ബ്രാന്‍ഡ് വിജയിച്ചോ? എങ്കില്‍ അടുത്ത വെല്ലുവിളി ആരംഭിക്കുകയായി

എണ്‍പതുകളില്‍ ഇന്ത്യന്‍ റോഡുകളിലെ രാജ്ഞി ആരായിരുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മാരുതി 800 ആയിരുന്നു എന്ന ഒരൊറ്റ ഉത്തരം. അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനതയുടെ മനസ് കീഴടക്കിയ വാഹനമായിരുന്നു മാരുതി 800 എന്ന സുന്ദരി. തൊണ്ണൂറുകളില്‍ കമ്പനി മാരുതി 1000, സെന്‍ എന്നീ മോഡലുകള്‍ കൂടി നിരത്തിലിറക്കി. രണ്ടായിരത്തില്‍ സ്വിഫ്ടും ഡിസയറും പുറത്തുവന്നു. ഇപ്പോളിതാ ബ്രീസ, ബലെനോ എന്നിവയുള്‍പ്പെടെ മറ്റ് പല മോഡലുകളും. വാഹനങ്ങള്‍ക്കും അവയുടെ സൗകര്യങ്ങള്‍ക്കും ലക്ഷുറിക്കും കാലാകാലങ്ങളില്‍ രൂപാന്തരത്വം സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

ഈ മാറ്റങ്ങള്‍ ആണ് മാരുതി എന്ന ബ്രാന്‍ഡിനെ ഇന്നും സജീവമായി നിലനിര്‍ത്തുന്നത്. മാരുതി 800 എന്ന ഒരൊറ്റ മോഡല്‍ വിജയിച്ചു എന്നതു കൊണ്ട് അതിനെ കേന്ദ്രീകരിച്ച് മാത്രം നിലകൊണ്ടിരുന്നുവെങ്കില്‍ ഇന്ന് മാരുതി എന്ന ബ്രാന്‍ഡ് ഉണ്ടാകുമായിരുന്നില്ല. അംബാസഡര്‍ എന്ന വാഹന ബ്രാന്‍ഡിന് വിപണിയില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ വന്നതും ഇതേ കാരണം കൊണ്ടായിരുന്നു. വിപണിയുടേയും കസ്റ്റമറിന്റെയും രുചിവൈവിധ്യങ്ങക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതെ അംബാസഡര്‍ എന്ന ബ്രാന്‍ഡ് വിപണിയില്‍ നിന്നും പുറംതള്ളപ്പെട്ടു.

ബ്രാന്‍ഡുകള്‍ക്ക് മരണമുണ്ടോ?

ഒരു ബ്രാന്‍ഡ് വിജയിച്ചു എന്നതിനര്‍ത്ഥം അത് എന്നും നിലനില്‍ക്കും എന്നതാണോ? തീര്‍ച്ചയായുമല്ല. ലോകത്തില്‍ വിജയിക്കപ്പെട്ട പല ബ്രാന്‍ഡുകളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഒരു ബ്രാന്‍ഡ് ചിലപ്പോള്‍ അഞ്ച് വര്‍ഷം നിലനില്‍ക്കാം ചിലപ്പോളത് ഒരു നൂറ്റാണ്ട് നിലനില്കാം അല്ലെങ്കിലത് പല നൂറ്റാണ്ടുകള്‍ നിലനില്‍ക്കാം. അതിന്റെ ഭാവി പ്രവചനാതീതമാണ്. വിജയിച്ച ഒരു ബ്രാന്‍ഡ് അടുത്ത പ്രഭാതത്തില്‍ അപ്രസക്തമായിത്തീരാം. ബ്രാന്‍ഡുകള്‍ക്കും മരണം സംഭവിക്കുന്നു.

ഏറ്റവും അര്‍ഹമായത് അതിജീവിക്കുന്നു

ചാള്‍സ് ഡാര്‍വിന്റെ പ്രസിദ്ധമായ ആ സിദ്ധാന്തം നമുക്ക് നോക്കാം. ഈ ഭൂമിയില്‍ ”ഏറ്റവും അര്‍ഹമായത് അതിജീവിക്കുന്നു” എന്ന സിദ്ധാന്തം ബ്രാന്‍ഡുകള്‍ക്കും ബാധകമാകുന്നു. ഒരു വൃക്ഷത്തില്‍ നിന്നും അടര്‍ന്നു വീഴുന്ന എല്ലാ കായ്കളും മുളക്കുന്നില്ല. മുളക്കുന്ന എല്ലാ കായ്കളും വളര്‍ന്ന് വൃക്ഷങ്ങളായിത്തീരണമെന്നുമില്ല. വിപണിയില്‍ പിറന്നുവീഴുന്ന ബ്രാന്‍ഡുകളും ഇതുപോലെ തന്നെയാണ്. ചിലവ മുളക്കാം. ചിലവ വളരാം. അതിജീവിക്കുവാന്‍ കഴിയാത്തവ മണ്ണില്‍ ലയിച്ചു ചേരും.

അതിജീവനം ഭാഗ്യമല്ല

ഒരു അതിജീവനവും ഭാഗ്യമല്ല. മറിച്ച് ഓരോ അതിജീവനവും പോരാട്ടമാണ്. പ്രതികൂലമായവയോട് പൊരുതി നേടുന്ന വിജയമാണ് അതിജീവനം. വിജയിച്ച ഒരു ബ്രാന്‍ഡിനെ നോക്കി ”അത് ഭാഗ്യം മൂലമാണ്” എന്ന് നാം പറയുമ്പോള്‍ അതിനേക്കാള്‍ വലിയ വിഡ്ഢിത്തം മറ്റൊന്നില്ല തന്നെ. നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളില്‍ ശക്തിക്കും കഴിവിനുമാണ് പ്രാധാന്യം. ഇത് സമന്വയിപ്പിക്കുക ബുദ്ധിപരമായ നീക്കമാണ്. ഓരോ ബ്രാന്‍ഡും വളരുന്നത് മികച്ച, ധിഷണാപരമായ കരുനീക്കങ്ങളിലൂടെയാണ്.

അതിജീവനത്തിന്റെ രഹസ്യമെന്ത്?

ബ്രാന്‍ഡുകളുടെ അതിജീവനത്തിന്റെ, നിലനില്‍പ്പിന്റെ രഹസ്യമെന്താണ്? ചില ബ്രാന്‍ഡുകള്‍ വന്നതിനേക്കാള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുമ്പോള്‍ ചിലവ എങ്ങിനെ നൂറ്റാണ്ടുകള്‍ നിലനില്‍ക്കുന്നു. ബ്രാന്‍ഡ് നെയിമിന്റെ ബൗദ്ധിക സ്വത്ത് എന്ന സംരക്ഷണം മാത്രം മതിയോ ഒരു ബ്രാന്‍ഡ് സംരക്ഷിക്കപ്പെടാന്‍, നിലനില്പ് ഉറപ്പുവരുത്തുവാന്‍. തീര്‍ച്ചയായും പോരാ. നിയമപരമായ സംരക്ഷണത്തെക്കാള്‍ വളരെ വലിയ ഒരു ഉത്തരവാദിത്വമാണ് ബ്രാന്‍ഡിനെ വാണിജ്യപരമായി നിലനിര്‍ത്തുക എന്നത്. ആ രഹസ്യമാണ് നാം അറിയേണ്ടതും.

തുടങ്ങിയത് പോലെയല്ല ഒന്നും

ബ്രാന്‍ഡുകളെ സൂഷ്മമായി നിരീക്ഷിക്കുക. അവയുടെ ഉത്പ്പന്നങ്ങള്‍ തുടങ്ങിയ അതേ രൂപത്തിലും മേന്‍മയിലും സാങ്കേതികതയിലുമാണോ ഇപ്പോഴും വിപണിയില്‍. നാം നിരീക്ഷിക്കുമ്പോള്‍ നമുക്ക് വ്യക്തമാകുന്ന ഒരു കാര്യം അവയൊന്നും തുടങ്ങിയിടത്ത് തന്നെയല്ല നില്‍ക്കുന്നത് എന്നതാണ്. കാലത്തിനനുസൃതമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ അവയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് നമുക്ക് മനസിലാകും. നാം നേരത്തേ കണ്ട മാരുതിയുടെ കഥ എടുത്ത് നോക്കുക. ഉത്പന്നങ്ങളില്‍ കാലാനുസൃതമായ നവീനത ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നു. അത്തരം മാറ്റങ്ങള്‍ വരുത്താത്ത ബ്രാന്‍ഡുകള്‍ വിപണിയില്‍ നിന്നും വലിച്ചെറിയപ്പെട്ടിരിക്കുന്നു.

ഈ മാറ്റങ്ങള്‍ തന്നെയല്ലേ ബ്രാന്‍ഡുകളെ നിലനിര്‍ത്തുന്നത്? ഈ നവീനതയല്ലേ അവയുടെ അതിജീവനം ഉറപ്പുവരുത്തുന്നത്? 1980 കളിലെ ആവശ്യങ്ങളും രുചിയുമല്ല കസ്റ്റമറിന് ഉള്ളത്. അതില്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. അന്ന് നല്‍കിയ ഉത്പന്നമോ സേവനമോ അല്ല കസ്റ്റമര്‍ക്ക് ഇന്നാവശ്യം. ആ മാറ്റത്തിനനുസരിച്ച് സഞ്ചരിക്കുവാന്‍ ബ്രാന്‍ഡിന് കഴിഞ്ഞേ മതിയാകൂ. അതിനൊപ്പം സഞ്ചരിക്കുന്ന ബ്രാന്‍ഡുകള്‍ ദീര്‍ഘകാലം ജീവിക്കുന്നു. മറ്റുള്ളവ എളുപ്പം മരിച്ചു പോകുന്നു.

ബ്രാന്‍ഡുകളെ എങ്ങിനെ ദീര്‍ഘകാലം നിലനിര്‍ത്താം?

സാങ്കേതികവിപ്ലവത്തിന്റെ ഈ നൂറ്റാണ്ടില്‍ ഒരു ബ്രാന്‍ഡ് സൃഷ്ട്ടിച്ചെടുക്കുകയും അതിന്റെ അതിജീവനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നത് അയത്‌നലളിതമായ ഒരു പ്രവര്‍ത്തിയല്ല. ബ്രാന്‍ഡ് എന്ന് പറയുന്നത് കേവലം ഒരു പേരോ ലോഗോയോ അല്ല എന്നും മറിച്ച് ബിസിനസ് എന്ന ബൃഹത്തായ പ്രവര്‍ത്തിയുടെ മൊത്തത്തിലുള്ള ബഹിസ്ഫുരണമാണ് എന്നും മനസിലാക്കുകയാണ് ആദ്യത്തെ ഘട്ടം. സിദ്ധാന്തങ്ങളിലല്ല ബ്രാന്‍ഡിന്റെ നിലനില്‍പ്പ്. ബിസിനസിന്റെ ഉള്‍ക്കരുത്താണ് ബ്രാന്‍ഡിന്റെ അതിജീവനത്തിന്റെ ശക്തി. കസ്റ്റമറുടെ സംതൃപ്തി ഉറപ്പുവരുത്തുകയും അവരുടെ വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്താല്‍ മാത്രം പോരാ അത് നിലനിര്‍ത്തുവാനും വളര്‍ത്തുവാനുമുള്ള തന്ത്രങ്ങള്‍ മെനയുക കൂടി ഈ അതിജീവനത്തിന്റെ പ്രക്രിയയാണ്.

ബിസിനസ് ചിന്തിക്കേണ്ടത് എന്താണ്?

തങ്ങളുടെ ഉപഭോക്താക്കള്‍ എന്ത് ചിന്തിക്കുന്നു എന്നതാണ് ഒരു ബിസിനസ് ചിന്തിക്കേണ്ടത്. അവര്‍ തങ്ങളുടെ ഉത്പ്പന്നങ്ങളില്‍, സേവനങ്ങളില്‍ സംതൃപ്തരാണോ? അവര്‍ക്കിടയില്‍ വിശ്വാസം വളര്‍ത്തുവാന്‍ കഴിഞ്ഞിട്ടുണ്ടോ? അവരുടെ ആവശ്യങ്ങളില്‍ വരുന്ന വ്യത്യാസങ്ങള്‍ എന്തൊക്കെ? അവരുടെ അഭിരുചികള്‍ അറിയുവാന്‍ മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ? അഭിരുചികളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉത്പന്നങ്ങളില്‍, സേവനങ്ങളില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണം?

ബിസിനസ് ചിന്തിച്ചു കൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ എന്ത് സംഭവിക്കും? നാം രൂപം നല്‍കിയ ബ്രാന്‍ഡ് നല്ല വില്‍പ്പന നല്‍കുന്നു. ഭാവിയിലും അങ്ങനെ തന്നെയാകും എന്ന തെറ്റായ കാഴ്ചപ്പാടിലേക്ക് നാം നയിക്കപ്പെടും. ഇത്തരമൊരു കാഴ്ചപ്പാട് ബിസിനസിനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കില്ല എന്നു മാത്രമല്ല അമിതമായ ആത്മവിശ്വാസം എതിരാളികളുടെ ശക്തിയെ കുറച്ചു കാണുവാനും നമ്മെ പ്രലോഭിപ്പിക്കുന്നു. ചിന്തിക്കുന്ന ഒരു ബിസിനസ് ആണ് നമ്മുടെ എതിരാളികളൂടേതെങ്കില്‍ നമ്മെ കവച്ചുവെച്ച് അവര്‍ മുന്നോട്ട് നടക്കും.

ബിസിനസ് ചിന്തിക്കുന്നതെങ്ങിനെ?

ബിസിനസ് ചിന്തിക്കുന്നത് അതിന്റെ പഠനത്തിലൂടെയും ഗവേഷണങ്ങളിലൂടെയുമാണ്. ഇത് നിരന്തരമായ ഒരു പ്രവര്‍ത്തിയാണ്. വിപണിയിലെ സൂഷ്മമായ ചലനങ്ങള്‍ പോലും നിരീക്ഷിച്ചു കൊണ്ടുള്ള വളരെ ആഴത്തിലുള്ള പഠനം. ഉപഭോക്താക്കളേയും മറ്റ് ഉത്പന്നങ്ങളെയും എതിരാളികളെയും നിരന്തരം നിരീക്ഷിക്കുന്ന ഒരു സംവിധാനം ബിസിനസിന് അത്യന്താപേക്ഷിതമാണ്. ഈ നിരീക്ഷണം തുറന്ന ചിന്തകള്‍ക്കുള്ള വാതിലുകള്‍ തുറന്നിടും.

ഉപഭോക്താവിന്റെ അഭിരുചിയും ആഗ്രഹങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. അഭിരുചികള്‍ സ്ഥായിയല്ല. ജീവിത സാഹചര്യങ്ങളുടെ, സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി അതിലും മാറ്റങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ വേഗത വര്‍ദ്ധിച്ചിരിക്കുന്നു. ആ വേഗതയില്‍ തങ്ങളെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സഹായിക്കുന്ന സാങ്കേതികതയേയും നവീനതയേയും അവര്‍ ഇഷ്ട്ടപ്പെടുന്നു. തങ്ങളുടെ ജീവിതത്തില്‍ മൂല്യവത്ത് എന്ന് തോന്നിക്കാത്തവയെ അവര്‍ കൈവിടുന്നു. കൂടുതല്‍ മെച്ചപ്പെട്ടവയെ തേടി അവര്‍ പോകുന്നു. നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റം ബ്രാന്‍ഡിലേക്കും സന്നിവേശിപ്പിക്കുവാന്‍ കഴിഞ്ഞില്ലായെങ്കില്‍ ബ്രാന്‍ഡ് ഒരു മുസിയം പീസ് ആയി മാറും.

പഠനവും ഗവേഷണവും ബിസിനസിന്റെ ഭാഗമാക്കുക

ഓരോ ബിസിനസിലും റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് എന്ന വിഭാഗത്തിന്റെ ആവശ്യകതയുണ്ട്. വിപണിയിലേക്ക് കണ്ണും കാതും തുറന്നുവെച്ച ഈ വിഭാഗമാണ് യഥാര്‍ത്ഥത്തില്‍ ബ്രാന്‍ഡിന്റെ സംരക്ഷകര്‍. വിപണിയിലെ ഓരോ ചലനവും ഇവരുടെ ഇന്ദ്രിയളെ സ്പര്‍ശിക്കുന്നു. കാലാകാലങ്ങളില്‍ ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍, ആഗ്രഹങ്ങളില്‍, അഭിരുചികളില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിരീക്ഷണ വിധേയമാക്കുന്നു. അവയെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നു. അതിനനുസരിച്ച് ഉത്പന്നങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഈ നവീനതയാണ് യഥാര്‍ത്ഥത്തില്‍ ബ്രാന്‍ഡിന്റെ അതിജീവന മന്ത്രം.

ആദ്യം കണ്ടുപിടിച്ച കമ്പ്യൂട്ടര്‍ അല്ല ഇന്ന് വിപണിയിലുള്ളത്. എത്രയോ രൂപപരിണാമത്തിലൂടെ അത് കടന്നു പോയിരിക്കുന്നു. ആപ്പിള്‍ ആദ്യം നിര്‍മിച്ച ഐ ഫോണ്‍ അല്ല ഇന്ന് അവര്‍ വില്‍ക്കുന്നത്. ഓരോ നിമിഷവും ടെക്‌നോളജി മാറിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് ഉത്പന്നങ്ങളും. വിജയിച്ച, നിലനില്‍ക്കുന്ന ബ്രാന്‍ഡുകളെ ശ്രദ്ധിക്കൂ. അവയുടെ വിജയത്തിന് പിന്നില്‍ ഈ പഠനമാണ്, ഗവേഷണമാണ്, മാറ്റങ്ങള്‍ വരുത്തുവാനുള്ള അടങ്ങാത്ത പരിശ്രമമാണ്.

നമ്മള്‍ പഠനത്തിലും ഗവേഷണത്തിലും പിന്നിലാണ്

ഇവിടെ നാം ബിസിനസില്‍ പഠനത്തിനും ഗവേഷണത്തിനും പ്രാധാന്യം നല്‍കുന്നുണ്ടോ? സംശയമാണ്. കാരണം ഇതൊരു ആവശ്യകതയായി നമുക്ക് ഇതുവരെ തോന്നിത്തുടങ്ങിയിട്ടില്ല. എതിരാളികള്‍ എന്ത് മാറ്റം വരുത്തുന്നുവോ അത് സ്വീകരിക്കുക എന്നതില്‍ കവിഞ്ഞ് സ്വന്തമായി പഠിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്ന ബിസിനസുകള്‍ വളരെ കുറവാണ്. ഗവേഷണ വിഭാഗം എന്നത് പ്രത്വേകമില്ലാത്ത ബിസിനസുകളാണ് ഭൂരിഭാഗവും. അതിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെട്ടിട്ടില്ല. ബൗദ്ധിക സ്വത്ത് നിയമപരമായി സംരക്ഷിക്കപ്പെട്ടാല്‍ ബ്രാന്‍ഡ് സംരക്ഷിക്കപ്പെട്ടു എന്ന കാഴ്ചപ്പാടിലാണ് നാം. ആ പേര് മാത്രമേ സംരക്ഷണയിലാകുന്നുള്ളൂ. ബ്രാന്‍ഡിന്റെ അതിജീവനം മറ്റൊരു തന്ത്രമാണ്.

വിപണിയിലും അറിവിലും സാങ്കേതികതയിലും നിരന്തരം സംഭവിക്കുന്ന മാറ്റങ്ങള്‍ ഒപ്പിയെടുക്കുവാന്‍ കഴിവുള്ള ഗവേഷണ വിഭാഗം എല്ലാ ബിസിനസിന്റെയും ഒഴിവാക്കുവാന്‍ കഴിയാത്ത ആവശ്യകതയാണ്. എതിരാളികളെക്കാള്‍ മെച്ചപ്പെട്ട ഗവേഷണ വിഭാഗത്തിന് രൂപം നല്‍കുവാനാണ് നാം ശ്രമിക്കേണ്ടത്. അവരെക്കാള്‍ മുന്നേ ഓടുവാന്‍ നമുക്ക് കഴിയണം. മാറ്റവുമായി ആര് നേരത്തേ എത്തുന്നുവോ ആ ബ്രാന്‍ഡിനായിരിക്കും വിപണിയില്‍ മുന്‍തൂക്കം. ആ മുന്‍തൂക്കം എതിരാളികള്‍ക്ക് വിട്ടു നല്‍കുന്ന ബ്രാന്‍ഡുകള്‍ വിപണിയില്‍ പിന്തള്ളപ്പെടും. കാലക്രമേണ നശിക്കുകയും ചെയ്യും.

ബെഞ്ച്മാര്‍ക്കിംഗ്

എതിരാളികളുടെ ചലനങ്ങള്‍ സസൂഷ്മം നിരീക്ഷിക്കുകയും ഓരോ പ്രവര്‍ത്തനവും അവരുടെതിനേക്കാള്‍ മികച്ചതാക്കുവാനും കഴിഞ്ഞാലെ ബ്രാന്‍ഡിന് നിലനില്‍പ്പുള്ളൂ. അവരുടെ ഉത്പന്നങ്ങളെക്കാള്‍ മികച്ച ഉത്പന്നങ്ങള്‍, അവര്‍ നല്‍കുന്നതിലും മികച്ച കസ്റ്റമര്‍ സേവനം, അവരുടെ ബിസിനസ് പ്രക്രിയകളെക്കാള്‍ മികച്ച പ്രക്രിയകള്‍. ഇവയൊക്കെയാവണം നമ്മുടെ ലക്ഷ്യങ്ങള്‍. ഇതിനായി സമയവും മൂലധനവും വിനിയോഗിക്കെണ്ടതുണ്ട്. ബ്രാന്‍ഡിന്റെ അതിജീവനം ഒരു പോരാട്ടമാണ് അവിടെ വിശ്രമമില്ല. നിരന്തരം മുന്നേറിക്കൊണ്ടേയിരിക്കണം.

ഈജിപ്ഷ്യന്‍മാര്‍ തുടക്കമിട്ടത്

പുരാതന ഈജിപ്തിലാണ് ബ്രാന്‍ഡിംഗിന്റെ തുടക്കം. തങ്ങളുടെ കന്നുകാലികളെ മറ്റുള്ളവരുടേതില്‍ നിന്നും തിരിച്ചറിയുവാനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ ഈജിപ്ഷ്യന്‍മാരാണ് ബ്രാന്‍ഡിംഗ് ആരംഭിച്ചത്. അതിനായി അവര്‍ തങ്ങളുടേത് മാത്രമായ വ്യതരിക്തമായ ഒരു ലോഗോ കന്നുകാലികളുടെ ദേഹത്ത് ചുട്ടുപഴുപ്പിച്ച ഇരുമ്പ് കഷ്ണം കൊണ്ട് ആലേഖനം ചെയ്തു. ഓരോ കന്നുകാലിയുടെയും ഉടമസ്ഥനെ ഈ ചിഹ്നം കൊണ്ട് തിരിച്ചറിയുവാന്‍ കഴിയും.

ഒന്നിനെ മറ്റൊന്നില്‍ നിന്നും തിരിച്ചറിയുക എന്ന ലക്ഷ്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ബ്രാന്‍ഡുകള്‍ വളര്‍ന്നു കഴിഞ്ഞു. ആ തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ കസ്റ്റമര്‍ സംതൃപ്തിയുടെയും വിശ്വാസ്യതയുടെയും പര്യായങ്ങള്‍ കൂടിയായി മാറിയിരിക്കുന്നു. ഇന്ന് ബ്രാന്‍ഡ് പ്രതിനിധീകരിക്കുന്നത് ഒരു ഉത്പന്നത്തെ മാത്രമല്ല ബിസിനസിനെ സമ്പൂര്‍ണ്ണമായാണ്. വിജയിച്ച ഒരു ബ്രാന്‍ഡിലേക്ക് പുതിയ ഉത്പന്നശ്രേണികള്‍ കൂട്ടിച്ചേര്‍ക്കാം. ചെറിയ ഒരു വിപണിയില്‍ നിന്ന് ആഗോളതലത്തിലേക്ക് വിപണിയെ വിപുലീകരിക്കാം. ബ്രാന്‍ഡ് ബിസിനസിന്റെ ഏറ്റവും വിലപ്പെട്ട സ്വത്ത് ആയി മാറുന്നത് അതിന്റെ വളര്‍ച്ചക്കുള്ള അനന്തമായ സാധ്യതകള്‍ കൊണ്ടാണ്.

ബ്രാന്‍ഡ് വിജയിച്ചാല്‍ മടിയരാകരുത്

യഥാര്‍ത്ഥ വെല്ലുവിളി ആരംഭിക്കുന്നത് ബ്രാന്‍ഡ് വിജയിക്കപ്പെടുന്നതോടുകൂടിയാണ്. വിജയിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ആ വിജയം നിലനിര്‍ത്തുക എന്നത്. ബ്രാന്‍ഡ് വിജയിക്കുന്ന നിമിഷം നമുക്കറിയാം നാം എതിരാളികള്‍ക്ക് മുന്നിലെത്തി എന്ന്. എന്നാല്‍ ആ നിമിഷം മുതല്‍ തന്നെ നമ്മുടെ എതിരാളികള്‍ നമ്മളെക്കാള്‍ വേഗതയില്‍ ഓടുവാന്‍ ശ്രമിച്ചു തുടങ്ങും. നമ്മുടെ ഇന്ദ്രിയങ്ങള്‍ തുറന്ന്, അറിവും നിപുണതകളും നിരന്തരം തേച്ചുമിനുക്കി, പഠനത്തിലൂടെയും ഗവേഷണത്തിലൂടെയും മാറ്റങ്ങള്‍ വരുത്തി മുന്നോട്ട് പോകുവാന്‍ കഴിഞ്ഞില്ലായെങ്കില്‍ മുകളിലേക്ക് പോയതിനേക്കാള്‍ വേഗതയില്‍ നാം താഴെ എത്തും. ബ്രാന്‍ഡ് വിജയിച്ചു കഴിഞ്ഞാല്‍ പോരാട്ടത്തിന്റെ അടുത്ത ഘട്ടം ആരംഭിക്കുകയായി. അത് ഒരിക്കലും അവസാനിക്കുന്നുമില്ല.

 

 

Leave a comment