അമ്മയും മകളും വാഗ്വാദത്തിലാണ്. തന്നെ എന്തോ കാര്യത്തിന് സഹായിക്കാന്‍ അമ്മ മകളോട് ആവശ്യപ്പെട്ടിട്ട് നടന്നിട്ടില്ല. അതിന്റെ യുദ്ധം തുടങ്ങിയതാണ്.
ഭാര്യ ഓടി എന്റെ അടുത്തേക്ക് വന്നു ”നോക്ക് രാവിലെ ഞാന്‍ ഓഫീസില്‍ പോയപ്പോള്‍ വീട് അടിച്ചിടാന്‍ അവളോട് പറഞ്ഞതാണ്. ഇന്ന് കോളേജിലും പോകേണ്ടായിരുന്നു. വെറുതെ കിടന്ന് സമയം കളഞ്ഞു. ഇത് വരെ വീട് തൂത്ത് വൃത്തിയാക്കിയിട്ടില്ല. പറയുന്നതിന് തറുതല പറയുകയാണ്. ഇനി നിങ്ങള്‍ ഒന്ന് പറഞ്ഞ് മനസിലാക്ക്.”
ചന്ദ്രനെ പിടിക്കാന്‍ പറഞ്ഞാല്‍ ഒരുകൈ നോക്കാം. പക്ഷേ ഇത് അല്പ്പം ബുദ്ധിമുട്ടാണ്. ഞാന്‍ മിണ്ടാതെ കിടന്നു. കുറച്ച് സമയം കൂടെ യുദ്ധം നീണ്ടു. പിന്നെ ശബ്ധമൊന്നും കേള്‍ക്കാതെയായി. അമ്മ കീഴടങ്ങിക്കാണും. മകള്‍ ടി വിയുടെ മുന്നില്‍ ഇരിപ്പുറപ്പിച്ചു.
ഒരു വീട്ടിലെ കാര്യം മാത്രമല്ല ഇത്. എല്ലാ വീട്ടിലും ഇങ്ങനെയൊക്കെയാണ്. മക്കള്‍ മാറിയാലും അമ്മമാര്‍ പഴയത് തന്നെ. എത്രയോ കാലമായി ഇതുതന്നെ ഇങ്ങനെ കേള്‍ക്കുന്നു. ആലുവാ പാലത്തിനടിയില്‍ കൂടി എത്ര വെള്ളം ഒഴുകിപ്പോയാലും കഥകള്‍ മാറുന്നില്ല.
കിടക്കുവാന്‍ നേരം ഭാര്യ പറയുകയാണ് ”എന്താണ് അവളുടെ സ്വഭാവം ഇങ്ങനെ. പറയുന്നതിന് ഇരട്ടി തിരിച്ചു പറയും. ഞങ്ങളൊന്നും ഇങ്ങനെയല്ലായിരുന്നു. അമ്മയൊന്നും പറയാതെ തന്നെ ഞാനൊക്കെ വീട്ടിലെ ജോലികള്‍ ചെയ്തിരുന്നു. ഇപ്പോള്‍ കുട്ടികളോട് വഴക്ക് പറഞ്ഞു ചെയ്യിക്കാം എന്നുവെച്ചാലും രക്ഷയില്ലാതെയായി. വെറുതെ ശബ്ധമെടുത്ത് തൊണ്ടയിലെ വെള്ളം വറ്റിക്കാം എന്ന് മാത്രം.”
”വീട്ടില്‍ ഇങ്ങനെ ശബ്ധമില്ലെങ്കില്‍ എന്തിന് കൊള്ളാം” ഞാന്‍ ചോദിച്ചു. ”നാളെ അവള്‍ കല്യാണം കഴിഞ്ഞ് വേറെ എവിടെക്കോ പോകും. ഇപ്പോഴത്തെ കുട്ടികളാണ് അവര്‍ നമ്മുടെ കണ്മുന്നില്‍ തന്നെ ഉണ്ടാകണം എന്നില്ല. അപ്പോള്‍ നമുക്ക് അയവിറക്കാന്‍ ഓര്‍മ്മകളായി ഇതൊക്കെ തന്നെയല്ലേ ഉണ്ടാവുകയുള്ളൂ.”
ഭാര്യ ഒന്നും മിണ്ടുന്നില്ല. പറയുന്നത് ശ്രദ്ധിക്കുകയാണ്. ഞാന്‍ തുടര്‍ന്നു ”നാം ഒരുകാര്യം ചെയ്യാന്‍ പറഞ്ഞാല്‍ ഒന്നും മിണ്ടാതെ, ഒരു മടിയും കൂടാതെ അത് ചെയ്തു എന്ന് വെക്കുക. കുടുംബത്തിലെ എല്ലാവരും അങ്ങനെ തന്നെ എന്ന് കരുതുക. വീട്ടില്‍ ഒരു ശബ്ധവുമില്ല. എല്ലാം യാന്ത്രികമായി അങ്ങനെ നടക്കും. ചിട്ടചിട്ടയായി കാര്യങ്ങള്‍ മുന്നോട്ട് പോകുമ്പോള്‍ കുടുംബം ഒരു യന്ത്രം പോലെയാകും. എത്രമാത്രം വിരസമാകും ജീവിതം. ഈ ശബ്ദങ്ങളാണ് കുടുംബങ്ങളെ ജീവസുറ്റതാക്കുന്നത്. ഇതൊക്കെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളായി നാം എടുക്കണം. ഇതൊക്കെ തന്നെയല്ലേ ജീവിതത്തില്‍ അവസാനം ബാക്കി ഉണ്ടാവുകയുള്ളൂ.”
അവള്‍ ചിരിച്ചു. കുട്ടികളുടെ കുസൃതികളും സിദ്ധാന്തങ്ങളും അമ്മമാരുടെ അസ്വസ്ഥതകളും നിര്‍ബന്ധബുദ്ധികളും അച്ചന്മാരുടെ കണ്ണുരുട്ടലും ദേഷ്യവും കാര്‍ന്നോന്മാരുടെ പരാതി പറച്ചിലുമൊക്കെ കൂടിയതാണ് കുടുംബം. ഇതിലേതെങ്കിലും ഒന്ന് ഇല്ലാതെ വരട്ടെ. അതിന്റെ നഷ്ട്ടം നാം അപ്പോള്‍ തിരിച്ചറിയും.
വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഇതൊക്കെ സംഭവ്യമാണ്. അനുവദനീയവുമാണ്. കുടുംബത്തിലെ എല്ലാ പ്രവര്‍ത്തികളെയും കോര്‍ത്തിണക്കുന്നത് സ്‌നേഹം എന്ന ചരടാണ്. അതിന്റെ അദൃശ്യമായ കെട്ടുപാടുകള്‍ എല്ലായിടത്തുമുണ്ട്. ബഹളമൊക്കെ കഴിഞ്ഞ് പത്ത് മിനിട്ട് കഴിയുമ്പോള്‍ അമ്മയും മകളും കെട്ടിപ്പിടിച്ച് നിന്ന് കിന്നാരം പറയുന്ന കാഴ്ച്ച നമ്മള്‍ കാണുന്നത് അതുകൊണ്ടാണ്.
പ്രായമായവരുടെ ചില ശീലങ്ങള്‍, നിര്‍ബന്ധങ്ങള്‍, പരാതികള്‍ എല്ലാം ഈ സ്‌നേഹത്തില്‍ നിന്നും ഉടലെടുക്കുന്നതാണ്. അതിനുള്ള അവകാശം കുടുംബത്തില്‍ എല്ലാവര്‍ക്കും നല്കപ്പെട്ടിരിക്കുകയാണ്. ഈ ശബ്ധങ്ങളും അവയെ നമ്മള്‍ സ്വീകരിക്കുന്ന രീതിയുമാണ് കുടുംബത്തിന്റെ കെട്ടുറപ്പും സംസ്‌ക്കാരവും പ്രകടമാക്കുന്നത്. വയസ്സായവരോട് നാം ചിലപ്പോള്‍ നീരസ്സം പ്രകടിപ്പിക്കാറുണ്ട്. ഈ സ്‌നേഹത്തില്‍ ചാലിച്ച ഈ നീരസ്സവും കുടുംബത്തില്‍ സ്വീകാര്യമാണ്. കഠിനവും മനസ്സിനെ മുറിവേല്‍പ്പിക്കുന്നവയുമായ വാക്കുകള്‍ സ്‌നേഹത്തിന്റെ ചട്ടക്കൂടുകള്‍ക്ക് പുറത്താണ്. അവയെ നാം ഉപേക്ഷിക്കുക.
കൃത്യമായ നിയമങ്ങളും ചിട്ടകളും വെച്ച് നൂല് പിടിച്ചപോലെ കുടുംബം നടത്തിക്കൊണ്ട് പോകേണ്ടതുണ്ടോ? സ്വാതന്ത്ര്യത്തിന്റെ സന്തോഷം എല്ലാവരും അനുഭവിക്കേണ്ടതല്ലേ? അതിന്റെ പരിധികള്‍ നാം നിശ്ചയിക്കണം എന്നല്ലേയുള്ളൂ. സ്‌നേഹത്തിന്റെ ചാട്ടവാറുകള്‍ വീശികൊണ്ടുതന്നെ നമുക്ക് നമ്മുടെ കുടുംബത്തെ മുന്നോട്ട് നയിക്കാം, അവിടെ ശബ്ധങ്ങള്‍ ഉണ്ടാകട്ടെ. ഈ ശബ്ധങ്ങള്‍ കേള്‍ക്കാന്‍ ചിലപ്പോള്‍ നാം നാളെ ഉണ്ടാവണമെന്നില്ലല്ലോ. നാളെ ഈ ശബ്ധത്തിലൊന്ന് നിശ്ബ്ധമായാല്‍ അത് സൃഷ്ട്ടിക്കുന്ന ശൂന്യത ഭീകരമായിരിക്കും.
ശബ്ധങ്ങള്‍ നമുക്ക് ചുറ്റും മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ചിലപ്പോള്‍ നാമത് ഇപ്പോള്‍ തിരിച്ചറിയണമെന്നില്ല. എല്ലാം ഒരു കളി മാത്രം. അത് കളിയായിട്ടു തന്നെ കണ്ട് നമുക്ക് മുന്നോട്ട് പോകാം.