കുട്ടിക്കളിയല്ല കുട്ടി സംരംഭകത്വം

റോബര്‍ട്ട് നെയുടെ വലിയൊരു ആഗ്രഹമായിരുന്നു ഒരു മൊബൈല്‍ ഗെയിം ഉണ്ടാക്കുക എന്നത്. വെറും പതിനാല് വയസ് പ്രായമുള്ള ഒരു ബാലന്റെ നടക്കാത്ത സ്വപ്നം മാത്രം എന്ന് മറ്റുള്ളവര്‍ അതിനെ കരുതി. മൊബൈല്‍ ഗെയിമുകള്‍ എഴുതുവാനുള്ള സോഫ്റ്റ്വെയര്‍ എന്തെന്നറിയാത്ത, അതിന്റെ കോഡിംഗ് എന്താണ് എന്ന് ഇതുവരെ കാണാത്ത ഒരു കുട്ടിയുടെ ബാലിശമായ ആഗ്രഹം എന്നുതന്നെ മറ്റുള്ളവര്‍ അതിനെ വിചാരിച്ചു.

റോബര്‍ട്ട് നെയുടെ മനസില്‍ ഈ ആഗ്രഹം ഒരു പന പോലെ വളര്‍ന്നു നിന്നു. തനിക്കറിയാത്ത ഈ കോഡിംഗ് രഹസ്യം സ്വായത്തമാക്കണമെന്നും അതിനുശേഷം അത് ഉപയോഗിച്ച് തന്റെ മനസിലുള്ള ആ ഗെയിം സൃഷ്ട്ടിക്കണമെന്നും അവന്‍ മനസില്‍ ഉറപ്പിച്ചു. തനിക്ക് അന്യമായ മൊബൈല്‍ ഗെയിം കോഡിംഗ് പഠിക്കുന്നതിനായി തന്റെ സമയം അവന്‍ പബ്ലിക് ലൈബ്രറിയില്‍ വിനിയോഗിക്കുവാന്‍ തുടങ്ങി.

മൊബൈല്‍ ഗെയിം കോഡിംഗ് പുസ്തകങ്ങള്‍ അവന്റെ കളിക്കൂട്ടുകാരായി. അവര്‍ അവനെ പുതിയൊരു ലോകത്തേക്ക് നയിച്ചു. അവന് അപരിചിതങ്ങളായ സങ്കീര്‍ണ്ണങ്ങളായ കോഡുകള്‍ അവര്‍ അവനെ പഠിപ്പിച്ചു. പുസ്തകങ്ങളില്‍ നിന്നും സ്വായത്തമാക്കിയ അറിവുകള്‍ വെച്ച് അവന്‍ തന്റെ ആദ്യത്തെ മൊബൈല്‍ ഗെയിം നിര്‍മ്മിച്ചു.

ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്നും 10 ലക്ഷം പേരാണ് ആദ്യത്തെ രണ്ടാഴ്ച കൊണ്ട് ബബിള്‍ ബോള്‍ എന്ന റോബര്‍ട്ട് നെയുടെ ഗെയിം ഡൌണ്‍ലോഡ് ചെയ്തത്. ചരിത്രത്തിലെ എക്കാലത്തേയും വലിയൊരു വിജയമായി അത് മാറി. റോബര്‍ട്ട് നെയ് എന്ന പതിനാലുകാരന്‍ സംരംഭകന്റെ വിജയകഥ അവിടെ ആരംഭിക്കുകയായിരുന്നു.

പ്രായത്തിനെന്ത് പ്രസക്തി

ഒരു സംരംഭം ആരംഭിക്കുവാന്‍ പ്രായത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉണ്ട് എന്ന് നാം കരുതുകയാണെങ്കില്‍ ആ ചിന്താഗതികള്‍ മാറ്റിവെക്കേണ്ട സമയം ആഗതമായിരിക്കുന്നു. സംരംഭങ്ങള്‍ തുടങ്ങുന്ന കാര്യത്തില്‍ നാല് വയസുകാരനും തൊണ്ണൂറ് വയസുകാരനും തമ്മില്‍ വ്യത്യാസങ്ങളില്ല. ഏത് വയസിലും സംരംഭങ്ങള്‍ ആരംഭിക്കുകയും വിജയിപ്പിക്കുകയും ചെയ്യാം എന്ന് ഈ ലോകം നമുക്ക് കാട്ടിത്തരുന്നു. സംരംഭകന്‍ ആകുവാന്‍ പ്രായം ഒരു ഘടകമേയല്ല എന്ന് കുട്ടി സംരംഭകര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

നിങ്ങള്‍ക്ക് ആരാകുവാനാണ് ഇഷ്ട്ടം?

സ്‌കൂളില്‍ നാമെല്ലാവരും കേട്ടിരിക്കാവുന്ന ഒരു ചോദ്യം. ഈ ചോദ്യത്തിന് കാലഭേദങ്ങളില്ല, ദേശഭേദങ്ങളില്ല, സമയഭേദങ്ങളില്ല. കുട്ടികള്‍ക്ക് മുന്നില്‍ ഈ ചോദ്യം ഉന്നയിക്കാത്ത അദ്ധ്യാപകരുമില്ല. ഈ ചോദ്യങ്ങള്‍ക്ക് അച്ചടിച്ചു വെച്ചപോലുള്ള ചില ഉത്തരങ്ങളുമുണ്ട്. എനിക്ക് ഡോക്ടര്‍ ആകണം, എഞ്ചിനീയര്‍ ആകണം, ശാസ്ത്രഞ്ജന്‍ ആകണം, വക്കീല്‍ ആകണം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആകണം എന്നൊക്കെയാണ് ആ ഉത്തരങ്ങള്‍. എനിക്ക് ഒരു സംരംഭകന്‍ ആകണം എന്ന് പറഞ്ഞു കേള്‍ക്കുക വളരെ അപൂര്‍വ്വം. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അത് അതിലേറെ അത്ഭുതവും.

കുട്ടികളായിരിക്കുമ്പോള്‍ നമ്മുടെ സ്വപ്നങ്ങളില്‍ ഒരു ബിസിനസുകാരനാകുക എന്നത് ഒന്നില്ല തന്നെ. സുരക്ഷിതമായ തൊഴില്‍ മേഖലകള്‍ തേടുവാന്‍ നാം ഇഷ്ട്ടപ്പെടുന്നു. നമ്മുടെ കുടുംബ, സാമൂഹ്യ അന്തരീക്ഷങ്ങള്‍ അത്തരം ചിന്തകളെ പ്രോല്‍സാഹിപ്പിക്കുവാനാണ് താല്പ്പര്യപ്പെടുന്നതും. വെല്ലുവിളികളും അസന്നിഗ്ധാവസ്ഥയും നിറഞ്ഞ സംരംഭക മേഖലയെ കുടുംബവും സമൂഹവും ഭയപ്പാടോടെ കാണുന്നു. ഇതിന്റെ അനുരണനങ്ങള്‍ കുട്ടികളിലും പ്രതിഫലിക്കുന്നു.

എങ്ങിനെയുള്ള കുട്ടികളാണ് സംരംഭകരായി മാറുന്നത്?

ഇത് വളരെ രസകരമായ ഒരു ചോദ്യമാണ്. ഏതെങ്കിലും പ്രത്വേക സ്വഭാവ സവിശേഷതകള്‍ ഉള്ള കുട്ടികളാണോ സംരംഭകരായി മാറുവാന്‍ സാദ്ധ്യത കൂടുതല്‍? അങ്ങിനെ ആകുവാന്‍ സാധ്യതയില്ല എന്ന് നമുക്ക് പെട്ടെന്ന് തോന്നാം. എന്നാല്‍ അങ്ങിനെയാണ് കാര്യങ്ങള്‍ എന്ന് ചില പഠനങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു.

യൂണിവേര്‍സിറ്റി ഓഫ് ലക്‌സംബെര്‍ഗ്, യൂണിവേര്‍സിറ്റി ഓഫ് ഇല്ലിനോയിസ്, ഫ്രീ യൂണിവേര്‍സിറ്റി ഓഫ് ബര്‍ലിന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഒരു പഠനം തെളിയിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജസ്വലരായ, അനുസരണക്കേട് കാട്ടുന്ന, ചട്ടങ്ങളില്‍ ഒതുങ്ങി നില്‍ക്കാത്ത, മാതാപിതാക്കളെ ധിക്കരിക്കുന്ന കുട്ടികളാണ് സംരംഭകരായി മാറുവാന്‍ സാധ്യതയുള്ളവരെന്നാണ്. പന്ത്രണ്ട് വയസിനും അന്‍പത്തി രണ്ട് വയസിനും ഇടയിലുള്ള 745 പേരിലാണ് ഈ പഠനം നടത്തിയത്. ഇത് രസകരം തന്നെ. ഉഴപ്പന്മാര്‍ ആണ് സംരംഭകരാകുവാന്‍ സാധ്യതയുള്ളവര്‍. അവര്‍ക്കാണ് വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ താല്പ്പര്യം. ചിലപ്പോള്‍ നമ്മുടെ സ്‌കൂള്‍ കാലം ഒന്ന് വിശകലനം ചെയ്ത് നോക്കിയാല്‍ ഇതിന്റെ സത്യം മനസിലാക്കാവുന്നതേയുള്ളു. അന്ന് ഉഴപ്പിയവരില്‍ പലരും ഇന്ന് മിടുക്കന്‍മാരായ ബിസിനസുകാരാണ്.

കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന സംരംഭകര്‍

നാല് വയസുള്ളപ്പോഴാണ് മികൈല ഉള്‍മറിനെ ഒരു തേനീച്ച കുത്തുന്നത്. തേനീച്ചയെക്കുറിച്ച് അന്ന് തോന്നിയ കൗതുകം സ്‌കൂളില്‍ തേനീച്ചകളെക്കുറിച്ചുള്ള ഒരു പ്രൊജക്റ്റ് ചെയ്യുവാന്‍ അവളെ പ്രേരിപ്പിച്ചു. തേനീച്ചകളെക്കുറിച്ച് കൂടുതല്‍ നടത്തിയ ഗവേഷണം തേനീച്ചക്കൂട്ടങ്ങള്‍ക്കിടയിലെ അസാധാരണമായ ഒരു പ്രതിഭാസം അവളുടെ ശ്രദ്ധയില്‍പ്പെടുത്തി. തേനീച്ചകളുടെ അനിയന്ത്രിതമായ മരണ നിരക്ക് അവയുടെ സമൂഹത്തിന്റെ നാശത്തിന് വഴിയോരുക്കുന്നതായി അവള്‍ക്ക് ബോദ്ധ്യമായി. തനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നവള്‍ ചിന്തിച്ചുതുടങ്ങി.

തന്റെ കുടുംബത്തില്‍ പാരമ്പര്യമായി നിലനിന്നിരുന്ന ഒരു പാചകക്കുറിപ്പ് അവളുടെ ശ്രദ്ധ ആകര്‍ഷിച്ചു. ലെമൊനൈഡ് ഉണ്ടാക്കുന്ന ഒരു പാചകരീതിയായിരുന്നു അത്. പാചകത്തിനുള്ള മറ്റ് വസ്തുക്കളുടെ കൂടെ അവള്‍ പ്രാദേശികമായി ലഭിക്കുന്ന തേനും കൂടി ഉപയോഗിക്കുവാന്‍ തുടങ്ങി. അങ്ങനെ വീട്ടില്‍ ഉപയോഗിച്ചിരുന്ന ആ ഉത്പന്നം അവള്‍ വില്‍ക്കുവാന്‍ ആരംഭിച്ചു. അതില്‍ നിന്നും കിട്ടുന്ന വരുമാനം തേനീച്ചകളുടെ മരണനിരക്ക് കുറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു തുടങ്ങി. ഈ സംരംഭം അവളെ ഒരു കോടീശ്വരിയാക്കി മാറ്റി. ഇന്ന് അവള്‍ ലോകം അറിയപ്പെടുന ഒരു സാമൂഹ്യ സംരംഭകയാണ്.

കുട്ടികളുടെ ആഗ്രഹങ്ങള്‍, അവരില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍, അവരുടെ സ്വപ്നങ്ങള്‍ ഇവയൊക്കെയാണ് അവരെ സംരംഭകരാക്കി മാറ്റുന്നത്. അവരുടെ സംരംഭക കഴിവുകളേയും സ്വപ്നങ്ങളെയും കണ്ടെത്താന്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കഴിഞ്ഞാല്‍ അവരെ സംരംഭകരാക്കി മാറ്റുവാന്‍ കഴിയുന്ന പാതയിലൂടെ നയിക്കുവാന്‍ സാധിക്കും. എന്നാല്‍ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ നമ്മുടെ സമൂഹത്തിന്റെ ചിന്തകള്‍ ആ വഴിക്ക് സഞ്ചരിക്കുന്നില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്.

അവരുടെ പ്രതിഭകളെ സംരംഭമാക്കി മാറ്റാം

ഫോബ്‌സ് മാഗസിന്റെ ലിസ്റ്റ് പ്രകാരം ഇന്ന് യുട്യൂബില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന എട്ട് പേരില്‍ ഒരാളാണ് റ്യാന്‍ എന്ന കുട്ടിസംരംഭകന്‍. തന്റെ പ്രതിഭയെ സംരംഭമാക്കി മാറ്റിയവന്‍. ഒരിക്കല്‍ യുട്യൂബില്‍ കളിപ്പാട്ടങ്ങളുടെ ഒരു ഷോ കണ്ട റ്യാന്‍ തന്റെ അമ്മയോട് പറഞ്ഞു എനിക്കും ഒരു യുട്യൂബ് ചാനല്‍ വേണം. അവന്റെ അമ്മ അവന് വേണ്ടി ഒരു ചാനല്‍ ഉണ്ടാക്കി. പ്രീ സ്‌കൂളില്‍ പോയിരുന്ന റ്യാന്‍ അങ്ങനെ ലോകത്തെ ഏറ്റവും അറിയപ്പെടുന്ന യുട്യൂബ് സംരംഭകനായി മാറി.

നമുക്ക് ചുറ്റും ഒന്നു നോക്കുക. ഇത്തരം പ്രതിഭകളുള്ള ധാരാളം കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ട്. നാം ഒന്ന് പ്രോത്സാഹിപ്പിച്ചാല്‍, ഒന്ന് വഴികാട്ടിയാല്‍, ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്താല്‍ ആ പ്രതിഭകളെ സംരംഭകരാക്കി മാറ്റുവാന്‍ നമുക്ക് കഴിയും. പഠനം, പഠനം മാത്രം എന്ന ചിന്താഗതി മാറ്റി അവരുടെ സര്‍ഗ്ഗശക്തിക്ക് വിടരുവാനുള്ള അവസരം നാം നല്കിയാല്‍ മാതാപിതാക്കളേക്കാള്‍ കൂടുതല്‍ വരുമാനമുള്ള, അവരെക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്ന കുട്ടി സംരംഭകരെ വാര്‍ത്തെടുക്കാന്‍ ഈ സമൂഹത്തിന് സാധിക്കും.

കുട്ടികളിലേക്ക് സംരംഭകത്വ ശീലങ്ങള്‍ പകരുക

കുട്ടി സംരംഭകരെ വാര്‍ത്തെടുക്കുവാന്‍ നമുക്ക് കഴിയണമെങ്കില്‍ ചെറുപ്പത്തിലേ സംരംഭകത്വ ശീലങ്ങള്‍ അവരിലേക്ക് സന്നിവേശിപ്പിക്കുവാന്‍ നമുക്ക് കഴിയണം. ഇതിനായി വളരെ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ആവശ്യമുണ്ട്. പലപ്പോഴും നാം വിചാരിക്കുക കുട്ടി സംരംഭകര്‍ വളരെ യാദൃശ്ചികമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നവരാണ് എന്നത്രേ. എന്നാല്‍ ഈ ധാരണ തികച്ചും തെറ്റാണ്. അവരുടെ സംരംഭകത്വ സ്വഭാവം കണ്ടെത്തുകയും അതിനെ ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്താലേ മിടുക്കരായ സംരംഭകരായി അവര്‍ക്ക് രൂപമാറ്റം സംഭവിക്കുകയുള്ളൂ.

സ്‌കൂള്‍ വെക്കേഷന്‍ സമയങ്ങളില്‍ കേരളത്തിന്റെ വടക്കന്‍ ജില്ലകളിലേക്ക് യാത്ര ചെയ്യുമ്പോള്‍ നാം കാണുന്ന ചില കാഴ്ചകളുണ്ട്. കനത്ത ചൂടില്‍ വഴിയുടെ ഇരുവശങ്ങളിലുമായി ഭക്ഷണങ്ങളും, പാനീയങ്ങളും, പഴവര്‍ഗ്ഗങ്ങളുമൊക്കെ കച്ചവടം ചെയ്യുന്ന കുട്ടി സംരംഭകര്‍. വേനലിന്റെ കനത്ത ചൂടിനെ വകവെക്കാതെ അവര്‍ വഴിയരികില്‍ നിന്ന് വില്‍ക്കുകയാണ്. അവരുടെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ച വലിയ സംരംഭക സ്വപ്നങ്ങളുണ്ട്. കളിച്ചു നടക്കേണ്ട സമയം ആ സ്വപ്നങ്ങള്‍ക്ക് നിറം പകരുവാന്‍ അവര്‍ ശ്രമിക്കുകയാണ്. തങ്ങളുടെ ചെറിയ സംരംഭകങ്ങളിലൂടെ മാതാപിതാക്കള്‍ക്ക് ഒരു താങ്ങാകുവാന്‍ അവര്‍ ശ്രമിക്കുന്നു. വെക്കേഷന്‍ കഴിയുന്നതോടെ പാഠപുസ്തകങ്ങളുടെ ലോകത്തേക്ക് വീണ്ടുമൊരു മടക്കം.

കുട്ടികളെ നാം പഠിപ്പിക്കേണ്ട ചില പാഠങ്ങളുണ്ട്. അത് അവരിലെ സംരംഭകരെ ഉണര്‍ത്തും.

പണത്തിന്റെ മൂല്യം അവര്‍ തിരിച്ചറിയണം

പണം വെറുതെ കിട്ടുന്ന ഒന്നല്ല എന്ന് അവരെ ബോദ്ധ്യപ്പെടുത്തുക വളരെ പ്രാധാന്യമുള്ള ഒരു പാഠമാണ്. പണത്തിന്റെ മൂല്യം അതിന് പിന്നിലെ അദ്ധ്വാനമാണ് എന്നവര്‍ തിരിച്ചറിയണം. പണം പാഴാക്കാതിരിക്കുവാന്‍ അവരെ ശീലിപ്പിക്കുക നമ്മുടെ കടമയാണ്. ആവശ്യത്തില്‍ കൂടുതല്‍ പണം കൈകാര്യം ചെയ്യുവാന്‍ ഒരിക്കലും അവരെ അനുവദിക്കരുത്. ചിലവാക്കുന്ന ഓരോ പൈസക്കും കണക്കുണ്ടാകണം എന്നവരെ പഠിപ്പിക്കുക.

പണത്തിന്റെ മൂല്യവും പ്രാധാന്യവും മനസിലാകുന്ന ഓരോ കുട്ടിയും മിതവ്യയം ശീലിക്കും. അവന്‍ സമ്പാദിക്കുവാന്‍ ശ്രമിക്കും. നിലമറിഞ്ഞ് വിത്തുവിതക്കുന്ന കര്‍ഷകന്റെ മാനസികാവസ്ഥ അവനില്‍ ഉടലെടുക്കും. താന്‍ ചിലവഴിക്കുന്ന പണത്തിനൊത്ത മൂല്യമുള്ള വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ അവന്‍ ശ്രദ്ധ വെക്കും. കുട്ടിയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി അതില്‍ പണം നിക്ഷേപിക്കുവാന്‍ അവനെ ശീലിപ്പിക്കണം.

അവരെ വിലപേശാന്‍ പഠിപ്പിക്കുക

ചോദിക്കുന്ന പണം നല്കി വസ്തുക്കള്‍ വാങ്ങുന്നതിന് പകരം അവ വിലപേശി വാങ്ങുവാന്‍ അവരെ ശീലിപ്പിക്കണം. ഇതില്‍ മാതാപിതാക്കളുടെ സ്വഭാവത്തിന് വലിയ പങ്കുണ്ട്. പണം പാഴാക്കുന്ന, ശ്രദ്ധയില്ലാത്ത മാതാപിതാക്കളുടെ മക്കള്‍ പണത്തിന് മൂല്യം കല്പ്പിക്കുകയില്ല. അവരില്‍ സംരംഭകത്വ ശീലങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരിക ദുഷ്‌ക്കരമാണ്. തങ്ങളുടെ ഓരോ ഇടപാടിലും പരമാവധി ലാഭം ഉറപ്പാക്കുവാന്‍ കുട്ടികളെ നാം പരിശീലിപ്പിക്കണം. അനാവശ്യമായി ചിലവാക്കപ്പെടുന്ന ഓരോ പൈസയും പാഴാണ് എന്ന തിരിച്ചറിവ് അവര്‍ക്ക് നല്കണം. വിലപേശി പരമാവാധി മൂല്യത്തിനൊത്ത വസ്തുക്കള്‍ വാങ്ങുവാന്‍ അവര്‍ ശ്രദ്ധിച്ചു തുടങ്ങട്ടെ.

മറ്റുള്ളവരുമായി ഇടപെടുവാന്‍ പരിശീലിപ്പിക്കുക

ജീവിതത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തികളുമായി ഇടപെടുവാന്‍ അവരെ പരിശീലിപ്പിക്കുക. മറ്റുള്ളവരോട് എങ്ങിനെ പെരുമാറണം എന്നും ഇതൊക്കെ രീതിയിലുള്ള വ്യക്തിത്വങ്ങളാണ് തങ്ങള്‍ക്ക് ചുറ്റുമുള്ളതെന്നും മനസിലാക്കുവാന്‍ ഇത് അവരെ സഹായിക്കും. വ്യക്തികളെ കൈകാര്യം ചെയ്യുവാനുള്ള നിപുണതയാണ് ഒരു സംരംഭകന്റെ ഏറ്റവും മികച്ച ശക്തി. അത് അവരില്‍ വളര്‍ത്തിയെടുക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഏതൊക്കെ അവസരങ്ങളില്‍ എന്തൊക്കെ പറയണം, എന്തൊക്കെ പറയരുത്, എങ്ങിനെ പെരുമാറണം, എങ്ങിനെ പെരുമാറരുത് എന്നൊക്കെ അറിയാന്‍ ഈ ഇടപഴകല്‍ അവരെ പ്രാപ്തരാക്കും.

അവരില്‍ അന്തര്‍ലീനമായിരിക്കുന്ന സംരംഭകനെ കണ്ടെത്തുക

അവരില്‍ ഉറങ്ങിക്കിടക്കുന്ന സംരംഭകനെ കണ്ടെത്തുകയും ആ കഴിവിനെ ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യുക എന്നത് മാതാപിതാക്കളുടെ കടമയാണ്. എട്ടാം ക്ലാസില്‍ പഠിക്കുന്ന ശ്രാവണും ആറാം ക്ലാസില്‍ പഠിക്കുന്ന സഞ്ജയും തങ്ങളുടെ കമ്പനിയുടെ പ്രസിഡന്റും സി ഇ ഒ യുമായത് മാതാപിതാക്കളുടെ അകമഴിഞ്ഞ പിന്തുണ ഉണ്ടായതു കൊണ്ടുമാത്രമാണ്. അവര്‍ പന്ത്രണ്ടിലധികം മൊബൈല്‍ അപ്ലിക്കേഷന്‍സ് നിര്‍മ്മിച്ചു കഴിഞ്ഞു. കുമരന്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ഈ കുട്ടികള്‍ ഇന്ന് നമുക്ക് മുന്നില്‍ ഒരു അത്ഭുതമായി വളര്‍ന്നു നില്‍ക്കുന്നു.

വിദേശങ്ങളില്‍ മാത്രം നടക്കുന്ന കാര്യങ്ങള്‍ എന്ന നിലയില്‍ ഇതിനെ കാണുന്നവര്‍ കുമരന്‍ ബ്രദേഴ്സിനെ പോലുള്ള നമ്മുടെ കുട്ടി സംരംഭകരെ കണ്ണുതുറന്ന് കാണണം. കുട്ടികളെ സംരംഭകരാക്കി മാറ്റുവാനുള്ള അനുകൂല സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും ധാരാളമുള്ള ഒരു രാജ്യമാണ് നമ്മുടേത്. അറിവിലും നിപുണതകളിലും ഒട്ടും പിന്നില്ല നമ്മുടെ കുട്ടികളും. നമ്മുടെ ദര്‍ശനത്തിനാണ് മാറ്റമാവശ്യം. കുട്ടികളിലെ സംരംഭക ആഗ്രഹങ്ങളും സ്വപ്നങ്ങളും തിരിച്ചറിയാന്‍ നമുക്ക് കഴിയണം. അവരെ സംരംഭകരാക്കി വളര്‍ത്തുവാനാവശ്യമായ അറിവും നിപുണതകളും നല്‍കാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സാധിക്കണം. പാരമ്പര്യ വിദ്യാഭ്യാസ രീതികള്‍ തന്നെ മതിയോ നമുക്ക് എന്ന് ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളുടെ ഊര്‍ജ്ജവും സ്വപ്നങ്ങളും രാജ്യത്തിനെ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കും. നാം അതിന് വഴികള്‍ ഒരുക്കുവാന്‍ തയ്യാറാണെങ്കില്‍ മാത്രം.

Leave a comment