെ ഭീകരതയാണ് അയാള്‍ വരച്ചിട്ടത്. ബിസിനസുകള്‍ വളരുവാന്‍ സാധ്യമല്ലാത്ത രീതിയില്‍ കെട്ടിയിടപ്പെട്ട ഒരു സാമൂഹ്യവ്യവസ്ഥ സാവധാനം രൂപപ്പെടുന്നുണ്ട്. പ്രളയം കഴിഞ്ഞതോടുകൂടി അതിന്റെ രൂക്ഷത ഒന്നുകൂടി ആഴത്തിലായി. നല്ല രീതിയില്‍ നടന്നുപോന്നിരുന്ന ബിസിനസുകള്‍ പോലും കനത്ത പ്രതിസന്ധിയിലായി.

റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറേയേറെ കാലമായി ബാധിച്ചിരുന്ന മരവിപ്പ് മറ്റ് ബിസിനസ് മേഖലകളിലേക്കും വ്യാപിച്ചു തുടങ്ങിയത് വളരെ സാവധാനത്തിലായിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവ് വന്നു. റിയല്‍ എസ്റ്റേറ്റ് രംഗവുമായി ബന്ധമുള്ള മറ്റ് അനുബന്ധ ബിസിനസുകളെയാണ് ഇത് ആദ്യം വലുതായി ബാധിച്ചത്. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ തകര്‍ച്ചയും നോട്ട് നിരോധനവും മൂലം വിപണിയിലെ പണത്തിന്റെ പരിക്രമണത്തില്‍ വന്ന കുറവും തുടര്‍ന്നെത്തിയ പ്രളയാഘാതവും ബിസിനസ് ലോകത്തിന് നല്‍കിയത് പെട്ടെന്നൊന്നും മറക്കുവാനാകാത്ത തിരിച്ചടികളാണ്.

ഇതില്‍ നിന്നും അതിവേഗത്തിലുള്ള ഒരു രക്ഷപ്പെടല്‍ എളുപ്പമല്ല. വിപണിയെ വിശ്വസിച്ചാണ് ബിസിനസുകാരന്‍ പണമിറക്കുന്നത്. അപ്രതീക്ഷിതങ്ങളായ പല സംഭവങ്ങളും വിപണിയുടെ താളം തെറ്റിക്കും. തന്റെ ജീവിതം ബിസിനസിലേക്ക് നിക്ഷേപിക്കുന്ന ബിസിനസുകാരന് ഇത് ജീവന്‍ മരണ പോരാട്ടമാണ്. ഒരു ട്രപ്പീസ് കളി പോലെ. എങ്ങനെ ഇതില്‍ നിന്നും രക്ഷപ്പെടാം? ഇത് വലിയൊരു ചിന്തയാണ്. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ നമുക്ക് എന്ത് ചെയ്യുവാന്‍ സാധിക്കും?

”അച്ചടക്കം” ബിസിനസിന്റെ ആപ്തവാക്യമാക്കുക

അച്ചടക്കം എന്ന് പറയുമ്പോള്‍ അത് ബിസിനസിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ പോലെ നടപ്പിലാക്കേണ്ട ഒരു ആശയമാകുന്നു. സാമ്പത്തികമായ അച്ചടക്കം വളരെ പ്രധാനം തന്നെ. എങ്കിലും അതുമാത്രമല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്. അച്ചടക്കപൂര്‍ണ്ണമായ ഒരു സംസ്‌ക്കാരം ബിസിനസില്‍ വളര്‍ത്തിക്കൊണ്ട് വരേണ്ടതുണ്ട്. നിയന്ത്രിക്കുവാനാകാത്ത, കൈവിട്ടു പോകാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ബിസിനസിനെ കെട്ടുറപ്പോടെ പിടിച്ചുനിര്‍ത്തുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇത് ബിസിനസിന് കൈതാങ്ങാകുന്നു.

ബിസിനസിലെ ലാഭം കരുതലോടെ ഉപയോഗിക്കുക

മനുഷ്യന്റെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്നാണ് നല്ല കാലം വരുമ്പോള്‍ അത് അനന്തമായി നിലനില്‍ക്കും എന്നത്. ഇത്തരമൊരു നിസ്സന്ദേഹ ചിന്താഗതി വളരെ നല്ലതെങ്കിലും പ്രായോഗിക തലത്തില്‍ ഇത് പൂര്‍ണ്ണമായും സംഭവിക്കണം എന്നില്ല. ലാഭകരമായ രീതിയില്‍ ബിസിനസ് മുന്നോട്ട് പോകുമ്പോള്‍ ഇതിന് ഒരു തിരിച്ചടി നാം പ്രതീക്ഷിക്കുന്നില്ല അതുകൊണ്ടുതന്നെ ഈ ലാഭം കരുതലോടെ ഉപയോഗിക്കുവാന്‍ നാം ശ്രമിക്കാറുമില്ല.

ബിസിനസിലേക്ക് വരുന്ന പണം പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാകുന്ന രൂപത്തില്‍ നിക്ഷേപിക്കപ്പെടണം. ബിസിനസിന്റെ വികസനത്തിനായി പണം ചിലവഴിക്കുമ്പോള്‍ അത് കൃത്യമായ കണക്കുകൂട്ടലോടുകൂടി തന്നെയാവണം. കാരണം ഏതൊരു വികസനവും കൂടുതല്‍ പണച്ചിലവ് കൊണ്ടുവരും. ബിസിനസിലേക്ക് വരുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞാലും ബിസിനസില്‍ നിന്നും പുറത്തേക്ക് പോകുന്ന പണത്തിന്റെ ഒഴുക്കില്‍ കാര്യമായ കുറവ് സംഭവിക്കുന്നില്ല. ഒരു പ്രതിസന്ധി ഘട്ടത്തില്‍ ഇത് ബിസിനസിനെ പിടിച്ച് കുലുക്കും. ബിസിനസിന് സുരക്ഷിതമായി കൈകാര്യം ചെയ്യുവാന്‍ സാധ്യമായുള്ള അളവിലായിരിക്കണം വികസന പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്യേണ്ടത്. ബിസിനസിലേക്ക് വരുന്ന പണം അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യുന്നത് പ്രതിസന്ധികളില്‍ നമുക്ക് തുണയാകും.

ബിസിനസിനെ ശരിയായ വലുപ്പത്തിലേക്ക് കൊണ്ടുവരിക

പ്രശ്‌നങ്ങളുടെ തുടക്കം ഇവിടെ നിന്നാണ്. വരവ് കുറവും ചിലവ് കൂടുതലും. മൂലധനത്തിന്റെ അഭാവം അനുഭവപ്പെട്ട് തുടങ്ങും. ബിസിനസിന്റെ വലുപ്പം നമ്മെ ശ്വാസം മുട്ടിക്കാന്‍ ആരംഭിക്കും. ബിസിനസ് പതിയെ കടക്കെണിയിലേക്ക് നീങ്ങും. ഒരിക്കല്‍ വലുപ്പം കൂട്ടിയ ബിസിനസിന്റെ വലുപ്പം കുറയ്ക്കുവാന്‍ നാം മടിക്കും. കാരണം വലുപ്പം കുറയ്ക്കുക ഒരു പരാജയമാണെന്ന് നമ്മുടെ ഈഗോ നമ്മോട് പറയുന്നു. അതുകൊണ്ട് തന്നെ വലുപ്പം വെട്ടിക്കുറയ്ക്കുവാന്‍ നാം മടിക്കുന്നു.

എന്നാല്‍ ഇവിടെ അത്തരമൊരു ചിന്തയുടെ ആവശ്യമേയില്ല. ബിസിനസിന്റെ നിലനില്പാണ് മുഖ്യം. ആഴത്തിലേക്ക് മുങ്ങിപ്പോകുന്നതിന് മുന്‍പേ ബിസിനസിനെ രക്ഷിക്കുക. അതിനായി ബിസിനസിനെ കൃത്യമായ വലുപ്പത്തിലേക്ക് കൊണ്ടുവരുന്നത് ശരിയായ ഒരു തന്ത്രമാണ്. കുറഞ്ഞ മൂലധനവുമായി വലുപ്പം വര്‍ദ്ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായി പ്രതികൂല കാലാവസ്ഥകളില്‍ ബിസിനസ് നഷ്ട്ടത്തിലേക്ക് പോകുന്നു. ഇവിടെ മൂലധനം സംരക്ഷിക്കപ്പെടണം. പ്രവര്‍ത്തനമൂലധനത്തിന്റെ അപര്യാപ്തത ബാധിക്കുന്നത് ബിസിനസിനെ സമൂലമായാണ്. സൂഷ്മവും വ്യക്തവുമായ ജാഗ്രത്തായ വികസന രൂപരേഖയില്ലാതെ, ആവശ്യത്തിന് മൂലധനമില്ലാതെ വികസനത്തിന് തുനിഞ്ഞാല്‍ അത് പിന്നീട് തിരിച്ചടിക്കും.

പ്രതിസന്ധിഘട്ടങ്ങളില്‍ ബിസിനസിന്റെ വലുപ്പം ആവശ്യമാണെങ്കില്‍ വെട്ടിച്ചുരുക്കുവാന്‍ മടിക്കേണ്ടതില്ല. പ്രവര്‍ത്തനമൂലധന സംരക്ഷണം അത്രയും പ്രാധാന്യമാണ്. മുഴുവന്‍ ബിസിനസിനെയും നാശത്തിലേക്ക് നയിക്കുന്ന ഒന്നായി ബിസിനസിന്റെ അനാവശ്യ വലുപ്പം മാറുവാന്‍ പാടില്ല. ലാഭകരമല്ലാത്ത യൂണിറ്റുകള്‍, ഉത്പന്നങ്ങള്‍, ഉപഭോക്താക്കള്‍ എന്നിവയെ തീര്‍ച്ചയായും ഒഴിവാക്കാം. ബിസിനസിന്റെ വലുപ്പമല്ല ബിസിനസിനെ വിജയിപ്പിക്കുന്നത് എന്ന് തിരിച്ചറിയണം. ഒരിക്കല്‍ ശരിയായ വലുപ്പത്തിലേക്ക് മടക്കികൊണ്ടുവരുന്ന ബിസിനസിനെ ഭാവിയില്‍ മതിയായ മൂലധനത്തിനെ പിന്‍ബലത്തില്‍, കൂടുതല്‍ പ്രായോഗികവും വ്യക്തവുമായ ഒരു രൂപരേഖയുടെ അടിസ്ഥാനത്തില്‍ വലുപ്പം വര്‍ദ്ധിപ്പിക്കുകയും ലാഭകരമായ രീതിയില്‍ പുനസ്ഥാപിക്കുകയും ചെയ്യാം.

അനാവശ്യ ചരക്കുകള്‍ ഒഴിവാക്കുക

കൂടുതല്‍ സ്റ്റോക്ക് കൂടുതല്‍ മൂലധനത്തിന്റെ ഉപയോഗമാണ്. അനാവശ്യമായി ചരക്ക് സ്റ്റോക്ക് ചെയ്തു സൂക്ഷിക്കുന്നത് ആപത്താണ്. ബിസിനസില്‍ പരിക്രമണം ചെയ്യേണ്ട പ്രവര്‍ത്തനമൂലധനം ചരക്കില്‍ കെട്ടിക്കിടക്കുന്നത് ബിസിനസിനെ പ്രതികൂലമായി ബാധിക്കും. ബിസിനസ് സമൃദ്ധമായ ഒരു തലത്തില്‍ സഞ്ചരിക്കുമ്പോള്‍ നാം ഇത് തിരിച്ചറിയുന്നില്ല. വില്‍പ്പനയുടെ ശരിയായ അനുപാതത്തിലല്ലാതെ കൂടുതല്‍ ചരക്ക് സൂക്ഷിക്കുന്നത് നഷ്ട്ടമാണ്. വിനിമയമൂല്യമുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഈ ചരക്കുകള്‍ അതിവേഗം വിറ്റഴിക്കുവാന്‍ കഴിയണമെന്നില്ല. ചരക്കില്‍ കുരുങ്ങുന്ന പ്രവര്‍ത്തനമൂലധനം പ്രശ്‌നങ്ങളുടെ കാഠിന്യം ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നു.

ശരിയായ അനുപാതത്തില്‍ ചരക്കുകള്‍ സൂക്ഷിക്കുക തന്നെയാണ് ഇതിനുള്ള പോംവഴി. അനാവശ്യമായി കൂടുതല്‍ സ്റ്റോക്ക് ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ ഇത് ആവശ്യമില്ല എന്ന ചിന്താഗതി മാറ്റുകയും ചരക്ക് സ്റ്റോക്ക് ചെയ്യുന്ന കാര്യത്തില്‍ കൃത്യമായ ആസൂത്രണവും അച്ചടക്കവും പുലര്‍ത്തുവാന്‍ ശ്രമിക്കുകയാണെങ്കില്‍ പ്രവര്‍ത്തനമൂലധനത്തിന്റെ അമിതമായ ഉപഭോഗം തടയുവാന്‍ സാധിക്കും. ഇത് ബിസിനസിനകത്തെ പണത്തിന്റെ പരിക്രമണം വര്‍ദ്ധിപ്പിക്കും.

കൂടുതല്‍ ശ്രദ്ധ ചെലുത്തുക

ബിസിനസിന്റെ ഏറ്റവും മൂല്യവത്തായ നൈപുണ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട ഒരു അവസ്ഥ പ്രതിസന്ധിഘട്ടങ്ങള്‍ സൃഷ്ട്ടിക്കുന്നു. ഇത്തരമൊരു പരിതസ്ഥിതിയില്‍ പുതിയ പ്രവര്‍ത്തനങ്ങളിലോ, മൂല്യവത്തല്ലാത്തതായ പ്രവര്‍ത്തനങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയാണെങ്കില്‍ അത് ഒട്ടുംതന്നെ ബിസിനസിന് സഹായകരമാവുകയില്ല. എന്നാല്‍ നമുക്ക് നൈപുണ്യമുള്ള, അനുഭവസമ്പത്തുള്ള മേഖലകളില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സംതൃപ്തി നല്‍കുവാന്‍ സാധിച്ചാല്‍ അത് ബിസിനസിനെ കൂടുതല്‍ കരുത്തുറ്റതാക്കും.

ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ മികച്ച സേവനം നല്‍കുവാന്‍ നാം ശ്രമിച്ചാല്‍ അത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. അവരെ ആകര്‍ഷിക്കാവുന്ന രീതിയിലുള്ള ഓഫറുകളും, ഡിസ്‌ക്കൌണ്ടുകളും നല്‍കാം. പ്രതിസന്ധിഘട്ടത്തില്‍ മടിച്ചു നില്‍ക്കാതെ ഉപഭോക്താക്കള്‍ക്കടുത്തേക്ക് കടന്നുചെല്ലുവാന്‍ നമുക്ക് സാധിക്കണം. വില്‍പ്പന പരമാവധി വര്‍ദ്ധിപ്പിക്കുവാനുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുകയും അവ കുറഞ്ഞ ചിലവില്‍ നടപ്പില്‍ വരുത്തുകയും വേണം. നമുക്ക് പരിചിതമല്ലാത്ത, പുതിയ മേഖലകളിലേക്ക് ഒരിക്കലും ബിസിനസിനെ കൊണ്ടുപോകുവാന്‍ പ്രതിസന്ധിഘട്ടങ്ങളില്‍ ശ്രമിക്കരുത്. അത് കൂടുതല്‍ ആപത്തിലേക്ക് ബിസിനസിനെ ആനയിക്കും.

പുതിയ വിപണികള്‍ കണ്ടെത്തുക

ഉത്പന്നത്തിനും സേവനത്തിനും പുതിയ വിപണികള്‍ കണ്ടെത്തുവാന്‍ ശ്രമിക്കാം. ലോകത്തിന്റെ ഏത് കോണിലും വില്‍ക്കുവാന്‍ സാധിക്കും വിധം തുറന്നുകിടക്കുന്ന ഒരു വിപണിയാണ് ഇന്നുള്ളത്. വിപണിയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുക മറ്റൊരു തന്ത്രമാണ്. വലിയ വിപണി കൂടുതല്‍ പുതിയ ഉപഭോക്താക്കളെ സൃഷ്ട്ടിക്കും. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പോലുള്ള സങ്കേതങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം. ഓണ്‍ലൈനിന്റെ അപാരമായ സാദ്ധ്യതകള്‍ ബിസിനസില്‍ നാം ഉപയോഗപ്പെടുത്തുകയാണെങ്കില്‍ മറ്റൊരു ചക്രവാളത്തിലേക്ക് ബിസിനസിനെ കൊണ്ടുപോകുവാന്‍ സാധിക്കും.

മാര്‍ക്കറ്റിംഗ് തുടര്‍ന്നുകൊണ്ടേയിരിക്കുക

പ്രതിസന്ധിഘട്ടങ്ങളില്‍ ആദ്യം ചെയ്യുന്നത് പരസ്യങ്ങള്‍ നിര്‍ത്തുക എന്നുള്ളതാണ്. ഇത് തീര്‍ച്ചയായും വളരെ അപകടകരമായ ഒരു തീരുമാനമാണ്. പരസ്യങ്ങള്‍ ഇല്ലാതെയാവുക എന്നുവെച്ചാല്‍ സ്ഥാപനവും ഉപഭോക്താവും തമ്മിലുള്ള സംവേദനം അവസാനിക്കുന്നു എന്നര്‍ത്ഥം. ഇത് കൂടുതല്‍ തിരിച്ചടികള്‍ നല്‍കും

പരസ്യങ്ങള്‍ അവസാനിപ്പിക്കുക എന്നത് ആത്മഹത്യാപരമായ തീരുമാനം ആണെന്ന് നാം വിചാരിക്കുമ്പോള്‍ തന്നെ പരസ്യത്തിനായി മുടക്കേണ്ടി വരുന്ന ഭീമമായ തുക നമ്മെ ഭയപ്പെടുത്തുന്നു. ഈ ഘട്ടത്തില്‍ നമുക്ക് ചെയ്യാവുന്നത് വലിയ മുതല്‍മുടക്ക് വരുന്ന പരമ്പരാഗതമായ പരസ്യ സങ്കേതങ്ങള്‍ ഒഴിവാക്കി നവമാധ്യമങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ്. ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഡിജിറ്റല്‍ മീഡിയ ഫലപ്രദമായി ഉപയോഗിക്കുവാന്‍ സാധിച്ചാല്‍ കുറഞ്ഞ ചിലവില്‍ നമുക്ക് ഉപഭോക്താക്കള്‍ക്കരികിലേക്ക് എത്താം.

പ്രതിസന്ധിഘട്ടങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ

പ്രതിസന്ധികള്‍ ഉണ്ടാകും എന്ന് മുന്‍കൂട്ടിക്കണ്ട് ബിസിനസിനെ ഒരുക്കുക എന്ന ദൗത്യം കൂടി സംരംഭകനുണ്ട്. ബിസിനസ് ലാഭകരമായി നന്നായി നടക്കുന്ന അവസരങ്ങളില്‍ തന്നെ ഈ ചിന്ത മനസില്‍ സൂക്ഷിച്ച് തയ്യാറെടുത്താല്‍ പ്രതിസന്ധിഘട്ടങ്ങളില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നു പോകുവാന്‍ സാധിക്കും.

എന്നാല്‍ ഇത് എല്ലാ ബിസിനസുകള്‍ക്കും സാധിക്കണമെന്നില്ല. നാം ചര്‍ച്ചചെയ്ത തന്ത്രങ്ങള്‍ വഴി കുറേയേറെ പ്രശ്‌നങ്ങളെ മറികടക്കുവാന്‍ അത്തരം ബിസിനസുകള്‍ക്ക് സാധിക്കും. കൂടുതല്‍ ശ്രദ്ധയോടെ, ആത്മധൈര്യത്തോടെ ഈ തന്ത്രങ്ങള്‍ നടപ്പിലാക്കി മുന്നോട്ട് പോകുവാന്‍ കഴിഞ്ഞാല്‍ അത് ബിസിനസിന് ഗുണകരമാകും എന്നതില്‍ സംശയമില്ല. ബിസിനസിന്റെ സ്വഭാവവും അവസ്ഥയും പ്രത്വേകതകളും ഈ തന്ത്രങ്ങളുടെ വിജയത്തെ സ്വാധീനിക്കും. ഓരോ ബിസിനസിനും അതിന് അനുയോജ്യമായ വിധത്തില്‍ തന്ത്രങ്ങളില്‍ രൂപമാറ്റങ്ങള്‍ വരുത്തി പ്രയോഗിക്കുകയാണെങ്കില്‍ അത് കൂടുതല്‍ ഫലപ്രദമാകും.

 

 

 

 

 

 

 

 

Leave a comment