കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സൗദി അറേബ്യയില്‍ നിന്ന് ഒരു വിളി.
സര്‍, എന്റെ പേര് സുരേഷ്. സാറിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാറുണ്ട്. എനിക്ക് തിരിച്ചു വന്ന് നാട്ടില്‍ ഒരു ബിസിനസ് ആരംഭിക്കണമെന്നുണ്ട്. സാറിന്റെ ഉപദേശങ്ങള്‍ വേണം.
നല്ല ആശയം സുരേഷ്, എന്ത് ബിസിനസ് ആണ് തുടങ്ങുവാന്‍ പ്ലാന്‍ ചെയ്യുന്നത്?
എനിക്ക് ഒരു ഡയറി ഫാം ആരംഭിക്കുവാനാണ് താല്പ്പര്യം. തിരുനല്‍വേലിയില്‍ കുറച്ച് സ്ഥലമുണ്ട് അവിടെ തുടങ്ങണമെന്നാണ് ആഗ്രഹം.
ശരി, സുരേഷിന് ഡയറി ഫാമിനെക്കുറിച്ച് എന്തറിയാം? അതിനെക്കുറിച്ച് പഠിച്ചിട്ടാണോ ഇത്തരമൊരു തീരുമാനം എടുത്തത്? വീണ്ടും എന്റെ ചോദ്യം.
യുട്യൂബിലെ വീഡിയോസ് ഒക്കെ കണ്ട് പഠിച്ചിട്ടുണ്ട്. മറ്റ് പരിചയമൊന്നും ഈ മേഖലയിലില്ല.
ഞാന്‍ പറഞ്ഞു. ആദ്യം സുരേഷ് നാട്ടിലുള്ളതും മറ്റ് സംസ്ഥാനങ്ങളിലുള്ളതുമായ ചില ഫാമുകള്‍ സന്ദര്‍ശിക്കണം. അതൊക്കെ കണ്ടുപഠിക്കണം. പറ്റുമെങ്കില്‍ അവയുടെ ഉടമസ്ഥരുമായി സംസാരിക്കണം. അവരുടെ അനുഭവങ്ങള്‍ മനസിലാക്കണം. അതിന് ശേഷം മതി ഒരു തീരുമാനം കൈക്കൊള്ളുവാന്‍.
തീര്‍ച്ചയായും സര്‍. ഞാന്‍ ഇതൊക്കെ ചെയ്തിട്ട് സാറിനെ വിളിച്ചുകൊള്ളാം. സുരേഷ് പറഞ്ഞുനിര്‍ത്തി.
സുരേഷ് ഒരു പ്രതിനിധി മാത്രമാണ്. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ പതിനായിരങ്ങളുടെ ഒരു പ്രതിനിധി. സംരംഭം തുടങ്ങണം എന്ന് മാത്രമാണ് ആഗ്രഹം. എന്ത് വേണം എന്ന കാര്യത്തില്‍ നിശ്ചയമില്ല. അല്ലെങ്കില്‍ അതില്‍ കൃത്യമായ ധാരണയുണ്ടെങ്കിലും അതെങ്ങിനെ ചെയ്യണം, അതെങ്ങനെ വിജയിപ്പിക്കണം എന്നതിലൊന്നും യാതൊരു ഗ്രാഹ്യവും ഇല്ലാത്ത അവസ്ഥ. ഒരു സംരംഭം തുടങ്ങുന്നതിന് മുന്‍പ് വളരെ ആഴത്തിലുള്ള പഠനം ഒഴിവാക്കുവാനാവില്ല. മുഴുവന്‍ കാര്യങ്ങളും ഗ്രഹിക്കുക പ്രായോഗികമല്ല. എന്നാല്‍ കടന്നുചെല്ലുന്ന മേഖലയുടെ അപരിചിതത്വം ഒഴിവാക്കുവാനും വെല്ലുവിളികളെ നേരിടാനും ആ പഠനം നമ്മെ സഹായിക്കും.
സംരംഭകത്വത്തിന്റെ ആദ്യ വെല്ലുവിളി
സംരംഭം തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ ആദ്യ വെല്ലുവിളി ആ സംരംഭത്തിനെ കുറിച്ചുള്ള അറിവ് നേടുക എന്നതാണ്. എല്ലാം പഠിച്ചിട്ട് മാത്രമേ നമുക്ക് സംരംഭം തുടങ്ങാന്‍ പറ്റുകയുള്ളോ? അങ്ങിനെയാണെങ്കില്‍ സംരംഭം തുടങ്ങുക ബുദ്ധിമുട്ടാവില്ലേ? സംരംഭം തുടങ്ങുകയും വരുന്ന വെല്ലുവിളികളെ സംരംഭകന്‍ നേരിടുകയുമല്ലേ വേണ്ടത്?
ഈ ചോദ്യങ്ങള്‍ നോക്കുമ്പോള്‍ നമുക്ക് അവ ചിലപ്പോള്‍ ശരി എന്ന് തോന്നും. നാം ഒരു യാത്ര പുറപ്പെടുന്നു എന്ന് കരുതുക. നമുക്ക് തികച്ചും അപരിചിതമായ ഒരു പ്രദേശത്തേക്കുള്ള യാത്ര. പരിചിതമല്ലാത്ത ആ ദേശത്തെക്കുറിച്ച് നാം യാത്ര പുറപ്പെടുന്നതിന് മുന്‍പ് ഒന്ന് പഠിക്കുകയോ, ആ ദേശത്തേക്ക് മുന്‍പ് യാത്ര ചെയ്തവരുടെ അനുഭവങ്ങള്‍ ശ്രദ്ധിക്കുകയോ ചെയ്താല്‍ അത് നമ്മുടെ യാത്രയില്‍ എത്രമാത്രം ഗുണകരമായിരിക്കും. അതുപോലെ തന്നെയാണ് നാം സംരംഭം തുടങ്ങുന്നതിന് മുന്‍പ് അതിനെക്കുറിച്ച് നേടുന്ന അറിവുകള്‍.
ഒന്നും അറിയാത്ത ഒന്നിനെ എന്തെങ്കിലും അറിയുന്ന ഒന്നാക്കി മാറ്റുക തന്നെ സംരംഭകത്വത്തിന്റെ ആദ്യ വെല്ലുവിളി.
നഷ്ട്‌പ്പെടുന്ന സമയം നമുക്ക് തിരിച്ചുപിടിക്കുവാനാവില്ല
സംരംഭം തുടങ്ങിക്കഴിഞ്ഞുള്ള ആദ്യ ചില വര്‍ഷങ്ങള്‍ നാം അതിനെ നിലനിര്‍ത്തുവാനും വിജയിപ്പിക്കുവാനുമുള്ള പോരാട്ടത്തിലായിരിക്കും. ഈ കാലത്തെ നമുക്ക് സംരംഭകത്വത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ വര്‍ഷങ്ങള്‍ എന്ന് പറയാം. മാനസ്സികമായി ഒരു സംരംഭകന്‍ ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെടുന്ന സമയം. നിഷേധാന്മകമായ ചിന്തകളേയും വാക്കുകളെയും മനസാന്നിദ്ധ്യത്തോടെ നേരിട്ടു സംരംഭം എന്ന കപ്പല്‍ കരയോട് അടുപ്പിക്കേണ്ട ചുമതല അത് ജീവിതത്തിന്റെ ഒരുപാട് പരീക്ഷണങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടം തന്നെയാണ്.
നമുക്ക് ഒന്നും അറിയാത്ത നാം പഠിക്കാത്ത ഒരു സംരംഭം നാം തുടങ്ങുമ്പോള്‍ നമ്മുടെ അറിവില്ലായ്മ ഈ സമയത്തെ വലിച്ചുനീട്ടും. കാരണം നാം ഓരോന്നും കണ്ടും കേട്ടും കൊണ്ടും പഠിക്കുകയാണ്. ഇതിലെ വെല്ലുവിളികളെക്കുറിച്ചോ പ്രശ്‌നങ്ങളെക്കുറിച്ചോ യാതൊരു മുന്‍ധാരണകളുമില്ല. അവയെ എങ്ങിനെ നേരിടണമെന്ന് അറിയാത്ത അവസ്ഥ. അപ്പോള്‍ നാം പരീക്ഷണങ്ങള്‍ക്ക് മുതിരും. ആ പരീക്ഷണങ്ങള്‍ നമ്മുടെ സമയം അപഹരിക്കും. ഈ നഷ്ട്‌പ്പെടുന്ന സമയം ബിസിനസ് അടുത്ത തലത്തിലേക്ക് വളര്‍ത്തേണ്ട സമയമാണ്. അത് തിരികെ ലഭിക്കുകയില്ല എന്നതാണ് നമുക്ക് നിഷേധിക്കുവാനാവാത്ത സത്യം.
പ്രീ-സംരഭ സമയം പഠനത്തിനായി ചിലവിടുക
സംരംഭം തുടങ്ങുന്നതിന് മുന്‍പ് നാം എന്ത് സംരംഭമാണോ ആരംഭിക്കുവാന്‍ ആഗ്രഹിക്കുന്നത് അല്ലെങ്കില്‍ പലതില്‍ നിന്നും യോജ്യമായ ഒരു സംരംഭം തിരഞ്ഞെടുക്കണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ വ്യക്തമായ ഒരു പഠനം കഴിഞ്ഞിട്ട് വേണം നാം ഇത് രണ്ടും ചെയ്യേണ്ടത്. ഇതില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
• നമ്മള്‍ പഠിച്ചതുമായി ബന്ധപ്പെട്ടതോ, തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടതോ, അറിവുള്ള മേഖലകളുമായി ബന്ധപ്പെട്ടതോ ആയ സംരംഭങ്ങളെ ആദ്യം പരിഗണിക്കുക. അതെല്ലെങ്കില്‍ നമ്മുടെ കയ്യില്‍ നൂതനമായ എന്തെങ്കിലും ആശയം ഉണ്ടായിരിക്കണം.
• ഈ മേഖലകളില്‍ യോജിച്ച സംരംഭങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല എങ്കില്‍ മാത്രം മറ്റ് മേഖലകളിലേക്ക് കടക്കുക.
• വിജയിച്ച മാതൃകകളെ പഠിക്കാന്‍ ശ്രമിക്കുക. ആ മേഖലകളിലെ വെല്ലുവിളികളും പ്രശ്‌നങ്ങളും പഠിക്കുക.
• സംരംഭത്തിന്റെ വിജയത്തിനാവശ്യമായ പ്രധാനപ്പെട്ട ഘടകങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കുക.
സംരംഭം തുടങ്ങി വിജയത്തിലേക്കെത്തിക്കുന്ന സമയം ലാഭിക്കുവാന്‍ ഈ തയ്യാറെടുപ്പ് നമ്മെ സഹായിക്കും.
വിപണിയെ അറിയുക
പലപ്പോഴും ഉത്പ്പന്നങ്ങളുടെ രൂപകല്പ്പനയും ഉത്പാദനവും കഴിഞ്ഞതിന് ശേഷമായിരിക്കും വിപണി തേടിയുള്ള യാത്ര ആരംഭിക്കുന്നത്. ബിസിനസിന്റെ പ്രധാനപ്പെട്ട പരാജയങ്ങളില്‍ ഒന്നാണ് കൃത്യമായ വിപണിയെ നിര്‍വ്വചിക്കാതെയും കണ്ടെത്താതെയും ഉത്പ്പന്നങ്ങള്‍ സൃഷ്ട്ടിക്കുക എന്നത്. നാം എന്ത് ഉത്പ്പന്നങ്ങള്‍ നല്‍കിയാലും ഉപഭോക്താക്കള്‍ അത് വാങ്ങിക്കൊള്ളും എന്ന ധാരണ അബദ്ധമാണ്. കാരണം ഇന്ന് ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കുവാന്‍ ഉത്പ്പന്നങ്ങളും സേവനങ്ങളും ധാരാളമുണ്ട്. കിടമത്സരം നിറഞ്ഞുനില്‍ക്കുന്ന ഒരു വിപണിയില്‍ തന്റെ ഉത്പ്പന്നത്തിന് സ്ഥാനം കണ്ടെത്തുക സംരംഭകന്റെ വലിയൊരു വെല്ലുവിളിയാണ്.
തന്റെ ഉത്പ്പന്നത്തിന്റെ അല്ലെങ്കില്‍ സേവനത്തിന്റെ വിപണി എന്താണ് എന്ന് ശരിയായി വിലയിരുത്തിയതിന് ശേഷം മാത്രമാവണം സംരംഭകന്‍ സംരംഭം ഏത് വേണം എന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുവാന്‍. വിപണിയില്‍ തന്റെ എതിരാളികള്‍ ആരൊക്കെയാണ്? അവരുടെ വിപണന ത്രന്ത്രങ്ങള്‍ എന്തൊക്കെയാണ്? വിപണിയിലെ കിടമത്സരത്തില്‍ തന്റെ സ്ഥാനം എങ്ങിനെ കണ്ടെത്തും? എന്ന ചോദ്യങ്ങള്‍ക്കൊക്കെ സംരംഭകന്‍ ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
വിപണനം കുട്ടിക്കളിയല്ല
വിപണിയില്‍ ഡിമാന്റ് ഉള്ള ഉത്പ്പന്നങ്ങളേയും സേവനങ്ങളേയും കൂടുതല്‍ കാര്യക്ഷമമായ, ഉത്പാദകക്ഷമമായ രീതിയില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുവാന്‍ വലിയ ഒരു ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷേ അതേ സമയം തന്നെ ഇത്തരം ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ശക്തരായ എതിരാളികളും വിപണിയില്‍ ഉണ്ടാകും. അത്തരമൊരു സന്ദര്‍ഭത്തില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തന്റെ ഉത്പ്പന്നത്തെക്കുറിച്ചോ സേവനത്തെക്കുറിച്ചോ ഒരു അവബോധം സൃഷ്ട്ടിക്കുവാന്‍ കൂടുതല്‍ പണം സംരംഭകന്‍ മുടക്കേണ്ടതായി വരും.
അപ്പോള്‍ വിപണിയില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഉത്പ്പന്നങ്ങളോ സേവനങ്ങളോ മാത്രം രൂപകല്പ്പന ചെയ്താല്‍ മാത്രം പോരാ അവയുടെ വിപണനതന്ത്രം കൂടി സംരംഭം തുടങ്ങുന്നതിന് മുന്‍പ് സംരംഭകന്‍ രൂപകല്പ്പന ചെയ്തിരിക്കണം. പലപ്പോഴും സംരംഭകന്‍ കാണുന്ന ഏറ്റവും വലിയ വെല്ലുവിളി ഉത്പാദനം മാത്രമാണ്. താന്‍ ഉത്പ്പന്നം നിര്‍മ്മിച്ച് കഴിഞ്ഞാല്‍ അത് ഉപഭോക്താക്കള്‍ വന്ന് വാങ്ങിക്കൊണ്ട് പോകും എന്നത് ഒരു സ്വപ്നം മാത്രമാണ്. വിപണനം ശക്തമല്ലെങ്കില്‍ സംരംഭം പരാജയപ്പെടും.
ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍ നിന്ന് ഉത്പ്പന്നം ഉണ്ടാവണം
താന്‍ ഉണ്ടാക്കുന്ന ഉത്പ്പന്നം ഉപഭോക്താവ് വാങ്ങണം എന്ന ചിന്താഗതി പഴയതാണ്. ആധുനിക കാലഘട്ടത്തിലെ ഉത്പ്പന്നങ്ങള്‍ രൂപകല്പ്പന ചെയ്യുന്നത് ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍ നിന്നാണ്. ഉപഭോക്താവ് മുടക്കുന്ന പണത്തിന് അനുസരിച്ച് മൂല്യം നല്‍കുന്ന ഉത്പ്പന്നങ്ങള്‍ക്ക് മാത്രമേ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമാകൂ. അങ്ങനെ വരുമ്പോള്‍ ഉപഭോക്താവ് ആഗ്രഹിക്കുന്ന, ഇഷ്ട്‌പ്പെടുന്ന, അവര്‍ക്ക് ഗുണകരമാകുന്ന, മികച്ച സേവനം നല്‍കുന്ന ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുവാന്‍ സംരംഭകന്‍ നിര്‍ബന്ധിതനാകുന്നു.
ഇവിടെ സംരംഭകന്‍ ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും പഠിക്കുവാനും ബാധ്യസ്ഥനാകുന്നു. ഈ പഠനം ഇല്ലെങ്കില്‍ സംരംഭം പരാജയമാകും. ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍, ഇഷ്ട്ങ്ങള്‍ എന്നിവക്ക് സ്ഥിരതയില്ല. അത് മാറിക്കൊണ്ടേയിരിക്കുന്നു. അതിനനുസരിച്ച് ഉത്പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കണം. ഈ പഠനം അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരിക്കണം. ഉത്പന്നത്തിന്റെ യഥാര്‍ത്ഥ രൂപകര്‍ത്താവ് സംരംഭകനല്ല മറിച്ച് അത് ഉപയോഗിക്കുന്ന ഉപഭോക്താവാണ്.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാം കണ്ട ഉത്പ്പന്നങ്ങളില്‍ നിന്ന് എത്രമാത്രം രൂപഭേദം ഇന്നത്തെ ഉത്പ്പന്നങ്ങള്‍ക്ക് സംഭവിച്ച് കഴിഞ്ഞു. മിക്‌സി എന്ന ഉത്പ്പന്നത്തെ ഉദാഹരണമാക്കി എടുത്താല്‍ നമുക്കറിയാം എത്രമാത്രം രൂപമാറ്റം അതിന് സംഭവിച്ചുകഴിഞ്ഞു എന്നുള്ളത്. രൂപത്തില്‍ മാത്രമല്ല ഉപയോഗങ്ങളില്‍ക്കൂടി അതില്‍ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍ കാലാകാലങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ ഉത്പ്പന്നങ്ങളില്‍ പ്രതിഫലിച്ചുകൊണ്ടേയിരിക്കുന്നു. ഉത്പന്നങ്ങളില്‍ നവീനത സൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുക തന്നെ വിപണിയില്‍ നിലനില്‍ക്കുവാനും വളരുവാനുമുള്ള തന്ത്രം.
ഉപഭോക്താവിന്റെ ആവശ്യങ്ങളില്‍ നിന്ന് പുതിയവ ഉദയംകൊള്ളണം
ഉപഭോക്താവിന്റെ ജീവിതത്തെ സുഖകരവും, സന്തോഷകരവും, തൃപ്തികരവുമാക്കുകയാണ് ഉത്പ്പന്നങ്ങളുടെ ലക്ഷ്യം. അതിനായി നവീനങ്ങളായ പല പ്രത്വേകതകളും മാറ്റങ്ങളും ഉത്പന്നങ്ങളില്‍ സൃഷ്ട്ടിക്കപ്പെടുന്നു. പുതിയ ഉത്പ്പന്നങ്ങള്‍ ഉടലെടുക്കുന്നു. ഉപഭോക്താവിന്റെ വേദനകളില്‍ നിന്നാണ് പുതിയ ഉത്പ്പന്നങ്ങളുടെ പിറവി. കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തെ, ജീവിത സാഹചര്യങ്ങളെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നു. അവ നല്‍കാന്‍ ഒരു സംരംഭകന് സാധിക്കുമ്പോള്‍ ആ ബിസിനസിനെ ഉപഭോക്താവ് സ്വീകരിക്കുന്നു.
എന്താവണം വില്‍ക്കേണ്ടത്?
വിപണിയില്‍ കിടമല്‍സരങ്ങള്‍ കുറവുള്ള ഉത്പന്നങ്ങളോ സേവനങ്ങളോ തിരഞ്ഞെടുക്കുകയാണ് എപ്പോഴും അഭികാമ്യം. വിപണിയിലെ വമ്പന്മാരോട് ഗുസ്തി പിടിക്കുവാന്‍ പോകാതിരിക്കുക തന്നെയാണ് തുടക്ക സംരംഭങ്ങള്‍ക്ക് നല്ലത്. അതല്ലായെങ്കില്‍ വിപണനത്തിനായി വലിയൊരു ബഡജറ്റ് കരുതേണ്ടി വരും. കുറച്ചുകൂടി ബുദ്ധിപരമായ ഒരു തന്ത്രമായിരിക്കണം പുതിയ സംരംഭങ്ങള്‍ സ്വീകരിക്കേണ്ടത്.
മാര്‍ക്കറ്റ് ഡിമാന്റ് കൂടുതലും എന്നാല്‍ സപ്ലെ കുറവുള്ളതുമായ ഉത്പന്നങ്ങള്‍ തിരഞ്ഞെടുത്താല്‍ വിപണി കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ല. സംരംഭം തിരഞ്ഞെടുക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധ നല്കണം. മറ്റൊരു തന്ത്രം ഒരു പ്രത്വേക ഉപഭോക്തൃ വിഭാഗത്തിനായി പുതിയ ഉത്പ്പന്നങ്ങള്‍ സൃഷ്ട്ടിക്കുക എന്നതാണ്. ഇവിടേയും വിപണനത്തിനായി നല്ലൊരു ശ്രമം ആവശ്യമാണ്. കാരണം പുതിയ ഉത്പ്പന്നമാകുമ്പോള്‍ അതിനെക്കുറിച്ച് ഉപഭോക്താക്കളില്‍ നല്ലൊരു അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
നിഷ് മാര്‍ക്കറ്റുകള്‍ ഉണ്ടാക്കിയെടുക്കുകയാവണം പുതിയ സംരംഭങ്ങളുടെ ലക്ഷ്യം. ഇവിടെ മത്സരങ്ങളില്ല. ഉപഭോക്താവിന്റെ ചില പ്രത്വേക ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളാണിവിടെ വില്‍ക്കപ്പെടുന്നത്. ആ സംരംഭത്തിന്റെ തനതായ, മറ്റുള്ളവയില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഉത്പ്പന്നങ്ങള്‍. ബ്രാന്‍ഡിംഗ് എന്ന പ്രക്രിയ അതിവേഗം ഇവിടെ നിറവേറ്റപ്പെടുന്നു. വിപണിയില്‍ പെട്ടെന്ന് കാലുറപ്പിക്കുവാന്‍ അത്തരം ബ്രാന്‍ഡുകള്‍ക്ക് കഴിയുന്നു. കെ ഫ് സി, കഫെ കോഫീ ഡേ, നപ്പാ ഡോറി എന്നവ ചില ഉദാഹരണങ്ങള്‍ മാത്രം.
കാലം മാറുകയാണ് നമ്മുടെ സംസ്‌കാരവും മാറണം
ബിസിനസില്‍ വിപ്ലവകരങ്ങളായ മാറ്റങ്ങള്‍ നടക്കുകയാണ്. ഇന്നലെ നാം അമേരിക്കയിലെ കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സ്റ്റോറിനെക്കുറിച്ചറിഞ്ഞു. ഇപ്പോള്‍ നോക്കൂ, കൊച്ചിയില്‍ നമ്മുടെ കണ്ണിന് മുന്നില്‍ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്ന് ആരംഭിച്ചുകഴിഞ്ഞു. റോബോട്ടുകള്‍ ഭക്ഷണം സെര്‍വ് ചെയ്യുന്ന ഒരു റസ്റ്റോറന്റ് കോയമ്പത്തൂരില്‍ ആരംഭിച്ചു എന്ന വാര്‍ത്ത നാം വായിക്കുന്നു. കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ ഇവ നമ്മുടെ നാട്ടിലുമെത്തും. സാങ്കേതികതയിലും അറിവിലും വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ബിസിനസും മാറിക്കൊണ്ടേയിരിക്കുന്നു.
ലോകത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നാം കാണുകയും പഠിക്കുകയും വേണം. അത് നമ്മുടെ ബിസിനസില്‍ പ്രതിഫലിക്കുകയും വേണം. പുതിയ അറിവുകള്‍ എത്രയുംവേഗം നമുക്കരികിലേക്കെത്തുന്ന രീതിയില്‍, അവയെ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുന്ന രീതിയില്‍ നമ്മുടെ സംസ്‌ക്കാരം മാറേണ്ടതുണ്ട്.
മാറുന്ന ലോകത്തിനനുസരിച്ച് വലിയൊരു മാറ്റം.