അവള്‍ നിറവയറുമായി നേരെ വീട്ടിലേക്ക് കടന്നു വന്നു. എന്റെ അമ്മയുടെ അരികില്‍ ഒന്നുരുമ്മി നിന്നശേഷം അവള്‍ കോണിപ്പടികള്‍ കയറി മുകളിലേക്ക് പോയി. മുകളിലെ ഒരു മുറി അവള്‍ സ്വന്തമാക്കി. അതിന്റെ ഒരു മൂലയ്ക്ക് ചുരുണ്ട് കിടന്നു. പ്രസവിക്കുവാനുള്ള തയ്യാറെടുപ്പിലാണ് വെള്ളാരം കണ്ണുകളുള്ള ആ പൂച്ച. അവള്‍ക്ക് കിടക്കാനായി അമ്മ ഒരു തുണി വിരിച്ചു നല്കി.
അവള്‍ ഞങ്ങള്‍ക്ക് അപരിചിതയായിരുന്നില്ല. അടുക്കളപ്പുറത്തെ നിത്യ സന്ദര്‍ശകയായിരുന്നു. വീട്ടിനുള്ളില്‍ അവള്‍ കയറുന്നത് പതിവുണ്ടായിരുന്നില്ല. അല്ലെങ്കില്‍ അന്നുവരെ അവള്‍ വീടിനുള്ളില്‍ പ്രവേശിച്ചിട്ടേ ഉണ്ടായിരുന്നില്ല. തന്റെ പ്രസവസമയമടുത്തു എന്ന തോന്നലിലാവാം അവള്‍ ഒരു മുറി തനിക്കായി ഏറ്റെടുത്ത് അവിടെ പാര്‍പ്പാക്കിയത്.
അവള്‍ക്ക് അമ്മ ദിവസവും ഭക്ഷണം നല്കി. അവള്‍ പ്രസവിക്കുന്നതും കാത്ത് ഞങ്ങളിരുന്നു. എന്തുകൊണ്ടാണ് എന്നറിയില്ല ഞങ്ങള്‍ക്ക് വല്ലാത്തൊരു ഉത്കണ്ട ഉണ്ടായിരുന്നു. കുടുംബത്തിലെ ഒരംഗം പ്രസവിക്കുവാന്‍ പോകുന്ന പോലൊരു വികാരം. അവള്‍ ഞങ്ങള്‍ക്കാരുമായിരുന്നില്ല. അവള്‍ ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയ ഒരു പൂച്ച അല്ലായിരുന്നു. എന്നിട്ടും അവളുടെ ക്ഷേമം ഞങ്ങള്‍ക്ക് പ്രത്വേകിച്ചും അമ്മക്ക് വലിയൊരു കാര്യമായിരുന്നു.
കാത്തിരുന്ന് കാത്തിരുന്ന് ഒരു ദിവസം അവള്‍ പ്രസവിച്ചു. അവളെപ്പോലെ തന്നെ സുന്ദരിയായ ഒരു പെണ്‍കുഞ്ഞ്. അമ്മ വിരിച്ചു കൊടുത്ത തുണിമെത്തയില്‍ അമ്മയും കുഞ്ഞും സുഖമായി കിടന്നു. ദേഹത്ത് രോമങ്ങളില്ലാത്ത, കണ്ണുകള്‍ ഒരു സ്വപ്നത്തിലെന്ന പോലെ അടഞ്ഞിരുന്ന ഒരു കുഞ്ഞിപ്പൂച്ച. തന്റെ കുഞ്ഞിനെ ശരീരത്തോടടുക്കി പിടിച്ച് അവള്‍ കിടന്നു.
എന്നാല്‍ പിറ്റേദിവസം ആരും വിചാരിക്കാത്ത ആ സംഭവം നടന്നു. ഞങ്ങളെ നടുക്കിക്കൊണ്ട് സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് അവള്‍ വീടു വിട്ടിറങ്ങി എങ്ങോട്ടോ പോയി. കണ്ണു പോലും തുറക്കാത്ത കുഞ്ഞ് ജനിച്ചപ്പോഴേ അനാഥയായി. അമ്മയുടെ മുലപ്പാല്‍ കുടിക്കാതെ ആ കുഞ്ഞ് എങ്ങിനെ ജീവിക്കും? അത് മരിച്ചു പോകുമോ? ഞങ്ങള്‍ ഭയപ്പാടിലായി. കാത്തിരുന്ന് ജനിച്ച കുഞ്ഞാണ്. അത് മരിച്ചു പോകും എന്ന ചിന്ത ഞങ്ങളെ വിഷമിപ്പിച്ചു.
പിന്നീട് എന്റെ അമ്മയായി അവളുടെ അമ്മ. പാല് കാച്ചി ആറ്റിയെടുത്ത് അമ്മ അവളുടെ കുഞ്ഞിച്ചുണ്ടുകളില്‍ ഇറ്റിച്ചു നല്കി. ഒരു മനുഷ്യകുഞ്ഞിനെയെന്ന പോലെ അമ്മ അവളെ പരിചരിച്ചു. അമ്മയുടെ ശ്രദ്ധ അവളുടെ ജീവന്‍ നിലനിര്‍ത്തി. ദിവസങ്ങള്‍ കടന്നു പോയി. അവള്‍ കണ്ണു തുറന്നു. ദേഹത്ത് രോമങ്ങള്‍ കിളിര്‍ത്തു. വെള്ളാരം കണ്ണുകളുള്ള മറ്റൊരു സുന്ദരിയായി അവള്‍ മെല്ലെ യൗവനത്തിലേക്ക് കടന്നു.
ജനിച്ചത് മുതല്‍ അവള്‍ അമ്മയുടെ മുറിയിലാണ്. അമ്മയുടെ ഒപ്പം കിടക്കയിലാണ് ഉറക്കം. പുറത്ത് നിന്ന് ഒരു ഭക്ഷണവും കഴിക്കില്ല. ചോറിന് ചൂട് വേണം. അത് അമ്മയോ വീട്ടിലെ മറ്റാരെങ്കിലുമോ ചൂടാക്കി അവളുടെ പാത്രത്തില്‍ നല്കണം. വീട്ടിലെ അംഗങ്ങള്‍ ആരെങ്കിലും പുറത്തു പോയാല്‍ തിരികെ വരുമ്പോള്‍ അവരുടെ കാലില്‍ കെട്ടിമറിഞ്ഞ് സ്‌നേഹം പ്രകടിപ്പിക്കും. അവളെ അപ്പോള്‍ തിരികെ കൊഞ്ചിക്കണം അല്ലെങ്കില്‍ പിണങ്ങും. ഒരാവശ്യത്തിനായി വീട്ടില്‍ നിന്നും മാറിനില്‍ക്കുക ദുഷ്‌ക്കരമായി മാറി. കാരണം അവള്‍ മാറ്റാരും ആഹാരം കൊടുത്താല്‍ കഴിക്കില്ല. എന്റെ അമ്മയെ കണ്ടില്ലെങ്കില്‍ അന്ന് അവളുടെ മൂഡ് പോകും. പിന്നെ ഊര്‍ജ്ജമില്ലാതെ, നിരാശയായി എവിടെയെങ്കിലും ചുരുണ്ട് കിടക്കും.
ഏകദേശം രണ്ട് മാസം മുന്‍പ് അവള്‍ പ്രസവിച്ചു. മൂന്ന് കുട്ടികള്‍. ഒരു കുട്ടി അവളെപ്പോലെ തന്നെ. രണ്ടെണ്ണം വെള്ളയും ചാരനിറവും കലര്‍ന്ന് ഇരട്ടകളെപ്പോലെ. അവളും അമ്മയുടെ പാത പിന്തുടര്‍ന്ന് കുട്ടികളെ ഉപേക്ഷിച്ചു പോകുമോ എന്ന് ഞങ്ങള്‍ ഭയന്നു. പക്ഷേ കുട്ടികളെ അവള്‍ക്ക് ജീവനായിരുന്നു. ഒരു നിമിഷം പോലും അവള്‍ അവരെ പിരിഞ്ഞിരിക്കുന്നില്ല. സദാസമയവും അവള്‍ അവര്‍ക്ക് പിന്നാലെയാണ്.
പുതിയ ഈ മൂന്ന് അംഗങ്ങള്‍ ഇപ്പോള്‍ വീട് കീഴ്‌മേല്‍ മറിക്കുകയാണ്. ജനലിലെ കര്‍ട്ടനുകളില്‍ ഊഞ്ഞാലാട്ടം, സോഫയുടെ പതുപതുപ്പില്‍ ഉറക്കം. അവരുടെ അമ്മയെപ്പോലെ തന്നെ പുറത്ത് നിന്നും ഒന്നും കഴിക്കുകയില്ല. വെള്ളമുള്‍പ്പെടെ പാത്രത്തില്‍ എടുത്തു വെച്ചു നല്കണം. വീട്ടില്‍ സര്‍വ്വ സ്വാതന്ത്ര്യമാണ്. ഈ വികൃതിക്കൂട്ടത്തെ ചുറ്റിയാണ് ഇപ്പോള്‍ ഞങ്ങളുടെ ജീവിതം.
ഗര്‍ഭിണിയായ ഒരു പൂച്ചയെ കെട്ടിത്തൂക്കിയ ചിത്രം കണ്ടപ്പോള്‍ നെഞ്ചു പിടഞ്ഞുപോയി. അപ്പോഴാണ് ഈ കഥ പങ്ക് വെക്കണം എന്ന് തോന്നിയത്. മൃഗങ്ങളെ സ്‌നേഹിക്കുകയും വളര്‍ത്തുകയും താലോലിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും അവരുമായുള്ള ചങ്ങാത്തമൊരു അനുഭവമാണ്. ജീവിതത്തെ സ്പര്‍ശിക്കുന്ന കഥകളാണ്.
എന്റെ അമ്മയിരുന്ന് ടി വി കണ്ടുകൊണ്ടിരിക്കുന്ന സോഫയില്‍ മൂന്ന് പൂച്ചക്കുട്ടികള്‍ കിടന്നുറങ്ങുന്നുണ്ട്. അവരുടെ അമ്മ നിലത്തു കിടന്ന് അവരെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. അവര്‍ ഞങ്ങളുടെ വീട്ടിലെ അംഗങ്ങളായി മാറിയിരിക്കുന്നു. അവരില്ലാത്ത ഒരു ദിവസം ഞങ്ങള്‍ക്കിപ്പോള്‍ ചിന്തിക്കാന്‍ കൂടി വയ്യാതായിരിക്കുന്നു. ഹൃദയത്തിലേക്ക് വേരു പടര്‍ത്തുന്ന ഇത്തരം ബന്ധങ്ങളാണ് ജീവിതത്തെ പ്രകാശമാനമാക്കുന്നത്.