മുത്തുവിനെ ആദ്യമായി പരിചയപ്പെടുന്നത് ശ്രീധര്‍ തീയേറ്ററിന് മുന്നില്‍ വെച്ചാണ്. ഞാന്‍ എറണാകുളം സെന്റ് ആല്‍ബെര്‍ട്ട്‌സില്‍ ബിരുദത്തിന് പഠിക്കുന്ന കാലം. മിക്കവാറും എല്ലാ ആഴ്ചയിലും ഇംഗ്ലീഷ് ചിത്രം കാണാന്‍ ശ്രീധറില്‍ എത്തും. അങ്ങിനെ ഒരു ദിവസമാണ് മുത്തുവിനെ കണ്ടുമുട്ടിയത്.
മുത്തുവിന്റെ രണ്ട് കാലുകളും ശോഷിച്ചതാണ്. ചെറിയൊരു ഉന്തുവണ്ടിയില്‍ നിരങ്ങി നടന്നാണ് ഭിക്ഷാടനം. എപ്പോഴും പുഞ്ചിരിക്കുന്ന പ്രസന്നതയുള്ള മുഖം. തീയേറ്ററിന്റെ പുറത്ത് ഗേറ്റിനരികില്‍ നില്‍ക്കുന്ന എന്നെ നോക്കി മുത്തു ചിരിച്ചു. ഒരു സൗഹൃദം അവിടെ മോട്ടിടുകയായി.
മുത്തുവിന് അമ്മ മാത്രമേയുള്ളൂ. അവര്‍ തമിഴ്നാട്ടില്‍ ഒറ്റക്കാണ്. ഇവിടെ നിന്നും മുത്തു അയച്ചു നല്‍കുന്ന പണം കൊണ്ടാണ് അവര്‍ ജീവിക്കുന്നത്.
”എത്ര പണം ഒരു മാസം അമ്മക്ക് അയച്ചു കൊടുക്കും” ഞാന്‍ ചോദിച്ചു.
”പതിനായിരം രൂപ. നാട്ടില്‍ കുറെ കാര്യങ്ങളുണ്ട് എല്ലാം അമ്മയാണ് നോക്കുന്നത്. ബാക്കി കാശ് ഞാന്‍ ബാങ്കില്‍ ഇടും” മുത്തു മറുപടി പറഞ്ഞു.
അന്ന് മുത്തുവിന് ഒരു ഇരുപത് വയസ്സ് കാണും. മുത്തുവിന്റെ മുഖത്ത് നോക്കി അല്‍പ്പനേരം ഞാന്‍ ആരാധനയോടെ മൗനമായി നിന്നു.
ഭിക്ഷാടനം വളരെ വരുമാനസാധ്യതകളുള്ള ഒരു പ്രോഫഷന്‍ ആണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അന്നായിരുന്നു.
ആ സൗഹൃദം ഒരുപാട് കാലം നീണ്ടുനിന്നു. പിന്നീട് ജീവിതത്തിന്റെ തിരക്കില്‍ പരസ്പരം കാണാതായി. ഇപ്പോഴും ശ്രീധറിന്റെ അടുത്ത് ചെല്ലുമ്പോള്‍ കണ്ണുകള്‍ അറിയാതെ തിരയാറുണ്ട് ചിരിക്കുന്ന മുത്തുവിനേയും ആ ഉന്തുവണ്ടിയെയും.