ഭംഗിയായി ടൈല്‍ വിരിച്ച പാതയോരത്തെ സിമന്റ് ബെഞ്ചിലേക്ക് മാത്യൂസ് കിതപ്പോടെ ഇരുന്നു. രാവിലത്തെ നടപ്പില്‍ ഇത് പതിവുള്ളതാണ്. നടന്നു ക്ഷീണിച്ചുള്ള ഇരുപ്പ്. രണ്ടുകൈകളും നീട്ടി ബഞ്ചിന്റെ ചാരിലേക്ക് വെച്ച് അമര്‍ന്നിരുന്നു കൊണ്ട് മാത്യൂസ് ചുറ്റും നോക്കി.
സഹനടപ്പന്മാരും നടപ്പിമാരും മാത്യൂസിനെ അഭിവാദ്യം ചെയ്ത് കടന്നുപോയി. ദിവസവുമുള്ള നടപ്പ് ധാരാളം സൗഹൃദങ്ങള്‍ ഉടലെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. വീടുവിട്ടാല്‍ ഓഫീസ് ഓഫീസ് വിട്ടാല്‍ വീട് എന്ന സ്ഥിരം കലാപരിപാടിയില്‍ നിന്ന് കുറച്ച് സമയത്തേക്കുള്ള വിടുതല്‍ ലഭിക്കാന്‍ നടപ്പ് സഹായിക്കുന്നുണ്ട്. ശുദ്ധവായുവും ലഭിക്കും നാട്ടുകാരെ പരിചയപ്പെടുകയും ചെയ്യാം. അതുകൊണ്ട് രാവിലെയുള്ള നടപ്പ് മാത്യൂസിന് ഊര്‍ജ്ജദായകമായ ഒരു പ്രവര്‍ത്തിയായി മാറി. അത് മുടക്കാറില്ല.
അവിടെയിരുന്ന് കൊണ്ട് മാത്യൂസ് തന്റെ മുന്നിലെ തെരുവിലേക്ക് കണ്ണോടിച്ചു. പ്ലാസ്റ്റിക് കുപ്പികളും മറ്റും ചിതറിക്കിടക്കുന്നു. വെള്ളം കുടിച്ചിട്ട് ആളുകള്‍ വലിച്ചെറിഞ്ഞിട്ടതാണ്. പാതയോരത്തെ മരങ്ങളില്‍ നിന്നും അടര്‍ന്ന ഇലകളും അവിടവിടെയായി വീണു കിടക്കുന്നുണ്ട്. ഈ കാഴ്ചകളില്‍ കണ്ണോടിക്കവേ മനസ്സിലേക്ക് മറ്റ് ചിന്തകള്‍ കടന്നു വന്നു. അതില്‍ മുഴുകി മാത്യൂസ് ഇരിക്കുകയാണ്.
ഏകദേശം പതിനഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി സൈക്കിളില്‍ മാത്യൂസിന്റെ മുന്നിലൂടെ കടന്നു പോയി. അയാള്‍ക്ക് അല്പ്പം മുന്നില്‍ തന്റെ സൈക്കിള്‍ പാതയോരത്ത് ഒതുക്കി വെച്ച് അവള്‍ അവിടെ ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കിയെടുക്കുവാന്‍ തുടങ്ങി. മാത്യൂസ് കൗതുകത്തോടെ അവളുടെ ചെയ്തികള്‍ കണ്ടിരുന്നു. പെറുക്കിയെടുത്ത് കൊണ്ടുവന്ന കുപ്പികള്‍ അവള്‍ അവിടെയുണ്ടായിരുന്ന ഡസ്റ്റ് ബിന്നിലേക്ക് ഇട്ടു.
മാത്യൂസ് എഴുന്നേറ്റ് അവള്‍ക്കരുകിലേക്ക് ചെന്നു. അയാള്‍ അവളോട് ചോദിച്ചു ”നീ എന്തുകൊണ്ടാണ് ഈ കുപ്പികള്‍ പെറുക്കിയെടുത്തത്. ഞാനുള്‍പ്പെടെ എത്രയോപേര്‍ ഇത് കണ്ട് ഈ വഴിയേ കടന്നുപോയി. ആരും ഇത് ചിന്തിച്ചിട്ടു കൂടിയില്ല. നിനക്ക് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുവാന്‍ തോന്നിയത്? ഇതിനുള്ള പ്രചോദനം നിനക്ക് എവിടെ നിന്നാണ് ലഭിച്ചത്?”
അവള്‍ അത്ഭുതത്തോടെ മാത്യൂസിനെ നോക്കി. അത്തരമൊരു ചോദ്യം അവള്‍ തീരെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തന്റെ സൈക്കിളിന്റെ ഹാന്‍ഡിലില്‍ മെല്ലെ കൈകള്‍ തിരിച്ചുകൊണ്ടവള്‍ പറഞ്ഞു ”എല്ലാം വൃത്തിയായി സൂക്ഷിക്കണം എന്ന് എന്നെ പഠിപ്പിച്ചത് അമ്മയാണ്. വീടായാലും നാടായാലും അത് തങ്ങളുടെ ഉത്തരവാദിത്വമാണ് എന്നാണ് അമ്മ പറഞ്ഞു തന്നിട്ടുള്ളത്. ഞാനിത് ചെറുപ്പം മുതല്‍ ശീലിച്ചതാണ്. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ന് നാം നോക്കേണ്ടതില്ല. നമ്മുടെ കടമകള്‍ നാം ചെയ്യണം എന്ന് അമ്മ എപ്പോഴും പറയും. പ്രചോദനം എന്റെ ഉള്ളില്‍ തന്നെയാണ്. നമ്മുടെ കടമകള്‍ നമ്മെ എപ്പോഴും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുമെന്നാണ് അമ്മ പറയുന്നത്.”
പിങ്ക് നിറമുള്ള സൈക്കിളില്‍ ഒരു ചിത്രശലഭത്തെപ്പോലെ തന്നില്‍ നിന്നും അകന്ന് പോകുന്ന ആ പെണ്‍കുട്ടിയെ നോക്കി നിശബ്ദതയുടെ മഞ്ഞ് പുതച്ച് മാത്യൂസ് അവിടെ നിന്നു. താനും അവളും കണ്ടത് ഒരേ കാഴ്ചകളാണ്. പക്ഷേ പ്രതികരണങ്ങള്‍ വിഭിന്നങ്ങളും. പുലരിയുടെ പുസ്തകത്താളില്‍ വലിയൊരു പാഠം മാത്യൂസിനായി എഴുതി നല്കിക്കൊണ്ട് അവള്‍ ആ തെരുവിന്റെ വളവ് തിരിഞ്ഞ് അപ്രത്യക്ഷയായി.
എന്റെ ചെറുപ്പത്തില്‍ വീട്ടില്‍ മുറ്റമടിക്കുവാന്‍ പ്രായമായ ഒരു സ്ത്രീ വരുമായിരുന്നു. മെയ്യ എന്നായിരുന്നു ആ അമ്മൂമ്മയുടെ പേര്. വീട്ടില്‍ എല്ലാവരും എഴുന്നേല്‍ക്കും മുന്‍പേ അവര്‍ എത്തും. അമ്മ അടുക്കളയില്‍ കയറുമ്പോഴേക്കും അവര്‍ മുറ്റമൊക്കെ വൃത്തിയാക്കി തിരികെ പോയിട്ടുണ്ടാകും. ഒരുപാട് വീടുകളില്‍ അവര്‍ അക്കാലത്ത് മുറ്റം വൃത്തിയാക്കുവാന്‍ പോയിരുന്നു.
ഞാന്‍ എഴുന്നേറ്റ് ഒരു ഗ്ലാസ് ചായയുമൊക്കെയായി ഉമ്മറത്ത് എത്തുമ്പോള്‍ കാണാം. ഒരു ഇല പോലുമില്ലാതെ മണലില്‍ അര്‍ദ്ധവൃത്താകൃതിയിലുള്ള ചൂലിന്റെ പാടുകളുമായി നിറഞ്ഞു കിടക്കുന്ന മുറ്റം. മുറ്റമാകെ ഭംഗിയുള്ള ടൈല്‍ വിരിച്ചതു പോലെ തോന്നും. ചൂല്‍ മണലില്‍ തീര്‍ത്ത ചിത്രങ്ങള്‍ കൃത്യമായ അളവിലാണ്. ഇത്ര ഭംഗിയായി, വൃത്തിയായി മുറ്റം തൂക്കുന്ന ഒരാളെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.
മെയ്യ ഒരു സാധാരണ സ്ത്രീയാണ്. ജീവിക്കാന്‍ മറ്റ് വീടുകളില്‍ പോയി പണിയെടുക്കുന്ന ഒരാള്‍. സ്‌കൂളിന്റെ പടി ചവിട്ടിയിട്ടില്ല. തന്റെ വീട് വിട്ട് എവിടേക്കും പോയിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം ഈ ലോകം തന്റെ ചുറ്റുമുള്ള കുറച്ച് സ്ഥലങ്ങള്‍ മാത്രമാണ്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരെ ആരും പഠിപ്പിച്ചിട്ടില്ല. ഞാന്‍ ജീവിതത്തില്‍ കണ്ട ആദ്യ പ്രൊഫഷണല്‍ മെയ്യയാണ്.
ജീവിതത്തില്‍ നാം പഠിക്കുന്ന ചില വലിയ പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത് മഹാന്മാരല്ല. അത് നമുക്ക് ചുറ്റുമുള്ള സാധാരണക്കാരാണ്. അത് അടുക്കളയില്‍ ജോലിക്ക് വരുന്ന സ്ത്രീ ആകാം, തെരുവോരത്ത് പച്ചക്കറി വില്‍ക്കുന്ന ചേട്ടനാകാം, സ്‌കൂള്‍ കുട്ടിയാകാം, ഭിക്ഷ യാചിക്കുന്നൊരാളാകാം, ചുമടെടുക്കുന്നയാളാകാം, ഞാനും നിങ്ങളുമാകാം. നമ്മെ പ്രചോദിപ്പിക്കുന്നവര്‍ നമ്മുടെ ചുറ്റിലുമുണ്ട്. കണ്ണു തുറന്ന് നോക്കിയാല്‍ അവരെ നമുക്ക് ഓരോ ദിവസവും കാണാം.