”താങ്കളുടെ വാച്ച് പ്രവര്‍ത്തിക്കുന്നില്ല” മുന്നിലിരുന്ന ചെറുപ്പക്കാരന്‍ എന്നോട് പറഞ്ഞു. ഞാന്‍ കൈയ്യിലേക്ക് നോക്കി ഒന്നു ചിരിച്ചിട്ട് മറുപടി പറഞ്ഞു ”ശരിയാണ്. ഈ വാച്ച് പ്രവര്‍ത്തിക്കാതെയായിട്ട് ഒരു മാസത്തിലധികമായി. എന്നും രാവിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇത് എടുത്ത് കയ്യില്‍ കെട്ടുന്നു. ഇപ്പോള്‍ ഇത് വെറുമൊരു ആഭരണം പോലെയായി മാറിയിരിക്കുന്നു.”
നിന്നു പോകും മുന്‍പ് അതില്‍ സമയം നോക്കിയിരുന്നോ? ഇല്ല. വാച്ച് ഒരു ആഭരണമായി മാറി. കയ്യില്‍ അത് കെട്ടിയില്ലെങ്കില്‍ കൈ ഒഴിഞ്ഞു കിടക്കും പോലെ. ആ ശൂന്യത ഒഴിവാക്കാനെന്ന പോലെ ദിവസവും യാന്ത്രികമായി വാച്ച് കൈയ്യില്‍ കെട്ടുന്നു. സമയം അറിയണമെങ്കില്‍ മൊബൈല്‍ ഉണ്ട്. ഇപ്പോള്‍ സമയവും ദിവസവും ഒക്കെ അറിയുന്നത് മൊബൈല്‍ നോക്കിയാണ്. ദിവസം അറിയാന്‍ നമ്മള്‍ കലണ്ടര്‍ ചുമന്ന് നടക്കുന്നില്ലല്ലോ? പിന്നെന്തിന് സമയമറിയാന്‍ വാച്ച് കെട്ടണം? ഞാനൊരു കുസൃതിച്ചിരിയോടെ ഓര്‍ത്തു.
വളരെ ആശിച്ച്, ശമ്പളത്തില്‍ നിന്നും മിച്ചം പിടിച്ച് വാങ്ങിയ വാച്ചാണ്. അങ്ങനെ ആഗ്രഹിച്ചു സ്വന്തമാക്കിയ പലതും ഇന്ന് ഉപയോഗിക്കുന്നില്ല. ചിലതിനോടൊക്കെ നമുക്ക് പെട്ടെന്നൊരിഷ്ട്ടം തോന്നും. എത്രയും വേഗം അത് ലഭിക്കണം എന്നാഗ്രഹിക്കും. വെറുമൊരു ഭ്രമം മാത്രമാണ്. സ്വന്തമാക്കി ദിവസങ്ങള്‍ കഴിയും തോറും ആ ഭ്രമം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതെയാകും. പിന്നെ അത് മറന്നു തന്നെ പോകും. പിന്നൊരിക്കല്‍ വല്ലതുമൊക്കെ തപ്പി നടക്കുമ്പോള്‍ അത് നമ്മുടെ കയ്യില്‍ തടയും. ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കാത്ത നമ്മളെ നോക്കി ചിരിച്ചു കൊണ്ട് അത് എവിടെയൊക്കെയോ അനാഥമായി കിടക്കും.
വാച്ച് പോലെ തന്നെ കൊതിച്ച് വാങ്ങിയ മറ്റൊന്നാണ് ആപ്പിള്‍ ഐ പാഡ്. ഒരു മീറ്റിംഗില്‍ പോയപ്പോള്‍ ആരോ ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ പൂതിയാണ് ഒരെണ്ണം സ്വന്തമാക്കണമെന്ന്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരെണ്ണം സംഘടിപ്പിച്ചു. ആദ്യമൊക്കെ എന്തൊരാവേശമായിരുന്നു. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും അടുത്തു വേണം. കാലം പോകെ പോകെ അത് എവിടെ എന്ന് അന്വേഷിക്കുന്നത് പോലും ഇല്ലാതെയായി. മുറിയില്‍ പുസ്തകങ്ങള്‍ക്കിടയില്‍ അത് എവിടെയോ എന്റെ കരസ്പര്‍ശമേക്കുവാന്‍ വെമ്പല്‍ കൊണ്ട് കഴിയുന്നുണ്ടാകാം.
ഇത് പോലെ വിലകൂടിയ എന്തൊക്കെ സാധനങ്ങള്‍ നമ്മള്‍ വാങ്ങിയിട്ടുണ്ടാവാം. കുറച്ച് ദിവസങ്ങള്‍ ഉപയോഗിച്ച് കഴിഞ്ഞ് അത് വലിച്ചെറിഞ്ഞിട്ടുണ്ടാവാം. ഒന്നോര്‍ത്താല്‍ അതൊന്നും നമ്മുടെ ജീവിതത്തില്‍ വലിയ അത്യാവശ്യങ്ങള്‍ ഉള്ള ഒന്നുമായിരിക്കില്ല. വെറുമൊരു ആഗ്രഹം മാത്രം. അത് സ്വന്തമാക്കണം. അതുകൊണ്ട് എന്ത് ചെയ്യാന്‍ എന്നത് നാം ഓര്‍ക്കില്ല. ഉല്‍ക്കടമായ ആഗ്രഹം മനസില്‍ കയറുന്നതോടെ മറ്റ് കാര്യങ്ങള്‍ നാം മറക്കുന്നു. ലഭിച്ച് കുറച്ച് കഴിയുന്നതോടെ ആ ഭ്രമം അവസാനിക്കുന്നു. പിന്നെ ശ്രദ്ധ മറ്റൊന്നിലെക്കാകുന്നു.
ഇങ്ങനെ നാം നോക്കിയാല്‍ നാം വാങ്ങി കാശുകളഞ്ഞ എത്രയോ സാധനങ്ങള്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ഒരാവശ്യവുമില്ലാതെ, പണം വെറുതെ ചിലവഴിച്ചു കളഞ്ഞ സന്ദര്‍ഭങ്ങള്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലുണ്ട്. യഥാര്‍ത്ഥത്തില്‍ ഇത് എനിക്ക് ആവശ്യം ഉണ്ടോ എന്ന് ഒന്ന് ചിന്തിച്ചാല്‍ ഇതൊന്നും ചിലപ്പോള്‍ വാങ്ങിയേക്കില്ല. പക്ഷേ ആഗ്രഹത്തിന്റെ തീഷ്ണത അത് ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയില്ല. അല്ലെങ്കില്‍ നാം അത് ചിന്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്നില്ല.
ഈ വാച്ച് എന്റെ കയ്യില്‍ നിന്നും പോയാല്‍ ഒന്നും സംഭവിക്കുകയില്ല. പക്ഷേ അത് പോകുന്ന ശൂന്യതയെ ഞാന്‍ ഭയക്കുന്നു. അത് കൊണ്ട് അത് ധരിക്കുന്നു. എന്റെ ഒരു സുഹൃത്ത് ധരിച്ചിരിക്കുന്നത് വളരെ വിലകൂടിയ റോളക്‌സ് വാച്ചാണ്. അവനും ഇതുവരെ അതില്‍ സമയം നോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. സമയം എന്തായി എന്ന് ചോദിച്ചാല്‍ ഉടനെ മൊബൈലിലേക്ക് കൈ പോകും. പിന്നെന്തിന് ഇത്ര വിലകൂടിയ വാച്ച് എന്ന് ചോദിച്ചാല്‍ അവന്‍ പറയും ഇതൊരു സ്റ്റാറ്റസ് സിംബല്‍ ആണെന്ന്.
നാം ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗം വസ്തുക്കളും നമ്മുടെ ആവശ്യങ്ങള്‍ക്കും എത്രയോ മുകളിലാണ്. അതൊക്കെ നാം ഉപയോഗിക്കുന്നത് ഒരു സ്റ്റാറ്റസ് സിംബല്‍ ആയി മാത്രം. അതായത് നാം എന്തെന്ന് മറ്റുള്ളവര്‍ അനുമാനിക്കുന്നത് നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ നോക്കിയിട്ടാണ്. നിങ്ങള്‍ വിലകൂടിയ വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയാല്‍ മറ്റുള്ളവര്‍ക്ക് നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിച്ച് വരും എന്നത് ആധുനിക ലോകത്തിന്റെ തത്വശാസ്ത്രം.
നിങ്ങള്‍ ഒരു മണ്ടനാണെങ്കിലും നിങ്ങള്‍ ഐ ഫോണ്‍ ഉപയോഗിക്കൂ, റോളക്‌സ് വാച്ച് കെട്ടൂ, വിലകൂടിയ കാറില്‍ സഞ്ചരിക്കൂ. നിങ്ങളുടെ ആവശ്യങ്ങളെക്കാള്‍ പതിന്മടങ്ങ് വിലയുള്ള വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങുന്നതോടെ മറ്റുള്ളവരുടെ കണ്ണില്‍ നിങ്ങളോടുള്ള മനോഭാവം മാറുന്നു. നിങ്ങള്‍ ഒരു അത്ഭുതമനുഷ്യനായി മാറുന്നു. നിങ്ങളുടെ സൗഹൃദം അവര്‍ ആഗ്രഹിച്ചു തുടങ്ങുന്നു. ഈ ലോകം നിങ്ങളെ അളക്കുന്നത് അങ്ങനെയാണ്. കാലത്തിനനുസരിച്ച് കോലം നാം മാറിക്കൊണ്ടേയിരിക്കണം. നമുക്കില്ലാത്ത ചില പരിവേഷങ്ങള്‍ മെനഞ്ഞെടുക്കുവാന്‍.