നാം ഇനി തോല്‍വികളെക്കുറിച്ചും സംസാരിച്ചു തുടങ്ങണം

സാവ്ജി ദോലാക്കിയയെ നേരിട്ട് കാണുന്നത് ബാംഗ്ലൂരിലെ ഒരു കോര്‍പ്പറേറ്റ് മീറ്റില്‍ വെച്ചാണ്. സൂറത്തിലെ ആ രത്‌നവ്യാപാരി അന്നേ പ്രസിദ്ധനായിരുന്നു. ഫ്‌ലാറ്റുകളും കാറുകളുമാണ് അദ്ദേഹം തന്റെ ജീവനക്കാര്‍ക്ക് സമ്മാനമായി നല്‍കിയിരുന്നത് എന്ന് കേട്ടിരുന്നു. നേരിട്ട് കാണുമ്പോള്‍ വളരെ സാധാരണക്കാരനായ, പറയത്തക്ക പ്രത്വേകതകള്‍ ഒന്നുമില്ലാത്ത ഒരാള്‍. വേദിയില്‍ നിന്ന് തന്റെ സംഭാഷണം ആരംഭിച്ച അദ്ദേഹം പത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ശ്രോതാക്കളെ കയ്യിലെടുത്തു.

അദ്ദേഹം നടത്തിയത് ഒരു പ്രസംഗമായിരുന്നില്ല. അതുകൊണ്ടാണ് ഞാനതിനെ സംഭാഷണം എന്ന് വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യസന്ധമായിരുന്നു. അതില്‍ ആത്മാര്‍ത്ഥത നിറഞ്ഞിരുന്നു. തനിക്ക് നേരിട്ട തിരിച്ചടികളെക്കുറിച്ച് സംഭവിച്ച വിഡ്ഢിത്തങ്ങളെക്കുറിച്ച് യാതൊരു മറയും കൂടാതെ അദ്ദേഹം സദസ്യരുമായി സംവേദിച്ചു. ബിസിനസില്‍ അഭൂതപൂര്‍വ്വമായ വിജയം കൊയ്ത ഒരാള്‍ തന്റെ വീഴ്ചകളെപ്പറ്റി, അവയില്‍ നിന്ന് പഠിച്ച പാഠങ്ങളെക്കുറിച്ച് പറയുക. കേള്‍വിക്കാര്‍ക്ക് അതൊരു അനുഭവമായിരുന്നു.

പിന്നീട് പലപ്പോഴും ഇത്തരം വ്യക്തികള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്തരത്തില്‍ മറ്റൊരാളാണ് അരുന്ധതി ഭട്ടാചാര്യ. അന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ആയിരുന്നു. ഞാനവരെ ശ്രവിക്കുമ്പോള്‍ അവര്‍ സംസാരിച്ചിരുന്നത് ബിസിനസിന്റെയും മാനേജ്മന്റിന്റെയും കടിച്ചാല്‍ പൊട്ടാത്ത കഠിന വിഷയങ്ങള്‍ ആയിരുന്നില്ല. മറിച്ച് അവരുടെ ജീവിതം അവരെ പഠിപ്പിച്ച കാര്യങ്ങളായിരുന്നു. തന്റെ ഡ്രൈവറില്‍ നിന്ന് വീട്ടുവേലക്കാരിയില്‍ നിന്ന് സെക്യൂരിറ്റിറ്റിയില്‍ നിന്ന് സഹപ്രവര്‍ത്തകരില്‍ നിന്ന് താന്‍ പഠിച്ചത് അവര്‍ ലളിതമായി പറഞ്ഞു. ജീവിതം നമ്മളിലുള്ള വ്യക്തിയെ ഓരോ നിമിഷവും രാകിമിനുക്കിക്കൊണ്ടിരിക്കുകയാണ്. അവരുടെ വാക്കുകള്‍ ഇന്നും കാതുകളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു.

നാം കേള്‍വിക്കാരെ അത്ഭുതപ്പെടുത്തണോ?

ബിസിനസില്‍ വിജയം കൈവരിച്ച വ്യക്തികള്‍ സംസാരിക്കുമ്പോള്‍ അവര്‍ അവരുടെ വിജയങ്ങളെക്കുറിച്ച് മാത്രമാണ് പറയുന്നതെങ്കില്‍ കേള്‍വിക്കാര്‍ അവരുടെ വിജയത്തില്‍ മയങ്ങുന്നവരാകും. അവര്‍ ഒരു സൂപ്പര്‍മാനെപ്പോലെ കേള്‍വിക്കാരെ അത്ഭുതപ്പെടുത്തും. അത്തരം അത്ഭുതം ചോദ്യങ്ങളെ തുടച്ചുമാറ്റും. അവിടെ ഒന്നും ചോദിക്കുവാനില്ല, അറിയുവാനും. അത്തരം സംഭാഷണങ്ങള്‍ സത്യസന്ധമാവില്ല. ഓരോ വിജയത്തിന് പിന്നിലും വീഴ്ചകളുടെ ഒരു പരമ്പരയുണ്ട്. അതാണ് യഥാര്‍ത്ഥ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നത്.

തിരിച്ചടികളെക്കുറിച്ച് സംസാരിച്ച് തുടങ്ങണം

ഒരു ബിസിനസുകാരന്‍ യഥാര്‍ത്ഥ പാഠങ്ങള്‍ അഭ്യസിക്കുന്നത് അനുഭവങ്ങളില്‍ നിന്നാണ്. ഓരോ തിക്താനുഭവവും വിലമതിക്കുവാനാവാത്ത അറിവുകള്‍ സമ്മാനിക്കുന്നു. വീഴ്ചകള്‍ സംഭവിക്കാത്ത ബിസിനസുകാരില്ല. തനിക്ക് വീഴ്ചകള്‍ ഇല്ല എന്നും വിജയം മാത്രമേ ഉള്ളൂ എന്നും ഒരാള്‍ പറയുമ്പോള്‍ അത് എങ്ങിനെ സത്യസന്ധമാകും. തനിക്ക് സംഭവിച്ച തിരിച്ചടികള്‍ തന്നെ എങ്ങിനെ സ്വാധീനിച്ചു എന്നും തന്നില്‍ എന്ത് മാറ്റങ്ങള്‍ അത് വരുത്തി എന്നും വിജയിച്ച ഒരാള്‍ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അയാളുടെ മഹത്വം ഉയരുകയാണ് ചെയ്യുന്നത്.

ജീവിതത്തില്‍ വിജയം കൈവരിച്ച ഒരാള്‍ തന്റെ വീഴ്ചകള്‍ തുറന്ന് പറയുമ്പോള്‍ അതിന്റെ പ്രാധാന്യം വളരെ വലുതാണ്. പൊങ്ങച്ചക്കാരനായ ഒരു വ്യക്തി തന്റെ വിജയങ്ങളെക്കുറിച്ച് മാത്രം സംസാരിക്കുമ്പോള്‍ അത് കേള്‍വിക്കാരില്‍ സൃഷ്ട്ടിക്കുന്ന വികാരം യഥാര്‍ത്ഥത്തില്‍ നിഷേധാത്മകമാണ്. എന്നാല്‍ തന്റെ പാതയില്‍ താന്‍ നേരിട്ട വിഷമതകളെ, കഷ്ട്ടപ്പാടുകളെ, പരാജയങ്ങളെ തുറന്നുകാട്ടുമ്പോള്‍ ശ്രോതാക്കള്‍ അവരെ നേതാക്കളായി കണ്ടുതുടങ്ങുന്നു. ഓരോരുത്തരും ഓരോ പുസ്തകങ്ങളാണ് അത് അടച്ചുവെച്ചാല്‍ വിലപ്പെട്ട അറിവുകള്‍ പകരുവാന്‍ കഴിയുകയില്ല.

വീഴ്ചകളെക്കുറിച്ച് പറയുന്നത് മഹത്വം കുറയ്ക്കില്ല

വിജയശ്രീലാളിതനായ് നില്‍ക്കുന്ന ഒരു വ്യക്തി തന്റെ വീഴ്ചകളെക്കുറിച്ച് സംസാരിക്കുന്നത് അയാളുടെ മഹത്വം കുറയ്ക്കുമോ? തീര്‍ച്ചയായുമില്ല എന്നതാണ് വാസ്തവം. മറിച്ച് ആ വ്യക്തിയുടെ മഹത്വം സത്യസന്ധമായ ആ അനുഭവ കഥകള്‍ വര്‍ദ്ധിപ്പിക്കും. ഓരോ വിജയത്തിന് പിന്നിലും അക്ഷീണപരിശ്രമം ഉണ്ട് എന്നതും തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ട് എന്നതും മറന്നുകളയാവുന്ന വസ്തുതകളല്ല. ഇത് കേള്‍ക്കുന്നവര്‍ക്കറിയാം. പക്ഷേ തന്റെ വിജയം മാത്രം പൊലിപ്പിക്കുമ്പോള്‍ അതില്‍ അഭിരമിക്കുമ്പോള്‍ ഉള്ളു പോള്ളയായ ഒരു വ്യക്തിത്വത്തിലേക്ക് നാം പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

മികച്ച വ്യക്തിത്വങ്ങള്‍ തങ്ങളുടെ മോശം അനുഭവങ്ങള്‍ പങ്കുവെക്കുന്നതില്‍ മടി കാട്ടാറില്ല. തങ്ങള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കിയ വ്യക്തികളും അനുഭവങ്ങളും അവരുടെ ഓര്‍മ്മയില്‍ എന്നും ജ്വലിച്ചുനില്‍ക്കുന്നു. അതാണ് അവരുടെ വ്യക്തിത്വത്തെ പ്രശോഭിപ്പിക്കുന്നത്. അത്തരം തുറന്നുപറച്ചിലുകള്‍ അതിന്റെ ശോഭ കുറക്കുന്നില്ല. പിന്നിട്ട വഴികളില്‍ കാലുകള്‍ തട്ടിയ ഓരോ കല്ലും വിജയത്തിന്റെ അടിതതൂണുകളായി മാറിയിരിക്കുന്നു. അത് തിരിച്ചറിയുകയും പങ്കുവെക്കുകയും മഹത്വം വര്‍ദ്ധിപ്പിക്കുകയേ ഉള്ളൂ.

 

ഗുരുവും ശിഷ്യനും

ഗുരു ശിഷ്യനെ അമ്പെയ്താന്‍ പരിശീലിപ്പിക്കുകയാണ്. എങ്ങിനെയാണ് അമ്പ് വില്ലില്‍ ചേര്‍ത്ത് വെക്കേണ്ടതെന്നും ഞാണ്‍ വലിക്കേണ്ടതെന്നും ലക്ഷ്യത്തിലേക്ക് എങ്ങിനെ തൊടുക്കണമെന്നും ഗുരു ശിഷ്യന് കാട്ടിക്കൊടുത്തു. ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു ”എത്ര എളുപ്പമാണിത്. ഒരു നിമിഷം കൊണ്ട് അങ്ങിത് എത്ര ലളിതമായി എനിക്ക് പറഞ്ഞുതന്നു.”

ഗുരു മറുപടി പറഞ്ഞു ”ഈ ഒരൊറ്റ നിമിഷത്തിന് വേണ്ടി ഞാനെന്റെ ജീവിതമാണ് സമര്‍പ്പിച്ചത്.”

ഒരു നിമിഷം കൊണ്ട് പകരുന്ന ചില അറിവുകള്‍ ഒരു ജന്മാന്തരത്തിന്റെ തപസ്യയുടേതാവാം. കേള്‍വിക്കാരന് അത് കേള്‍ക്കുമ്പോഴത്തെ അറിവ് മാത്രമാകും എന്നാല്‍ അത് അനുഭവിച്ച വ്യക്തി അതിന് നല്‍കിയ വില വളരെ വലുതായിരിക്കും. ഈ അനുഭവത്തെക്കുറിച്ചുള്ള അറിവ് കേള്‍വിക്കാരനെ വലിയൊരു ആപത്തില്‍ നിന്നും കരകയറ്റും. അനുഭവങ്ങളിലൂടെയുള്ള അറിവിന്റെ ശക്തി നിസ്സീമമാണ്. അതിന് പകരം വെക്കുവാന്‍ മറ്റൊന്നില്ല.

പരാജയപ്പെട്ട ബിസിനസുകള്‍ അറിവിന്റെ വായനശാലകളാകുന്നു

തോല്‍വി സംഭവിച്ച ഓരോ ബിസിനസും ഓരോ വായനശാലകളാണ്. അറിവിന്റെ ബൃഹത്തായ ശേഖരമുള്ള ലൈബ്രറികള്‍. അത് തോറ്റതാണ്. അതില്‍ തൊടരുത് എന്നാണ് നമ്മുടെ മനോഭാവമെങ്കില്‍ ആ അറിവുകള്‍ മുഴുവന്‍ നഷ്ട്ടപ്പെടും. തോറ്റ യുദ്ധങ്ങളില്‍ നിന്നാണ് പടനായകര്‍ ഏറ്റവും കൂടുതല്‍ പാഠങ്ങള്‍ പഠിച്ചിട്ടുള്ളത്. തോല്‍വി അറിഞ്ഞ ഓരോ ബിസിനസുകാരനും അറിവിന്റെ പാലാഴിയാണ്. അവരില്‍ നിന്നും ലഭിക്കുന്ന ഒന്നും പാഴാവുകയില്ല എന്നത് സത്യം.

ഞാന്‍ ഇന്നുവരെ തോറ്റിട്ടില്ല എന്നാരെങ്കിലും പറഞ്ഞാല്‍ നാം വിശ്വസിക്കുമോ? ഇല്ല എന്നത് തന്നെയാവും ഉത്തരം. ഈ ലോകത്തിന്റെ വ്യവസ്ഥിതിയും വ്യവഹാരങ്ങളും അങ്ങിനെയാണ്. തോല്‍വിയെ സ്പര്‍ശിക്കാതെ കടന്നു പോകുക അസാദ്ധ്യം. തിരിച്ചടികളാണ് വിജയിയെ ഉണര്‍ത്തുന്നത്. ഓരോ പരാജയവും പോരാളിയുടെ വിജയിക്കുവാനുള്ള ആഗ്രഹത്തെ ആളിക്കത്തിക്കും. തന്നെ തോല്‍വിയിലേക്ക് നയിച്ച ഘടകങ്ങളെ തിരസ്‌കരിച്ച് പുതിയ ശ്രമവുമായി അവന്‍ മുന്നേറുന്നു.

മാനേജര്‍മാര്‍ സത്യസന്ധമായി സംസാരിക്കുക

ബിസിനസുകാരന്‍ മാത്രമല്ല തുറന്നു പറയുവാന്‍ ആര്‍ജ്ജവത്വം കാട്ടേണ്ടത്. ബിസിനസിലെ ഓരോ നേതാവും ഇത് പിന്തുടരണം. തങ്ങളുടെ സഹപ്രവര്‍ത്തകരോട് തങ്ങള്‍ക്കുണ്ടായ തിരിച്ചടികളെക്കുറിച്ചും അതില്‍ നിന്നും നേടിയ പാഠങ്ങളെക്കുറിച്ചും തുറന്ന് പറയുവാന്‍ മാനേജര്‍മാര്‍ തയ്യാറാകണം. തങ്ങള്‍ പിന്തുടരുന്ന തെറ്റുകള്‍ മനസിലാക്കുവാന്‍ ഇത് അവരെ സഹായിക്കും. തന്റെ തോല്‍വികളെക്കുറിച്ച് താന്‍ പറഞ്ഞാല്‍ അവരുടെ ബഹുമാനം നഷ്ട്ടപ്പെടുമോ എന്ന ആശങ്ക തെറ്റാണ്. സത്യസന്ധമായി തങ്ങളോടു ഇടപെടുന്ന നേതാക്കളോട് അവര്‍ക്കുള്ള ഇഷ്ട്ടം വര്‍ദ്ധിക്കുകയെ ഉള്ളൂ.

അനുഭവങ്ങളില്‍ നിന്ന് നല്‍കുന്ന പാഠങ്ങളെ മറ്റുള്ളവര്‍ അതിന്റേതായ ഗൗരവത്തോടെ ഉള്‍ക്കൊള്ളും. ബിസിനസ് മാനേജ്മന്റ് പുസ്തകങ്ങള്‍ വായിച്ചിട്ട് പറഞ്ഞു കൊടുക്കുന്ന സിദ്ധാന്തങ്ങള്‍ പോലെയല്ല അനുഭവങ്ങള്‍. അവിടെ ആഴവും തീവ്രതയും സാന്ദ്രതയും വളരെ വ്യത്യസ്തമാണ്. അത് കേള്‍വിക്കാരനില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ മറ്റുള്ളവയില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്.

നേതാക്കളെ അവര്‍ കൂടുതല്‍ വിശ്വാസത്തിലെടുക്കും

എപ്പോഴും തന്നെക്കുറിച്ച് പൊങ്ങച്ചം പറയുന്ന ഒരു മാനേജരെ സഹപ്രവര്‍ത്തകര്‍ എങ്ങിനെ കാണും. അയാള്‍ക്ക് ഒരു കോമാളിയുടെ പരിവേഷമേ അവര്‍ക്കിടയില്‍ ഉണ്ടാകൂ. എന്നാല്‍ തനിക്ക് സംഭവിച്ച തെറ്റുകളെക്കുറിച്ച്, പോരായ്മകളെക്കുറിച്ച്, തിരിച്ചടികളെക്കുറിച്ച് അവരോടു തുറന്നു സംവേദിക്കുന്ന ഒരു നേതാവ് അവര്‍ക്ക് എന്നും പ്രിയപ്പെട്ടതായിരിക്കും. കാരണം അയാളുടെ സത്യസന്ധതയെ അവര്‍ മാനിക്കും. അയാളില്‍ നിന്നുള്ള പഠനം വിലപ്പെട്ടതാണെന്നവര്‍ മനസിലാക്കും. ഇത് അവര്‍ക്കിടയില്‍ നേതാവിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

ആദ്യം വഴി കണ്ടെത്തുന്നവനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പിന്നാലെ എത്തുന്നവര്‍ക്ക് ഉണ്ടാവുകയില്ല. ആ വഴിയെക്കുറിച്ച്, അതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ അവബോധം നല്‍കുവാന്‍ മുന്നേ നടന്നവന് സാധിക്കും. ഒരു പ്രവര്‍ത്തി വിജയത്തിലേക്ക് നയിക്കുമോ, പരാജയത്തിലേക്ക് നയിക്കുമോ എന്ന് തിരിച്ചറിയാന്‍ ആ പ്രവര്‍ത്തി മുന്നേ ചെയ്ത ഒരാള്‍ക്ക് കൃത്യമായി സാധിക്കും. ആ അറിവ് സമയവും ധനവും അതിലുപരി മനസിനെയും രക്ഷിക്കും. ഇത് പകര്‍ന്ന് നല്‍കുവാന്‍ തയ്യാറാകുന്ന നേതാക്കളെ ഒപ്പമുള്ളവര്‍ ഇഷ്ട്ടപ്പെടുന്നു.

തിരിച്ചറിവുകള്‍ നല്‍കുന്നവരെ ശ്രവിക്കുക

ഇത്തരം തിരിച്ചറിവുകള്‍ പകര്‍ന്ന് നല്‍കുന്നവരെ ശ്രവിക്കുവാന്‍ നാം തയ്യാറാവണം. വിജയിയുടേയും പരാജിതന്റെയും വാക്കുകള്‍ക്ക് മൂല്യമുണ്ട്. ഇവര്‍ രണ്ടുപേരും തങ്ങള്‍ക്ക് സംഭവിച്ച വീഴ്ചകള്‍ തുറന്ന് സംവേദിക്കുമ്പോള്‍ ശ്രോതാവ് വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ സ്വാംശീകരിക്കുന്നു. കാലുകള്‍ എവിടെ ഇടറും എന്നവര്‍ക്ക് മനസിലാകുന്നു. ലോകത്തെ കോടീശ്വരന്‍മാരായ വ്യക്തികളുടെ വിജയാനുഭവങ്ങളെക്കാള്‍ അവരെ സ്വാധീനിക്കാനാകുന്നത് തങ്ങള്‍ക്ക് മുന്നിലുള്ളവരുടെ സ്വന്തം ജീവിതങ്ങളില്‍ നിന്നുമുള്ള തുറന്നു പറച്ചിലുകള്‍ക്കാണ്. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു പാഠം പഠിച്ചത് ചിലപ്പോള്‍ ഒരു ഭിക്ഷാക്കാരനില്‍ നിന്നാവാം. അത് തുറന്ന് പറയുവാനുള്ള സത്യസന്ധതയാണ് ഉണ്ടാവേണ്ടത്.

തോല്‍വി തെറ്റല്ല

തോല്‍വികളെ, തിരിച്ചടികളെ തെറ്റായി കാണേണ്ടതില്ല. നമ്മെ നാമാക്കിയത് ആ തോല്‍വികളാണ്. വിജയത്തിലേക്ക് എത്തിച്ച ചവിട്ടുപടികള്‍ ആ തോല്‍വികളാണ്. അവയെ മനനം ചെയ്യുവാനും മറ്റുള്ളവരിലേക്ക് പ്രേക്ഷണം ചെയ്യുവാനും സാധിക്കണം. വിജയത്തിന്റെ കൊടുമുടിയില്‍ കാലുറപ്പിച്ചു നില്‍ക്കുമ്പോഴും തിരിഞ്ഞുനോക്കുവാനും തിരിച്ചറിവുകളെ പങ്കുവെക്കുവാനും സാധിച്ചാല്‍ അതൊരു മഹത്തായ പ്രവര്‍ത്തിയാകും.

നാം ഇനി വിജയങ്ങളെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ പോരാ തോല്‍വികളെക്കുറിച്ചുകൂടി സംസാരിച്ചു തുടങ്ങണം.

 

Leave a comment