ഒരിക്കല്‍ മിഡാസ് എന്ന് പേരുള്ള ഒരു രാജാവ് ജീവിച്ചിരുന്നു. സ്വര്‍ണ്ണത്തോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാളായിരുന്നു അദ്ദേഹം. എത്രമാത്രം സ്വര്‍ണ്ണം ലഭിക്കുന്നുവോ അത്രമാത്രം ആര്‍ത്തി കൂടി കൂടി വന്നു. ദിവസങ്ങളോളം സ്വര്‍ണ്ണം അളന്ന് നോക്കി അദ്ദേഹം നിലവറയില്‍ കഴിച്ചുകൂട്ടും. സ്വര്‍ണ്ണം എത്ര കിട്ടിയാലും മതിവരാത്ത സ്വഭാവം.
ഒരിക്കല്‍ അപരിചിതനായ ഒരു വ്യക്തി രാജാവിനെ കാണാനെത്തി. അദ്ദേഹം അസാമാന്യ സിദ്ധികളുള്ള ഒരാളായിരുന്നു. അദ്ദേഹം രാജാവിനോട് ഇഷ്ട്മുള്ള ഒരു വരം ചോദിച്ചുകൊള്ളുവാന്‍ പറഞ്ഞു. രാജാവ് അതീവസന്തോഷവാനായി താന്‍ തൊടുന്നതെല്ലാം സ്വര്‍ണ്ണമായി തീരുവാനുള്ള വരം ആവശ്യപ്പെട്ടു. പിറ്റേന്ന് മുതല്‍ രാജാവിന്റെ ആഗ്രഹം സാധിക്കപ്പെടും എന്ന ഉറപ്പ് നല്കി ആ അപരിചിതന് അപ്രത്യക്ഷനായി.
പിറ്റേദിവസം രാവിലെ ഉറക്കമുണര്‍ന്ന രാജാവ് ആഹ്ളാദഭരിതനായിരുന്നു. ഇന്ന് മുതല്‍ ”സുവര്‍ണ്ണ സ്പര്‍ശമുള്ള” അപൂര്‍വ്വവ്യക്തിത്വമാണ് താനെന്ന ചിന്ത രാജാവിനെ കോരിത്തരിപ്പിച്ചു. മെത്തയില്‍ കൈകുത്തി എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ മെത്ത സ്വര്‍ണ്ണമായി മാറി. പുസ്തകം വായിക്കുവാനായി കൈയിലെടുത്തപ്പോള്‍ അതും സ്വര്‍ണ്ണമായി മാറി.
രാജാവിന് വല്ലാതെ വിശന്നു. ഭക്ഷണം കഴിക്കുവാനായി അത് കൈയിലെടുത്തപ്പോള്‍ അത് സ്വര്‍ണ്ണമായി മാറിക്കഴിഞ്ഞിരുന്നു. തനിക്ക് ഇനി ഭക്ഷണം കഴിക്കാനാവില്ല എന്ന് രാജാവ് ഒരു വേദനയോടെ മനസിലാക്കി. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്ക്കാന് തുടങ്ങിയ രാജാവിന്റെ അരികിലേക്ക് മകള്‍ ഓടി വന്നു. രാജാവ് മകളെ ആശ്ലേഷിച്ചതോടെ അവള് ഒരു സ്വര്‍ണ്ണപ്രതിമയായി മാറിപ്പോയി.
രാജാവ് അസഹ്യമായ ദു:ഖത്തിന് അടിപ്പെട്ടു. അദ്ദേഹം കരയുവാന്‍ ആരംഭിച്ചു. തനിക്ക് ലഭിച്ച വരം വലിയൊരു ശാപമായി മാറി എന്ന് രാജാവിന് മനസ്സിലായി. കരയുന്ന രാജാവിന്റെ മുന്നിലേക്ക് വരം നല്കിയ അപരിചിതന് വീണ്ടും വന്നെത്തി. അദ്ദേഹം രാജാവിനോട് സന്തുഷ്ട്നല്ലേ എന്ന് ആരാഞ്ഞു. രാജാവ് അപരിചിതന് മുന്നില്‍ കൈകൂപ്പി യാചിച്ചു ”എന്റെ എല്ലാ സ്വര്‍ണ്ണവും അങ്ങേക്ക് ഞാന്‍ നല്‍കാം. എനിക്ക് എന്റെ മകളെ തിരികെ നല്‍കൂ. അവളില്ലാതെ എനിക്ക് ജീവിക്കുവാന്‍ ആവില്ല.”
അപരിചിതന് രാജാവിനോട് പറഞ്ഞു ”താങ്കള്‍ മുന്പത്തേക്കാള് ജ്ഞാനി ആയിരിക്കുന്നു.” അദ്ദേഹം രാജാവിന് നല്കിയ വരം തിരിച്ചെടുത്തു. എല്ലാം പഴയപടിയായി. രാജാവ് തന്റെ മകളെ കെട്ടിപ്പിടിച്ചു അപരിചിതനായ ആ വ്യക്തിയോട് നന്ദി പറഞ്ഞു.
ധനത്തോടുള്ള ആര്‍ത്തി നമുക്കൊരിക്കലും തീരില്ല. കിട്ടുന്തോറും അത് കൂടിക്കൊണ്ടേയിരിക്കും. ആദ്യം അത് ഒരു രസമായിരിക്കും. പിന്നീട് അത് നമ്മുടെ സ്വഭാവത്തിന്റെ ഭാഗമാകും. ഒരു ഒഴിയാബാധ പോലെ അത് മനസ്സിനെ കീഴടക്കും. ഊണിലും ഉറക്കത്തിലും അത് തന്നെയാവും ചിന്ത. ജീവിതം തന്നെ ധനസമ്പാദനത്തിനായി നാം ഉഴിഞ്ഞു വെക്കും.
ആര്‍ത്തി കൂടുന്നതോടെ കിട്ടിയതൊന്നും മതിയാവാതെ വരും. ഇല്ലാത്തതിനേക്കാള്‍ വലിയ ദുഖമാകും ചിലപ്പോള്‍ ആഗ്രഹിച്ചത് നേടിക്കഴിയുമ്പോള്‍. വിലപിടിച്ച മറ്റ് പലതും നഷ്ട്പ്പെടുത്തി നേടുന്ന ധനത്തിന് ചിലപ്പോള്‍ നഷ്ട്പ്പെട്ടതൊന്നും തിരികെ കൊണ്ടുവരാന്‍ സാധിക്കുകയില്ല.
ജീവിതത്തില്‍ പകരക്കാരില്ല. നമുക്ക് പകരം മറ്റാരേയും നിയോഗിക്കുവാന്‍ കഴിയുകയില്ല. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങള്‍ നമുക്ക് തിരുത്തുവാനാവില്ല. രാജാവിനെപ്പോലെ ഒരു രണ്ടാമൂഴം നമുക്ക് ലഭിക്കുകയില്ല. ധനത്തിനോടുള്ള ആര്‍ത്തി ജീവിത ദു:ഖങ്ങള്‍ക്ക് കാരണമാകാതെയിരിക്കാന് നാം ശ്രദ്ധിക്കേണ്ടതുണ്ട്. അധികമായാല്‍ അമൃതും വിഷം തന്നെ.