നിങ്ങളുടെ ഏറ്റവും വിലപിടിച്ച സ്വത്ത് ഏതാണ്?
ക്ലാസ്സില്‍ അദ്ധ്യാപകന്റെ ചോദ്യമാണ്. കുട്ടികള്‍ ഉത്സാഹഭരിതരായി ഉത്തരങ്ങള്‍ പറഞ്ഞു തുടങ്ങി.
അച്ഛന്‍, അമ്മ, കൂട്ടുകാര്‍, ബന്ധുക്കള്‍, വീട്, പണം, സ്വര്‍ണ്ണം, കാറ്, കളിപ്പാട്ടങ്ങള്‍ ഉത്തരങ്ങള്‍ കുട്ടികളില്‍ നിന്നും ഒഴുകുവാന്‍ തുടങ്ങി.
ഒരു കുട്ടി പറഞ്ഞു ”സര്‍, എന്റെ ഏറ്റവും വിലപിടിച്ച സ്വത്ത് എന്റെ മനസ്സാണ്.”
എല്ലാവരും സാകൂതം അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. അദ്ധ്യാപകന് ആ ഉത്തരം നന്നായി ബോധിച്ചു.
”എന്ത് കൊണ്ട് മനസ്സ്?” അദ്ധ്യാപകന്‍ മറുചോദ്യം തൊടുത്തു.
”ഞാന്‍ എന്താവണം, എങ്ങിനെയാവണം എന്നതൊക്കെ രൂപപ്പെടുത്തുന്നത് എന്റെ മനസ്സാണ്. എന്റെ സന്തോഷവും ദുഃഖവും തീരുമാനിക്കുന്നതും മനസ്സാണ്. എന്നെ നേര്‍വഴിക്ക് നയിക്കുന്ന ശക്തമായ ഒരു മനസ്സ് ഉണ്ടെങ്കില്‍ എത്ര വിലപിടിച്ച ഭൗതിക സമ്പത്തും എനിക്ക് നേടാം. ഇത്രമാത്രം കഴിവുള്ള മനസ്സ് തന്നെയല്ലേ ഒരാളുടെ ഏറ്റവും വിലപിടിച്ച സ്വത്ത്.”
അദ്ധ്യാപകന്‍ അറിയാതെ കൈയ്യടിച്ചു പോയി ഒപ്പം മറ്റ് കുട്ടികളും.
ഒരു വ്യക്തിയുടെ ഏറ്റവും വിലപിടിച്ച അദൃശ്യമായ സ്വത്ത് മനസ്സ് തന്നെയാണ്.
അങ്ങനെയെങ്കില്‍ ഒരു സംരംഭത്തിന്റെ ഏറ്റവും വിലപിടിച്ച അദൃശ്യമായ ആ സ്വത്ത് എന്താണ്?
നമുക്ക് അതിലേക്ക് നടന്നു പോകുവാന്‍ ഒരു പാത ആവശ്യമാണ്. ഇനി നാം കാണുവാന്‍ പോകുന്ന ചെറിയൊരു ഉദാഹരണത്തിന് ചിലപ്പോള്‍ ആ പാതയായി പരിണമിക്കുവാന്‍ സാധിക്കും.
കെ എസ് ആര്‍ ടി സിയിലെ യാത്ര
യാത്ര കെ എസ് ആര്‍ ടി സിയിലാണ്. നല്ല തിരക്കുണ്ട്. അകത്ത് നിന്നു തിരിയാന്‍ സ്ഥലമില്ല. ആളുകള്‍ക്കിടയിലൂടെ നൂണ്ട് നടന്ന് കണ്ടക്ടര്‍ ടിക്കറ്റ് എടുപ്പിക്കുന്നുണ്ട്. സ്റ്റോപ്പുകളില്‍ നിര്‍ത്തുന്നു, ആളുകള്‍ ഇറങ്ങുന്നു, കയറുന്നു, ആകെ ബഹളമയം.
ഇതൊക്കെ കണ്ടു നില്‍ക്കുമ്പോള്‍ മലയാളിയുടെ സ്വന്തം കെ എസ് ആര്‍ ടി സിയെ കുറിച്ച് ചില കാര്യങ്ങള്‍ ചിന്തിച്ചു പോയി.
ജനങ്ങള്‍ക്കിടയില്‍ ഇത്ര സ്വീകാര്യത ലഭിച്ചിട്ടുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ടോ എന്ന് സംശയമാണ്. മലയാളിയുടെ ദൈനംദിന പ്രവര്‍ത്തികളില്‍ വളരെയധികം സ്വാധീനം ചെലുത്തുന്ന, ആത്മാവിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രസ്ഥാനം. കെ എസ് ആര്‍ ടി സി ഒരു അനുഭവമാകുന്നു, ഒരു വികാരമാകുന്നു.
വേരുകള്‍ പടര്‍ത്തിയ മഹാവൃക്ഷം
കേരളത്തിന്റെ മണ്ണില്‍ മുഴുവന്‍ വേര് പടര്‍ത്തിയ ഒരു മഹാവൃക്ഷം എന്ന് കെ എസ് ആര്‍ ടി സിയെ നമുക്ക് വിശേഷിപ്പിക്കാം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരേയും അതിനപ്പുറത്തേക്കും ആ വേരുകള്‍ പടര്‍ന്നിരിക്കുന്നു. ഒരു സംരംഭത്തെ സംബന്ധിച്ചിടത്തോളം ആരും കൊതിക്കുന്ന ഒരു വ്യാപനം.
ഒരു സംരംഭത്തിന്റെ വളര്‍ച്ച എന്നതില്‍ ഏറ്റവും പ്രാധാന്യമുള്ളത് തന്നെയാണ് സേവനങ്ങളുടെ പ്രാദേശിക ലഭ്യത. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുവാന്‍ ഈ വേരോട്ടം കെ എസ് ആര്‍ ടി സിയെ സഹായിക്കുന്നു.
കയ്യിലെ നിധികുംഭം
വലിയൊരു നിധികുംഭവുമായാണ് കെ എസ് ആര്‍ ടി സിയുടെ നില്പ്. കേരളത്തിലെ മറ്റേതെങ്കിലും പൊതുമേഖലാസ്ഥാപനത്തിന് ഇത്രമാത്രം ആസ്തിയുണ്ടോ എന്നത് സംശയമാണ്. എല്ലാ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന സ്ഥാവരജംഗമ സ്വത്തുക്കള്‍. അതും കണ്ണായ സ്ഥലങ്ങളില്‍. ഇത്രമാത്രം സ്വത്ത് ഒരു ബിസിനസില്‍ ഉണ്ടാകുക അത്ഭുതം തന്നെയാണ്. നിരന്തരം ധാരാളം ലാഭം ലഭിക്കുന്ന ഒരു ബിസിനസില്‍ പോലും ഇത്തരമൊരു ആസ്തി ഉണ്ടാക്കിയെടുക്കണമെങ്കില്‍ എത്രയോ നീണ്ട കാലയളവ് തന്നെ വേണ്ടിവരും.
ഈ നിധികുംഭം വേണ്ടവിധം ഉപയോഗിക്കുന്നുണ്ടോ? അത് ചിന്തനീയമായ ഒരു വസ്തുതയാണ്. കേരളത്തിലെ എല്ലാ ജില്ലകളും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയൊരു ചങ്ങലയായി കെ എസ് ആര്‍ ടി സിയുടെ ഈ ഭൗതിക സ്വത്തുക്കള്‍ക്ക് മാറുവാന്‍ സാധിക്കും. മികച്ച മാളുകളും ഐ ടി ഹബ്ബുകളും പടുത്തുയര്‍ത്തുവാന്‍ സാധിക്കും. ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായി മാറുവാന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയും.
ഉപഭോക്താവ് തേടി നടക്കുന്ന പ്രസ്ഥാനം
ഉപഭോക്താക്കള്‍ക്ക് ഏറ്റവും ആവശ്യമുള്ള സേവനമാണ് കെ എസ് ആര്‍ ടി സി നടത്തുന്നത്. സാധാരണ സംരംഭങ്ങള്‍ വിപണി കണ്ടെത്താന്‍ വിഷമിക്കുന്നത് പോലെയോ കണ്ടെത്തിക്കഴിഞ്ഞാല്‍ അത് നിലനിര്‍ത്തുവാന്‍ പ്രയത്‌നിക്കുന്നത് പോലെയോ ഉള്ള ഒരു സ്ഥിതിവിശേഷം കെ എസ് ആര്‍ ടി സിക്ക് ഇല്ല തന്നെ. ഏറ്റവും കൂടുതല്‍ ഡിമാന്‍ന്റ് ഉള്ള ഒരു സംരംഭം. ഇവിടെ ഉപഭോക്താക്കളെ കണ്ടുപിടിക്കാന്‍ യാതൊരു പ്രയത്‌നവും ആവശ്യമില്ല. ഇത്രമാത്രം ഫലഭൂയിഷ്ഠമായ ഒരു വിപണി മറ്റാര്‍ക്ക് ലഭ്യം.
ഉപഭോക്താക്കളെ നേടാനും നിലനിര്‍ത്തുവാനും മറ്റുള്ള സംരംഭങ്ങള്‍ ചെയ്യുന്നത് പോലെ കോടികള്‍ വാരിയെറിഞ്ഞുള്ള പ്രൊമോഷന്‍ കെ എസ് ആര്‍ ടി സിക്ക് ആവശ്യമില്ല. മികച്ച സേവനം നല്‍കുവാന്‍ കഴിഞ്ഞാല്‍ അത് തന്നെ ഏറ്റവും വലിയ പരസ്യം. ബസ്സ്സ്റ്റോപ്പുകളും ബസ്സ്സ്‌റാന്‍ഡുകളും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ നിരന്നു കിടക്കുകയാണ്. വാഹനം നിര്‍ത്തിക്കൊടുത്താല്‍ മാത്രം മതി യാത്രക്കാര്‍ അങ്ങോട്ട് ചെന്ന് കയറിക്കൊള്ളും.
അതായത് കെ എസ് ആര്‍ ടി സി എന്ന സംരംഭത്തെത്തേടി ഉപഭോക്താവ് നടക്കുന്നു എന്നര്‍ത്ഥം. എത്ര സംരംഭങ്ങള്‍ക്ക് ലഭിക്കും ഈ ഭാഗ്യം. ആധുനിക വിപണിയില്‍ തങ്ങളുടെ സ്ഥാനം തേടി അലയുന്ന കോടിക്കണക്കിന് സംരംഭങ്ങള്‍ കെ എസ് ആര്‍ ടി സി എന്ന പ്രസ്ഥാനത്തെ കാണുന്നത് അസൂയയോടെയാണ്. തീഷ്ണമായ കിടമല്‍സരങ്ങള്‍ക്കിടയില്‍ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപണി കണ്ടെത്തുക അത്ര എളുപ്പമല്ല. അവിടെയാണ് എല്ലാവിധ രാജകീയ പ്രൌഡിയോടെ കെ എസ് ആര്‍ ടി സി വിലസുന്നത്.
മികച്ച മനുഷ്യവിഭവശേഷി
ഏതൊരു സംരംഭത്തിന്റെയും മുതല്‍കൂട്ടാണ് നല്ല തൊഴിലാളികള്‍ എന്ന് പറയാം. ഏതൊരു പ്രസ്ഥാനത്തേയും മുന്നോട്ട് കൊണ്ടുപോകുന്നതില്‍, അതിന്റെ വിജയം ഉറപ്പിക്കുന്നതില്‍ ഏറ്റവും മികച്ച പങ്ക് വഹിക്കുന്ന വിഭവം ഏത് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ ”മനുഷ്യവിഭവശേഷി”. ചിന്തിക്കുവാന്‍ കഴിയുന്ന ഒരേയൊരു വിഭവം. അതിന്റെ ശക്തി അപരിമിതമാണ്. സംഘടിതമായ, വൈദഗ്ധ്യമുള്ള, വിദ്യാഭ്യാസമുള്ള തൊഴിലാളികള്‍ കെ എസ് ആര്‍ ടി സിയുടെ അനുപമമായ സമ്പത്ത് തന്നെയാകുന്നു.
ഗോഡ് ഫാദര്‍
ഏതൊരു സംരംഭവും സ്വപ്നം കാണുന്ന ഒന്നാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ തുണയാകുന്ന ഒരു ഗോഡ് ഫാദര്‍. എന്തിനും ഏതിനും തണലായി ഒരാള്‍. അത് വ്യക്തിയോ പ്രസ്ഥാനമോ ആകാം. ആരും കൊതിക്കുന്ന അത്തരമൊരു ഗോഡ് ഫാദര്‍ കെ എസ് ആര്‍ ടി സിക്ക് ഉണ്ട്. അത് സര്‍ക്കാര്‍ തന്നെ ആകുമ്പോള്‍ ആനന്ധലബ്ധിക്ക് ഇനിയെന്ത് വേണം.
ശമ്പളം കൊടുക്കാന്‍, പെന്‍ഷന്‍ കൊടുക്കാന്‍ ഒരു പ്രശ്‌നം നേരിടട്ടെ. അത് പരിഹരിക്കാന്‍ ഗോഡ് ഫാദര്‍ അവിടെത്തന്നെയുണ്ട്. കാറ്റും കോളും നിറഞ്ഞ കടലില്‍ കപ്പല്‍ മുങ്ങാതെ നയിക്കാന്‍ മാനേജ്മെന്റിന് താങ്ങും തണലുമായി ഈ ഗോഡ് ഫാദര്‍ നിലകൊള്ളുന്നു.
സ്വപ്നസാമ്രാജ്യം
ഒരു സംരംഭകന്റെ സ്വപ്നസാമ്രാജ്യം ആണ് കെ എസ് ആര്‍ ടി സി എന്ന ഭീമന്‍ സംരംഭം. കണക്കറ്റ സ്ഥാവരജംഗമ വസ്തുക്കള്‍, ഒരിക്കലും കുറയാത്ത, കാലം കടന്നു പോകുന്തോറും ഏറിവരുന്ന ഉപഭോക്താക്കളുടെ എണ്ണം, സംസ്ഥാനം മുഴുവനുമുള്ള നെറ്റ്വര്‍ക്ക്, മികച്ച മാനവവിഭവശേഷി, പ്രതിഭാധനരായ മാനേജ്മെന്റ്, എന്ത് പ്രശ്‌നത്തിനും താങ്ങായി സര്‍ക്കാര്‍. എന്തിന്റെ കുറവാണ് കെ എസ് ആര്‍ ടി സി എന്ന സംരംഭത്തിനുള്ളത്?
ആരേയും കൊതിപ്പിക്കുന്ന ഈ സംരംഭം എന്തുകൊണ്ട് നഷ്ട്ടത്തിലാകുന്നു? ഒരു സ്വകാര്യ സ്ഥാപനമായിരുന്നു ഇതെങ്കില്‍ അവര്‍ പൊന്ന് വിളയിച്ചേനെ. ഇത്രമാത്രം ഭൗതിക സമ്പത്തുള്ള, ഉപഭോക്താക്കളാല്‍ സമ്പന്നമായ വിപണിയുള്ള ഒരു സംരംഭത്തിന് എന്തുകൊണ്ട് അതിന് കഴിയുന്നില്ല?
ഈ ചോദ്യമാണ് നമ്മെ ഒരു സംരംഭത്തിന്റെ ഏറ്റവും വിലപിടിച്ച ആ സ്വത്തിലേക്ക് നയിക്കുന്നത്.
ഇതൊരു ഭൗതിക ആസ്തിയല്ല നേരെ മറിച്ച് ഇത് അദൃശ്യമായ (തൊട്ടറിയാന്‍ കഴിയാത്ത) ഒന്നാകുന്നു. ഇത് ലളിതമായ ഒന്നാണ് എന്നാല്‍ ഇതിനെ സൃഷ്ട്ടിക്കുക അല്പ്പം സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയുമാണ്.
മനുഷ്യവിഭവത്തിന്റെ പൊതുബോധം
സംരംഭത്തിലെ ഏറ്റവും പ്രധാനപ്പെട്ട, അതീവ സങ്കീര്‍ണ്ണമായ ഒരു വിഭവമാണ് മനുഷ്യര്‍. അവരുടെ ജൈവസാന്നിദ്ധ്യമാണ് ഒരു സംരംഭത്തെ നയിക്കുന്നത്. അവര്‍ ഏത് തട്ടില്‍ നില്‍ക്കുന്നു എന്നതല്ല പ്രധാനം ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തില്‍ അവര്‍ക്ക് എതെങ്കിലും രീതിയില്‍ പങ്കുണ്ടോ എന്നതാണ് കണക്കിലെടുക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ പ്രസ്ഥാനത്തിലേക്ക് എന്തെങ്കിലുമൊക്കെ നല്‍കുന്ന ഓരോ വ്യക്തിയേയും നാം മനുഷ്യവിഭവമായി കരുതേണ്ടി വരും.
ഇവരില്‍ ഒരു പൊതുബോധം ഉടലെടുക്കുന്നു എന്ന് കരുതുക. അത് സംരംഭത്തിനെ രണ്ട് രീതിയിലും ബാധിക്കാം. പോസിറ്റീവ് ആയ ഒരു പൊതുബോധം ആ സംരംഭത്തെ വളര്‍ച്ചയിലേക്കും വിജയത്തിലേക്കും നയിക്കും. നെഗറ്റീവ് ആയ പൊതുബോധം സംരംഭത്തെ തോല്‍വിയിലേക്കും ക്രമേണ നാശത്തിലേക്കും നയിക്കും. ഇത് ഒരു വ്യക്തിയില്‍ മാത്രമായി ഉടലെടുക്കുന്നതല്ല. സംരംഭത്തിന്റെ മനുഷ്യവിഭവം പൂര്‍ണ്ണമായി അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷവും ഇത്തരം പൊതുബോധത്തിന് അനുസൃതമായി പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ സംഭവിക്കുന്നതാണ്.
ഒരു സംരംഭത്തിലെ ഭൂരിപക്ഷം വരുന്ന വ്യക്തികളെ നിഷേധാത്മകമായ ഒരു പൊതുബോധമാണ് നയിക്കുന്നത് എന്ന് കരുതുക. അതിലേക്ക് കടന്നു വരുന്ന ഓരോ വ്യക്തിയും കാലക്രമേണ ഈ പൊതുബോധത്തെ സ്വാംശീകരിക്കുന്നു. അവരും ഈ പൊതുബോധത്തിന്റെ അടിമകളാകുന്നു. ഈ സംരംഭം ഇങ്ങനെയേ പോകൂ, ഇവിടെയൊന്നും സംഭവിക്കുവാന്‍ പോകുന്നില്ല, നമ്മള്‍ എത്ര കഷ്ട്ടപ്പെട്ടാലും മാറ്റമൊന്നും സംഭവിക്കില്ല, സംരംഭം എങ്ങനെ പോയാല്‍ നമുക്കെന്ത് നമ്മുടെ കാര്യങ്ങള്‍ നടക്കണം, മാറ്റങ്ങള്‍ വന്നാല്‍ നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന പല സൗകര്യങ്ങളും നഷ്ട്ടപ്പെടും എന്നിങ്ങനെയുള്ള പോതുബോധങ്ങള്‍ സൃഷ്ട്ടിക്കപ്പെടാം. അത്തരമൊരു പൊതുബോധത്തിന്റെ സാന്നിദ്ധ്യം സംരംഭത്തിനെ എങ്ങോട്ട് നയിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
പൊതുബോധത്തിന്റെ ഉറവിടം
പൊതുബോധം ഒരു കാലയളവു കൊണ്ട് സ്വാഭാവികമായി ഉടലെടുക്കാം. സംരംഭത്തെ നയിക്കുന്ന വ്യക്തികളുടെ പ്രവര്‍ത്തികളോ, സാഹചര്യങ്ങളോ കൊണ്ട് അത്തരമൊരു പൊതുബോധം ഉരുത്തിരിയാം. മറ്റൊന്ന് തികഞ്ഞ ധാരണയോടെ, ലക്ഷ്യബോധത്തോടെ, വ്യക്തമായ ഒരു പ്ലാനിന്റെ പിന്‍ബലത്തോടെ പൊതുബോധത്തെ സംരംഭത്തിനുള്ളില്‍ സൃഷ്ട്ടിച്ചെടുക്കാം.
സംരംഭത്തില്‍ നിലനില്‍ക്കുന്ന പൊതുബോധമാണ് അതിനെ നയിക്കുന്നത്. ഭൂരിപക്ഷം പേരും ഒരു പ്രത്വേക പൊതുബോധത്തിന് അടിപ്പെടുമ്പോഴാണ് സംരംഭത്തിന്റെ ദിശ ക്രമീകരിക്കപ്പെടുന്നത്. പോസിറ്റീവായ പൊതുബോധം നല്ല വഴിയിലൂടെ പ്രസ്ഥാനത്തെ നയിക്കുമ്പോള്‍ നെഗറ്റീവായ പൊതുബോധം അതിനെ നാശത്തിലേക്ക് തള്ളിയിടുന്നു.
പോസിറ്റീവായ പൊതുബോധം
സംരംഭത്തിന്റെ മനുഷ്യവിഭവത്തെ ഭരിക്കുന്ന പോസിറ്റീവ് ആയ പൊതുബോധമാണ് അതിന്റെ ഏറ്റവും വിലപിടിച്ച ആസ്തി. ഭൗതികമായ ഒന്നല്ലാത്തതിനാല്‍ ഇതിനെ പെട്ടെന്ന് കണ്ടെത്തുക എളുപ്പമല്ല. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന വളര്‍ച്ച കാണിക്കുന്ന ഒരു സംരംഭത്തെ നയിക്കുന്നത് പോസിറ്റീവ് പൊതുബോധം ആണ് എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.
കെ എസ് ആര്‍ ടി സി ഒരു ഉദാഹരണം മാത്രമായിരുന്നു. ഈ പൊതുബോധത്തിന്റെ അറിവിലേക്ക് നമ്മെ നയിച്ച ഒന്ന്. എന്ത് കൊണ്ട് കെ എസ് ആര്‍ ടി സിയെപ്പോലൊരു മഹത്തായ പ്രസ്ഥാനം നഷ്ട്ടത്തില്‍ നിന്നും നഷ്ട്ടത്തിലേക്ക് ഓടിക്കൊണ്ടിരിക്കുന്നു എന്നത് നമുക്കിപ്പോള്‍ മനസിലായി. ഇത്രമാത്രം ആസ്തിയുള്ള, വിജയിക്കുവാനുള്ള ഏതാണ്ടെല്ലാ ചേരുവകളും അടങ്ങിയിട്ടുള്ള ആ സംരംഭത്തിന് ഒരേയൊരു ആസ്തിയാണ് ഇല്ലാത്തത്. അതിനെ ഭരിക്കുന്ന, നയിക്കുന്ന നെഗറ്റീവ് പൊതുബോധം അതിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. ഒരു സംരംഭത്തിനുണ്ടാകേണ്ട ഏറ്റവും വിലപിടിച്ച ആസ്തി എന്നതിന് സൃഷ്ട്ടിക്കുവാന്‍ കഴിയും അപ്പോള്‍ ആ സംരംഭം നേട്ടത്തിലേക്ക് കുതിക്കും.
പോസിറ്റിവ് ആയ പൊതുബോധം എല്ലാ സംരംഭങ്ങളിലും ഉടലെടുക്കട്ടെ. ആ പൊതുബോധം അവയെ നന്മയിലേക്കും വിജയത്തിലേക്കും നയിക്കട്ടെ.