ടോം കാറോടിച്ച് പോവുകയാണ്. വളരെ അത്യാവശ്യമുള്ള ചില കാര്യങ്ങളുണ്ട്. അതുകൊണ്ട് അല്പ്പം വേഗതയിലാണ് പോക്ക്.
കുറച്ചുദൂരം ചെന്നപ്പോള്‍ വെടി പൊട്ടുന്ന പോലെ ഒരു ശബ്ധം. പിന്നില്‍ ഇടത് വശത്തെ ടയര്‍ പഞ്ചറായതാണ്. ടോം വണ്ടി റോഡരികില്‍ ചേര്‍ത്ത് നിര്‍ത്തി ഇറങ്ങി ജാക്കി എടുത്ത് ടയര്‍ മാറ്റാന്‍ തുടങ്ങി.
അഴിച്ച നട്ടുകള്‍ ടോം റോഡരികിലെ കാനയുടെ സ്ലാബില്‍ വെച്ചു. പിന്നീട് സ്റ്റെപ്പിനി എടുത്ത് മാറ്റിയ ടയറിന് പകരം ഇട്ടു. നട്ടുകള്‍ എടുക്കാനായി കൈകള്‍ നീട്ടിയപ്പോള്‍ അറിയാതെ കൈകള്‍ തട്ടി നട്ടുകള്‍ കാനയിലേക്ക് വീണ് ഒഴുകിപോയി.
ടോം വിഷണ്ണനായി റോഡുവക്കില്‍ കുത്തിയിരുന്നു. ആ സമയം അതുവഴി കടന്നുപോയ ഒരു കുട്ടി ടോമിനോട് എന്ത് പറ്റി എന്ന് ചോദിച്ചു. സംഭവിച്ച കാര്യങ്ങള്‍ ടോം കുട്ടിയോട് പറഞ്ഞു.
”ചേട്ടന്‍ വിഷമിക്കേണ്ട കാര്യമില്ല” കുട്ടി പറഞ്ഞു. ”മറ്റ് മൂന്ന് ടയറുകളില്‍ നിന്നും ഓരോ നട്ട് അഴിച്ചെടുത്ത് സ്റ്റെപ്പിനി ടയറില്‍ ഇടൂ. എന്നിട്ട് ഓടിച്ചുപോയി ആദ്യം കാണുന്ന വര്‍ക്ക്ഷോപ്പില്‍ കയറി മറ്റ് നട്ടുകള്‍ കൂടി ഇട്ടാല്‍ മതി.”
വ്യക്തികള്‍ ചെറുതോ വലുതോ ആവട്ടെ. എല്ലാവരില്‍ നിന്നും എന്തെങ്കിലുമൊക്കെ നമുക്ക് പഠിക്കുവാനുണ്ട്. നാം ജീവിതത്തില്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയും ഓരോ പാഠങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. എന്നാല്‍ അവബോധത്തില്‍ നിന്നുകൊണ്ട് അതിനെ കാണാത്തതിനാല്‍ നമുക്കത് തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.
പലരേയും സംബന്ധിച്ച് ഈ ഭൂമിയിലെ ഏറ്റവും വലിയ ബുദ്ധിമാന്‍ താന്‍ തന്നെയാണ്. താന്‍ കാണുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തന്നെയാണ് ശരി എന്ന ചിന്താഗതി പുലര്‍ത്തുന്നവര്‍. മറ്റുള്ളവരുടെ ചിന്താഗതികളോ പ്രവര്‍ത്തികളോ അംഗീകരിക്കാന്‍ ഇത്തരക്കാര്‍ക്ക് ഒരിക്കലും സാധിക്കുകയില്ല. അവയോട് ഒരു അസഹിഷ്ണുതാ മനോഭാവം പുലര്‍ത്തുന്നവര്‍. അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുവാന്‍ ഇത്തരക്കാര്‍ക്ക് മടിയായിരിക്കും.
അതികഠിനമായ തണുപ്പുള്ള ഒരു സമയം. കാട്ടില്‍ കുറച്ച് കുരങ്ങന്മാര്‍ കൂടി കരിയിലകള്‍ കൂട്ടിയിട്ട് കത്തിക്കാന്‍ ശ്രമം ആരംഭിച്ചു. പറന്ന് നടന്നിരുന്ന ഒരു മിന്നാമിനുങ്ങിനെ പിടിച്ച് കരിയിലക്കൂട്ടത്തില്‍ ഇട്ട് കുരങ്ങന്മാര്‍ ചുറ്റും ഇരുന്ന് ഊതിക്കത്തിക്കാന്‍ തുടങ്ങി.
ഇതുകണ്ട് തൊട്ടടുത്ത ഒരു ചാഞ്ഞ മരക്കൊമ്പില്‍ ഇരുന്ന കുരുവി പറഞ്ഞു ”നിങ്ങള്‍ ഈ ചെയ്യുന്നത് വിഡ്ഢിത്തമാണ്. അതൊരു മിന്നാമിനുങ്ങാണ് അത് കത്തില്ല.”
കുരങ്ങന്മാര്‍ കുരുവിയെ പുച്ഛത്തോടെ നോക്കി. വീണ്ടും ഊതി തീ കത്തിക്കാനുള്ള ശ്രമം തുടര്‍ന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വീണ്ടും കുരുവി അവരോട് പറഞ്ഞു ”നിങ്ങള്‍ വെറുതെ സമയം കളയുകയാണ്. ഇതില്‍ നിന്നും തീ ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.” ഇത്തവണ കുരങ്ങന്മാര്‍ക്ക് ദേഷ്യം വന്നു. അവര്‍ ക്രുദ്ധരായി കുരുവിയെ നോക്കി. എന്നിട്ട് തങ്ങളുടെ യത്‌നം തുടര്‍ന്നു.
ഈ വിഡ്ഢിത്തം കണ്ടു ക്ഷമ കെട്ട കുരുവി വീണ്ടും അവരെ ഉപദേശിച്ചു. ഉപദേശം കേട്ട് ക്ഷമ അറ്റ ഒരു കുരങ്ങന്‍ കുരുവിയെ ചാടിപ്പിടിച്ചു എന്നിട്ട് അതിന്റെ കഴുത്തു ഞെരിച്ച് കൊന്ന് കരിയിലക്കൂട്ടത്തിലേക്കിട്ടു.
ബുദ്ധിമാന്മാര്‍ ഉപദേശങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കും. അല്ലാത്തവര്‍ ഉപദേശിക്കുന്നവനെ ശിക്ഷിക്കും. ഉപദേശിക്കുന്നവര്‍ക്കും ഒരു കുഴപ്പമുണ്ട്. തങ്ങള്‍ ഉപദേശം നല്‍കുന്നത് വിവേകമുള്ളവര്‍ക്കാണോ അതോ വിഡ്ഢികള്‍ക്കാണോ എന്നവര്‍ തിരിച്ചറിയാറില്ല. വിഡ്ഢികള്‍ക്ക് ഉപദേശം വിളമ്പുന്നവര്‍ കുരുവിയുടെ വിധി ഏറ്റ് വാങ്ങുന്നു.
ഒരു ചെറിയ കുട്ടിയുടെ ഉപദേശം വളരെ അടിയന്തിരഘട്ടത്തില്‍ കാറോടിച്ചിരുന്നയാള്‍ക്ക് എങ്ങിനെ പ്രയോജനപ്പെട്ടു എന്ന് നോക്കുക. ഓരോ വിഷമഘട്ടത്തിലും അടിയന്തിര സന്ദര്‍ഭങ്ങളിലും നമുക്ക് ലഭിക്കുന്ന ചില ഉപദേശങ്ങള്‍ അമൂല്യങ്ങളായിരിക്കും. അവ തിരിച്ചറിയുവാനുള്ള വിവേകം നമുക്ക് ഉണ്ടായിരുന്നാല്‍ അത്തരം ഘട്ടങ്ങള്‍ തരണം ചെയ്യുവാന്‍ നമുക്കാകും.
ഈ ഭൂമിയില്‍ ആരും ചെറുതല്ല. നമുക്കായി തുറന്ന് വെച്ചിരിക്കുന്ന പുസ്തകങ്ങളാണ് ഓരോ വ്യക്തിയും. നമുക്കത് വായിക്കുവാന്‍ കഴിയണം എന്ന് മാത്രം.