അടുത്ത തവണ പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍പ് ആലോചിക്കു, ഞാന്‍ കൃത്യമായി എന്റെ ബ്രാന്‍ഡിനെ നിര്‍വ്വചിച്ചോ?
ബ്രാന്‍ഡിംഗ് ഇന്ന് വളരെ ഫാഷനബിള്‍ ആയ ഒരു വാക്കായി മാറിയിരിക്കുന്നു. തങ്ങളുടെ മാര്‍ക്കറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ ബ്രാന്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന് പുനര്‍ നാമകരണം ചെയ്തിരിക്കുന്നു പല കമ്പനികളും. ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും തമ്മിലുളള വ്യത്യാസം തിരിച്ചറിയാനാവാത്ത വിധം ബ്ലൈന്‍ഡ് സ്‌പോട്ടിലാണ് നാം നില്‍ക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ പരസ്യം നല്‍കുന്നതാണ് ബ്രാന്‍ഡിംഗ് എന്ന നിസ്സാരമായ കാഴ്ചപ്പാടിലേക്ക് ബിസിനസുകാരനെ എത്തിക്കുന്ന പരസ്യ കമ്പനികളും കുറവല്ല. ബ്രാന്‍ഡിംഗിനെക്കുറിച്ചുളള യഥാര്‍ത്ഥത്തിലുളള അറിവ് നമ്മെ നമ്മുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യ പ്രചരണങ്ങള്‍ എങ്ങിനെ ചെയ്യണം എന്നതിന് വ്യക്തമായ ഉള്‍ക്കാഴ്ച നല്‍കുന്നു.
പരസ്യമല്ല ബ്രാന്‍ഡിംഗ് എന്ന തിരിച്ചറിവിലേ്ക്ക് നാമെത്തണം. മാര്‍ക്കറ്റിംഗ് ഉപഭോക്താവിനെ ഉല്‍പ്പന്നം വാങ്ങിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇത് പുഷിംഗ് (Pushing) തന്ത്രമാണ്. ഉപഭോക്താവിനെ പ്രലോഭിപ്പിക്കുന്ന തന്ത്രം. പരസ്യങ്ങളിലൂടെയും ഓഫറുകളിലൂടെയും ഉപഭോക്താവിനെ പ്രലോഭിപ്പിക്കുകയും ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യുന്ന മാര്‍ക്കറ്റിംഗ് തന്ത്രത്തിന്റെ നേരെ വിപരീതമാണ് ബ്രാന്‍ഡിംഗ്. ബ്രാന്‍ഡിംഗില്‍ ഉല്‍പ്പന്നത്തിലുളള വിശ്വാസ്യതയില്‍ ഉപഭോക്താവ് സ്വയമേ ആകൃഷ്ടനാകുന്നു. ഉല്‍പ്പന്നം ഉപഭോക്താവിനെ തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. ഇത് പുളളിംഗ് (Pulling) തന്ത്രമാണ്.
ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടെയും സ്വഭാവ സവിശേഷതകളും മൂല്യങ്ങളും ഉപഭോക്താക്കളുമായി സംവേദിക്കപ്പെടണം. സ്ഥാപനത്തിന്റേയും ഉല്‍പ്പന്നത്തിന്റേയും മുകളില്‍ ഉപഭോക്താവിന്റെ കൂറ് വളര്‍ത്തുവാന്‍ ബ്രാന്‍ഡിംഗിലൂടെ കഴിയണം. പരസ്യം എന്ന മൂന്നക്ഷരങ്ങളില്‍ ഒതുക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല ബ്രാന്‍ഡിംഗ്. കൃത്യതയാര്‍ന്ന സൂക്ഷ്മമായ ബ്രാന്‍ഡിംഗ് തന്ത്രമില്ലാത്ത സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പരാജയപ്പെടുന്നതിന്റെ കാരണം ബ്രാന്‍ഡിംഗിനെക്കുറിച്ചുളള യഥാര്‍ത്ഥ അറിവില്ലായ്മയാണ്.
സംവേദനത്തിന്റെ ശക്തി
സ്ഥാപനത്തില്‍ നിന്നും ഉപഭോക്താവിലേക്കെത്തുന്ന ഏതു സംവേദനവും ബ്രാന്‍ഡിംഗ് ആണ്. റിസപ്ഷന്‍ കൗണ്ടറിലെ പെണ്‍കുട്ടിയുടെ സംവേദനവും റസ്റ്റോറന്റില്‍ ഭക്ഷണം വിളമ്പുന്ന വെയ്റ്ററുടെ സംവേദനവും ഡോക്ടറുടെ രോഗിയോടുളള സംവേദനവും സെയില്‍സ്മാന്റെ ഉപഭോക്താവിനോടുളള സംവേദനവും എല്ലാം ബ്രാന്‍ഡിംഗ് ആകുന്നു. സ്ഥാപനത്തിലെ ഓരോ വ്യക്തിയുടെയും മാന്യമായ പെരുമാറ്റവും സംവേദനവും ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു. ഒരു വെയ്റ്ററുടെ മാന്യമായ പെരുമാറ്റവും സംഭാഷണവും മതി ഒരു റസ്റ്റോറന്റിനോടുളള കസ്റ്റമറുടെ മമത വര്‍ദ്ധിപ്പിക്കുവാന്‍.
ഞാനെങ്ങിനെ വ്യത്യസ്തനാകുന്നു
എന്റെ ലോഗോയും ഡിസൈനുമല്ല എന്നെ വ്യത്യസ്തനാക്കുന്ന ഘടകം. വളരെ ആഴമേറിയ ഒരു പഠനം ഇവിടെ ആവശ്യമാണ്. എന്റെ സ്ഥാപനം എന്താണ്? അതിന്റെ ലക്ഷ്യം എന്താണ്? എന്താണ് എന്റെ സ്ഥാപനത്തേയും ഉല്‍പ്പന്നങ്ങളേയും സേവനങ്ങളേയും വ്യത്യസ്തമാക്കുന്നത്? എന്ത് അതുല്യതയാണ് എന്റെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അവകാശപ്പെടാനുളളത്? എന്ത് പ്രത്യേകതയാണ് എന്റെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉളളത് ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടലോടെയാണ് ബ്രാന്‍ഡിംഗ് ആരംഭിക്കുന്നത്. ഏത് തരം ഉപഭോക്താക്കളെയാവണം താന്‍ ലക്ഷ്യം വെക്കേണ്ടത് എന്നതിനുളള ഉത്തരം ഈ ചോദ്യങ്ങള്‍ നല്‍കും
ആരാണ് യഥാര്‍ത്ഥ ഉപഭോക്താവ്?
എന്റെ ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും യഥാര്‍ത്ഥ ഉപഭോക്താവ് ആരാണ്? ഇത് കണ്ടെത്തലാണ് അടുത്ത യത്‌നം. എന്റെ ടാര്‍ഗറ്റ് സെഗ്മെന്റ് ഏതാണ് എന്നത് കൃത്യമായി നിര്‍വചിക്കപ്പെടണം. എന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഏറ്റവും പരമ പ്രധാനമായ ഉത്തരം ഈ ചോദ്യത്തിന്റേതാണ്.
വളരെ വിശദമായ മാര്‍ക്കറ്റ് സ്റ്റഡിയും ഡാറ്റ അനാലിസിസുമൊക്കെ ഇതിനാവശ്യമായി വരാം. പരസ്യത്തിനായി മുടക്കുന്ന വന്‍ തുക നഷ്ടപ്പെടാതിരിക്കണമെങ്കില്‍ അവ യഥാര്‍ത്ഥ ഉപഭോക്താക്കളെ ലക്ഷ്യം വച്ചുളളതാവണം. ഉല്‍പ്പന്നം വാങ്ങണോ വേണ്ടയോ എന്ന തീരുമാനം എടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് യഥാര്‍ത്ഥ ഉപഭോക്താവ്. അത്തരം വ്യക്തികളെ വെച്ചാവണം തന്ത്രങ്ങള്‍ മെനയേണ്ടത്. മറ്റെല്ലാ ഗുണങ്ങള്‍ ഉണ്ടായിട്ടും പല ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാര്‍ക്കറ്റില്‍ പരാജയപ്പെടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഇതാണ്. യഥാര്‍ത്ഥ ഉപഭോക്താവിനെ തിരിച്ചറിയുക എന്നത് ബ്രാന്‍ഡിംഗ് പ്രക്രിയയുടെ മര്‍മ്മ പ്രധാനമായ ഭാഗമാണ്.
ഉല്‍പ്പന്നത്തിന്റെ അവതരണം
മാര്‍ക്കറ്റില്‍ എന്റെ ഉല്‍പ്പന്നത്തിന്റെയും സേവനങ്ങളുടെയും അവതരണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. ഉല്‍പ്പന്നങ്ങളുടെ സവിശേഷതകളും മൂല്യങ്ങളും ഉപഭോക്താവിലേക്കെത്തിച്ചു കൊണ്ട് മാര്‍ക്കറ്റില്‍ അവയുടെ സ്ഥാനം കണ്ടെത്തുക ശ്രമകരമായ ഒരു ദൗത്യമാണ്. മാര്‍ക്കറ്റില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വ്യക്തിത്വം ഉണ്ടാക്കിയെടുക്കുക നിരന്തരമായ ബ്രാന്‍ഡിംഗ് പ്രക്രിയയിലൂടെ മാത്രമേ സാധിക്കുകയുളളു. ഉല്‍പ്പന്നങ്ങളുടെ ഗുണവും മൂല്യവും ഈ വ്യക്തിത്വം കണ്ടെത്താന്‍ അവയെ സഹായിക്കുന്നു. പരസ്യ വാചകങ്ങളിലൂടെ മാത്രം കെട്ടിപ്പൊക്കുന്ന ഇമേജ് വളരെ നൈമിഷികമാണ്.
ഉപഭോക്താവും ഉല്‍പ്പന്നവും തമ്മിലുളള നിരന്തര സംസ്സര്‍ഗ്ഗത്തിലൂടെ ഉടലെടുക്കുന്ന വിശ്വാസവും അടുപ്പവുമാണ് ഒരു ബ്രാന്‍ഡിനെ സൃഷ്ടിക്കുന്നത്. ന്യായീകരിക്കാനാവാത്ത വില ഉല്‍പ്പന്നത്തിന് ഈടാക്കി, ആ പണം പരസ്യങ്ങള്‍ വഴി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുവാനുപയോഗിക്കുന്ന തന്ത്രങ്ങള്‍ ദീര്‍ഘമായ ഒരു നിലനില്‍പ് സൃഷ്ടിക്കുന്നില്ല. ആത്യന്തികമായി ഉപഭോക്താവ് വിലയിരുത്തുന്നത് ഉല്‍പ്പന്നത്തിന്റെ ഗുണവും മൂല്യവും തന്നെയാണ്. ഉല്‍പ്പന്നത്തിന്റെ മാര്‍ക്കറ്റിലെ വ്യക്തിത്വം അതു തന്നെയാകണം. സ്ഥാപനത്തിന്റെ ഏതൊരു പ്രവൃത്തിയും ബ്രാന്‍ഡിംഗ് തന്നെയാണ്.
കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് ബ്രാന്‍ഡിംഗില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ബ്രാന്‍ഡ് മാര്‍ക്കറ്റില്‍ പ്രതിഫലിക്കപ്പെടുന്നത് കസ്റ്റമറിന്റെ തൃപ്തിയിലൂടെയാണ്. ഒരു ഹോസ്പിറ്റലിലെ രോഗികളുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്നത് ആ ഹോസ്പിറ്റല്‍ ബ്രാന്‍ഡിന്റെ മൂല്യം ഉയര്‍ത്തും. ഇത് പരസ്യത്തിലൂടെ മാത്രം സാധിക്കുന്ന കാര്യമല്ല. നിസ്സാരമെന്ന് നമ്മള്‍ വിചാരിക്കുന്ന ഓരോ പ്രക്രിയയ്ക്കും ബ്രാന്‍ഡിനു മേല്‍ സ്വാധീനമുണ്ടാവാം. പ്രക്രിയാധിഷ്ഠിതമായി ഉപഭോക്താവിന്റെ തൃപ്തി്ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്‌ക്കാരം സ്ഥാപനങ്ങളില്‍ വളര്‍ന്നു വരേണ്ടതാണ്.
ഒരു കുട്ടിയെ മാതാപിതാക്കള്‍ എങ്ങിനെ വളര്‍ത്തുന്നുവോ അതു പോലെ തന്നെ സൂക്ഷ്മതയോടു കൂടി വേണം ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കുവാന്‍ ഇവിടെ പലപ്പോഴും ബ്രാന്‍ഡിംഗിന്റെ അവസാനവാക്ക് പരസ്യം സൃഷ്ടിക്കുന്നയാളാണ്. അതു തന്നെയാണ് പലപ്പോഴും ബ്രാന്‍ഡിന്റെ ശാപവും.
അടുത്ത തവണ പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതിന് മുന്‍പ് ആലോചിക്കു, ഞാന്‍ കൃത്യമായി എന്റെ ബ്രാന്‍ഡിനെ നിര്‍വ്വചിച്ചോ? എന്ത് പ്രയോജനമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് ?
മാര്‍ക്കറ്റിംഗും ബ്രാന്‍ഡിംഗും തമ്മിലുളള വ്യത്യാസം മനസ്സിലാക്കുക. സ്ഥാപനം ബ്രാന്‍ഡിനെ പിന്‍തുണയ്ക്കുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരുവാന്‍ ശ്രമിക്കുക.
കസ്റ്റമറുടെ തൃപ്തി സ്ഥാപനത്തിന്റെ ഉന്നതമായ ലക്ഷ്യമാവട്ടെ.