”എത്രമാത്രം സ്റ്റാര്‍ട്ട് അപ്പുകള്‍ ആണ് നമ്മുടെ നാട്ടില്‍ ഉയര്‍ന്നു വരുന്നത്. തീര്‍ച്ചയായും ഇത് വളരെ സന്തോഷമുള്ള കാര്യം തന്നെ. എന്നാല്‍ ഇതില്‍ വളരെ കുറച്ച് ശതമാനം മാത്രമാണ് നിലനില്‍ക്കുന്നതും വിജയിക്കുന്നതും. ഇത്തരമൊരവസ്ഥ ഒട്ടുംതന്നെ ആശാസ്യമായ ഒന്നല്ല. വിജയിക്കുന്ന ബിസിനസുകളെക്കാള്‍ എത്രയോ ഇരട്ടി പരാജയപ്പെടുന്നു. ഇതിന്റെ കാരണങ്ങള്‍ നാം കണ്ടെത്തേണ്ടതുണ്ട്. അവ പരിഹരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ശക്തമായ ഒരു സമ്പദ് വ്യവസ്ഥ നമുക്ക് വളര്‍ത്തികൊണ്ട് വരുവാന്‍ സാധിക്കയുള്ളൂ.”
ഒരു സംരംഭകത്വ സെമിനാറില്‍ ഉദ്ഘാടകന്റെ പ്രസംഗത്തില്‍ നിന്നൊരു ഭാഗമാണിത്.
വാസ്തവമാണ്, ബിസിനസിലേക്ക് കടന്നു വരുന്ന ഭൂരിപക്ഷം പേരും ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തന്നെ പരാജയത്തിന്റെ കയ്പ്പുനീര്‍ കുടിക്കുന്നു. കഷ്ട്ടപ്പെട്ടു സ്വരുക്കൂട്ടിയ മൂലധനം നഷ്ട്ടപ്പെട്ട് ജോലി തേടി അലയുന്നു. വളരെ കുറച്ചു പേര്‍ മാത്രം പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നു. എങ്കിലും ആത്യന്തികമായി വിജയം ആശ്ലേഷിക്കുന്നത് ഒരു ചെറിയ വിഭാഗത്തെ മാത്രം.
എന്ത് കൊണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ പരാജയപ്പെടുന്നു? മികച്ച ആശയങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ? അതോ മൂലധനത്തിന്റെ അഭാവമോ? അല്ലെങ്കില്‍ ഉത്പന്നങ്ങള്‍ക്ക് വിപണി ലഭ്യമല്ലാത്തത് കൊണ്ടോ? പരാജയത്തിന്റെ കാരണങ്ങളെ നാം കണ്ടെത്തേണ്ടതുണ്ട്. അതിനെ വിശകലനം ചെയ്യേണ്ടതുണ്ട്. സ്റ്റാര്‍ട്ട് അപ്പുകളുടെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും വ്യത്യസ്തങ്ങളാകാം എങ്കില്‍ പോലും അവയെ പരാജയത്തിലേക്ക് നയിക്കുന്ന കാര്യങ്ങള്‍ക്ക് തീര്‍ച്ചയായും സമാനതകളുണ്ടാകാം.
സ്റ്റാര്‍ട്ട് അപ്പുകളെ പരാജയത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍
സി ബി ഇന്‍സൈറ്റ്‌സ് നൂറ്റി ഒന്ന് സ്റ്റാര്‍ട്ട് അപ്പുകളില്‍ നടത്തിയ ഒരു പഠനം നമുക്ക് ഈ പരാജയ കാരണങ്ങളിലേക്ക് വെളിച്ചം പകരുന്നു. എന്തുകൊണ്ട് സ്റ്റാര്‍ട്ട് അപ്പുകള്‍ പരാജയപ്പെടുന്നു? എന്ന ചോദ്യവുമായി അവര്‍ നടത്തിയ പഠനവും അതിന്റെ ഫലവും തീര്‍ച്ചയായും നാം പഠിക്കേണ്ടതുണ്ട്. ഇരുപത് പ്രധാന കാരണങ്ങളാണ് ഈ പഠനത്തിലൂടെ അവര്‍ കണ്ടെത്തിയത്. നമുക്ക് അതിലേക്ക് ഒന്ന് കണ്ണോടിക്കാം.
1. വിപണിക്ക് ആവശ്യമില്ലാത്തത് നല്‍കുക (42%)
ഉപഭോക്താവിന് യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതോ താല്പ്പര്യമില്ലാത്തതോ ആയ ഉത്പന്നമോ സേവനമോ നല്‍കാന്‍ ശ്രമിക്കുക. ഉപഭോക്താവിന്റെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ മനസിലാക്കാതെ ഉത്പന്നത്തെ രൂപപ്പെടുത്തുമ്പോഴാണിത് സംഭവിക്കുക. തങ്ങളുടെ പ്രശ്‌നങ്ങളെ പരിഹരിക്കുവാന്‍ പറ്റാത്ത ഉത്പന്നങ്ങളെ ഉപഭോക്താക്കള്‍ തിരസ്‌ക്കരിക്കുന്നു. ഉപഭോക്താവിന്റെ ഭാഗത്ത് നിന്നും ചിന്തിക്കാത്ത കമ്പനികള്‍ക്കാണ് ഇത് സംഭവിക്കുക.
2. പണം ഇല്ലാതെയാകുന്ന അവസ്ഥ (29%)
മൂലധനം മുഴുവന്‍ ചിലവിട്ടു തീരുകയും മുന്നോട്ട് പോകുവാന്‍ പണമില്ലാതെയായിത്തീരുകയും ചെയ്യുക. വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ആവശ്യമുള്ള മൂലധനം സ്വരൂപിക്കുവാന്‍ സാധിക്കാതെ വരുന്നത് സ്റ്റാര്‍ട്ട് അപ്പുകളുടെ പരാജയത്തിന് വഴിവെക്കുന്നു.
3. ശരിയായ ടീമിന്റെ രൂപീകരണം നടക്കാതിരിക്കുക (23%)
പല വ്യക്തികളുടേയും സ്‌കില്‍ സെറ്റുകള്‍ ഒരുമിച്ചു കൂടുമ്പോഴാണ് ഒരു പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ശരിയായ ഒരു ടീമിന്റെ സങ്കലനം ഇതിനായി ആവശ്യമുണ്ട്. നല്ലൊരു കൂട്ടായ്മ സൃഷ്ട്ടിക്കുവാന്‍ കഴിയാതെ പോകുന്ന പ്രസ്ഥാനങ്ങള്‍ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നു. മികച്ച ഒരു ടീമിന്റെ അഭാവം സ്റ്റാര്‍ട്ട് അപ്പുകളെ പരാജയപ്പെടുത്തും.
4. എതിരാളികളാല്‍ വിപണിയില്‍ നിന്നും പുറംതള്ളപ്പെടുക (19%)
കടുത്ത കിടമത്സരത്തില്‍ എതിരാളികള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരിക. മുന്നോട്ടുള്ള യാത്രയില്‍ തങ്ങളുടെ എതിരാളികളെ വേണ്ടത്ര ശ്രദ്ധിക്കാതെയും അവരുടെ തന്ത്രങ്ങള്‍ക്ക് പ്രാധാന്യം കല്പ്പിക്കാതെയുമിരിക്കുമ്പോള്‍ വിപണിയില്‍ അവരെ നേരിടുവാനുള്ള ശക്തി നഷ്ട്ടപ്പെടുന്നു. എതിരാളികള്‍ ശക്തിയാര്‍ജ്ജിക്കുകയും വിപണിയില്‍ പിടിച്ചുനില്‍ക്കാനാകാതെ പുറംതള്ളപ്പെടുകയും ചെയ്യുന്നു.
5. വില നിശ്ചയിക്കുന്നതില്‍ വരുന്ന അപാകതകള്‍ (18%)
തങ്ങളുടെ ഉത്പന്നത്തിന് ശരിയായ വില നിശ്ചയിക്കുന്നതില്‍ വരുന്ന അപാകതകള്‍ പരാജയത്തിന് കാരണമാകുന്നു. ചിലവുകള്‍ നടത്തിക്കൊണ്ട് പോകുവാന്‍ സാധിക്കുന്ന രീതിയിലും മതിയായ ലാഭം ഉറപ്പുവരുത്തുന്ന രീതിയിലും വില നിശ്ചയിക്കുവാന്‍ സാധിക്കാതെ വരിക അല്ലെങ്കില്‍ നിശ്ചയിക്കുന്ന വില ഉപഭോക്താവിന് മൂല്യം ഉറപ്പു വരുത്തുവാന്‍ സാധ്യമല്ലാത്ത ഒന്നായി മാറുക. ഇത്തരം ഘട്ടങ്ങള്‍ ഉത്പന്നത്തിന്റെ വില്‍പ്പനയെയും ലാഭത്തെയും ബാധിക്കുന്നു.
6. സൗഹാര്‍ദ്ദപരമല്ലാത്ത ഉത്പന്നങ്ങള്‍ (17%)
ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ അസങ്കീര്‍ണ്ണവും സൗഹാര്‍ദ്ദപരവും ആയിരിക്കണം എന്നത് ഉപഭോക്താവിന്റെ നിര്‍ബന്ധ ബുദ്ധിയാണ്. അതിന് വിഘാതമായ ഉത്പന്നങ്ങളെ അവര്‍ തിരസ്‌ക്കരിക്കുന്നു. ഉത്പന്നങ്ങള്‍ പരമാവധി സങ്കീര്‍ണ്ണതയില്‍ നിന്നും മുക്തമായിരിക്കണം. സുഗമമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങള്‍ നല്‍കുവാന്‍ സാധിച്ചില്ല എങ്കില്‍ ഉപഭോക്താക്കളെ തൃപ്തരാക്കുക എളുപ്പമല്ല.
7. നല്ലൊരു ബിസിനസ് മോഡലിന്റെ അഭാവം (17%)
ഉത്പന്നമുണ്ട് എന്നാല്‍ വളരുവാനുള്ള നല്ലൊരു ബിസിനസ് മോഡലിന്റെ അഭാവമുണ്ടാകുക. ബിസിനസിന്റെ വളര്‍ച്ച അതിന്റെ ബിസിനസ് മോഡലിന്റെ കരുത്തിനെ ആശ്രയിച്ചാണ്. ഒരു ബിസിനസ് മോഡല്‍ തന്നെ ഇല്ലാതെ വരിക ബിസിനസ് മുരടിക്കുന്ന ഒരു അവസ്ഥ സൃഷ്ട്ടിക്കുന്നു.
8. മോശം മാര്‍ക്കറ്റിംഗ് (14%)
ഉത്പന്നം എത്ര തന്നെ മികച്ചതാകട്ടെ മാര്‍ക്കറ്റിംഗ് പരാജയപ്പെട്ടാല്‍ ബിസിനസ് പരാജയപ്പെടും. തങ്ങളുടെ യഥാര്‍ത്ഥ ഉപഭോക്താക്കളെ തിരിച്ചറിയാതെ വരിക, യഥാര്‍ത്ഥ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ മെനയാതിരിക്കുക, അവരെ ഉത്പന്നത്തിലേക്ക് ആകൃഷ്ട്ടരാക്കുന്നതില്‍ പരാജയപ്പെടുക. ഇവയെല്ലാം മാര്‍ക്കറ്റിംഗ് പരാജയപ്പെടുന്നതില്‍ ഇടയാക്കുന്നു.
9. കസ്റ്റമറെ അവഗണിക്കുക (14%)
കസ്റ്റമര്‍ ബിസിനസിന്റെ ആദ്യത്തെയും അവസാനത്തെയും വാക്കാണ്. അവരുടെ സംതൃപ്തി ഉറപ്പാക്കാന്‍ സാധിക്കാതെ വന്നാല്‍ ബിസിനസിന്റെ ആണിക്കല്ലിളകും. കസ്റ്റമര്‍ നല്‍കുന്ന ഫീഡ് ബാക്കുകള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ അവരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. കസ്റ്റമറെ അവഗണിക്കുന്ന ബിസിനസുകള്‍ നിലനില്‍ക്കുകയില്ല.
10. ഉത്പന്നത്തിന്റെ അസമയത്തെ പ്രവേശം (13%)
ഒരു ഉത്പന്നം വിപണിയിലേക്ക് നേരത്തെ തന്നെ പ്രവേശിക്കുക അല്ലെങ്കില്‍ വൈകി പ്രവേശിക്കുക. ഇത് രണ്ടും ആത്മഹത്യാപരമാണ്. നേരത്തെ പ്രവേശിക്കുന്ന ഉത്പന്നം വിപണി കണ്ടെത്താന്‍ വിഷമിക്കുന്നു. വൈകി എത്തുന്ന ഉത്പന്നം വിപണിയില്‍ നിന്നും പുറത്താക്കപ്പെടുന്നു. ഉത്പന്നത്തിന്റെ വിപണിയിലേക്കുള്ള പ്രവേശനം കൃത്യ സമയത്തായിരിക്കണം. ഇത് കണക്കുകൂട്ടുന്നതില്‍ പല സ്റ്റാര്‍ട്ട് അപ്പുകളും പരാജയപ്പെടുന്നു.
11. ശ്രദ്ധ നഷ്ട്ടപ്പെടുന്നു (13%)
പല കാരണങ്ങള്‍ കൊണ്ട് ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധ നഷ്ട്ടപ്പെടുന്നു. വിവിധ പദ്ധതികള്‍ ഒരേ സമയം നടപ്പിലാക്കുന്നത് കൊണ്ടാവാം. വ്യക്തിപരമായ കാരണങ്ങളാവാം. ലക്ഷ്യത്തില്‍ നിന്നും ശ്രദ്ധയുടെ വ്യതിചലനം പരാജയത്തിന്റെ മറ്റൊരു കാരണമാണ്.
12. ടീം / നിക്ഷേപകരുടെ ചേര്‍ച്ചയില്ലായ്മ (13%)
ടീം അംഗങ്ങള്‍ തമ്മിലോ നിക്ഷേപകര്‍ തമ്മിലോ ഉള്ള മാനസികമായ പ്രശ്‌നങ്ങളും ചേര്‍ച്ചയില്ലായ്മയും മറ്റൊരു കാരണമാണ്. ഒരേ ദിക്കിലേക്ക് ഒരേ മനസോടെ നീങ്ങുന്ന കൂട്ടായ്മക്കേ ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയൂ. തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബിസിനസിനെ നശിപ്പിക്കും.
13. മാറ്റങ്ങള്‍ തിരിച്ചടിക്കുക (10%)
ചിലപ്പോള്‍ ഒരു ഉത്പന്നം അല്ലെങ്കില്‍ ഒരു ബിസിനസ് മോഡല്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോകുന്നില്ല എന്ന് കാണുമ്പോള്‍ അത് ഒഴിവാക്കി മറ്റൊന്ന് തിരഞ്ഞെടുത്ത് മുന്നോട്ട് പോകുവാന്‍ തീരുമാനിക്കുന്ന അവസരങ്ങളുണ്ട്. ആവശ്യമായ പഠനത്തിന് മുതിരാതെ ഇതിന് തുനിയുന്നത് ചിലപ്പോള്‍ വിപരീത ഫലമായിരിക്കും നല്‍കുക.
14. അഭിനിവേശം നഷ്ട്ടപ്പെടുക (9%)
വലിയൊരു അവേശത്തിലായിരിക്കും ബിസിനസ് ആരംഭിക്കുക. കാലം കടന്നു പോകുന്നതോടെ അഭിനിവേശം മെല്ലെ കുറഞ്ഞു വരും. പ്രവര്‍ത്തികളില്‍ ഇത് മന്ദത കുത്തിവെക്കും. കാലക്രമേണ അത് യാന്ത്രികമാകും. അഭിനിവേശം നഷ്ട്ടപ്പെടുന്നതോടെ ബിസിനസിലുള്ള ശ്രദ്ധ കുറയുന്നു.
15. ഭൂമിശാസ്ത്രപരമായി വളരാന്‍ കഴിയാതെ വരിക (9%)
ബിസിനസ് ചെറിയൊരു പ്രദേശത്ത് മാത്രമായി ഒതുങ്ങി പോകുക. മറ്റ് പ്രദേശങ്ങളിലായി വളരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതിനെ മുതലെടുക്കുവാന്‍ സാധിക്കാതെ വരിക.
16. നിക്ഷേപകര്‍ക്ക് താല്‍പ്പര്യമില്ലാത്ത ബിസിനസ് (8%)
ഉത്പന്നങ്ങളിലോ ബിസിനസ് മോഡലിലോ നിക്ഷേപകര്‍ക്ക് താല്പ്പര്യം തോന്നാതിരിക്കുക. നിക്ഷേപകര്‍ക്ക് നിക്ഷേപിക്കുവാന്‍ താല്പ്പര്യം തോന്നുന്ന മോഡലുകള്‍ സൃഷ്ട്ടിക്കുവാന്‍ കഴിയാതെ പോകുക. വളര്‍ച്ചക്കോ നിലനില്‍പ്പിനോ ആയി പണം തേടുമ്പോള്‍ നിക്ഷേപകര്‍ മുഖം തിരിക്കുന്നതിനുള്ള കാരണങ്ങള്‍ ഇവയൊക്കെയാവാം.
17. നിയമപരമായുള്ള വെല്ലുവിളികള്‍ (8%)
നിയമം അനുശാസിക്കുന്ന നിലയില്‍ അതിന്റെ ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്നുകൊണ്ട് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുവാനുള്ള പ്രതിബന്ധങ്ങള്‍ ബിസിനസിനെ തകര്‍ക്കാം. സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ വ്യക്തമായി പഠിക്കേണ്ടതുണ്ട്.
18. നെറ്റ് വര്‍ക്ക് വേണ്ടവിധം ഉപയോഗിക്കാതിരിക്കുക (8%) പ്രൊമോട്ടര്‍മാരുടെയോ നിക്ഷേപകരുടെയോ
ബന്ധങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുവാന്‍ കഴിയാതിരിക്കുക.
19. ജോലിയും ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കാന്‍ കഴിയാതെ വരിക (8%)
ജോലിയുടെ സമ്മര്‍ദ്ദം വ്യക്തി ജീവിതത്തെ ബാധിക്കുക അല്ലെങ്കില്‍ നേരെ മറിച്ചാകാം. ഇവിടെ സംരംഭകന്‍ തന്റെ വ്യക്തിജീവിതവും ബിസിനസും സന്തുലിതാവസ്ഥയില്‍ എത്തിക്കാന്‍ പാടുപെടുകയും എന്നാലതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ഇത് ബിസിനസിന്റെ പരാജയത്തില്‍ അവസാനിക്കുന്നു.
20. സമയത്ത് പിന്തിരിയുവാന്‍ കഴിയാതിരിക്കുക (7%)
ഒരു മോശം ഉത്പന്നം അല്ലെങ്കില്‍ ഒരു മോശം തീരുമാനം ഇത് മോശമാണെന്ന് മനസിലായാലും കൃത്യമായ സമയത്ത് അതില്‍ നിന്നും പിന്തിരിയുവാന്‍ കഴിയാതിരിക്കുക. ഇക്കാര്യങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളിലെ പിഴവുകള്‍ ബിസിനസിനെ കുഴപ്പത്തിലേക്ക് നയിക്കും.
മുകളില്‍ നാം ചര്‍ച്ച ചെയ്ത ഏതെങ്കിലും ഒരു കാരണമോ അല്ലെങ്കില്‍ പല കാരണങ്ങളുടെ മിശ്രണമോ ആകാം സ്റ്റാര്‍ട്ട് അപ്പുകളുടെ പരാജയത്തിന്റെ കാരണങ്ങള്‍. കാരണങ്ങളെക്കുറിച്ചുള്ള അറിവ് അതിന്റെ പരിഹാരങ്ങള്‍ തേടാന്‍ നമ്മെ പ്രേരിപ്പിക്കും. എന്തൊക്കെ കാരണങ്ങളാല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ പരാജയപ്പെടും എന്ന പഠനത്തിന്റെ സാംഗത്യവും പ്രാധാന്യവും അതാണ്.
കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ പഠനത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപീകരിക്കുന്ന വേളയില്‍ തന്നെ മുന്‍കരുതലുകള്‍ എടുക്കുവാന്‍ ഇത് സഹായകരമാകും. കണ്ണുംപൂട്ടി ബിസിനസ് ആരംഭിച്ച് അത് പരാജയമായേ എന്ന് നിലവിളിച്ചിട്ട് കാര്യമില്ല. കാര്യങ്ങളെ മുന്‍കൂട്ടി അറിയുവാനും തയ്യാറെടുപ്പുകള്‍ നടത്തുവാനും കഴിഞ്ഞാല്‍ പരാജയത്തിലേക്കുള്ള ബിസിനസിന്റെ പ്രയാണം ഒഴിവാക്കുവാന്‍ സാധിക്കും. അതിനുള്ള ഉള്‍ക്കാഴ്ച പ്രദാനം ചെയ്യാന്‍ ഇത്തരം പഠനങ്ങള്‍ക്ക് സാദ്ധ്യമാകും.