തോടിനു കുറുകെയുള്ള ഒരു മരപ്പാലം. കഷ്ട്ടിച്ച് ഒരാള്‍ക്ക് കടന്നു പോകുവാന്‍ മാത്രം വീതിയുള്ളത്. ഒരാള്‍ പാലത്തില്‍ കയറി മറുകര എത്താന്‍ നടക്കുമ്പോള്‍ എതിരേ നിന്ന് ഒരാള്‍ വന്നാല്‍ പ്രശ്‌നമാകും. ആരെങ്കിലും ഒരാള്‍ പിന്നിലേക്ക് മാറിയാല്‍ മാത്രമേ യാത്ര നടക്കുകയുള്ളൂ.
ഒരു സന്യാസി യാത്രക്കിടെ ഈ തോടിന്റെ കരയിലെത്തി. തന്റെ ജ്ഞാനത്തിലും സിദ്ധികളിലും സ്വയം അഹങ്കരിക്കുന്ന ഒരാളായിരുന്നു ഈ സന്യാസി. അതിന്റെ മട്ടും ഭാവവുമൊക്കെ ശരീര ഭാഷയില്‍ പ്രകടമായിരുന്നു. ജ്ഞാനം ഇരുട്ടില്‍ പ്രകാശം പരത്തുന്നതിന് പകരം ചിലരെ കൂടുതല്‍ ഇരുട്ടിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തമ പ്രതിരൂപമായി നമുക്കിദ്ദേഹത്തെ കാണാം.
സന്യാസി തോടിന്റെ കരയിലെത്തിയ ആ നിമിഷം തന്നെ തോടിന്റെ മറുകരയില്‍ ഒരു ധനികനും എത്തിച്ചേര്‍ന്നു. അയാള്‍ക്കും പാലം കടന്ന് അക്കരയ്ക്ക് പോകേണ്ടതാണ്. സന്യാസി ജ്ഞാനത്തില്‍ അഹങ്കരിച്ചിരുന്നതുപോലെ തന്റെ സമ്പന്നതയില്‍ അഹങ്കരിച്ചിരുന്നവരില്‍ ഒരാളായിരുന്നു ധനികനും.
ഇതൊരു വൈരുദ്ധ്യമായി നമുക്ക് തോന്നാം. ധനവാനല്ലാത്ത സന്യാസി തന്റെ ജ്ഞാനത്തില്‍ അഹങ്കരിക്കുന്നു. വിജ്ഞന്‍ അല്ലാത്ത ധനികന്‍ തന്റെ പണത്തില്‍ അഹങ്കരിക്കുന്നു. അഹങ്കരിക്കുവാന്‍ ഇന്നത് തന്നെ വേണമെന്നൊ\ന്നുമില്ല. ധനം ഉണ്ടാക്കുന്ന അഹങ്കാരത്തെ ജ്ഞാനം തുടച്ചു മാറ്റും എന്ന് നാം കരുതുന്നു. പക്ഷേ ധനവും ജ്ഞാനവും കൂടിയാല്‍ ഉണ്ടാകുന്ന അഹങ്കാരത്തേയും നാം ഭയക്കേണ്ടിയിരിക്കുന്നു.
സന്യാസി തന്റെ കാല്‍ മരപ്പാലത്തിലേക്ക് വെച്ച അതേ നിമിഷത്തില്‍ തന്നെ ധനികനും മറുകരയില്‍ നിന്ന് മരപ്പാലത്തിലേക്ക് പ്രവേശിച്ചു. രണ്ടുപേരും പരസ്പരം നോക്കി. രണ്ടുപേരും ഒരുമിച്ച് കയറിയാല്‍ ബുദ്ധിമുട്ടാകും എന്നവര്‍ക്കറിയാം. പക്ഷെ തലയില്‍ പിടിച്ചിരിക്കുന്ന അഹങ്കാരം വെച്ച കാല്‍ പിന്നോട്ടെടുക്കാന്‍ രണ്ടുപേരെയും സമ്മതിച്ചില്ല. പാലത്തിന് നടുവിലെത്തി അവര്‍ മുഖത്തോട് മുഖം നോക്കി. ഒരു സന്യാസിയായ തനിക്ക് അര്‍ഹിക്കുന്ന ബഹുമാനം നീ നല്‍കേണ്ടതാണ് എന്ന ഭാവം സന്യാസിയുടെ മുഖത്ത്. ഈ നാട്ടിലെ അറിയപ്പെടുന്ന പണക്കാരനായ തന്റെ മുന്നില്‍ ദരിദ്രനായ ഈ സന്യാസി ആര് എന്ന ഭാവം ധനികന്റെ മുഖത്ത്.
രണ്ടുപേരും രൂക്ഷമായ വാദപ്രതിവാദത്തിലേര്‍പ്പെട്ടു. താനാണ് ബഹുമാനിക്കപ്പെടെണ്ടവന്‍ എന്ന് ഓരോരുത്തരും വാദിച്ചു. ജ്ഞാനമാണ് ഈ ഭൂമിയിലെ ഏറ്റവും വലിയ ധനം എന്ന് സന്യാസി വാദിച്ചു. വിശപ്പു മാറ്റാന്‍ ജ്ഞാനത്തിന് സാധിക്കുകയില്ല എന്നും അതിന് ധനം തന്നെ വേണം എന്നും ധനികനും വാദിച്ചു. രണ്ടുപേരും വിട്ടുകൊടുക്കുവാന്‍ തയ്യാറാകുന്നില്ല. സമയം കടന്നു പോകുന്നു. പാലത്തിലൂടെ ഇരുകരയിലേക്കും പോകുവാന്‍ വന്നവര്‍ താടിക്ക് കൈയ്യും കൊടുത്ത് ഈ തര്‍ക്കം കേള്‍ക്കുകയാണ്. ആരെങ്കിലും ഒരാള്‍ പിന്നിലേക്ക് പോയാല്‍ തീരുന്ന പ്രശ്‌നം രണ്ടുപേരുടെയും പിടിവാശി കൊണ്ട് നീണ്ടുപോകുകയാണ്. യഥാര്‍ത്ഥത്തില്‍ തര്‍ക്കം അവര്‍ രണ്ടുപേരും തമ്മിലല്ല അവരുടെ അഹങ്കാരങ്ങള്‍ തമ്മിലാണ്.
കുറച്ചു കഴിഞ്ഞപ്പോള്‍ ജനക്കൂട്ടത്തിന് മടുത്തു. ഇവര്‍ പറയുന്ന ഗീര്‍വാണങ്ങള്‍ അല്‍പ്പസമയമൊക്കെ ക്ഷമയോടെ കേള്‍ക്കാം. പക്ഷേ ഇത് വളരെ കടന്നകയ്യാണ്. എല്ലാവര്‍ക്കും അവരവരുടേതായ കാര്യങ്ങളുണ്ട്. തങ്ങളുടെ സമയം ഈ അഹങ്കാരികള്‍ക്കായി എന്തിന് കളയണം. ക്ഷമനശിച്ച ആള്‍ക്കൂട്ടത്തിനിടയില്‍ ഒരാള്‍ മുന്നോട്ട് വന്നു പറഞ്ഞു ”നിങ്ങളില്‍ ഒരാള്‍ പിന്നോട്ട് പോയി ഈ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഞങ്ങള്‍ രണ്ടുപേരേയും എടുത്ത് ഈ തോട്ടില്‍ ഇടും. ഞങ്ങള്‍ക്ക് ഇതിലൂടെ കടന്നു പോകേണ്ടതുണ്ട്. അതുകൊണ്ട് നിങ്ങള്‍ തീരുമാനിക്കുക നടന്നു പോകണോ നീന്തി പോകണോ എന്ന്.”
അയാള്‍ മുന്നോട്ട് വന്നു. രണ്ടുപേരും പിന്മാറുന്നില്ല. അവരുടെ അഹങ്കാരം അവരെ പിന്മാറാന്‍ അനുവദിക്കുന്നില്ല എന്ന് പറയുന്നതാവും ശരി. ആരാണ് വലിയവന്‍ എന്നതാണ് തര്‍ക്കവിഷയം. എന്ത് വന്നാലും തോറ്റുകൊടുക്കുകയില്ല. ക്രുദ്ധരായി പരസ്പരം എതിരിട്ടു കൊണ്ടിരിക്കുന്ന രണ്ട് വന്യമൃഗങ്ങളെപ്പോലെ അവര്‍ നില്‍ക്കുകയാണ്.
കടന്നുവന്നയാള്‍ രണ്ടുപേരെയും തോട്ടിലേക്ക് എടുത്തിട്ടു. ഇപ്പോള്‍ പാലം സ്വതന്ത്രമായി. ഇരുകരയിലുമുള്ളവര്‍ അവര്‍ക്ക് പോകേണ്ടയിടങ്ങളിലേക്ക് യാത്രയായി. തോട്ടില്‍ വീണ സന്യാസിയേയും ധനികനേയും ആരും ശ്രദ്ധിച്ചു കൂടെയില്ല. നനഞ്ഞു കുളിച്ചിട്ടും തോട്ടില്‍ കിടന്ന് അവര്‍ തര്‍ക്കിക്കുകയാണ്. ആരും ശ്രദ്ധിക്കാത്ത, അവര്‍ തുടക്കമിട്ടതും അവസാനിപ്പിക്കാത്തതുമായ തര്‍ക്കം.
ഇത്തരം സന്യാസിമാരേയും ധനികരേയും ജീവിതത്തിന്റെ മരപ്പാലത്തില്‍ നാം പലപ്പോഴും കണ്ടുമുട്ടുന്നുണ്ട്. പല രൂപത്തില്‍ പല ഭാവത്തില്‍ അവര്‍ നമുക്ക് മുന്നിലെത്തുന്നു. പിന്നിലേക്ക് ഒരാള്‍ അല്പ്പം മാറിയാല്‍ അവസാനിക്കുന്ന തര്‍ക്കങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. ആഴത്തിലേക്ക് പതിച്ചാലും പിന്മാറാന്‍ അവര്‍ ഒരുക്കമല്ല. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. ചില പിന്മാറ്റങ്ങള്‍ നന്മ കൊണ്ടുവരുമെങ്കില്‍ പിന്മാറുന്നതല്ലേ നല്ലത്?