വറീത് മുതലാളി ഒരു ജ്വല്ലറി ഉടമയാണ്. രാവിലെ ഒന്‍പത് മണിക്ക് കൃത്യമായി എന്നും കടയിലെത്തും. അപ്പോള്‍ മുതല്‍ തുടങ്ങുന്ന കാഷ് കൌണ്ടറിലെ ഇരിപ്പ് താത്കാലികമായി അവസാനിക്കുന്നത് വൈകിട്ട് നാല് മണിക്കാണ്. അപ്പോഴാണ് മുതലാളി ഊണ് കഴിക്കാനായി വീട്ടിലേക്ക് പോകുന്നത്.
വീട്ടില്‍ ചെന്ന് അന്നാമ്മ ചേടത്തി എടുത്തുവച്ചിരിക്കുന്ന ആഹാരം കഴിച്ചു ശരം വിട്ട പോലെ ആള്‍ തിരികെ എത്തും. പിന്നേയും തുടരുന്ന ഇരിപ്പ് അവസാനിക്കുന്നത് പത്തുമണിക്ക് കട അടക്കുമ്പോഴാണ്.
വറീത് മുതലാളിയുടെ ഈ ദിനചര്യ വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുന്നു. കാഷ് കൌണ്ടറില്‍ മറ്റാരെങ്കിലും ഇരിക്കുന്നത് അദ്ദേഹത്തിന് ചിന്തിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. ഊണിലും ഉറക്കത്തിലും ബിസിനസ് മാത്രമായിരുന്നു മുതലാളിയുടെ ചിന്തയില്‍.
ഒരു ദിവസം കടയില്‍ ഇരിക്കുമ്പോള്‍ മുതലാളിക്ക് പെട്ടെന്നൊരു നെഞ്ചുവേദന അനുഭവപ്പെട്ടു. കൌണ്ടറിന് മുകളിലേക്ക് മറിഞ്ഞുവീണ മുതലാളിയെ മകനും ജീവനക്കാരും കൂടി ആശുപത്രിയില്‍ എത്തിച്ചു. കുറച്ച് മാസങ്ങളോളം ചികിത്സയും വിശ്രമവും ഒക്കെ കഴിഞ്ഞ് മുതലാളി തിരികെ എത്തി.
ഈ സംഭവത്തിന് ശേഷം മുതലാളിയുടെ ദിനചര്യകളില്‍ വലിയ വ്യത്യാസം വന്നു. ഇപ്പോള്‍ അദ്ദേഹം കൃത്യസമയങ്ങളില്‍ ഭക്ഷണം കഴിക്കും. വീട്ടില്‍ പോയി ഒരു ഉച്ചമയക്കമൊക്കെ പതിവായി. മുതലാളിയുടെ ദിനചര്യകളൊക്കെ മാറിയിട്ടും ബിസിനസിന് ഒരു പ്രശ്‌നവും സംഭവിച്ചില്ല.
കഠിനമായ മാനസികസംഘര്‍ഷം അനുഭവിച്ച് ആരോഗ്യം നശിപ്പിച്ചാണോ നാം ബിസിനസ് ചെയ്യേണ്ടത്? കൃത്യമായ ഭക്ഷണവും വിശ്രമവും ശാന്തമായ മനസ്സും ബിസിനസ്‌കാരന് ആവശ്യമാണ്. അത്തരമൊരു ജീവിതരീതി പ്രാവര്‍ത്തികമാക്കുക തന്നെയല്ലേ സ്ഥിരമായ സമാധാനത്തിനുള്ള ഏക വഴി. അതോ വറീത് മുതലാളിയെപ്പോലെ പ്രകൃതിയുടെ തിരിച്ചടിക്കായി കാത്തുനില്‍ക്കണോ?