
ഒരാള്‍ ഗുരുവിന്റെ അടുത്തെത്തി. എന്നെ ശിഷ്യനാക്കണം അയാള്‍ ഗുരുവിനോട് അഭ്യര്‍ത്ഥിച്ചു. ഗുരു ചോദിച്ചു ”എന്താണ് ലക്ഷ്യം?”. ”എനിക്ക് ദൈവത്തെ കാണണം. അതാണെന്റെ ജീവിതാഭിലാഷം” അയാള്‍ ഗുരുവിനോട് പറഞ്ഞു. ”ശരി, നീയെന്റെ ശിഷ്യനായിക്കൊള്ളൂ” ഗുരു അനുവാദം നല്കി.
ആശ്രമത്തിലെ ജോലികള്‍ അതികഠിനമായിരുന്നു. പശുക്കളെ കുളിപ്പിക്കണം തീറ്റി കൊടുക്കണം, ആശ്രമവും പരിസരവും വൃത്തിയാക്കണം, ഭക്ഷണം പാകം ചെയ്യണം അങ്ങനെ തീര്‍ത്താല്‍ തീരാത്ത ഒരുപാട് ജോലികള്‍. മറ്റ് ശിഷ്യര്‍ക്കൊപ്പം അയാളും ആശ്രമത്തിലെ ജോലികളില്‍ വ്യാപൃതനായി. രാവിലേയും വൈകീട്ടും എല്ലാവരും ഗുരുവിനോപ്പം കൂടും. ഗുരു ജ്ഞാനം പകര്‍ന്നു നല്കും.
ദിവസങ്ങള്‍ കടന്നുപോയി. ശിഷ്യന്മാരില്‍ പലരോടും അയാള്‍ ചോദിച്ചു ”നിങ്ങള്‍ ദൈവത്തെ കണ്ടിട്ടുണ്ടോ?”. ഇല്ല കണ്ടിട്ടുള്ളവര്‍ ആരുമില്ല. ”ഗുരു ദൈവത്തെ കണ്ടിട്ടുണ്ടോ” അയാളുടെ സംശയം തീരുന്നില്ല. മറ്റുള്ളവര്‍ക്ക് ആര്‍ക്കും അറിയില്ല ഗുരു ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന്. തന്റെ സംശയങ്ങളും പേറി ഭാരമേറിയ ഒരു മനസോടെ അയാള്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടുകയാണ്.
ഒരേപോലെ വിരസമായ ദിനചര്യകള്‍ അയാള്‍ക്ക് മടുപ്പായി അനുഭവപ്പെട്ടുതുടങ്ങി. ഇങ്ങിനെ കഷ്ട്ടപ്പെടാനാണോ? താന്‍ ഇവിടെ എത്തിയത്. ഗുരുവാണെങ്കില്‍ തനിക്ക് ദൈവത്തെ കാണിച്ചുതരാന്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. വേദങ്ങളും മന്ത്രങ്ങളും പഠിച്ചാല്‍ ദൈവത്തെ കാണുവാന്‍ കഴിയുമോ? എന്തൊക്കെ വിഡ്ഢിത്തങ്ങളാണ് ഇവിടെ നടക്കുന്നത്. അയാളുടെ ഉത്സാഹം നശിച്ചുതുടങ്ങി. തന്റെ സമയം വെറുതെ പാഴാക്കി കളയുകയാണ് എന്നയാള്‍ക്ക് തോന്നി.
മുറ്റത്തെ അശോകവൃക്ഷത്തിന്റെ തണലില്‍ ഗുരു കണ്ണടച്ചിരിക്കുകയാണ്. അയാള്‍ ഗുരുവിന്റെ മുന്നില്‍ പോയിരുന്നു. ഗുരു ധ്യാനത്തിലാണ്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഗുരു കണ്ണുകള്‍ തുറന്നു തന്റെ മുന്നിലിരിക്കുന്ന ശിഷ്യനെ നോക്കി. അയാള്‍ ആകെ പരിക്ഷീണനായിരുന്നു. തന്റെ ലക്ഷ്യം കണ്ടെത്താതെ കടലില്‍ ഉഴലുന്ന ഒരു നാവികന്റെ അവസ്ഥയായിരുന്നു അയാളുടേത്. ഗുരു ശിഷ്യനെ നോക്കി ചിരിച്ചു.
”ഗുരോ, ഞാന്‍ ഇവിടെ എത്തിയത് ദൈവത്തെ കാണുവാനായിട്ടാണ്. പക്ഷേ ഇവിടത്തെ പണികള്‍ ചെയ്ത് തളരുന്നു എന്നല്ലാതെ എനിക്ക് ഇതുവരെ ദൈവത്തെ കാണുവാനുള്ള മാര്‍ഗ്ഗം അങ്ങ് ഉപദേശിച്ചു തന്നിട്ടില്ല. ഇവിടെയാരും ദൈവത്തെ കണ്ടവരില്ല. എന്റെ മനസ് കലുഷിതമാണ്. ഞാന്‍ ലക്ഷ്യത്തിലേക്കല്ല സഞ്ചരിക്കുന്നത് എന്ന് എന്റെ മനസ് പറയുന്നു. എന്താണ് അങ്ങയുടെ ഉദ്ദേശം? എനിക്ക് ദൈവത്തെ കാണിച്ചുതരുവാന്‍ അങ്ങേക്ക് കഴിയുമോ?”
ഗുരു ശിഷ്യന്റെ കണ്ണുകളിലേക്ക് നോക്കി. അയാളുടെ ദുഃഖം കണ്ണുകളില്‍ ഓളം വെട്ടുന്നത് ഗുരു ദര്‍ശിച്ചു. ഗുരു അയാളോട് പറഞ്ഞു ”നീ ഇനി പണികളൊന്നും ചെയ്യേണ്ടതില്ല. ദൈവത്തെ കാണുവാന്‍ നിന്റെ മനസ് തയ്യാറായിക്കഴിഞ്ഞു. നീ ഈ അശോകമരത്തണലില്‍ ഇരുന്നു ധ്യാനിക്കുക. ദൈവത്തെ നിനക്ക് കാണുവാന്‍ കഴിയും.”
അയാള്‍ക്ക് അതൊരു തമാശയായി തോന്നി. വെറുതെ ഇരുന്നു ധ്യാനിച്ചാല്‍ ദൈവത്തെ എങ്ങിനെ കാണും. എന്തായാലും ഗുരു പറഞ്ഞതല്ലേ ഒന്ന് പരീക്ഷിച്ചു കളയാം. അയാള്‍ ധ്യാനം ആരംഭിച്ചു. കുറെ ദിവസങ്ങള്‍ കടന്നുപോയി. ഒന്നും സംഭവിക്കുന്നില്ല. ഗുരു തന്നെ കളിയാക്കിയതാണോ? അയാള്‍ സംശയിച്ചുതുടങ്ങി. വെറുതെ സമയം കളയാന്‍ ഓരോരോ പണികള്‍. അന്വേഷിക്കാതെ ദൈവത്തെ എങ്ങിനെ കാണും. ഈ മരച്ചുവട്ടില്‍ കണ്ണടച്ചിരുന്നാല്‍ തന്റെ ജീവിതം പാഴാകും എന്നയാള്‍ തീര്‍ച്ചപ്പെടുത്തി. ഒരു രാത്രി അയാള്‍ ആശ്രമം ഉപേക്ഷിച്ചു.
അയാള്‍ ലോകം മുഴുവന്‍ ചുറ്റി. ധാരാളം സന്യാസിമാരുടെ ശിഷ്യനായി. ഒരിടത്ത് നിന്നും അയാള്‍ക്ക് തന്റെ ആഗ്രഹം സഫലമാക്കുവാന്‍ കഴിഞ്ഞില്ല. ദൈവത്തെതന്നെ അയാള്‍ സംശയിച്ചു തുടങ്ങി. ദൈവം എന്ന ഒന്നില്ല ഉണ്ടായിരുന്നെങ്കില്‍ താന്‍ കണ്ടുമുട്ടേണ്ടതായിരുന്നു. ദൈവത്തെ കണ്ടവര്‍ അതെവിടെ എന്ന് പറഞ്ഞുതരുന്നുമില്ല. തന്റെ ജീവിതം ഇല്ലാത്ത ഒന്നിനെ അന്വേഷിച്ച് വെറുതെയായിപ്പോയല്ലോ എന്നയാള്‍ ദുഃഖത്തോടെ ഓര്‍ത്തു. ധാരാളം വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ തന്റെ പഴയ ആശ്രമത്തില്‍ തിരികെ എത്തിച്ചേര്‍ന്നു.
ഗുരു അയാളെ സ്വീകരിച്ചു. തന്റെ ഒപ്പം ഇരുത്തി ആഹാരം നല്കി. തനിക്കൊപ്പം ധ്യാനിക്കാന്‍ അയാളെ ക്ഷണിച്ചു. ആ രാത്രിയില്‍, നിറഞ്ഞ വെള്ളി നിലാവിന്റെ വെളിച്ചത്തില്‍ അവര്‍ രണ്ടുപേരും ആ പഴയ അശോകമരത്തിന്റെ കീഴെ ധ്യാനത്തില്‍ മുഴുകി.
ധ്യാനത്തിന്റെ ഏതോ ഒരു നിമിഷത്തില്‍ അയാള്‍ ദൈവത്തെ കണ്ടു. ദൈവത്തെ തിരിച്ചറിഞ്ഞു എന്ന് പറയുകയായിരിക്കും കൂടുതല്‍ ശരി. അയാളുടെ ശരീരം ഏതോ വിസ്‌ഫോടനത്തില്‍ ഉലഞ്ഞതുപോലെ അയാള്‍ക്ക് അനുഭവപ്പെട്ടു. നിര്‍വൃതിയുടെ പാരമ്യതയില്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണുകള്‍ തുറന്ന് അയാള്‍ കൃതജ്ഞതയോടെ ഗുരുവിന്റെ മുഖത്തേക്ക് നോക്കി.
ഗുരു തന്റെ കണ്ണുകള്‍ മെല്ലെ തുറന്ന് ശിഷ്യനെ നോക്കി. അയാള്‍ ദൈവത്തെ കണ്ടുമുട്ടിയിരിക്കുന്നു എന്ന് ഗുരുവിനെ മനസിലായി. ശിഷ്യന്‍ ഗുരുവിനോട് പറഞ്ഞു ”എന്റെ ഉള്ളിലുണ്ടായിരുന്ന ദൈവത്തെ അന്വേഷിച്ചാണ് ഞാന്‍ ഈ ലോകം മുഴുവന്‍ ഒരു ഭിക്ഷാക്കാരനെപ്പോലെ അലഞ്ഞത്. ആരാധനാലയങ്ങളിലും ആശ്രമങ്ങളിലും തെരുവിലുമെല്ലാം ഞാന്‍ എന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ദൈവത്തെ തിരക്കി നടന്നു. എന്നിലേക്ക് നോക്കുവാന്‍ മാത്രം ഞാന്‍ മറന്നു. നാം തന്നെ ലക്ഷ്യമാകുമ്പോള്‍ എന്തിന് നാം ലക്ഷ്യം തേടി അലയണം. ഗുരോ, ഈ ഇപ്പോള്‍, ഈ നിമിഷം ഞാന്‍ എന്നെ തിരിച്ചറിഞ്ഞു.”
ദൈവത്തെ തേടി നാം അലഞ്ഞുകൊണ്ടേയിരിക്കുകയാണ്. ആരാധനാലയങ്ങളിലും ആശ്രമങ്ങളിലും വഴികളിലുമെല്ലാം. ദൈവം ദൈവത്തെ തേടുന്ന അതിസുന്ദരമായ സത്യം. ജ്ഞാനവും അജ്ഞാനവും ആചാരവും അനാചാരവും ശുദ്ധിയും അശുദ്ധിയും ദൈവത്തെ സ്പര്‍ശിക്കുന്നതേയില്ല. ദൈവം നീ തന്നെയാകുമ്പോള്‍ നീയെങ്ങിനെ മറ്റൊന്നാവും. ഉള്‍ക്കണ്ണുകള്‍ തുറക്കുമ്പോള്‍ വെളിച്ചം കടന്നുവരും. അതുവരെ നാം ഇരുട്ടിലാണ്.