സ്വയം ഉയരുവാനും പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കുവാനും കഴിവുള്ളവരായിരിക്കണം യഥാര്‍ത്ഥ നേതാക്കള്‍. നേതൃത്വഗുണങ്ങളെ തിരിച്ചറിഞ്ഞ് അവ ഉപയോഗപ്പെടുത്താന്‍ കഴിയണം. പട്ടിണി കിടന്ന് മരിച്ച സിംഹത്തിന്റെയും കുട്ടിക്കുറുക്കന്റെയും കഥയാണ് ഇതിന് മികച്ച ഉദാഹരണം
കാട്ടിലെ രാജാവായിരുന്നു സിംഹം. വളരെ കര്‍മ്മകുശലതയോടെ ഭരണസംവിധാനം നിര്‍വ്വഹിച്ചിരുന്നു സിംഹരാജാവ്. ഒരിക്കല്‍ ഇരതേടിയിറങ്ങിയ സിംഹത്തിനു മുന്നിലേക്ക് ഒരു കുട്ടിക്കുറുക്കന്‍ വന്നുപെട്ടു. കുട്ടിക്കുറുക്കന്റെ കണ്ണുകളിലെ ദൈന്യത കണ്ട് അലിവു തോന്നിയ സിംഹം അവനെ ഗുഹയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. സിംഹവും കുട്ടിക്കുറുക്കനും ഇണപിരിയാത്ത കൂട്ടുകാരായി. ദിവസവും രാവിലെ ഇരതേടി പുറത്തു പോകുന്ന സിംഹത്തെയും കാത്ത് കുട്ടിക്കുറുക്കന്‍ ഗുഹയിലിരിക്കും. വേട്ടയാടി പിടിച്ച മൃഗത്തിന്റെ ഒരു ഭാഗം സിംഹം കുട്ടിക്കുറുക്കന് നല്‍കും. ഇതായിരുന്നു പതിവ്. കാലം കടന്നുപോ
യി. സിംഹം വൃദ്ധനായി. കുട്ടിക്കുറുക്കന്‍ ആരോഗ്യദൃഢഗാത്രനായ യുവാവുമായി. എങ്കിലും ദിനചര്യകള്‍ പതിവു പോലെതന്നെ.
സിംഹം കണ്ടെത്തുന്ന ഇര തന്നെയായിരുന്നു ഇരുവരുടെയും ഭക്ഷണം. ഇരപിടിക്കാന്‍ പോലും കഴിയാത്തവിധത്തില്‍ സിംഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. സിംഹം കുറുക്കനോട് ഇരതേടി ഭക്ഷണം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ കുറുക്കന്‍ പറഞ്ഞു. ചെറുപ്പം മുതല്‍ എന്റെ ഗൃഹം ഇതാണ്. ഇവിടം വിട്ട് ഞാന്‍ പുറത്തേക്ക് പോയിട്ടില്ല. ഇരതേടാന്‍ എനിക്കറിയില്ല. ഞാന്‍ കാട്ടിലേക്കിറങ്ങിയാല്‍ മറ്റേതെങ്കിലും മൃഗത്തിന് ഞാന്‍ ഭക്ഷണമാകും. എനിക്ക് പുറത്തിറങ്ങാന്‍ ഭയമാണ്.
മറുപടി കേട്ട വൃദ്ധസിംഹം പറഞ്ഞു ”ഞാന്‍ ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് നിന്നെ ഇരതേടാന്‍ പഠിപ്പിച്ചില്ല എന്നതാണ്. നിനക്ക് ഞാന്‍ ഭക്ഷണം വേട്ടയാടി നല്‍കുന്നതിനു പകരം നിന്നെ ഞാന്‍ വേട്ടയാടാന്‍ പഠിപ്പിക്കണമായിരുന്നു. ഈയൊരബദ്ധം ഇന്ന് നമ്മള്‍ രണ്ടുപേരുടെയും നാശത്തിനു കാരണമായിരിക്കുന്നു. സിംഹവും കുറുക്കനും പട്ടിണി കിടന്നു മരിക്കുന്നിടത്ത് കഥ അവസാനിക്കുന്നു. പക്ഷേ, നമ്മളില്‍ പലരുടെയും ജീവിതത്തില്‍ ഈ കഥ തുടരുകയാണ്. ഒരു യഥാര്‍ത്ഥ നേതാവ് തന്നെ പിന്തുടരുന്ന വലിയൊരു അനുയായിവൃന്ദത്തെയല്ല സൃഷ്ടിക്കേണ്ടത് എന്ന തിരിച്ചറിവിലേക്ക് ഈ കഥ നമ്മളെ നയിക്കുന്നു.
പുതിയ നേതാക്കളെ തനിക്കിടയില്‍ സൃഷ്ടിക്കുവാനും വളര്‍ത്തുവാനും കഴിവുള്ളവരാകണം നേതാക്കള്‍. തന്റെയും ബിസിനസിന്റെയും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും നിദാനമാകുന്ന നിപുണതയും സര്‍ഗ്ഗശേഷിയും ഒത്തിണങ്ങുന്ന നേതൃത്വങ്ങളെ തന്റെ കീഴില്‍ സൃഷ്ടിക്കുന്നതാണ് ഒരു സംരംഭകന്റെ നേതൃപാടവശേഷി. നമ്മളില്‍ പലരും ഇന്നും സിംഹത്തിന്റെ റോള്‍ ഭംഗിയായി അഭിനയിക്കുകയാണ്.
നമ്മെ പിന്തുടരുന്ന ഒരു കൂട്ടം അനുയായികളെ സൃഷ്ടിക്കുവാനല്ലാതെ നേതൃപാടവം കണ്ടെത്തുവാനോ ആ സര്‍ഗ്ഗശേഷിയെ വളര്‍ത്തുവാനോ കഴിയുന്നില്ല. ഒരു വ്യവസായി എന്ന നിലയില്‍ വിജയിക്കുന്നവര്‍ പോലും നേതൃഗുണങ്ങള്‍ തിരിച്ചറിയുന്നതിലും അവ ഉപയോഗപ്പെടുത്തുന്നതിലും പരാജയപ്പെടുന്നു.
തന്നിലുള്ള നേതൃഗുണങ്ങളെ തിരിച്ചറിഞ്ഞ് അവയെ പരിപോഷിപ്പിക്കുകയും തന്നിലില്ലാത്ത ഗുണങ്ങളെ സ്വാംശീകരിക്കുകയും ചെയ്യുക എന്നതൊരു സംരംഭകന്റെ കടമയാണ്. ബിസിനസിന്റെ വിപുലീകരണത്തിനും വലിയ ഉയര്‍ച്ചയ്ക്കും ഇത് സഹായകരമാകും. സംരംഭകനില്‍ നിന്നും ഒരു നേതാവ് എന്ന നിലയിലേക്കുള്ള രൂപാന്തരത്വം (Metamorphosis) സംഭവിക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ ഒരു ബിസിനസിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായ മാനവവിഭവശേഷി വിനിയോഗിക്കുവാന്‍ സാധിക്കൂ. ഒരു ലീഡറുടെ വ്യക്തിത്വം അദ്ദേഹത്തിന്റെ വ്യക്തി എന്ന നിലയിലുള്ള വ്യക്തിത്വത്തെക്കാള്‍ ഒരു ഗ്രൂപ്പിന്റെ വ്യക്തിത്വത്തിന്റെ മൂര്‍ത്തരൂപമാണ്.
ആത്മവിശ്വാസം കരുത്താക്കുന്നു
ലീഡര്‍ ആത്മവിശ്വാസമുള്ള വ്യക്തിയായിരിക്കും. തന്റെ നിപുണതയിലും വ്യക്തിത്വത്തിലും സ്വയം വിശ്വാസമര്‍പ്പിക്കുന്നവര്‍ക്കു മാത്രമേ മറ്റുള്ളവരിലും വിശ്വാസമര്‍പ്പിക്കുവാന്‍ സാധിക്കൂ. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഈ ആത്മവിശ്വാസം ലീഡറെ പ്രാപ്തനാക്കുന്നു. ടീമില്‍ വിശ്വാസമര്‍പ്പിക്കുന്ന ലീഡര്‍ക്ക് അവരെ നയിക്കുവാനും ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനും സാധിക്കും. പരസ്പരവിശ്വാസത്തോടെയുള്ള മുന്നേറ്റം പ്രസ്ഥാനത്തെ ഉയരങ്ങളിലേക്കു നയിക്കും.
ടീമിന്റെ ശക്തി തിരിച്ചറിയുന്നു
തന്റെയും ടീമിന്റെയും ശക്തിയിലായിരിക്കും ലീഡറുടെ ശ്രദ്ധ. ഓരോ വ്യക്തിക്കും ശക്തിയും ദൗര്‍ബല്യവുമുണ്ട്. അതു തിരിച്ചറിഞ്ഞ് അവരുടെ ശക്തി യഥാര്‍ത്ഥ രീതിയില്‍ വിനിയോഗിക്കുവാന്‍ ലീഡര്‍ക്കു കഴിയുന്നു. യഥാര്‍ത്ഥ ശക്തിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം ദൗര്‍ബല്യങ്ങളെ തിരിച്ചറിഞ്ഞ് കാലക്രമേണ അവ പരിഹരിക്കുവാനും ഒരു യഥാര്‍ത്ഥ ലീഡര്‍ക്ക് കഴിയുന്നു.
ചുമതലകള്‍ വിഭജിക്കുന്നു
കീഴിലുള്ളവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് ചുമതലകള്‍ വിഭജിച്ചു നല്‍കാന്‍ ലീഡര്‍ക്ക് സാധിക്കുന്നു. ബിസിനസിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വലിയൊരു കുതിച്ചു ചാട്ടത്തിന് ഇതു വഴിയൊരുക്കും. എല്ലാ നിയന്ത്രണവും തന്നില്‍ കേന്ദ്രീകരിക്കണമെന്ന സംരംഭകന്റെ വാശി യഥാര്‍ത്ഥത്തില്‍ ബിസിനസിന്റെ വളര്‍ച്ചയെ തളര്‍ത്തുന്നു. പ്ലാനിങ്ങിലൂടെ മികച്ച രീതിയില്‍ മാനവശേഷി വിനിയോഗം നടപ്പിലാക്കുവാന്‍ ലീഡര്‍ക്ക് സാധിക്കുന്നു. ചുമതലകള്‍ നല്‍കുന്നതിലൂടെ മറ്റുള്ളവരെ സ്വയം പര്യാപ്തരാക്കുവാനും ലീഡറിന് കഴിയുന്നു.
കഴിവുള്ളവരെ തിരിച്ചറിയുന്നു
ബിസിനസിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാവുന്ന വ്യക്തികളെ മാത്രമേ ലീഡര്‍ തെരഞ്ഞെടുക്കുന്നുള്ളു. നിപുണതയും കഴിവും മനോഭാവവുമാണ് ഈ തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഘടകങ്ങള്‍. വികാരമോ (sentiments) മറ്റു ഘടകങ്ങളോ ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നില്ല. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കനുസരിച്ച്, ആ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുവാന്‍ കഴിവുള്ള വ്യക്തികളെ നിയോഗിക്കുവാന്‍ ലീഡര്‍ക്ക് കഴിയുന്നു. ബിസിനസന്റെ വളര്‍ച്ചയ്ക്കു തടസമാകുന്ന, കഴിവുകുറഞ്ഞ വ്യക്തികളെ ഒഴിവാക്കുവാനോ, മറ്റു സ്ഥാനങ്ങള്‍ നല്‍കി യഥാസമയം മാറ്റുവാനോ ലീഡര്‍ ശ്രദ്ധിക്കുന്നു. തന്റെയും ബിസിനസിന്റെയും വളര്‍ച്ച കഴിവുകുറഞ്ഞവര്‍ മുരടിപ്പിക്കുന്നു എന്ന സത്യം ലീഡര്‍ തിരിച്ചറിയുന്നു.
‘Yes Men’ മാരെ ഒഴിവാക്കുന്നു..
പലപ്പോഴും സംരംഭകര്‍ക്കൊപ്പം നമുക്ക് ‘Yes Men’ മാരെ കണ്ടെത്താം. സംരംഭകന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മികച്ചതാണെന്നും അദ്ദേഹമാണ് ഏറ്റവും ബുദ്ധിമാന്‍ എന്നും പ്രശംസിച്ച് സദാസമയം ഒപ്പം നടക്കുന്ന ഇത്തരം ‘Yes Men’ സംരംഭകനെയും ബിസിനസിനേയും നശിപ്പിക്കുന്നു. ഒപ്പം നില്‍ക്കുന്നവര്‍ക്ക് സംരംഭകനെ യഥാര്‍ത്ഥ കാഴ്ച്ചപ്പാടിലേക്ക് നയിക്കുവാനും തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാനും കഴിയണം. തനിക്കൊപ്പം നില്‍ക്കുന്ന ‘Yes Men’ മാരെ ഇഷ്ടപ്പെടുന്ന സംരംഭകന്‍ തന്റെ നേതൃത്വശേഷിയെ യഥാര്‍ത്ഥത്തില്‍ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വ്യക്തികളെ ഒഴിവാക്കുവാന്‍ ഒരു ലീഡര്‍ക്ക് കഴിയുന്നു.
മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നു
ബിസിനനിന് നന്മ പ്രദാനം ചെയ്യുന്ന ഏതു മാറ്റത്തെയും ഉള്‍ക്കൊള്ളാന്‍ ലീഡര്‍ തയ്യാറാണ്. ലീഡര്‍ എടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാനിച്ച് തന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ലീഡര്‍ ശ്രദ്ധിക്കുന്നു. ലീഡറുടെ ഈ flexibiltiy ബിസിനസിന്റെ അഭിവൃദ്ധിക്ക് നിദാനമാകുന്നു.
മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നു
പ്രതികൂല സാഹചര്യങ്ങളില്‍ തന്റെ മാനസിക പിരിമുറുക്കം നിയന്ത്രിക്കുവാന്‍ (stress cotnrol) ലീഡര്‍ക്ക് സാധിക്കുന്നു. അത്തരം ഘട്ടങ്ങള്‍ ശാന്തതയോടെ കൈകാര്യം ചെയ്യുവാന്‍ സ്വയം പ്രാപ്തനാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ലീഡര്‍ പരിശീലിക്കുന്നു. ടീമിന്റെ ആത്മവിശ്വാസം നഷ്ടപ്പെടാതെ ഏതു സാഹചര്യത്തെയും നേരിടാന്‍ ഈ നിയന്ത്രണം ലീഡര്‍ക്ക് തുണയാവുന്നു. പരിഭ്രാന്തമാവേണ്ട (panic) സന്ദര്‍ഭങ്ങളില്‍ പോലും ധീരമായി നിലനില്‍ക്കുവാനും ബിസിനസിനെ സംരക്ഷിക്കുവാനും ലീഡറുടെ ഈ ഗുണത്തിന് കഴിയുന്നു. ഈ ഗുണം സഹപ്രവര്‍ത്തകര്‍ക്കു നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്.
സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധിക്കുന്നു
തന്റെ വ്യക്തി വൈശിഷ്ട്യമാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന വസ്തുത ലീഡര്‍ മനസിലാക്കുന്നു. ഉയരങ്ങളില്‍ എത്തിച്ചേരാന്‍ ഒരുപാട് ഘടകങ്ങള്‍ സഹായിക്കുന്നുണ്ടെങ്കിലും ആ ഉയരത്തില്‍ തന്നെ നിലനില്‍ക്കാന്‍ നമ്മെ സഹായിക്കുന്ന ഒരേയൊരു ഗുണം വ്യക്തിവൈശിഷ്ട്യമാണ് (Character). ക്യാരക്റ്റര്‍ രൂപീകരണത്തിലാണ് തന്റെ വിജയം എന്ന തിരിച്ചറിവ് ഉയരങ്ങളിലേക്കുള്ള ജൈത്രയാത്രയ്ക്ക് മാര്‍ഗ്ഗദര്‍ശനമാകുന്നു.
ഒരു സംരംഭകന്‍ ലീഡറാവുന്നതോടെയാണ് ബിസിനസിന്റെ യഥാര്‍ത്ഥ വളര്‍ച്ച തുടങ്ങുന്നത്. ഈ മാറ്റം നിരന്തരമായ തപസിന്റെ സാക്ഷാത്കാരമാണ്. ഓരോ സംരംഭകനും ഈ ലക്ഷ്യത്തോടെ മുന്നേറുമ്പോള്‍ രാഷ്ട്രത്തില്‍ വലിയൊരു മാറ്റം സംഭവിക്കുന്നു. നമ്മുടെ കഥയിലെ സിംഹമാവുകയല്ല ലക്ഷ്യം എന്നു നാം തിരിച്ചറിയണം.