രാമനാഥന് മുന്നിലിരുന്ന ചെറിയ റോബോട്ടിനെ നോക്കിക്കൊണ്ട് അതിഗഹനമായ ചിന്തയിലായിരുന്നു. അതുകൊണ്ട് മൊബൈല്‍ ഫോണ്‍ ചിലച്ചപ്പോള്‍ പെട്ടെന്ന് ഞെട്ടിപ്പോയി.
പരിചിതമില്ലാത്ത നമ്പറാണ്. സാധാരണ അത്തരം കോളുകള്‍ എടുക്കാറില്ല. ചിന്തിച്ചുകൊണ്ടുതന്നെ യാന്ത്രികമായി രാമനാഥന്‍ ഫോണ്‍ ചെവിയോട് ചേര്‍ത്തു.
മറുഭാഗത്ത് ആഴത്തിലുള്ള, ഘനമുള്ള ശബ്ധം. ബിഷപ്പ് ഹൗസില്‍ നിന്നാണ്. ബിഷപ്പിന് രാമനാഥനെ അത്യാവശ്യമായി ഒന്ന് കാണണം. അരമണിക്കൂറിനുള്ളില്‍ ബിഷപ്പ് ഹൗസില്‍ എത്താം എന്ന് പറഞ്ഞ് രാമനാഥന്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു.
ബിഷപ്പ് ഹൗസില്‍ എത്തുമ്പോള്‍ ക്ലീറ്റസ് അച്ഛന്‍ വാതിക്കല്‍ തന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു. രാമനാഥനെ അദ്ദേഹം തിരുമേനിയുടെ മുന്നിലേക്ക് നയിച്ചു. ബിഷപ്പ് ഹൗസിന്റെ വിശാലതയും ഭംഗിയും ആസ്വദിച്ച് രാമനാഥന്‍ അദ്ദേഹത്തിന്റെ പിറകെ നടന്നു.
തിരുമേനിയുടെ മുഖം വളരെ അസ്വസ്ഥമായിരുന്നു. രാമനാഥനെ കണ്ടപ്പോള്‍ സ്വാഗതസൂചകമായി ചുണ്ടിന്റെ ഒരു കോണില്‍ ചെറിയൊരു ചിരി വിടര്‍ന്നുവെങ്കിലും അത് പെട്ടെന്നുതന്നെ അപ്രത്യക്ഷമായി. തിരുമേനിയുടെ ഇരിപ്പിടത്തിനരികിലായി നിന്നിരുന്ന മറ്റ് രണ്ടച്ചന്മാരുടേയും മുഖവും വ്യത്യസ്തമല്ലായിരുന്നു. പിരിമുറുക്കത്തിന്റെ അദൃശ്യമായ കണങ്ങള്‍ ആ മുറിയില്‍ ഘനീഭവിച്ച് നില്‍ക്കുന്നുണ്ടായിരുന്നു.
രാമനാഥന്‍ തിരുമേനിയെ വണങ്ങി അദ്ദേഹം ചൂണ്ടിക്കാണിച്ച ഇരിപ്പിടത്തിലേക്ക് തന്നെ പതിയെ ഇറക്കിവെച്ചു. മുറിയില്‍ തങ്ങി നിന്ന അസ്വസ്ഥത തന്റെ മനസ്സിലേക്കും നടന്നു വരുന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു.
”പെട്ടെന്ന് കാണാന്‍ വിളിപ്പിച്ചത് കൊണ്ട് താങ്കള്‍ക്കുണ്ടായ ബുദ്ധിമുട്ടിന് ഞാന്‍ ക്ഷമ ചോദിക്കുന്നു” തിരുമേനി സംസാരിച്ചു തുടങ്ങി. അദ്ദേഹം സംസാരിക്കുമ്പോള്‍ കവിളിനിരുവശവും തൂങ്ങിനില്‍ക്കുന്ന മാംസപേശികള്‍ ഇളകി കളിക്കുന്നുണ്ടായിരുന്നു. തിരുമേനിക്ക് എന്ത് പ്രായം കാണും? രാമനാഥന്‍ ചിന്തിച്ചു. ചുറ്റും ഒന്ന് കണ്ണോടിച്ചശേഷം അയാള്‍ തിരുമേനിയുടെ വാക്കുകളിലേക്ക് തിരികെ ശ്രദ്ധ കൊണ്ടുവന്നു.
”ലോകമെമ്പാടും ഉടലെടുക്കുന്ന നൂതനങ്ങളായ ആശയങ്ങളോടും ബൗദ്ധിക വ്യവഹാരങ്ങളോടും കാലികങ്ങളായ മാറ്റങ്ങളോടും സഭ പുലര്‍ത്തുന്ന താല്‍പ്പര്യവും അവ വിശാലമായ പൊതുതാല്പ്പര്യങ്ങള്‍ക്കനുസൃതമായി സഭയില്‍ നടപ്പിലാക്കുവാന്‍ എടുക്കുന്ന നടപടികളും ഞാന്‍ രാമനാഥന് വിശദീകരിച്ചു നല്‍കേണ്ടതില്ലല്ലോ? ആധുനിക സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനും വളരുന്ന ലോകത്തിനുമൊപ്പം മാറ്റങ്ങള്‍ വരുത്തുവാന്‍ സഭ പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഇന്നത്തെ കൂടിക്കാഴ്ച അതീവ പ്രാധാന്യമുള്ളതാണ്”. തിരുമേനി തുടര്‍ന്നു.
ഈ മുഖവുരക്ക് പിന്നാലെ വരാന്‍ പോകുന്നത് എന്താണ് എന്ന് രാമനാഥന്‍ അത്ഭുതപ്പെട്ടു. തന്നെപ്പോലൊരാളെ കൊണ്ട് സഭക്ക് എന്താവശ്യം? രാമനാഥന്‍ ഇരിപ്പിടത്തില്‍ ഒന്നിളകിയിരുന്നു.
”സാങ്കേതികത ജീവിതത്തിന്റെ എല്ലാ തുറകളെയും സ്പര്‍ശിച്ചുകഴിഞ്ഞു. സാങ്കേതികതയില്‍ വരുന്ന എല്ലാ മാറ്റങ്ങളെയും ഉള്‍ക്കൊള്ളാന്‍ സഭ കാലാകാലം ശ്രമിച്ചുപോന്നിട്ടുണ്ട്. കൃത്രിമബുദ്ധിയും റോബോട്ടിക്‌സും ക്ലൌഡ് ടെക്‌നോളജിയും പോലുള്ള ഭാവി സാങ്കേതികവിദ്യകള്‍ കൂടി സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുവാന്‍ സഭ തീരുമാനിച്ചുകഴിഞ്ഞു. അതിനായി രാമനാഥന്റെ കമ്പനിയുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമാണ്”. തിരുമേനി രാമനാഥന്റെ കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി. തിരുമേനിയുടെ നെഞ്ച് വിക്ഷോഭത്താല്‍ ഉയര്‍ന്നുതാഴുന്നത് രാമനാഥന്‍ ശ്രദ്ധിച്ചു.
സഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഇവയൊക്കെ ഉപയോഗിക്കാവുന്ന മേഖലകള്‍ എവിടെയൊക്കെയാണ്. രാമനാഥന്റെ മനസ് വളരെ വേഗത്തില്‍ അത്തരം സാധ്യതകളിലേക്ക് ഒന്ന് യാത്രചെയ്തു. അയാള്‍ക്ക് പ്രത്വേകിച്ചൊരു രൂപവും പിടികിട്ടിയില്ല. തിരുമേനി തന്നെ പറയട്ടെ. അയാള്‍ ഒന്ന് നിശ്വസിച്ചു.
തിരുമേനി രാമനാഥനെ തന്നെ സാകൂതം നോക്കുകയാണ്. രാമനാഥന്റെ മുഖത്തെ ഭാവങ്ങള്‍ വായിച്ചെടുക്കുന്നതുപോലെ. തിരുമേനി ഒരു ദീര്‍ഘശ്വാസം എടുത്തു. എന്നിട്ട് മെല്ലെ പറഞ്ഞു.
”അത്തരമൊരു നയത്തിന്റെ അടിസ്ഥാനത്തില്‍ ഇനി കുമ്പസാരക്കൂടുകളില്‍ റോബോട്ടുകളെ നിയമിക്കാന്‍ സഭ തീരുമാനമെടുത്തു കഴിഞ്ഞു. അതിനനുയോജ്യമായ റോബോട്ടുകളെ നിര്‍മ്മിച്ചെടുക്കാന്‍ രാമനാഥനെപ്പോലൊരു വിദഗ്ദ്ധന്റെ ആവശ്യം ഞങ്ങള്‍ക്കുണ്ട്.”
വലിയൊരു ഭാരം തന്നില്‍ നിന്ന് ഒഴിഞ്ഞുപോയപോലെ തിരുമേനി കിതച്ചു. തന്റെ ഇരിപ്പിടത്തിന്റെ ചാരിലേക്ക് അദ്ദേഹം അമര്‍ന്നിരുന്നു. ഒരു നിമിഷം അദ്ദേഹം കണ്ണുകള്‍ അടച്ചു.
രാമനാഥന്‍ ഞെട്ടിയില്ല. ഇന്നല്ലെങ്കില്‍ നാളെ ഓരോ പ്രസ്ഥാനത്തിനും ഇത്തരം സാങ്കേതികവിദ്യകള്‍ ആവശ്യം വരുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചിരുന്നു. കുമ്പസാരക്കൂടുകളില്‍ റോബോട്ടുകള്‍ വരുന്നതോടെ മനുഷ്യ ഇടപെടലുകള്‍ കൊണ്ട് ഉണ്ടാകുന്ന പല പ്രായോഗികപ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്നയാള്‍ ഒരു ചിരിയോടെ ആലോചിച്ചു.
രാമനാഥന്‍ തന്റെ ഇരിപ്പിടത്തില്‍ ഇന്നും അല്പ്പം മുന്നോട്ട് ചാഞ്ഞിരുന്നു. തിരുമേനിയുടെ കണ്ണുകളിലേക്ക് നോക്കി അയാള്‍ മെല്ലെ ചിരിച്ചു. എന്നിട്ട് പറഞ്ഞു ”ഇനി നമുക്ക് ബിസിനസ് സംസാരിക്കാം”.
തിരുമേനിയുടെ മുഖത്തും ഒരു പുഞ്ചിരി വിടര്‍ന്നു.
ഇത് തികച്ചും സാങ്കല്‍പ്പികമായ ഒരു കഥ മാത്രം.
ഒരു ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു ”രണ്ടുതരം മനുഷ്യരാണ് ഭാവിയില്‍ ഇവിടെ ഉണ്ടാകുവാന്‍ പോകുന്നത്. ഒന്ന് ജീവിതത്തിന് ആവശ്യമായ (അല്ലെങ്കില്‍ അതില്‍ കൂടുതലായ) ഉത്പന്നങ്ങളും സേവനങ്ങളും നിരന്തരം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടരും അവയെ ഉപയോഗിക്കുന്ന മറ്റൊരു കൂട്ടരും. ഇതില്‍ ആദ്യത്തെ കൂട്ടരാണ് ജീവിതത്തെ നിര്‍വ്വചിക്കുകയും പുനര്‍ നിര്‍വ്വചിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്. മറ്റുള്ളവര്‍ ഇത് പിന്തുടരുക മാത്രം ചെയ്യുന്നു.”
നമുക്ക് നിശബ്ധമായി കാലത്തെ പിന്തുടരാം.