പള്ളിയില്‍ നിന്നും കൂട്ടമണി മുഴങ്ങുന്നു. നേരം സന്ധ്യ മയങ്ങിയിട്ടേയുള്ളൂ. എങ്കിലും എല്ലായിടത്തും ഇരുട്ട് വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. പള്ളി ഒരു കുന്നിന്‍ മുകളിലാണ് സ്ഥിതിചെയ്യുന്നത്. എന്തോ അനിഷ്ട്ട സംഭവം ഉണ്ടായിരിക്കുന്നു എന്നു വ്യക്തം. അല്ലെങ്കില്‍ കപ്യാര്‍ കൂട്ടമണി അടിക്കില്ലല്ലോ. പള്ളിമണി കേട്ട ഇടവകക്കാര്‍ താഴ്വാരവും കുന്നും കടന്ന് ഓടിപ്പിടഞ്ഞ് പള്ളിഅങ്കണത്തിലെത്തി.
”നമ്മുടെ മത്തായിമാപ്ല മരിച്ചിരിക്കുന്നു. ഈ വിവരം പറയാനാണ് നിങ്ങളെ വിളിപ്പിച്ചത്” അച്ഛന്‍ ഗൗരവപൂര്‍വ്വം കാര്യം പറഞ്ഞു.
”അച്ചോ, ഈ വിവരം പറയാനാണോ ഞങ്ങളെ ഇങ്ങനെ ഓടിച്ചത്. മരിച്ച ഉടനെതന്നെ മത്തായിമാപ്ലയുടെ ഇളയമകന്‍ കുട്ടപ്പായി ഫോട്ടോ സഹിതം വാട്‌സാപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ ഈ വിവരം നേരത്തേ അറിഞ്ഞു. അച്ഛന്‍ ഇപ്പോഴാണോ അറിഞ്ഞത്.” കൂട്ടത്തില്‍ രസികനും ശാപങ്ങളെ പേടിയില്ലാത്തവനുമായ അവറാന്‍ ഉച്ചത്തില്‍ ചോദിച്ചു.
”വാട്‌സാപ്പിലൂടെ ഞാനും അറിഞ്ഞു. പക്ഷേ പള്ളിമണി മുഴക്കി നിങ്ങളെ ഇവിടെ എത്തിച്ച് ഈ വിവരം അറിയിക്കേണ്ടത് എന്റെ കടമയാണ്. നമ്മള്‍ കാലാകാലങ്ങളായി അനുഷ്ട്ടിക്കുന്ന ആചാരമാണ് ഇത്. അത് ലംഘിക്കുവാന്‍ സാദ്ധ്യമല്ല. പുതിയ മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം പക്ഷേ പഴയ മാര്‍ഗ്ഗങ്ങള്‍ പിന്തുടരേണ്ടത് വിശ്വാസികള്‍ എന്ന നിലയില്‍ നമ്മുടെ കടമയാണ്.” അച്ഛന്‍ മറുപടി പറഞ്ഞു.
കാലം മാറുന്നതിനനുസരിച്ച് ആചാരങ്ങള്‍ മാറ്റുകയോ കൊള്ളാം. അതിന് നമ്മളെ കിട്ടില്ല. ആചാരങ്ങള്‍ ഇരുമ്പുലക്കയാണ്. അത് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ സര്‍വ്വവും കീഴ്‌മേല്‍ മറിയും. പള്ളിമണി അടിക്കുന്നതിന് പകരം വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒരു മെസ്സേജ് ഇട്ടാല്‍ തീരുന്ന വിഷയമേ ഉള്ളൂ. ഇതൊന്നുമില്ലാത്ത കാലത്ത് വിവരങ്ങള്‍ അറിയിക്കുവാന്‍ ഉപയോഗിച്ച അതേ മാര്‍ഗ്ഗം നാം പിന്തുടര്‍ന്നു തന്നെ പോകണം.
കുട്ടിക്ക് പരീക്ഷക്കാലം. കൊണ്ടു പിടിച്ച പഠിത്തം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്നും ഭക്തി ഗാനം ഒഴുകുകയാണ്. ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ ഭക്തി നാട്ടിലാകെ ഒഴുകി പരക്കുകയാണ്. പരീക്ഷാക്കാലത്ത് പഠിക്കാനിരിക്കുന്ന കുട്ടികളുടെ കര്‍ണ്ണപുടങ്ങളിലേക്ക് ഭക്തി ഇരച്ചു കയറുകയാണ്. രാവിലെയും വൈകിട്ടും ഇത് നിര്‍ബന്ധമാണ്. ക്ഷേത്രത്തിന്റെ നാല് മതില്‍ക്കെട്ടുകള്‍ക്ക് അകത്തു മാത്രം പോരാ ഈ ശബ്ദഘോഷം. നാട്ടിലെ ആളുകള്‍ മുഴുവന്‍ കേള്‍ക്കണം. എന്നാലേ ഭക്തി ഉണരൂ.
പഠിക്കാനിരിക്കുന്ന കുട്ടികള്‍. തലയില്‍ കൈവെച്ച് ഇത് നിര്‍ത്താനായി ദൈവത്തെ തന്നെ വിളിച്ചു കേഴുകയാണ്. എവിടെ, യാതൊരു കാര്യവുമില്ല. ഇത് നമ്മുടെ ശീലത്തില്‍ പെട്ടതാണ്. ആര്‍ക്കൊക്കെ എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും ദൈവത്തിന്റെ കാര്യം കഴിഞ്ഞു മതി ബാക്കിയെല്ലാം. ദൈവം ഇതൊക്കെ അറിയുന്നുണ്ടോ ആവോ. ഇതൊക്കെ പണ്ടേ ഇങ്ങനെയാ ഇനിയും അങ്ങനെയൊക്കെ തന്നെ മതി.
നിസ്‌കാര സമയമറിയിക്കുവാന്‍ പുരാതനകാലം മുതല്‍ തുടങ്ങിയ ഒന്നാണ് ബാങ്ക് വിളി. ഇന്നത്തെപ്പോലെ സമയം വിരല്‍തുമ്പില്‍ ലഭ്യമല്ലാതിരുന്നൊരു കാലത്ത് ആരംഭിച്ച ആചാരം. അഞ്ചു നേരവും പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്ക് വിളി നിസ്‌കാരസമയമായി എന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. ഒരാള്‍ നീളത്തിലുള്ള കോളാമ്പി മൈക്ക് കെട്ടിവെച്ച് ഇന്നും അത് തുടരുകയാണ്. ഓരോ സെക്കന്റും സമയത്തെക്കുറിച്ച് അതിബോധവാനായ മനുഷ്യനെ ഓര്‍മ്മിപ്പിക്കുവാന്‍ ഇന്നതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാല്‍ ചോദ്യത്തിന്റെ മാനങ്ങള്‍ മാറും.
ചില നേരങ്ങളില്‍ ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ സൈറണ്‍ അലറും കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി സൗധങ്ങളില്‍ നിന്നും. സമയം നാട്ടുകാരെ അറിയിക്കുകയാണ്. ആചാരമാണ്. കൈയ്യില്‍ വാച്ചും രണ്ടും മൂന്നും മൊബൈലും ആയി നടക്കുന്ന നമ്മളെ ഇങ്ങനെ തന്നെ സമയമറിയിക്കണം. രാജാവിന്റെ എഴുന്നള്ളത്തില്‍ നാട് മുഴുവന്‍ കിടുങ്ങണം. അതുപോലെയാണ് സൈറണ്‍ ആര്‍ത്ത് നിലവിളിക്കുമ്പോള്‍ ഒരു കുലുക്കമില്ലെങ്കില്‍ എന്ത് രസം?
ഉത്സവവും പെരുന്നാളും ജാഥയും എല്ലാം ജനം സഞ്ചരിക്കുന്ന തെരുവുകളിലാണ്. നിങ്ങളുടെ വഴി ആര്‍ക്കും തടയാം. എഴുന്നള്ളത്തുകള്‍ ജനങ്ങള്‍ക്ക് കടന്നു പോകുവാനുള്ള വഴികളില്‍ തന്നെ നടത്തണം. ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകണം. അല്ലെങ്കില്‍ ഒരു ഗുമ്മില്ല. മറ്റുള്ളവര്‍ നടത്തുന്നതിനേക്കാള്‍ ഭംഗിയില്‍, കൂടുതല്‍ കാശു ചിലവോടെ, കൂടുതല്‍ ആള്‍ക്കൂട്ടത്തോടെ. തെരുവുകളില്‍ മത്സരം കൊഴുക്കുകയാണ്.
കാലമൊക്കെ മാറി. ചില ശീലങ്ങളൊക്കെ ചുരുട്ടികെട്ടി പരണത്തു വെക്കാന്‍ നേരവുമായി. കാലം മോശമാണ് സത്യമെന്ന് തോന്നിയാല്‍ പോലും ചിലതൊന്നും തുറന്നു പറയാന്‍ പാടില്ല (കാര്‍ന്നോന്മാര്‍ ഉപദേശിച്ചത്). നമ്മുടെ സ്വകാര്യതയിലേക്ക് ആര്‍ക്കും കടന്നു കയറാം. അതിനെ സാധൂകരിക്കുവാന്‍ ദൈവത്തേയോ രാഷ്ട്രീയത്തെയോ മറ്റെന്തിനെയെങ്കിലുമോ കൂട്ടു പിടിക്കാം. ചില ശീലങ്ങള്‍ കയറുകളാണ. അത് നമ്മെ വരിഞ്ഞു മുറുക്കി ഇട്ടിരിക്കുകയാണ്. അഴിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കൂടുതല്‍ മുറുകുന്ന കുരുക്കുകള്‍ പോലെ