ജീവിനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ഉപസംഹാരത്തോട് കൂടിയാണ് ‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം’ എന്ന പുസ്തകം സുധീര്‍ ബാബു അവസാനിപ്പിക്കുന്നത്. ബിസിനസുകാരന്റെ കടമ എന്ന തലക്കെട്ടില്‍ ശ്രീ ശ്രീ എഴുതിയ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു
ആശുപത്രി കിടക്കകളുടേയും ജയിലറകളുടേയും എണ്ണം സമൂഹത്തിന്റെ ആരോഗ്യം നിര്‍ണ്ണയിക്കുന്ന രീതിയിലാണ് ഇന്ന് കാര്യങ്ങളുടെ പോക്ക്. പല വികസിത രാജ്യങ്ങളിലും ജയിലുകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു160 ശതമാനം സാന്ദ്രതയാണ് ഇന്ന് പല ജയിലുകളിലും! വികസിത രാജ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഇവിടങ്ങളില്‍ അവര്‍ പുതിയ ജയിലുകള്‍ പണിയേണ്ടി വരും. ഇത് ഒരിക്കലും ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ ലക്ഷണമല്ല കാണിക്കുന്നത്. ഒരിക്കലെങ്കിലും വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളെ ജയിലഴികള്‍ക്കുള്ളില്‍ അടച്ചിട്ടിട്ടുള്ള, അഞ്ചുകുട്ടികളില്‍ ഒരാളെങ്കിലും മനശാസ്ത്രജ്ഞനെ കാണേണ്ട ആവശ്യം വരുന്ന സമൂഹം ഒരിക്കലും വികസിതമല്ല.
ഒഴിഞ്ഞു കിടക്കുന്ന ആശുപത്രി കിടക്കകളും ജയിലറകളുമാണ് ഏതൊരു സമൂഹത്തിന്റെയും ആരോഗ്യത്തിന്റെ ലക്ഷണം. കൂടുതല്‍ ആശുപത്രികളും ജയിലുകളും പണിയേണ്ട ആവശ്യകത നമുക്കില്ല. ആരോഗ്യവാന്മാരായി എങ്ങനെ ജീവിക്കാം എന്ന് ജനങ്ങളെ നാം പഠിപ്പിക്കേണ്ടതുണ്ട്.
കാരുണ്യപ്രവര്‍ത്തനം (Chartiy) ഇന്ന് നമ്മുടെ ഭാഷയേയല്ല. നാം ജനങ്ങളില്‍ ആത്മാഭിമാനം (Self-tseeem) വളര്‍ത്തേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും നാം അവരെ സാമ്പത്തികമായി സഹായിക്കേണ്ടതുണ്ട്. അതേ സമയം തന്നെ സ്വയം എന്തു ചെയ്യാന്‍ കഴിയും എന്ന് അവരെ ബോധവല്‍ക്കരിക്കേണ്ടതുമുണ്ട്. അവര്‍ക്ക് വ്യക്തമായ ഒരു കാഴ്ചപ്പാട് (Vision) നല്‍കാന്‍ നമുക്കാവണം. വ്യക്തമായ കാഴ്ചപ്പാടോ സ്വപ്നമോ ഉള്ള ഒരു ജനതയ്ക്ക് മുന്നേറാനും സമൂഹത്തെ വികസനത്തിലേക്ക് നയിക്കുവാനും സാധിക്കും. പ്രചോദിതനായ ഒരു വ്യക്തിക്ക് ഒരു സ്വപ്നത്തെ സാക്ഷാത്കരിക്കുവാനോ അല്ലെങ്കില്‍ ഒരാവശ്യം നിറവേറ്റുവാനുള്ള കാര്യങ്ങള്‍ ചെയ്യുവാനോ സാധിക്കും. എന്നാല്‍ നമുക്ക് ഇവയുടെ അഭാവമുണ്ട്. നമ്മുടെ ലോകത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ വ്യക്തമായ കാഴ്ചപ്പാടോ സ്വപ്നമോ നല്‍കുവാന്‍ നമുക്ക് കഴിയുന്നില്ല.
ആവശ്യം വരുമ്പോള്‍ ഊര്‍ജ്ജസ്വലത കൈവരിക്കാന്‍ ആളുകള്‍ക്ക് കഴിയുന്നതിന്റെ ഉദാഹരണമാണ് ഗുജറാത്ത് ഭൂകമ്പം. ദുരിതബാധിതരെ സഹായിക്കുവാന്‍ ജനങ്ങള്‍ മുന്നോട്ടിറങ്ങി. വെറും രണ്ടു മണിക്കൂറിനുള്ളില്‍ ഒരുമിച്ച് കൂടിയ ജനസഞ്ചയം ദുരിതബാധിതര്‍ക്കായി അഭയകേന്ദ്രങ്ങളും രണ്ടായിരത്തിലധികം പേര്‍ക്കായി ഭക്ഷണം ഒരുക്കുകയും ചെയ്തു. അത്തരമൊരു അടിയന്തിരാവസ്ഥ മറികടക്കുവാന്‍ അത് ആ സമയത്ത് വളരെ ആവശ്യമായിരുന്നു. ആപത്ഘട്ടങ്ങളില്‍ ഇത്തരം അടിയന്തിര സാഹചര്യങ്ങള്‍ രൂപപ്പെടുമ്പോള്‍ ജനങ്ങള്‍ മുന്നോട്ട് വരികയും മുന്‍കൈ എടുക്കുകയും ചെയ്യും. അതല്ലായെങ്കില്‍ മറ്റൊന്ന് സ്വന്തം രാജ്യത്തെക്കുറിച്ചോ, സംസ്ഥാനത്തെക്കുറിച്ചോ, ഗ്രാമത്തെക്കുറിച്ചോ, ഒരു സ്വപ്നമോ ശക്തമായ കാഴ്ചപ്പാടോ അവര്‍ക്കുണ്ടാവണം എന്നതാണ്.
ഈ രണ്ടിന്റേയും അഭാവത്തില്‍ ഉത്സാഹമില്ലാത്ത, മുടന്തി നീങ്ങുന്ന അവികസിത സമ്പദ് വ്യവസ്ഥയാവും ഒരു രാജ്യത്ത് രൂപപ്പെടുക. ബിസിനസുകാര്‍ക്ക് സമൂഹത്തില്‍ രണ്ട് വേഷങ്ങളുണ്ട്. സൂര്യന്‍ ഭൂമിയില്‍ നിന്ന് ജലം വലിച്ചെടുത്ത് മഴയുടെ രൂപത്തില്‍ അത് തിരികെ ഭൂമിക്ക് നല്‍കുന്നപോലെയാണ് അത്. സമൂഹത്തെ നാം ആശ്രയിക്കുമ്പോള്‍ സമൂഹം തിരിച്ച് ചിലതെല്ലാം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. സമൂഹത്തിന് വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് നാം ആലോചിക്കേണ്ടതുണ്ട്.
നമുക്ക് ലഭിച്ചതിനെക്കാള്‍ നല്ല സമൂഹത്തെയാണോ, ഭീതി നിറഞ്ഞതും പ്രകൃതിവിഭവങ്ങള്‍ക്ക് നാശം സംഭവിച്ചതുമായ സമൂഹത്തെയാണോ നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത് എന്ന് നമ്മള്‍ ചിന്തിക്കണം. ഈ ചിന്തകളും ഉത്തരവാദിത്തബോധവും നമുക്ക് മനസില്‍ ഊട്ടിയുറപ്പിക്കണം. അത് വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂ. ഗ്രാമീണ ഇന്ത്യയ്ക്ക് വിഭവങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ല, എന്നാലവ ഉപയുക്തമായ രീതിയില്‍ നാം ഉപയോഗിക്കുന്നില്ല. ഗ്രാമത്തിലെ ഒരു തൊഴിലാളിയുടെ വരുമാനത്തേക്കാള്‍ കുറവാണ് ഒരു വൈറ്റ് കോളര്‍ ഉദ്യോഗസ്ഥന്റെ വരുമാനം. എന്നാല്‍ തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം തൊഴിലാളി മദ്യത്തിനായി ചിലവിടുന്നു. രാജ്യത്തെ പട്ടിണിയിലേക്ക് നയിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളാണ് മയക്കുമരുന്നിന്റെ ഉപയോഗവും മദ്യപാനവും. നാം ഈ പ്രശ്‌നങ്ങളെ സംബോധന ചെയ്യേണ്ടതുണ്ട്.
മൂന്നാമത്തെ ഘടകം ഹിംസയാണ് (Violence). ഹിംസ എന്നുവെച്ചാല്‍ ഗാര്‍ഹിക പീഡനങ്ങളും ധാരണാ പിശകുകള്‍ കൊണ്ടും ജീവിതത്തെ കുറിച്ചുള്ള സങ്കുചിതമായ കാഴ്ചപ്പാടുകള്‍ കൊണ്ടും ഉടലെടുക്കുന്ന ഹിംസകളും. ഒരു വ്യക്തിയുടെ ജീവിതത്തെ, മനസ്സിനെ ഹിംസ കീഴടക്കുമ്പോള്‍ നമുക്ക് സംഭവിക്കുന്നത് വലിയ നഷ്ടങ്ങളാണ്.
നമ്മുടെ മുഖത്തെ പുഞ്ചിരിയാണ് ബിസിനസിന്റെ വിജയം നിര്‍ണ്ണയിക്കുന്നത്. ഉയരങ്ങളിലേക്ക് പോകും തോറും നാം പരുക്കരാവുന്നു, അസന്തുഷ്ടരാവുന്നു. ഈ മനസ്ഥിതിയും ആശയവിനിമയത്തിന്റെ അഭാവവും നമ്മുടെ പുരോഗതിയുടെ പ്രതിബന്ധങ്ങളാകുന്നു. മെച്ചപ്പെട്ട ആശയവിനിമയം, പരിസ്ഥിതിയുമായുള്ള സംവേദനം, പരസ്പരാശ്രയത്തെ ക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട്, ദീര്‍ഘവീക്ഷണം എന്നിവ സുസ്ഥിരമായ പുരോഗതിയുടെ അടിസ്ഥാന ശിലകളാണ്. ഇവയില്ലെങ്കില്‍ ഈ സമൂഹം കാലുകളില്ലാത്ത ഒരു കസേര പോലെയാണ്.
നമ്മുടെ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുവാനുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പരസ്പരം പഴിചാരുന്ന ഒരു സംസ്‌കാരം നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നു. നമ്മുടെ വിലപ്പെട്ട സമയവും ഊര്‍ജ്ജവും നാം ഇതിനായി പാഴാക്കി കളയുന്നു. എപ്പോഴെങ്കിലും കാര്യങ്ങള്‍ ശരിയായ ദിശയിലല്ല നീങ്ങുന്നതെങ്കില്‍ നാം മറ്റുള്ളവരുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു. ഗുജറാത്തില്‍ ദുരന്തമുണ്ടായപ്പോള്‍ മാധ്യമങ്ങള്‍ അമ്പരന്നു നിന്നു. ആരെ കുറ്റപ്പെടുത്തണം എന്നവര്‍ക്ക് മനസിലായില്ല. അവര്‍ക്ക് സര്‍ക്കാരിനെ കുറ്റപ്പെടുത്താനായില്ല. അവര്‍ക്ക് ദൈവത്തെ കുറ്റപ്പെടുത്താനായില്ല. എന്തെന്നാല്‍ ദൈവത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നില്ല.
ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലുള്ള പരാജയം നമ്മെ ഒരിടത്തും എത്തിക്കുന്നില്ല. ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഈ സമൂഹത്തില്‍ നാം പുരോഗതി കൈവരിക്കുകയില്ല. നാം ഇത് മനസ്സിലാക്കണം. നമ്മുടെ പ്രധാന ഉത്തരവാദിത്തം ജനങ്ങളെ ഉത്തരവാദിത്ത മുള്ളവരാക്കി മാറ്റുക എന്നതാണ്. സ്വന്തം ഉത്തരവാദിത്തം എടുത്തുകൊണ്ടു തന്നെ അതാരംഭിക്കട്ടെ. യോഗ എന്നത് ഇതാണ്. നിങ്ങളുടെ വികാരങ്ങളുടെ, ആരോഗ്യത്തിന്റെ, ജീവിതത്തിലെ സംഭവങ്ങളുടെ, ഈ ലോകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കലാണ് യോഗ. ഈ തത്വം ദീര്‍ഘമായ കാലയളവില്‍ അഭിവൃദ്ധിയുള്ള, സുസ്ഥിരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാന്‍ നമ്മെ സഹായിക്കും.
ശ്രീ ശ്രീ രവിശങ്കര്‍