ദൈവത്തിനു പോലും തിരുത്തുവാനാവാത്ത ചില നിയമങ്ങള്‍

ശ്രീനാരായണ ഗുരുദേവന്റെ മുന്നില്‍ പ്രണമിച്ചു നില്‍ക്കുകയാണ് അവര്‍. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ നിന്നുമെത്തിയ ഈഴവ പ്രമാണിമാരാണവര്‍. ക്ഷേത്രത്തിലെ ഭരണകാര്യങ്ങളൊക്കെ പ്രതിസന്ധിയിലാണ്. ഈഴവര്‍ രണ്ട് പക്ഷങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണ്. വഴക്ക് തമ്മില്‍തല്ലിന്റെ വക്കിലെത്തിക്കഴിഞ്ഞു. ഇനി മറ്റൊരു മാര്‍ഗ്ഗമില്ല ഗുരുദേവന്‍ എത്തി ഒത്തുതീര്‍പ്പുണ്ടാക്കണം. പ്രമാണിമാരുടെ വരവിന്റെ ഉദ്ദേശം അതാണ്.

ഒരുമിച്ച് കഴിയുന്ന നിങ്ങള്‍ വേണ്ടേ ഒത്തുതീര്‍പ്പുണ്ടാക്കുവാന്‍. ഞാന്‍ വല്ലപ്പോഴും മാത്രം അവിടെ വരുന്ന ഒരാള്‍ മാത്രം. അവിടെയുള്ള നിങ്ങളൊക്കെ തന്നെ അത് ചെയ്യുന്നതല്ലേ നല്ലത് എന്നൊക്കെയുള്ള ഗുരുദേവന്റെ മറുപടിക്കൊന്നും അവരുടെ ആവശ്യത്തെ മറികടക്കാനായില്ല. അങ്ങനെ അവരുടെ നിര്‍ബന്ധമനുസരിച്ച് ഒരു വിശേഷദിവസം ഗുരുദേവന്‍ ക്ഷേത്രത്തില്‍ എത്തി.

ഗുരുദേവന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവിടെ ധാരാളം ആളുകള്‍ കൂടിയിരുന്നു. ഗുരുദേവന്റെ ഇരുവശങ്ങളിലുമായി രണ്ട് പക്ഷത്തുമുള്ള ഈഴവ പ്രമാണിമാര്‍ നിലകൊണ്ടു. തന്റെ കാരുണ്യം വഴിയുന്ന മിഴികള്‍ കൊണ്ട് ഗുരുദേവന്‍ അവരെയെല്ലാം നോക്കി. അകലെ മാറി നില്‍ക്കുന്ന ഒരുകൂട്ടം ആളുകളെ അപ്പോഴാണ് ഗുരുദേവന്‍ ശ്രദ്ധിച്ചത്. കുളിച്ച്, ശുഭവസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ആളുകള്‍. എന്തുകൊണ്ടാണ് അവര്‍ അകന്ന് നില്‍ക്കുന്നത്? ഗുരുദേവന്‍ അന്വേഷിച്ചു.

അവര്‍ പുലയജാതിയില്‍പ്പെട്ടവരാണ്. സ്ഥലത്തെ ഒരു ഈഴവ പ്രമുഖന്‍ മറുപടി പറഞ്ഞു. അവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ല. അതുകൊണ്ടാണ് അവര്‍ ദൂരെ നില്‍ക്കുന്നത്. ഗുരുദേവനെ കാണുവാന്‍ വന്നതാണ് അവര്‍.

സ്വാമി: ”ഓ, അങ്ങിനെയാണോ? അവരേയും നമുക്ക് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാം – അല്ലേ? അവരും മനുഷ്യരല്ലേ? അവര്‍ക്ക് ശുദ്ധിയുണ്ട്. കുളിച്ച് വൃത്തിയായി നല്ല വസ്ത്രങ്ങളും ധരിച്ചിരിക്കുന്നല്ലോ. കൊള്ളാം കാണാനും നന്നായിരിക്കുന്നു. നല്ല ആരോഗ്യം. നല്ലവണ്ണം പരിശ്രമിക്കുന്നവരാണ്. അവരുടെ തൊഴിലും നല്ലതാണ്. പാവങ്ങള്‍! അവസരം ലഭിച്ചാല്‍ അവര്‍ വേഗത്തില്‍ നന്നാകും. അവരേയും നമ്മുടെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചുകൂടേ?”

പ്രമാണി: ”അയ്യോ. അത് സാധ്യമല്ല സ്വാമി. പുലയരെ ഞങ്ങളുടെ കോവിലില്‍ കയറ്റുകില്ല. ഞങ്ങള്‍ക്ക് വിഷമമുള്ള കാര്യമാണത്. തൃപ്പാദങ്ങള്‍ അങ്ങനെ കല്പ്പിക്കരുത്.”

സ്വാമി: ”നിങ്ങള്‍ ”ഞങ്ങള്‍” എന്നു പറഞ്ഞത് ആരെ ഉദ്ദേശിച്ചാണ്.”

പ്രമാണി: ”എന്റെ കക്ഷിയിലുള്ളവരെ ഉദ്ദേശിച്ച്.”

സ്വാമി: ”ഓഹോ, അങ്ങിനെയാണോ? ഇഷ്ട്ടമില്ലെങ്കില്‍ നമുക്ക് നിര്‍ബന്ധമില്ല. എങ്കിലും മറ്റേ കക്ഷിയുടെ അഭിപ്രായം കൂടി അറിഞ്ഞാല്‍ കൊള്ളാം.”

മറുവശത്ത് നില്‍ക്കുന്ന കക്ഷിയോട് ഗുരുദേവന്‍ ചോദിച്ചു ”നിങ്ങള്‍ക്കോ? വൃത്തിയുള്ള ഈ പാവങ്ങളെ കോവിലില്‍ പ്രവേശിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സമ്മതമാണോ?”

മറ്റേ കക്ഷിയിലെ പ്രമാണി: ”ഞങ്ങള്‍ക്കും സമ്മതമല്ല. പുലയരെ കോവിലില്‍ പ്രവേശിപ്പിക്കാമോ? സ്വാമീ?”

പ്രശാന്തമായ, അഗാധമായ ഒരു ശാന്തതയോടെ ഗുരുദേവന്‍ എഴുന്നേറ്റു ”ഇനി നമുക്ക് പോകേണ്ട സമയമായി.”

പ്രമാണിമാര്‍: ”ഞങ്ങളുടെ വഴക്ക് പറഞ്ഞവസാനിപ്പിച്ചില്ലല്ലോ, സ്വാമീ.”

ഗുരുദേവന്‍ മെല്ലെ ചിരിച്ചു. എന്നിട്ട് പറഞ്ഞു ”നിങ്ങള്‍ തമ്മില്‍ വഴക്കില്ലല്ലോ. ആ ആളുകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ തമ്മില്‍ നല്ല യോജിപ്പാണല്ലോ കാണിക്കുന്നത്. പിന്നെ വേറെ ആരും യോജിപ്പിക്കേണ്ട കാര്യമില്ലല്ലോ.”

ഗുരുദേവന്‍ അരുവിപ്പുറത്തേക്ക് മടങ്ങിപ്പോയി.

മറ്റൊരുവനെ ചവിട്ടി താഴ്ത്തുന്നതില്‍, അവനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍, അവനെ അപമാനിക്കുന്നതില്‍ അധികാരം കയ്യാളുന്നവന് ഇന്നും മാറ്റം വന്നിട്ടില്ല. ജാതിയില്‍ ഊറ്റം കൊള്ളുന്നവനും അധികാരത്തില്‍ ഊറ്റം കൊള്ളുന്നവനും തമ്മില്‍ എന്ത് വ്യത്യാസം? രണ്ട് പേരും ചെയ്യുന്നത് തന്നില്‍ താഴ്ന്നവരെന്ന് മറ്റുള്ളവരെ വിധിക്കുകയും അവരെ പ്രമാണിത്വത്തിന്റെ പേരില്‍ ഭരിക്കുകയും തന്നെ.

അധികാരത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവരൊക്കെ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഭരിക്കപ്പെടുന്നവന്റെ അവകാശങ്ങളെ ഹനിക്കുക. അവനെ ചൂഷണം ചെയ്യുക. അധികാരം പങ്ക് വെക്കുന്ന തര്‍ക്കങ്ങള്‍ മാത്രമേ ഉള്ളൂ. മറ്റുള്ളവയിലെല്ലാം അവര്‍ ഒരുമിച്ചാണ്. ജാതിയുടെ പേരില്‍, വര്‍ണ്ണത്തിന്റെ പേരില്‍, സമ്പത്തിന്റെ പേരില്‍, ലിംഗത്തിന്റെ പേരില്‍ മനുഷ്യനെ പലതട്ടില്‍ നിര്‍ത്തുന്ന കാലം അന്നുമാത്രമല്ല ഇന്നും നിലനില്‍ക്കുന്നു. അധികാരം നുണയണമെങ്കില്‍ അത് അത്യാവശ്യമാണ്.

മനുഷ്യനുണ്ടാക്കുന്ന ചില നിയമങ്ങള്‍ തിരുത്താന്‍ ദൈവം പോലും അശക്തനാകുന്നു.

 

Leave a comment