ബാഗ്ദാദില്‍ നിന്നും ഒരു യാത്രാസംഘം മെക്കയിലേക്ക് പോവുകയാണ്. പഴയ കാലമായതിനാല്‍ കാല്‍നടയായാണ് യാത്ര. വൃദ്ധരും ചെറുപ്പക്കാരും ബാലകരും എല്ലാം യാത്രക്കാരിലുണ്ട്. വിജനമായ ഒരു പ്രദേശത്ത് എത്തിയപ്പോള്‍ അവരെ ഒരു കൊള്ളസംഘം വളഞ്ഞു.
യാത്രക്കാരുടെ കയ്യില്‍ ഉണ്ടായിരുന്ന പണവും ആഭരണങ്ങളും മറ്റ് വസ്തുക്കളും അവര്‍ കൊള്ളയടിച്ചു. നിസ്സഹായരായ യാത്രക്കാര്‍ക്ക് അവരെ എതിര്‍ക്കുവാന്‍ കഴിഞ്ഞില്ല. സര്‍വ്വതും കൊള്ളയടിച്ച ശേഷം അവര്‍ യാത്രക്കാരെ ആട്ടിയോടിച്ചു.
യാത്രക്കാര്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് കൊള്ളത്തലവന് ഒരു ബാലകന്റെ കയ്യിലെ തുണിസഞ്ചി കണ്ടത്. അയാള്‍ ബാലനോട് അതിലെന്താണ് എന്ന് ചോദിച്ചു. ”ഇതില്‍ നാല്‍പ്പത് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ട്” ബാലന് മറുപടി പറഞ്ഞു.
ബാലന്റെ മറുപടി അയാള്‍ക്ക് രസകരമായി തോന്നി. സ്വര്‍ണ്ണനാണയങ്ങള്‍ ആ സഞ്ചിയില്‍ ഉണ്ടായിരുന്നെങ്കില്‍ ബാലന് അങ്ങനെ പറയില്ലായിരുന്നു എന്നയാള്‍ക്ക് ഉറപ്പായിരുന്നു. എങ്കിലും അയാള്‍ അവന്റെ തുണിസഞ്ചി തട്ടിപ്പറിച്ച് അതിലെ തുണികളെല്ലാം കുടഞ്ഞ് നിലത്തേക്കിട്ടു. നാല്‍പ്പത് സ്വര്‍ണ്ണനാണയങ്ങള്‍ ആ സഞ്ചിയില്‍ നിന്ന് തെറിച്ചു മണലിലെല്ലാം ചിതറി വീണു.
നിര്‍ദ്ധനനായി തോന്നുന്ന ബാലന്റെ കയ്യില്‍ നാല്‍പ്പത് സ്വര്‍ണ്ണനാണയങ്ങളോ? ”ഇത് നിനക്ക് എവിടെനിന്ന് കിട്ടി” ആശ്ചര്യപൂര്‍വ്വം അയാള്‍ അവനോടു ചോദിച്ചു. ”ഞാന്‍ പഠനത്തിനായി മെക്കയിലേക്ക് പോകുകയാണ്. എന്റെ പഠനത്തിന്റെ ചിലവിനായി എന്റെ മാതാവ് നല്കിയ പണമാണിത്” ബാലന് മറുപടി പറഞ്ഞു.
”സഞ്ചിയില്‍ എന്താണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ നിനക്ക് അതില്‍ തുണികള്‍ മാത്രമുള്ളൂ എന്ന് പറയാമായിരുന്നു. എങ്കില്‍ ഞാന്‍ ഇത് പരിശോധിക്കുകയില്ലായിരുന്നു. പിന്നെ നീ എന്തിനാണ് ഇതില്‍ സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞത്” അയാള്‍ ചോദിച്ചു.
”ആരോടും കള്ളം പറയരുത് എന്നാണ് എന്റെ മാതാവ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. തല പോയാലും സത്യം മാത്രമേ ഞാന്‍ പറയുകയുള്ളൂ”. ബാലന് തലയുയര്‍ത്തിപ്പിടിച്ച് പറഞ്ഞു.
”ഈ നാണയങ്ങള്‍ ഞാന്‍ എടുത്താല്‍ നീ നിന്റെ പഠനച്ചിലവ് എങ്ങിനെ കണ്ടെത്തും” അയാള്‍ വീണ്ടും ചോദിച്ചു.
”എനിക്ക് അറിയില്ല. പക്ഷേ എനിക്ക് ഭയമില്ല. നിങ്ങള്‍ ഈ പണം എടുക്കുമെന്ന് കരുതി ഞാന്‍ സത്യത്തില്‍ നിന്നും വ്യതിചലിച്ചിട്ടില്ല. എന്റെ മാതാവ് എന്നെ അതാണ് പഠിപ്പിച്ചിരിക്കുന്നത്”. ബാലന് പറഞ്ഞു.
അവന്റെ കണ്ണുകളിലെ തീഷ്ണത അയാളുടെ ശക്തി ചോര്‍ത്തി. അയാള്‍ ജീവിതത്തില്‍ ആദ്യമായി ഭയചകിതനായി. സത്യത്തിന്റെ മുഖം ആയുധങ്ങളില്ലാതെ തന്നെ കീഴടക്കുന്നതായി അയാള്‍ക്ക് തോന്നി. അയാള്‍ ആ പണം അവനെ ഏല്‍പ്പിച്ചു തിരിച്ചുനടന്നു.
ആധുനിക ലോകത്തില്‍ നാം അറിഞ്ഞും അറിയാതെയും പഠിക്കുന്നതും പഠിപ്പിക്കുന്നതും സത്യസന്ധരായാല്‍ ഈ ലോകത്തില്‍ ജീവിക്കുവാന്‍ ബുദ്ധിമുട്ടാണ് എന്ന സന്ദേശമാണ്. മൂല്യങ്ങള്‍ നന്മ നിറഞ്ഞ നല്ല ജീവിതത്തിന്റെ അടിത്തറയാണ് എന്ന മഹാസത്യം നാം പലപ്പോഴും മറക്കുന്നു. ഈ ലോകം കിടമത്സരത്തിന്റെ, പോരാട്ടങ്ങളുടെ ഒരു യുദ്ധഭൂമിയാണെന്നും ഇവിടെ സത്യസന്ധത ഒരു ആര്‍ഭാടമാണെന്നും നാം വിശ്വസിക്കുന്നു.
കുട്ടികളെ സത്യസന്ധരാക്കി വളര്‍ത്താന്‍ നമുക്ക് കഴിയണം. അത് തലയുയര്‍ത്തി നില്ക്കാന് അവരെ പ്രാപ്തരാക്കും. അവരുടെ തലക്ക് അസത്യത്തിന്റെ ഭാരമുണ്ടായിരിക്കില്ല. കള്ളങ്ങള്‍ നല്കുന്ന നേട്ടങ്ങള്‍ താത്കാലികം മാത്രമാണ്. മൂല്യത്തില്‍ അവ വരുത്തുന്ന വിള്ളലുകള്‍ പരിഹരിക്കുക എളുപ്പമല്ല.
കുട്ടികള്‍ കള്ളം പറയുമ്പോള്‍, മോഷണം നടത്തുമ്പോള്‍, മറ്റുള്ളവരെ അനാവശ്യമായി കുറ്റപ്പെടുത്തുമ്പോള്‍ നാം മൗനം പാലിക്കാറുണ്ടോ? എങ്കില്‍ ഓര്‍ക്കുക നാം അവരെ പ്രോത്സാഹിപ്പിക്കുകയാണ്. കുട്ടികള്‍ക്ക് മുന്നില്‍ നാം കള്ളം പറയാറുണ്ടോ? എങ്കില്‍ ഓര്‍ക്കുക അവര്‍ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ ഏറ്റവും വലിയ റോള്‍ മോഡല്‍സ് അച്ഛനും അമ്മയുമാണ്. ആദ്യം നമുക്ക് സത്യസന്ധരാകാം നമ്മുടെ കുട്ടികള്‍ നമ്മുടെ പാത പിന്തുടരും. യാതൊരു സംശയവുമില്ല.