അറിയാതെ വലതുകൈ നെഞ്ചിലേക്ക് നീണ്ടു അവിടെ തൊട്ട് പ്രാര്‍ഥിച്ചു. വലതുവശത്തായി കപ്പേളയാണ്. എന്നും വണ്ടി അതിന് മുന്നിലൂടെ പോകുമ്പോഴും നെഞ്ചില്‍ തൊട്ട് പ്രാര്‍ഥിക്കും. പള്ളിയുടെ മുന്‍പിലെത്തുമ്പോള്‍ മാത്രമല്ല എല്ലാ ആരാധനാലയങ്ങളുടെ മുന്‍പില്‍ എത്തുമ്പോഴും യാന്ത്രികമായി ഇത് ചെയ്യാറുണ്ട്. ചെറുപ്പത്തിലേ അമ്മ പഠിപ്പിച്ച ശീലം. ഇപ്പോഴും തുടരുന്നു.
ഏതൊക്കെ ദൈവങ്ങളാണ് ഈ ഭൂമുഖത്ത് ഉള്ളത്. നമുക്കറിയില്ലല്ലോ. ആര്‍ക്കും നമ്മളോട് ഒരു വിരോധവും തോന്നേണ്ട. എല്ലാവരെയും നമസ്‌കരിച്ചാല്‍ പിന്നെ ചിന്താഭാരമില്ലല്ലോ. അതുകൊണ്ട് ക്ഷേത്രങ്ങളും പള്ളികളും കടന്നു പോകുന്ന വഴികളിലുണ്ടെങ്കില്‍ ഒന്നും വിടാതെ നമസ്‌കരിക്കും മനസില്‍ പ്രാര്‍ഥിക്കും. അറിയാത്ത കാര്യങ്ങളില്‍ റിസ്‌ക് എടുക്കേണ്ടല്ലോ.
അന്ന് പ്രാര്‍ഥിക്കുമ്പോള്‍ ഒരു സ്‌നേഹിതന്‍ ഒപ്പമുണ്ടായിരുന്നു. അവന്‍ പറഞ്ഞു ”കപ്പേള പുതുക്കിപ്പണിയുവാന്‍ ഉള്‍ഭാഗങ്ങമൊക്കെ പൊളിച്ചിട്ടിരിക്കുകയാണ്. രൂപവും കുരിശുമൊക്കെ എടുത്തു മാറ്റി. നീ ആരെ നോക്കിയാണ് പ്രാര്‍ഥിക്കുന്നത്. അവിടെ ഇപ്പോള്‍ ദൈവമില്ല. വെറുമൊരു കെട്ടിടം മാത്രമാണ് അതിപ്പോള്‍.”
”ദൈവം എവിടെപ്പോയി? കുരിശിലും രൂപത്തിലുമാണോ ദൈവം ഇരിക്കുന്നത്? അതെടുത്തു മാറ്റിയാല്‍ ദൈവം അതിന്റെകൂടെ പോകുമോ? കുരിശും രൂപവും തിരികെ പ്രതിഷ്ട്ടിക്കുമ്പോള്‍ ദൈവം തിരികെ എത്തുമോ? ഇപ്പോള്‍ ഈ കെട്ടിടത്തില്‍ നിന്നും ദൈവത്തെ ഒഴിപ്പിച്ചിരിക്കുകയാണോ? ഞാന്‍ ശ്വാസം വിടാതെ ചോദിച്ചു.
”കപ്പേള പൊളിച്ചിട്ടിരിക്കുകയാണ്. നീയത് കണ്ടില്ലേ? അവിടെ ദൈവം ഉണ്ടായിരുന്നെങ്കില്‍ വിശ്വാസികളെല്ലാം അത് പൊളിച്ചിട്ടിരിക്കുമ്പോഴും അതിന് മുന്നില്‍ പ്രാര്‍ഥിക്കെണ്ടതല്ലേ? മെഴുകുതിരികള്‍ കത്തിക്കേണ്ടതല്ലേ? ഇപ്പോള്‍ ഒരാളും തിരിഞ്ഞു നോക്കുന്നില്ലല്ലോ. കപ്പേള പണിയൊക്കെ കഴിഞ്ഞു കുരിശും രൂപവുമൊക്കെ തിരികെ കൊണ്ട് വരുമ്പോള്‍ ദൈവം വരും ഒപ്പം വിശ്വാസികളും തിരികെ വരും.” അവന്‍ പറഞ്ഞു.
”അത് ശരിയാണ്. ദൈവം ഉണ്ടാവണമെങ്കില്‍ ഒന്നുകില്‍ കുരിശ് വേണം അല്ലെങ്കില്‍ രൂപം വേണം. ക്ഷേത്രങ്ങളില്‍ വിഗ്രഹമില്ലെങ്കില്‍ വിശ്വാസികള്‍ എവിടെ പ്രാര്‍ഥിക്കും. വിഗ്രഹമില്ലാത്ത ക്ഷേത്രങ്ങളില്‍ ദൈവമില്ലല്ലോ. ആ ക്ഷേത്രം ഉപേക്ഷിക്കപ്പെടും. അപ്പോള്‍ രൂപത്തെ വെക്കുവാനാണ് കെട്ടിടം. ആ കെട്ടിടത്തിന് ജീവനില്ല. ജീവന്‍ രൂപത്തിനാണ്. ആ രൂപമാണ് ദൈവം. രൂപമില്ലെങ്കില്‍ എന്തിനെ ആരാധിക്കും? എന്തിനെ നമസ്‌കരിക്കും? തൂണിലും തുരുമ്പിലും ദൈവം ഉണ്ടെന്ന് പറയുന്നതോ? അങ്ങനെയെങ്കില്‍ ആ കെട്ടിടത്തിലും ദൈവമില്ലേ? പ്രശ്‌നം ആകെ സങ്കീര്‍ണ്ണമാണല്ലോ.” ഞാന്‍ ചിന്താക്കുഴപ്പത്തിലായി.
അപ്പോള്‍ കപ്പേളയില്‍ രൂപമുണ്ടെങ്കിലേ തൊഴാന്‍ പറ്റൂ. ദൈവമില്ലാത്തിടത്ത് തൊഴുതിട്ട് കാര്യമില്ലല്ലോ. രൂപത്തിന്റെ ഒപ്പം ദൈവവും സ്ഥാനം മാറിയിരിക്കുന്നു. ഇനി രൂപം വരുമ്പോള്‍ ദൈവം തിരികെ വരും അതിനൊപ്പം വിശ്വാസികളും. അപ്പോള്‍ പണി കഴിയും വരെ കപ്പേള വെറുമൊരു കോണ്‍ക്രീറ്റ് കെട്ടിടം മാത്രം. വീടുപണി നടക്കുമ്പോള്‍ നമ്മള്‍ മാറിത്താമസിക്കുന്നത് പോലെ ദൈവവും താമസം മാറിയിരിക്കുന്നു. എനിക്ക് കാര്യങ്ങളുടെ ഗുട്ടന്‍സ് പിടികിട്ടിത്തുടങ്ങി.
കപ്പേള പണിയും മുന്‍പ് അത് ശൂന്യമായ വെറുമൊരു സ്ഥലമായിരുന്നു. കപ്പേള പണിത് രൂപം സ്ഥാപിച്ചപ്പോള്‍ അവിടെ ദൈവം വന്നു. അതിന് മുന്‍പ് ആ സ്ഥലത്ത് ദൈവമില്ലായിരുന്നോ? അല്ലെങ്കില്‍ രൂപമില്ലാത്തത് കൊണ്ട് ദൈവത്തെ നമുക്ക് കാണുവാന്‍ സാധിക്കുകയില്ലായിരുന്നു. അങ്ങനെ വരുമ്പോള്‍ രൂപത്തിനാണ് പ്രാധാന്യം. രൂപം എവിടെയുണ്ടോ അവിടെയാണ് ദൈവം. വീട്ടില്‍ രൂപം വെച്ചാല്‍ അവിടേയും ദൈവമെത്തും. രൂപമില്ലെങ്കില്‍ നാം ദൈവത്തെ എങ്ങിനെ കാണും, എവിടെ പ്രാര്‍ഥിക്കും?
രൂപം ആല്‍ത്തറയിലാകാം, വഴിയരികിലാകാം, പൂജാമുറിയിലാകാം, മലമുകളിലാകാം എവിടെയുമാകാം. രൂപം കണ്ടാല്‍ അതിന്റെ അര്‍ത്ഥം അവിടെ ദൈവമുണ്ട് എന്നതാണ്. ശൂന്യത പോലും ചിലപ്പോള്‍ രൂപമാകാം. അവിടെ നമുക്ക് ദൈവത്തെ സങ്കല്പ്പിക്കാം. അത് വിശ്വാസിയുടെ മനോധര്‍മ്മത്തിന് വിട്ടുനല്കുകയാണ്. ഇഷ്ട്ടമുള്ള രൂപം സങ്കല്പ്പിക്കാം. അല്ലെങ്കില്‍ രൂപമില്ല എന്ന് സങ്കല്പ്പിക്കാം. ഇവിടെ ശൂന്യത തന്നെ രൂപമായി മാറുന്നു. ചില വിശ്വാസങ്ങള്‍ ആ സ്വാതന്ത്ര്യം വിശ്വാസിക്ക് നല്കുന്നില്ല. അവിടെ വിശ്വാസിയുടെ പരമമായ സ്വാതന്ത്ര്യത്തെ ഹനിച്ചു കൊണ്ട് രൂപങ്ങള്‍ മൂര്‍ത്തത കൈവരിച്ചു കഴിഞ്ഞു.
പുതുക്കി പണിത മനോഹരമായ വിശുദ്ധഗൃഹത്തിലേക്ക് രൂപവും അതിനൊപ്പം തിരികെ എത്തുന്ന ദൈവത്തേയും ഞാന്‍ കാത്തിരിക്കുകയാണ്. എന്റെ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിക്കുവാന്‍.