മലയാളിയുടെ ധര്‍മ്മസങ്കടങ്ങള്‍

എറണാകുളത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിന്റെ തലേദിവസം അവാര്‍ഡ് ലഭിച്ച ഒരു ബിസിനസുകാരന്‍ എന്നോട് പറഞ്ഞു ”നാളത്തെ ചടങ്ങില്‍ എന്റെ ജനറല്‍ മാനേജറെ അവാര്‍ഡ് വാങ്ങിക്കാന്‍ ചുമതലപ്പെടുത്താം എന്ന് വിചാരിക്കുന്നു.” ഞാന്‍ ചോദിച്ചു ”എന്തുകൊണ്ട് താങ്കള്‍ അത് നേരിട്ട് വാങ്ങിക്കുന്നില്ല.” അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു.

”അവാര്‍ഡ് വാങ്ങിച്ചതിന് ശേഷം ഞാന്‍ സംസാരിക്കേണ്ടതായി വരും. ഇത്ര വലിയ ചടങ്ങായതിനാല്‍ എല്ലാവരും ഇംഗ്ലീഷില്‍ ആയിരിക്കും സംസാരിക്കുക. എനിക്കാണെങ്കില്‍ ഇംഗ്ലീഷില്‍ സംസാരിക്കുവാന്‍ വശവുമില്ല. വെറുതെ അവിടെ നിന്ന് നാണം കെടേണ്ടല്ലോ. മാനേജര്‍ ആണെങ്കില്‍ അയാള്‍ ഇതൊക്കെ കൈകാര്യം ചെയ്‌തോളും.”

”എന്തുകൊണ്ടാണ് താങ്കള്‍ക്ക് ഇംഗ്ലീഷില്‍ തന്നെ സംസാരിക്കണം എന്ന് ഇത്ര നിര്‍ബന്ധം. കേരളത്തില്‍ വെച്ച് നടക്കുന്ന ചടങ്ങ്. പങ്കെടുക്കുന്നവരില്‍ മുഴുവന്‍ പേരും മലയാളികള്‍. പിന്നെ എന്തുകൊണ്ട് മലയാളത്തില്‍ സംസാരിച്ചു കൂടാ” ഞാന്‍ വീണ്ടും ചോദിച്ചു.

”നമ്മള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ നമ്മുടെ നിലവാരം താഴ്ന്നതാണ് എന്നവരൊക്കെ വിചാരിക്കില്ലേ?” അദ്ദേഹം ചിന്താക്കുഴപ്പത്തിലാണ് എന്നെനിക്ക് മനസിലായി. ഞാന്‍ പറഞ്ഞു ”താങ്കള്‍ ധൈര്യമായി ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കൂ. മലയാളത്തില്‍ തന്നെ. എന്ത് സംഭവിക്കും എന്ന് നമുക്ക് നോക്കാം.” എന്റെ ധൈര്യപ്പെടുത്തലില്‍ പിറ്റേദിവസം അദ്ദേഹം തന്നെ അവാര്‍ഡ് സ്വീകരിച്ചു. മാതൃഭാഷയില്‍ ഒന്നാന്തരം ഒരു പ്രസംഗവും ചെയ്തു. നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തിന്റെ പ്രസംഗം അവസാനിച്ചത്.

നമ്മള്‍ എന്തുകൊണ്ട് മാതൃഭാഷയില്‍ സംസാരിക്കുവാന്‍ ഭയപ്പെടുന്നു? മാതൃഭാഷയില്‍ സംസാരിച്ചാല്‍ നിലവാരം കുറയുകയും ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ നിലവാരം ഉയരുകയും ചെയ്യുമോ? ഈയൊരു ഭയം ആവശ്യമുണ്ടോ?

നമുക്കറിയാവുന്ന ഭാഷയില്‍ എളിമയോടെ നാം സംസാരിക്കുക തന്നെയാണ് എന്നും നല്ലത്. മറ്റൊരു ഭാഷ തനിക്കറിയില്ല എന്ന് കരുതി നാം അവസരങ്ങളെ ഭയപ്പെടുന്ന ഒരു മാനസികാവസ്ഥ സ്വയം ഉണ്ടാക്കുകയാണ്. മറ്റുള്ളവര്‍ ഇംഗ്ലീഷ് പറയുന്ന ഒരു സദസ്സില്‍ നാം മലയാളത്തില്‍ സംസാരിച്ചാല്‍ എന്താണ് കുഴപ്പം? ഏത് ഭാഷയിലാണോ നമുക്ക് കാര്യങ്ങള്‍ ഭംഗിയായി സുഗമമായി ഒഴുക്കോടെ അവതരിപ്പിക്കുവാന്‍ കഴിയുക ആ ഭാഷ തന്നെ തിരഞ്ഞെടുക്കുകയാണ് ഉചിതം.

ഇംഗ്ലീഷ് അറിയില്ല എന്ന ചിന്ത ഒരു അപകര്‍ഷതാബോധത്തിലേക്ക് നയിക്കുന്ന അവസ്ഥ ചിലപ്പോള്‍ ഉണ്ടാക്കാം. താന്‍ മറ്റുള്ളവരേക്കാള്‍ താഴ്ന്നതാണെന്നും അതുകൊണ്ട് തന്നെ സദസ്സിന് താന്‍ അഭിമതനല്ലെന്നും ഉള്ള തികച്ചും തെറ്റായ ഒരു സിദ്ധാന്തം മനസില്‍ രൂപപ്പെടുന്നു. ഇത് അവസരങ്ങളില്‍ നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കാനും പങ്കെടുക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒതുങ്ങിക്കൂടാനും മനസിനെ പ്രേരിപ്പിക്കുന്നു. മാതൃഭാഷയില്‍ ഗംഭീരമായി സംസാരിക്കുന്നവര്‍ അതുപോലും ചെയ്യാതെ ഒഴിഞ്ഞുമാറുവാന്‍ ശീലിച്ചു കൊണ്ടിരിക്കുന്നു.

യുണൈറ്റഡ് നേഷന്‍സിലെ മില്ലെന്നിയം വേള്‍ഡ് പീസ് സമ്മിറ്റില്‍ മാതാ അമൃതാനന്ദമയി സംസാരിച്ചത് മലയാളത്തിലായിരുന്നു. തന്റെ മാതൃഭാഷയില്‍ ഒരു ഇന്റര്‍നാഷണല്‍ സമ്മിറ്റില്‍ സംസാരിക്കുന്നതില്‍ യാതൊരു വിധ മാനക്കേടും അമ്മ അനുഭവിച്ചില്ല. തന്റെ തനതായ ശൈലിയില്‍, അവധാവനതയോടെ വളരെ ശാന്തയായി അമ്മ തന്റെ പ്രസംഗം മലയാളത്തില്‍ അവതരിപ്പിച്ചു. സംസാരിച്ച മാതാ അമൃതാനന്ദമയിക്കോ അത് കേട്ടിരുന്ന വ്യക്തികള്‍ക്കോ അതില്‍ യാതൊരു നിലവാര തകര്‍ച്ചയും അനുഭവപ്പെട്ടതുമില്ല.

നിലവാരവും നിലവാരമില്ലായ്മയും നമ്മുടെ തോന്നലുകള്‍ മാത്രമാണ്. എനിക്ക് ഇംഗ്ലീഷ് അറിയുകയില്ല എന്ന് തുറന്ന് പറയുന്നത് പോരായ്മയായി മാറുന്നത് എങ്ങിനെയാണ്? ജീവിതത്തില്‍ വിജയം വരിച്ച പലരും മുഖ്യധാരയില്‍ നിന്നൊഴിഞ്ഞ് തങ്ങളുടേതായ ഒരു സമൂഹത്തില്‍ മാത്രം വ്യാപരിക്കുന്നു. അവസരങ്ങള്‍ തുറന്ന് കിടക്കുമ്പോഴും ഇത്തരം ചെറിയ കുടുക്കുകളില്‍ പെട്ട് കിടക്കുകയാണ് നമ്മളില്‍ പലരും.

ഭാഷ എന്തുമാവട്ടെ നമ്മുടെ മനസിലെ ആശയങ്ങള്‍ വ്യക്തമായി പ്രതിഫലിപ്പിക്കുവാന്‍ കഴിയുന്നുണ്ടോ എന്നതാണ് മുഖ്യം. മറ്റൊരു ഭാഷയില്‍ സംസാരിക്കുവാന്‍ ആരും നമ്മളെ നിര്‍ബന്ധിക്കുന്നില്ല എന്നതാണ് സത്യം. പരിമിതികള്‍ നാം സൃഷ്ട്ടിക്കുന്നതാണ്. നമ്മുടെ മനസില്‍ നാം ഉണ്ടാക്കിയെടുക്കുന്ന ചില ഭാവനകള്‍ നമ്മുടെ വളര്‍ച്ചക്ക് തടസം നില്‍ക്കുകയാണ്. സ്വന്തം ഭാഷയില്‍, സ്വന്തം ശൈലിയില്‍ പറയാനുള്ളത് നാം പറയണം. അതില്‍ തലകുനിക്കേണ്ട ആവശ്യമില്ല. എളിമയും ആത്മധൈര്യവും നമ്മുടെ വാക്കുകള്‍ക്ക് ശക്തി പകരും.

ഒരവസരവും ഇതിന്റെ പേരില്‍ നാം ഒഴിവാക്കേണ്ടതില്ല. മാതൃഭാഷക്കുള്ള സുഖം മറ്റൊരു ഭാഷക്കുമില്ല. മലയാളികള്‍ക്ക് മുന്നില്‍ ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ നിലവാരം കൂടുമോ? അറിയില്ല. കാപട്യമില്ലാതെ തുറന്ന് സംസാരിക്കൂ. അത് ഏത് ഭാഷയിലായാലും. അവിടെ നാം ആത്മവഞ്ചകരാകേണ്ട ആവശ്യമേയില്ല.

 

 

Leave a comment