കാലന് അയാളുടെ മുന്നില്‍ നെഞ്ചു വിരിച്ച് നിവര്‍ന്നു നിന്നു. നിസ്സഹായനായവന്റെ മേല്‍ അധീശ്വത്വം സ്ഥാപിക്കുന്ന ബൂര്‍ഷ്വാസിയുടെ സ്വാഭാവിക ഗര്‍വ്വും പുച്ഛവും കാലന്റെ മുഖത്ത് കാണാമായിരുന്നു. ഇരയുടെ മേല്‍ ചാടിവീഴുന്ന മൃഗത്തിന്റെ ക്രൗര്യത കാലന്റെ കണ്ണുകളില്‍ അലയടിച്ചു.
”നീ മരിക്കുവാന്‍ പോവുകയാണ്. നിന്നെ കൊണ്ടു പോകുവാനാണ് ഞാന്‍ വന്നിരിക്കുന്നത്.” തുരുമ്പിച്ച ഇരുമ്പ് കഷ്ണം അടര്‍ന്നു വീഴുന്നപോലെ കാലന്റെ ശബ്ദം നിശബ്ദതയെ ഭേദിച്ചു.
അയാള്‍ ചെയ്തു കൊണ്ടിരുന്ന പണിയില്‍ നിന്നും തലയുയര്‍ത്താതെ സൗമ്യമായി പറഞ്ഞു ”അതിനെന്ത്? നീ നിന്റെ ജോലി ചെയ്‌തോളൂ. ഞാന്‍ നിന്റെ ഒപ്പം വരാന്‍ തയ്യാറാണ്.” ചാട്ടവാറു കൊണ്ട് വീശിയടിച്ച പോലെ കാലനൊന്ന് പുളഞ്ഞു. തന്റെ സാമീപ്യം ഭീതി ഉണര്‍ത്താത്ത ഒരു മനസ്സ് പോലും ഇന്നേവരെ കണ്ടിട്ടില്ല. കാലന് ദേഷ്യം പെരുവിരലില്‍ നിന്നും അരിച്ചു കയറി.
”നിനക്ക് ഭയം തോന്നുന്നില്ലേ? ഞാന്‍ കാലനാണ്, മരണത്തിന്റെ രാജാവ്. എന്റെ കൈകളില്‍ നിന്നും രക്ഷപ്പെടുക അസാദ്ധ്യം. ഈ ഭൂമിയില്‍ നിന്റെ സമയം അസ്തമിച്ചു കഴിഞ്ഞു. നിനക്കത് മനസ്സിലായിട്ടും ഭയമില്ല എന്ന് നീ അഭിനയിക്കുകയാണ്.”
താന്‍ കാലനാണെന്ന് ഒന്നുകൂടി ഓര്‍മ്മപ്പെടുത്തേണ്ടി വന്നല്ലോ എന്ന ജാള്യത കാലനെ ഉലച്ചു. തന്റെ മുന്നിലിരിക്കുന്ന നിസ്സാരനായ മനുഷ്യന്റെ കൂസലില്ലായ്മ തന്നെ ചിന്താക്കുഴപ്പത്തിലാക്കാന്‍ തുടങ്ങി എന്ന് കാലന്‍ തിരിച്ചറിഞ്ഞു. എങ്കിലും ഭാവമൊന്നും മാറാതെ കാലന്‍ നിലകൊണ്ടു.
അയാള്‍ തലയുയര്‍ത്തി നിസ്സംഗനായി കാലനെ നോക്കി. ”ഞാനെന്തിന് നിന്നെ ഭയക്കണം. യാഥാര്‍ത്ഥത്തില്‍ എന്റെ ജീവിക്കുവാനുള്ള പ്രചോദനം നീയായിരുന്നു. എന്നെ ഇന്നുവരെ പ്രചോദിപ്പിച്ച, ജീവിക്കുവാന്‍ മോഹിപ്പിച്ച നിന്നെ ഭയപ്പെടുക വളരെ സാഹസികമായ ഒരു പ്രവര്‍ത്തിയാണ്. നിന്നെ ഞാന്‍ സ്‌നേഹിക്കുകയാണ്. നീ എന്നെ കൊണ്ടുപോയ്‌ക്കൊള്ളുക. ഞാന്‍ തീര്‍ച്ചയായും സംതൃപ്തനാണ്.” അയാള്‍ പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി കാലന് വാക്കുകള്‍ നഷ്ട്ടപ്പെട്ടു. തന്നെ സ്‌നേഹിക്കുന്ന ഒരാളോ? ഇത് സകല പ്രപഞ്ച സത്യങ്ങള്‍ക്കും വിരുദ്ധമാണ്. മരണമുള്ള, നിസ്സാരരായ ജീവികള്‍ തന്നെ ഭയപ്പെട്ടേ മതിയാകൂ. എന്നാല്‍ ഇത് അസാധാരണമാണ്. തന്റെ മേല്‍ക്കോയ്മക്ക് ഇത് ദോഷകരമാണ്. മരണം അവസാനമാണ്. അതെങ്ങിനെ ജീവിതത്തിന് പ്രചോദനമാകും. കാലന്റെ ചിന്തകള്‍ കാടു കയറാന്‍ തുടങ്ങി.
”എനിക്ക് നിന്റെ വാക്കുകള്‍ മനസിലാകുന്നില്ല. ഞാന്‍ എങ്ങിനെയാണ് നിന്റെ ജീവിതത്തിന് പ്രചോദനമായത്? എന്നെക്കുറിച്ച് ആരാലോചിച്ചാലും അവര്‍ ഭയം കൊണ്ട് വിറക്കും. ഞാന്‍ ഭയത്തിന്റെ തമ്പുരാനാണ്. എന്നെക്കുറിച്ചുള്ള ചിന്ത പോലും പേടിപ്പെടുത്തുന്നതാണ്. അങ്ങിനെയുള്ള ഞാന്‍ ഒരാള്‍ക്ക് ശക്തി പകരുന്നതെങ്ങിനെ? നീയെന്തോ വിചിത്ര വാദമുന്നയിച്ച് എന്നില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. ഞാന്‍ കണ്ട മനുഷ്യരില്‍ ഏറ്റവും ബുദ്ധി നിനക്കാണെന്നു തോന്നുന്നു. നിന്റെ വാക്കുകള്‍ എന്നെ കുഴപ്പിക്കുന്നു.” കാലന്റെ വാക്കുകളില്‍ വിള്ളലുകള്‍ വീണു തുടങ്ങി.
”ഒരിക്കലുമല്ല. ഞാന്‍ വെറും സാധാരണക്കാരനായ ഒരു ചെരുപ്പുകുത്തി മാത്രമാണ്. ബുദ്ധിയുടെ അമിതഭാരം എന്റെ തലയിലില്ല. അങ്ങ് യാതൊരു കാരണവശാലും വിഷമിക്കേണ്ടതില്ല. ഞാന്‍ പറഞ്ഞത് സത്യമാണ്. എന്റെ ഓരോ ദിവസവും പുലരുന്നത് അങ്ങയെക്കുറിച്ചുള്ള ചിന്തകളോടെയാണ്. ഏത് നിമിഷവും അങ്ങയുടെ കാലടിശബ്ദം കടന്നു വരും എന്ന് എനിക്കറിയാമായിരുന്നു. ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുവാനുള്ള ഈ ജന്മത്തില്‍ നിനച്ചിരിക്കാതെ അങ്ങ് കയറി വരുന്നതിന് മുന്‍പ് അതൊക്കെ ചെയ്തു തീര്‍ക്കണം എന്ന് ഞാന്‍ നിശ്ചയിച്ചിരുന്നു. അങ്ങയുടെ ഓര്‍മ്മ എന്റെ ഊര്‍ജ്ജത്തെ പതിന്മടങ്ങാക്കി വര്‍ദ്ധിപ്പിച്ചിരുന്നു. ജീവിതമാകുന്ന കുതിരവണ്ടിയുടെ മുന്നില്‍ കെട്ടിയിരുന്ന അശ്വങ്ങളായിരുന്നു ആ ചിന്തകള്‍. അത് എന്നേയും വലിച്ചുകൊണ്ട് അസാമാന്യമായ വേഗതയില്‍ പാഞ്ഞു. എനിക്ക് സമയം ഉണ്ട് എന്ന തോന്നലുണ്ടായിരുന്നെങ്കില്‍ ഞാന്‍ മടിയനായേനെ. പക്ഷേ നിന്നെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ പ്രചോദിപ്പിച്ചു. നീ എത്തുന്ന ഏത് നിമിഷത്തേക്ക് വേണ്ടിയും ഞാന്‍ സജ്ജനായിരുന്നു.” അയാള്‍ ചിരിച്ചു.
കാലന്റെ ദേഹം തളര്‍ന്നു. തന്റെ മുട്ടുകളില്‍ ഭാരം കൂടി വരുന്നപോലെ കാലന് തോന്നി. കാലുകള്‍ തറയിലേക്ക് മടക്കി കാലന്‍ ആ ചെരുപ്പുകുത്തിക്ക് മുന്നില്‍ ഇരുന്നു. കയ്യിലിരുന്ന വടം മെല്ലെ നിലത്തേക്ക് വെച്ചു. തന്റെ മുന്നില്‍ പരിക്ഷീണനായിരിക്കുന്ന കാലന്റെ മുഖത്തേക്ക് കാരുണ്യത്തോടെ നോക്കി അയാള്‍ ചോദിച്ചു.
”ഈ ലോകത്തിലെ ഏറ്റവും പ്രചോദനാത്മകമായ വാക്ക് എന്തെന്ന് നിനക്കറിയുമോ?”
തല ഇരുവശത്തേക്കും ആട്ടി കാലന്‍ ഇല്ല എന്ന് ഉത്തരം നല്കി.
”മരണം എന്നതിനേക്കാള്‍ പ്രചോദനാത്മകമായ ഒരു വാക്ക് ഈ പ്രപഞ്ചത്തില്‍ മറ്റൊന്നില്ല. നിന്റെ ചിന്തയില്‍ പ്രചോദിതനാകുന്ന ഒരുവനെ ഒന്നിനും തോല്‍പ്പിക്കാനാവില്ല. നീ ഭയമല്ല മറിച്ച് ജീവിതത്തിന്റെ സ്പന്ദനമാണ്. ഞാനത് തിരിച്ചറിഞ്ഞ ഒരുവനാണ്. അതു കൊണ്ട് നിന്റെ സാമീപ്യം എന്നെ കൂടുതല്‍ ആനന്ദിപ്പിക്കുന്നു.”
കാലന്‍ തന്റെ കൈകള്‍ നീട്ടി അയാളെ തൊട്ടു. ജീവിതത്തില്‍ ആദ്യമായി സ്‌നേഹത്തിന്റെ സ്പര്‍ശവുമായി ഒരു വേട്ട. ഒരുമിച്ച് യാത്രയാകുമ്പോള്‍ അവരെ ആ സ്‌നേഹം ഒരു മൂടല്‍മഞ്ഞു പോലെ പൊതിഞ്ഞിരുന്നു.