ഭയങ്കര എലിശല്യം. കൃഷിക്കാരന്‍ ഒരു എലിക്കെണി വാങ്ങി. കൃഷിക്കാരനും ഭാര്യയും കൂടി അത് തയ്യാറാക്കി തോട്ടത്തില്‍ വെച്ചു.
ഇത് കണ്ട ചിന്നന്‍ എലി ഞെട്ടിപ്പോയി. അവന്‍ മാളത്തില്‍ നിന്നും പുറത്തിറങ്ങി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ”തോട്ടത്തില്‍ എലിക്കെണി വെച്ചിട്ടുണ്ട്. തോട്ടത്തില്‍ എലിക്കെണി വെച്ചിട്ടുണ്ട്.”
ഇതുകേട്ട പൂവന്‍ കോഴി പറഞ്ഞു. ”മിസ്റ്റര്‍ ചിന്നന്‍ നിന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ഗുരുതരമായ വിഷയം തന്നെ. പക്ഷേ അത് എന്നെ ബാധിക്കുന്ന ഒന്നല്ല.”
പിന്നീട് ചിന്നന്‍ തടിയന്‍ പന്നിയുടെ അടുത്തെത്തി പറഞ്ഞു. ”തോട്ടത്തില്‍ എലിക്കെണി വെച്ചിട്ടുണ്ട്”. തടിയന്‍ പന്നി ചിന്നനെ ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു. ”നിന്റെ കാര്യത്തില്‍ എനിക്ക് ദുഃഖമുണ്ട് ചിന്നാ, ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.”
ചിന്നന്‍ ഓടി നന്ദിനി പശുവിന്റെ അടുത്തുചെന്നു തോട്ടത്തില്‍ എലിക്കെണി വെച്ച കാര്യം പറഞ്ഞു.
നന്ദിനി പശു പറഞ്ഞു. ”ചിന്നാ, നീ വളരെ സൂക്ഷിക്കണം. എനിക്ക് ഇതുമൂലം ഒരു പ്രശ്‌നവും ഇല്ല.”
ഭയം കൊണ്ടും ദുഃഖം കൊണ്ടും വിവശനായ ചിന്നന്‍ മാളത്തിലേക്ക് തിരിച്ചു പോയി.
രാത്രി എലിക്കെണിയില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട കൃഷിക്കാരന്റെ ഭാര്യ എലിക്കെണി തുറന്ന് നോക്കി. ഇരുട്ടായത് കൊണ്ട് ഒന്നും കാണുന്നില്ല. ഉഗ്രവിഷമുള്ള ഒരു പാമ്പിന്റെ വാലായിരുന്നു കെണിയില്‍ പെട്ടത്. ഇതറിയാതെ അവള്‍ എലിക്കെണി എടുത്തപ്പോള്‍ പാമ്പ് അവളുടെ കൈയ്യില്‍ കൊത്തി. അവള്‍ അപ്പോള്‍ത്തന്നെ ബോധരഹിതയായി താഴെ വീണു.
കെണിയില്‍ പെട്ട് കിടക്കുന്ന പാമ്പിനേയും ബോധരഹിതയായി കിടക്കുന്ന ഭാര്യയേയും കണ്ട കൃഷിക്കാരന്‍ കാര്യം മനസിലാക്കി വിഷഹാരിയെ വിളിക്കാന്‍ ഓടി.
വിഷഹാരി ഭാര്യയെ പരിശോധിച്ചു. എന്നിട്ട് പറഞ്ഞു. ”കൊടിയ വിഷമുള്ള പാമ്പാണ് കടിച്ചിരിക്കുന്നത്. ഒരു പൂവന്‍ കോഴിയെ കൊണ്ടുവന്ന് അതിന്റെ കഴുത്തു മുറിച്ച് കടിയേറ്റ ഭാഗത്ത് ചേര്‍ത്ത് പിടിക്കണം.”
കൃഷിക്കാരന്‍ പൂവന്‍ കോഴിയെ പിടിച്ചു. വിഷഹാരി അവന്റെ കഴുത്ത് മുറിച്ച് പാമ്പിന്റെ കടിയേറ്റ ഭാഗത്ത് ചേര്‍ത്ത് വെച്ചു.
പക്ഷേ ഭാര്യ അബോധാവസ്ഥയില്‍ തന്നെ തുടര്‍ന്നു. അവളെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി. അവര്‍ക്ക് ഭക്ഷണമൊരുക്കാനായി കൃഷിക്കാരന്‍ പന്നിയെ കൊന്ന് കറിവെച്ചു.
രണ്ടു ദിവസം കഴിഞ്ഞു ഭാര്യ മരിച്ചു. അവളുടെ അടിയന്തിരത്തിന് ഭക്ഷണം നല്‍കുവാനായി കൃഷിക്കാരന്‍ നന്ദിനി പശുവിനെ കൊന്നു.
തന്റെ മാളത്തിലിരുന്ന് ചിന്നന്‍ എലി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ചിന്നന്റെ പ്രശ്‌നം തങ്ങളുടെ പ്രശ്‌നമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയവരൊക്കെ പ്രശ്‌നത്തില്‍ പെട്ടു.
സമൂഹത്തില്‍ മറ്റുള്ളവരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ നമ്മുടെ സമീപനവും ഇത് തന്നെയാണ്. തന്നെ ബാധിക്കാത്ത പ്രശ്‌നങ്ങള്‍ എന്ന് വിചാരിക്കുന്നവ ഇന്നല്ലെങ്കില്‍ നാളെ നമ്മളെ തേടിയെത്തും. മറ്റുള്ളവരുടെ പ്രശ്‌നങ്ങളില്‍ അവരെ സഹായിക്കാന്‍ നാം കാട്ടുന്ന വിമുഖത നാളെ നമുക്കാപത്തായി തീരും.
സമൂഹത്തിന്റെ ഓരോ പ്രശ്‌നവും നമ്മുടെ പ്രശ്‌നം തന്നെയാണ്. അത് കൂട്ടായ്മയിലൂടെ പരിഹരിക്കപ്പെടേണ്ടതാണ്. ഒരുമിച്ച് പ്രശ്‌നങ്ങളെ നേരിട്ടാല്‍ മാത്രമേ സഹജീവികളെ സഹായിക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ. സമൂഹം വലിയൊരു ജൈവ വ്യവസ്ഥയാണ്. ഒരു വ്യക്തിയുടെ, വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരിലും പ്രതിഫലിക്കും. ഒഴിഞ്ഞുമാറ്റം ഒരു പരിഹാരമല്ല.
സ്‌നേഹം, ദയ, കരുണ എന്നിവയില്‍ അടിസ്ഥാനപ്പെട്ടതാണ് ജീവിതം. സ്വാര്‍ത്ഥത ഇവയെ ഇല്ലാതെയാക്കും. ഞാനും എന്റെ കുടുംബവും എന്ന കാഴ്ചപ്പാട് മാറി സമൂഹജീവിയായി നാം രൂപാന്തരം പ്രാപിക്കുമ്പോള്‍ മാത്രമേ സമൂഹം വികസിക്കുകയുള്ളൂ. ചെറിയ മനസ്സില്‍ നിന്നും വലിയ മനസ്സിലേക്ക് നമുക്ക് ഉയരാന്‍ സാധിക്കണം.