ഹൈദ്രാബാദിലേക്കുള്ള യാത്രയിലാണ്. എയര്‍പോര്‍ട്ടില്‍ നേരത്തെ എത്തി. ബോര്‍ഡിംഗിനായി ധാരാളം സമയം ബാക്കി. കസേരയില്‍ ചാരിയിരുന്നു അല്‍പ്പനേരം മയങ്ങി. എഴുന്നേറ്റപ്പോള്‍ വല്ലാത്ത ക്ഷീണം. ഒരു കാപ്പി കുടിച്ചു കളയാം എന്ന തോന്നല്‍.
കോഫിഷോപ്പില്‍ വലിയ തിരക്കൊന്നുമില്ല. ഒരാള്‍ ലാപ്‌ടോപ്പ് തുറന്നു വെച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ട്. ഇടക്കിടക്ക് കയ്യിലിരിക്കുന്ന കോഫി മൊത്തിക്കുടിക്കുന്നു. വേറെയാരും അവിടെയില്ല. വിലവിവരപ്പട്ടിക നോക്കി. ഒരു കാപ്പി നൂറുരൂപ. എയര്‍പോര്‍ട്ട് അല്ലേ. വേറെ വഴിയില്ല. ”ഒരു കാപ്പി വേണം” കറുത്ത ടീ ഷര്‍ട്ട് ധരിച്ച പയ്യന്‍സിനോട് പറഞ്ഞു.
പയ്യന്‍സ് യന്ത്രത്തില്‍ നിന്നും കാപ്പി ഊറ്റിയെടുത്ത് ഒരു പേപ്പര്‍ കപ്പില്‍ എനിക്കു നല്കി. കപ്പിന്റെ ഏകദേശം പകുതിയില്‍ അല്പം കൂടുതലേ കാപ്പിയുള്ളൂ. കപ്പുമായി ഞാന്‍ ഒരു കസേരയില്‍ ചെന്നിരുന്നു. മെല്ലെ മെല്ലെ ചൂടുള്ള കാപ്പി ആസ്വദിച്ചു കുടിച്ചു തുടങ്ങി. ദൈവമേ, ഇതെന്ത് സാധനം. കാപ്പിയാണോ ചായയാണോ അതോ മറ്റേതെങ്കിലും ദ്രാവകമോ? പെട്ടെന്ന് രത്‌നവിലാസ് ഹോട്ടലിലെ കടുപ്പമുള്ള കാപ്പിയെക്കുറിച്ചോര്‍ത്തു. പതിനഞ്ചു രൂപക്ക് നാവില്‍ കൊതിയൂറുന്ന കാപ്പി. ഇതും അതും തമ്മില്‍ ആനയും ആടും പോലത്തെ വ്യത്യാസം.
”മോനെ, ഇത് കാപ്പി തന്നെയാണോ?” ഞാന്‍ പയ്യന്‍സിനോട് ചോദിച്ചു. എന്റെ ചോദ്യം പയ്യന്‍സിന് ഇഷ്ട്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖഭാവം വ്യക്തമാക്കി. ”എന്താ കുഴപ്പം” തിരികെ ചോദ്യമെത്തി. ”നൂറുരൂപ വാങ്ങിക്കുന്നതല്ലേ നല്ല കാപ്പി നല്കിക്കൂടെ?” ഉപഭോക്താവായ എന്റെ ചോദ്യം വീണ്ടും. ഇത്തവണ പയ്യന്‍സിന്റെ ഗൗരവം അല്പ്പം കൂടി ഘനീഭവിച്ചു. ”ഇതേ ഇവിടെയുള്ളൂ. വേണമെങ്കില്‍ ചേട്ടന്‍ കുടിച്ചാല്‍ മതി.” പയ്യന്‍സ് തലവെട്ടിത്തിരിച്ചു.
പറയുവാന്‍ ഒന്നുമില്ല. വേലയെടുത്ത നൂറുരൂപ എയര്‍പോര്‍ട്ടില്‍ കാപ്പി എന്ന് വിളിക്കപ്പെടുന്ന എന്തോ സാധനത്തിന് നല്കി. അഞ്ച് രൂപ പോലും മുടക്കുമുതലില്ലാത്ത ആ കാപ്പി ബിസിനസിന്റെ ഭാഷയില്‍ പറഞ്ഞാല്‍ എയര്‍പോര്‍ട്ടിന്റെ വലിയൊരു അനുഭവമാണ് നമുക്ക് പ്രദാനം ചെയ്യുന്നത്. നല്‍കുന്ന പണത്തിന് മൂല്യമുള്ള ഒന്ന് നമുക്ക് തിരികെ ലഭിക്കണം എന്നില്ല. ഇത് മലയാളക്കരയുടെ മാത്രം പ്രത്വേകതയാണ്. ഇവിടെ അനുഭവത്തിനാണ് മുന്‍തൂക്കം. കൂടാതെ എത്ര അതിമനോഹരമായ ആതിഥ്യ മര്യാദയും.
ഗപ്പി എന്ന സിനിമയില്‍ ടോവിനോയും സിനിമയിലെ കേന്ദ്രകഥാപാത്രമായ ഗപ്പിയും തമ്മില്‍ കണ്ടു മുട്ടുന്ന ആദ്യത്തെ രംഗമുണ്ട്. ചായയിട്ടു നല്‍കിയ ഗപ്പിയോടു ഇതെന്ത് ചായയാണ് എന്ന് ടോവിനോ ചോദിക്കുമ്പോള്‍ ഗപ്പി പറയുന്ന ഒരു മറുപടിയുണ്ട് എനിക്കിങ്ങനത്തെ ചായയെ ഇടാന്‍ അറിയൂ. നിനക്ക് വേണമെങ്കില്‍ കുടിച്ചിട്ട് പോടാ എന്ന ഭാവവും. ഒരു ശരാശരി മലയാളിയെ വ്യക്തമാക്കുന്ന ഒരു സീന്‍. ഇത് ചായക്കടകളില്‍ മാത്രമല്ല നിങ്ങള്‍ക്ക് എവിടേയും കാണാം.
ഒരിക്കല്‍ ഒരു കോയമ്പത്തൂര്‍ യാത്രക്കിടയില്‍ വണ്ടി നിര്‍ത്തി റോഡിനോരത്തുള്ള മാടക്കടയില്‍ നിന്നും കാപ്പി വാങ്ങി. മധുരം ഇടേണ്ട എന്ന് പറഞ്ഞു. കാപ്പി കിട്ടി കുടിച്ചു തുടങ്ങിയപ്പോള്‍ നല്ല മധുരം. ”ചേട്ടാ, മധുരം വേണ്ട എന്ന് പറഞ്ഞതല്ലേ?” ഞാന്‍ തമിഴന്‍ ചേട്ടനോട് ചോദിച്ചു. ”അയ്യോ സാറേ, അറിയാതെ പറ്റിയതാ. സാറ് പറഞ്ഞത് ഞാന്‍ ശ്രദ്ധിച്ചില്ല. ഇപ്പോ മാറ്റിത്തരാം.” തന്റെ തെറ്റ് അംഗീകരിച്ച് അപ്പോള്‍ തന്നെ മറ്റൊരു കാപ്പിയിട്ട് നിറഞ്ഞ ചിരിയോടെ എന്റെ കയ്യിലേക്ക് തന്നു. വെറും പത്ത് രൂപക്ക് അടിപൊളി കാപ്പി പിന്നെ നിറഞ്ഞ ചിരിയും.
രത്‌നവിലാസിലെ പഴയ ബെഞ്ചില്‍ ഇരുന്ന് നാട്ടുകാരോടൊക്കെ കുശലം പറഞ്ഞ് നല്ല ചൂടുള്ള സ്വാദിഷ്ട്ടമായ കാപ്പി ഊതി ഊതി മൊത്തിക്കുടിക്കുന്ന അനുഭവം ഏത് പഞ്ചനക്ഷത്ര ഹോട്ടലിന് തരാന്‍ കഴിയും.
വഴിയരികിലെ മാടക്കടകളില്‍ നിന്നും ലഭിക്കുന്ന രുചികരമായ കാപ്പി വേറെ എവിടെ കിട്ടും. പത്ത് രൂപക്കും പതിനഞ്ചു രൂപക്കും നിറഞ്ഞ അനുഭവങ്ങളും സ്വാദുമായി നമുക്ക് ലഭിക്കുന്ന കാപ്പിക്ക് മുന്നില്‍ നൂറുരൂപയുടെ കാപ്പി നല്‍കുന്ന അനുഭവം ഇന്നുവരെ എനിക്ക് പിടികിട്ടിയിട്ടില്ല.
കാപ്പിയുടെ സ്വാദും പെരുമാറ്റത്തിന്റെ സ്വാദും കൂടിച്ചേരുമ്പോഴേ അനുഭവങ്ങള്‍ ആസ്വാദ്യകരമാക്കൂ. പഞ്ചനക്ഷത്ര ഹോട്ടലോ എയര്‍പോര്‍ട്ടോ എവിടെയുമാകട്ടെ മോശം ഭക്ഷണവും മോശം പെരുമാറ്റവും ഒരു നല്ല അനുഭവവും നല്കുന്നില്ല. അനുഭവങ്ങള്‍ക്കായി പണം മുടക്കൂ എന്നത് കേരളത്തില്‍ വലിയൊരു ഊറ്റലാണ്. പണിയെടുത്ത് പണമുണ്ടാക്കുന്നവനെ ഊറ്റി ജീവിക്കുവാന്‍ നാം കണ്ടെത്തുന്ന എളുപ്പമാര്‍ഗ്ഗം. ആതിഥ്യ മര്യാദയില്‍ ലോകത്തിലെ ഏറ്റവും മോശം ജനത നാം തന്നെയാകുവാന്‍ സാദ്ധ്യത ഏറെയാണ്.
വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മാത്രമല്ല നാം മുന്നില്‍ അഹങ്കാരത്തിലും ഏറ്റവും മുന്നില്‍ നാം തന്നെയാകും. ധാര്‍ഷ്ട്യം നമുക്ക് ഭൂഷണമാണെന്ന് നാം ചിന്തിച്ചു തുടങ്ങിയിരിക്കുന്നുവോ? വിനയവും എളിമയും നാം വല്ലപ്പോഴും കാട്ടുന്നുണ്ടെങ്കില്‍ തന്നെ അത് കപടമാകുവാനാണ് സാദ്ധ്യതകളേറെ. ധിക്കാരം നമ്മുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏത് ഉന്നതിയിലേക്ക് നാം കുതിച്ചു പാഞ്ഞാലും സംസ്‌കാരത്തില്‍ നാമേറെ പിന്തള്ളപ്പെട്ടിരിക്കുന്നു എന്ന വാസ്തവം തിരിച്ചറിയുന്നില്ലായെങ്കില്‍ അ:ധപതനം നമ്മെ കാത്തിരിക്കുന്നു.