ഭാസ്‌ക്കരനും കുടുംബവും മത്സ്യത്തൊഴിലാളികളായിരുന്നു.
ഭാസ്‌ക്കരനെ നിങ്ങള്‍ക്കറിയില്ല. എനിക്കൊപ്പം അഞ്ച് മുതല്‍ പത്തുവരെ ഒരേ ക്ലാസില്‍ ഭാസ്‌ക്കരന്‍ ഉണ്ടായിരുന്നു.
വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് ലഭിക്കുന്ന നീണ്ട ഇടവേളയില്‍ ഞങ്ങള്‍ ഭാസ്‌ക്കരന്റെ വീട്ടിലേക്ക് ഓടും.
അവിടെ ഭാസ്‌ക്കരന്റെ അമ്മ മീന്‍കറിയും മറ്റ് വിഭവങ്ങളുമായി ഞങ്ങളെ കാത്തിരിപ്പുണ്ടാവും. ഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ ചീറിപ്പായുന്നത് ഭാസ്‌ക്കരന്റെ ഉരുളന്‍വഞ്ചിയുടെ നേര്‍ക്കാണ്.
ആ വഞ്ചിയുമായി ഞങ്ങള്‍ പുഴയിലൂടെ ഊരുചുറ്റും. തുഴയുന്നതിനിടെ ഭാസ്‌ക്കരന്‍ മത്സ്യത്തൊഴിലാളികളുടെ വീരകഥകള്‍ പറയും. മത്സ്യങ്ങളെക്കുറിച്ചും അവയെ പിടിക്കുന്നതിനെക്കുറിച്ചും ഭാസ്‌ക്കരന്‍ ആധികാരികമായി വിശദീകരിക്കും. വായും പിളര്‍ന്നിരുന്ന് ഞങ്ങള്‍ ഭാസ്‌ക്കരന്റെ കഥകള്‍ കേള്‍ക്കും.
വഞ്ചി തുഴയാന്‍ പഠിപ്പിച്ചത് ഭാസ്‌ക്കരനാണ്. ഭാസ്‌കരന്റെ വീടിനെയും പരിസരത്തേയും ചൂഴ്ന്ന് എന്നും ഒരു മത്സ്യഗന്ധം നിലനിന്നിരുന്നു. ഭാസ്‌ക്കരനും അമ്മയ്ക്കും ആ വീട്ടിലെ എല്ലാവര്‍ക്കും ആ ഗന്ധമായിരുന്നു. ഞങ്ങള്‍ക്ക് ആ ഗന്ധം ഇഷ്ട്മായിരുന്നു കാരണം ഭാസ്‌ക്കരനും അമ്മയ്ക്കും ആ ഗന്ധമായിരുന്നല്ലോ.
സ്‌കൂളില്‍ വെച്ച് ടീച്ചര്‍ ചോദിച്ചു. ആരാകാനാണ് നിനക്ക് ഇഷ്ട്ടം? ഭാസ്‌ക്കരന്‍ പറഞ്ഞു ”ഞാന്‍ ആയാല്‍ എന്തോരം ആകും ടീച്ചറേ. പത്തുവരെ പഠിക്കും പിന്നീട് മീന്‍ പിടിച്ച് ജീവിക്കും.”
ഭാസ്‌കരന്‍ പറഞ്ഞപോലെ അവനൊരു മത്സ്യത്തൊഴിലാളി ആയി.
ആര്‍ത്തലച്ചുവന്ന പേമാരിക്കും കുത്തിയൊഴുകുന്ന വെള്ളത്തിനും നടുവില്‍ നെഞ്ചും വിരിച്ച് നിന്ന് ഈ പ്രളയത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്തിയത് അവരായിരുന്നു. കടലമ്മയുടെ മക്കള്‍. ഒരു നൂറ് ഭാസ്‌ക്കരന്മാര്‍.
അവര്‍ക്കും വീടിനും പരിസരത്തിനുമൊക്കെ ആ ഗന്ധമാണ്. ഭാസ്‌ക്കരനെ അറിയുന്ന എനിക്കറിയാം അത് നിറഞ്ഞ സ്നേഹത്തിന്റെ സുഗന്ധമാണ്. നിഷ്‌ക്കളങ്കരായ, പച്ച മനുഷ്യരുടെ ഗന്ധം.
ഇവര്‍ മത്സ്യഗന്ധമുള്ള ഗന്ധര്‍വന്മാര്‍.