അയാള്‍ വയലിന്‍ വായിക്കുകയാണ്. മുന്നില്‍ നിറഞ്ഞിരിക്കുന്ന കേള്‍വിക്കാര്‍. അയാള്‍ ആദ്യമായാണ് ഇത്ര വലിയ ഒരു സദസ്സിന് മുന്നില്‍ വായിക്കുന്നത്. അതുകൊണ്ടുതന്നെ അയാളുടെ കൈകള്‍ വിറകൊണ്ടിരുന്നു. തന്റെ സംഗീതം ആളുകള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ? ഓരോ നിമിഷവും അയാള്‍ സംശയിച്ചുകൊണ്ടിരുന്നു.
മുന്നില്‍ നിരന്നിരിക്കുന്നവരുടെ മുഖത്തേക്ക് അയാള്‍ ഇടക്കിടക്ക് നോക്കിക്കൊണ്ടിരുന്നു. അവരുടെ മുഖത്ത് വിരിയുന്ന ഭാവമെന്താണ്? അതില്‍ നിന്നും അവര്‍ എങ്ങിനെ തന്റെ സംഗീതത്തെ വിലയിരുത്തുന്നു എന്ന് വായിച്ചെടുക്കാന്‍ അയാള്‍ ശ്രമിക്കുകയാണ്. ഇതൊരു പ്രതിസന്ധി ഘട്ടമാണ്. ഒരേ സമയം വയലിന്‍ വായിക്കുകയും അത് കേള്‍വിക്കാര്‍ക്ക് ഇഷ്ട്ടപ്പെടുന്നുണ്ടോ എന്നറിയുകയും ചെയ്യുക. അയാളുടെ ഹൃദയം പടപടാ മിടിച്ചു കൊണ്ടിരുന്നു.
സദസ്സില്‍ നിന്നും വളരെ തണുത്ത പ്രതികരണമാണ്. അയാളുടെ സംഗീതത്തിന് കേള്‍വിക്കാരെ വലിച്ചടുപ്പിക്കുവാന്‍ സാധിക്കുന്നില്ല. അവരില്‍ ഊര്‍ജ്ജം നിറക്കുവാന്‍ അയാളുടെ സംഗീതത്തിന് കഴിയുന്നില്ല. എവിടെയോ അത് പരാജയപ്പെടുന്നു. വയലിനില്‍ നിന്നും പുറപ്പെടുന്ന ഓരോ നാദവും ആസ്വാദകനെ തന്നില്‍ നിന്നും അകറ്റുന്നത് പോലെ അയാള്‍ക്ക് തോന്നി. ഇത് അയാളുടെ ആത്മവിശ്വാസം തകര്‍ത്തു. യാന്ത്രികമായി അയാള്‍ എങ്ങനെയോ ആ പരിപാടി പൂര്‍ത്തിയാക്കി.
അയാള്‍ നിരാശനായി. എത്രയോ വര്‍ഷങ്ങളായി താന്‍ പരിശീലിക്കുന്നു. എത്ര മനോഹരമായി താന്‍ വയലിന്‍ വായിച്ചിരിക്കുന്നു. പക്ഷേ ഒരു സദസ്സിന് മുന്നില്‍ വന്നപ്പോള്‍ താന്‍ പരാജയപ്പെട്ടിരിക്കുന്നു. അവരെ സന്തോഷിപ്പിക്കുവാന്‍ താന്‍ ആവോളം ശ്രമിച്ചു. അവര്‍ക്ക് വേണ്ടിയാണ് താന്‍ തന്റെ സമയം വിനിയോഗിച്ചത്. എന്നാല്‍ അവരില്‍ ഒരു ചലനം പോലും സൃഷ്ട്ടിക്കാനാവാതെ തനിക്ക് പിന്‍വാങ്ങേണ്ടി വന്നു. എത്രമാത്രം സങ്കടകരമായ അവസ്ഥയാണ്.
അയാള്‍ തന്റെ ഗുരുവിനടുത്തെത്തി. അയാളുടെ കണ്ണുകളിലെ സങ്കടം ഗുരു തിരിച്ചറിഞ്ഞു. അയാളുടെ ശരീരം വിറച്ചിരുന്നു. ഒരു ദിവസം കൊണ്ടുതന്നെ അത് എത്രമാത്രം ദുര്‍ബലമായിരിക്കുന്നു. ആത്മധൈര്യം മുഴുവന്‍ ചോര്‍ന്നു പോയിരിക്കുന്നു. വര്‍ഷങ്ങളുടെ പരിശ്രമം പാഴായിപ്പോയിരിക്കുന്നു എന്ന ചിന്ത കണ്ണുനീരായി കവിളിലൂടെ ഒഴുകിയിറങ്ങി.
”ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. എന്റെ സംഗീതത്തിന് കേള്‍വിക്കാരന്റെ ഹൃദയത്തെ സ്പര്‍ശിക്കുവാനുള്ള സിദ്ധി നഷ്ട്ടപ്പെട്ടിരിക്കുന്നു. എന്റെ കൈവിരലുകള്‍ വിറകൊള്ളുകയാണ്. അവയ്ക്ക് ശക്തി നഷ്ട്ടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ടാണ് ഗുരുവേ എന്റെ വര്‍ഷങ്ങള്‍ നീണ്ട പരിശ്രമം പരാജയപ്പെട്ടത്?” അയാള്‍ ഗുരുവിനോട് ചോദിച്ചു.
ഗുരു അയാളെ കരുണയോടെ നോക്കി. സ്‌നേഹത്തിന്റെ ആഴമുള്ള ശബ്ദത്തില്‍ ഗുരു അയാളോട് ചോദിച്ചു.
”നീ ആര്‍ക്ക് വേണ്ടിയാണ് സംഗീതം ആലപിച്ചത്.”
ഇത് എന്ത് ചോദ്യം? ഈ ചോദ്യത്തിന് എന്ത് പ്രസക്തി. മുന്നില്‍ നിരന്നിരിക്കുന്ന ആസ്വാദകര്‍ക്ക് വേണ്ടിയല്ലേ താന്‍ തന്റെ സമയം മുഴുവന്‍ വിനിയോഗിച്ചത്. അത് ഗുരുവിന് അറിയില്ലേ അയാള്‍ മനസ്സില്‍ വിചാരിച്ചു.
”കേള്‍വിക്കാര്‍ക്ക് വേണ്ടിയാണ് ഗുരുവേ ഞാന്‍ വയലിന്‍ വായിച്ചത്. എന്നാല്‍ അത് അവര്‍ക്ക് ആസ്വദിക്കാന്‍ സാധിച്ചില്ല.” അയാള്‍ മറുപടി പറഞ്ഞു.
”നിനക്കത് ആസ്വദിക്കാന്‍ സാധിച്ചുവോ?” വീണ്ടും ഗുരുവില്‍ നിന്നും ചോദ്യം.
”ഞാന്‍ അവരെക്കൊണ്ട് ആസ്വദിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിരന്തരം ആ ശ്രമത്തില്‍ ആയിരുന്നത് കൊണ്ട് എന്റെ ആസ്വാദനം നടന്നിരുന്നില്ല.” അയാള്‍ പറഞ്ഞു.
”നിനക്ക് ആസ്വദിക്കാന്‍ കഴിയാതിരുന്നത് മറ്റുള്ളവര്‍ക്ക് എങ്ങിനെ സാധിക്കും. നീ വായിക്കേണ്ടത് നിനക്ക് വേണ്ടിയായിരുന്നു. സംഗീതം ആദ്യം നിന്നിലേക്ക് ഒഴുകിപ്പരക്കണം. അത് നിന്നില്‍ അടിമുടി നിറഞ്ഞ് പുറത്തേക്കൊഴുകണം. നീ മറ്റുള്ളവര്‍ക്ക് വേണ്ടി വായിക്കാന്‍ ശ്രമിച്ചതാണ് നിനക്ക് പറ്റിയ തെറ്റ്. ആദ്യത്തെ ആസ്വാദകന്‍ നീ തന്നെയാവേണ്ടിയിരുന്നു.” ഗുരു പറഞ്ഞു നിര്‍ത്തി.
ശരിയാണ്. അയാള്‍ ചിന്തിച്ചു. ഒരു നിമിഷം പോലും തന്റെ സംഗീതം ആസ്വദിക്കുവാന്‍ തനിക്ക് സാധിച്ചില്ല. തനിക്ക് മുന്നില്‍ നിരന്നിരുന്നവരെ സന്തോഷിപ്പിക്കുവാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. തന്റെ ശ്രദ്ധ മുഴുവന്‍ അവരിലായിരുന്നു. താനും സംഗീതവും അവിടെ രണ്ടായിരുന്നു. താന്‍ തന്നെ സംഗീതമാവേണ്ടിയിരുന്നു. ഇനി മുതല്‍ താന്‍ വായിക്കാന്‍ പോകുന്നത് തനിക്ക് വേണ്ടി തന്നെയായിരിക്കും.
ജീവിതവും ഇത് പോലെതന്നെയാണ്. നമുക്ക് ആസ്വദിക്കാന്‍ കഴിയാത്ത നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് എങ്ങിനെ ആസ്വദിക്കാന്‍ കഴിയും. മറ്റുള്ളവരെ സന്തോഷിപ്പിക്കുവാന്‍ നാം നിരന്തരം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്നു. ആദ്യം സന്തോഷിക്കേണ്ടത് നമ്മളല്ലേ? ഒരു നടന്‍ അഭിനയിക്കുമ്പോള്‍ ആദ്യത്തെ ആസ്വാദകന്‍ അയാള്‍ തന്നെയാണ്. എപ്പോള്‍ അതില്ലാതെയാകുന്നുവോ അപ്പോള്‍ അയാള്‍ പരാജയപ്പെടുന്നു. നമ്മുടെ ജീവിതത്തെ നമുക്ക് ആസ്വദിക്കാന്‍ കഴിയാത്ത നിമിഷം അതും പരാജയത്തിലേക്ക് എടുത്തെറിയപ്പെടുന്നു.
ജീവിതത്തെ ആസ്വദിക്കാന്‍ നമുക്ക് ശ്രമിക്കാം. നാം ആസ്വദിക്കാതെ മറ്റുള്ളവരെക്കൊണ്ട് ആസ്വദിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. ആദ്യത്തെ ആസ്വാദകന്‍ നമ്മള്‍ തന്നെയാവട്ടെ.