രണ്ട് സ്‌നേഹിതര്‍ ഒരു നീണ്ട യാത്രയിലായിരുന്നു. പല ദേശങ്ങളിലൂടെ അവര്‍ സഞ്ചരിച്ചു. അനേകം മനുഷ്യരെ കണ്ടുമുട്ടി. വ്യത്യസ്ത സംസ്‌കാരങ്ങളെ അറിഞ്ഞു. വിഭിന്ന ഭാഷകളും ഭക്ഷണങ്ങളും ആസ്വദിച്ചു. ആകാശത്തിലൂടെ സഞ്ചരിക്കുന്ന രണ്ട് പക്ഷികളെപ്പോലെ അവര്‍ ഭൂമിയിലൂടെ നടന്നു. അവരെ ആരും തിരിച്ചറിയുന്നില്ല. അസ്തിത്വത്തിന്റെ ഭാരമില്ലാത്ത ഒരു യാത്ര.
യാത്രയുടെ ഇടവേളകളൊന്നില്‍ തലതല്ലി പിടയുന്ന തിരമാലകള്‍ക്ക് മേലെ പാറക്കെട്ടില്‍ ഇരിക്കുമ്പോള്‍ അവര്‍ക്ക് പിന്നിലൂടെ ഒരു സന്യാസി കടന്നു പോയി. ശരീരം മുഴുവന്‍ കാഷായ വസ്ത്രം പുതച്ച് തല മുണ്ഡനം ചെയ്ത് നെറ്റിയില്‍ മുഴുവന്‍ ഭസ്മം വാരിപ്പൂശിയ ഒരാള്‍. തനിക്ക് അപരിചിതരായ ആ രണ്ട് വ്യക്തികള്‍ക്കരികിലൂടെ ഒരു കാറ്റു പോലെ ആ സന്യാസി കടന്നു പോയി. സന്യാസി പാറക്കെട്ടുകള്‍ കടന്ന് താഴെയിറങ്ങി ദൂരെ ഒരു പൊട്ടുപോലെ അപ്രത്യക്ഷമാകുന്നത് വീക്ഷിച്ചിരുന്ന സ്‌നേഹിതരിലൊരാള്‍ മറ്റേയാളോട് ചോദിച്ചു.
”ഒരു സന്യാസിയെ നമുക്ക് എങ്ങിനെ തിരിച്ചറിയുവാന്‍ സാധിക്കും?”
”എന്തൊരു പൊട്ടച്ചോദ്യം. ഇപ്പോള്‍ പോയ ആ സന്യാസിയെ നീയെങ്ങിനെയാണ് തിരിച്ചറിഞ്ഞത്? അദ്ദേഹത്തിന്റെ വേഷം തന്നെയാണ് സന്യാസി എന്നതിന് തെളിവ്. തല മുണ്ഡനം ചെയ്തിരിക്കുന്നതും നീ ശ്രദ്ധിച്ചില്ലേ?”
”അപ്പോള്‍ തല മുണ്ഡനം ചെയ്ത് കാഷായ വേഷം ധരിച്ചാല്‍ സന്യാസിയാകുമോ?”
”അതാകില്ല. അതിന് സന്യാസ ദീക്ഷ എടുക്കേണ്ടതുണ്ട്. അങ്ങിനെയെടുത്തവരേ സന്യാസിമാരാകൂ.”
”അങ്ങിനെയുള്ളവരെ നമുക്ക് നോട്ടത്തില്‍ തിരിച്ചറിയുക സാധ്യമല്ലല്ലോ. ദീക്ഷയെടുക്കാതെ സന്യാസിമാരായാല്‍ എന്താണ് കുഴപ്പം? ദീക്ഷയെടുത്തയാള്‍ സന്യാസിയാവണം എന്നതുമില്ലല്ലോ? ഇപ്പോള്‍ പോയ വ്യക്തി വേഷം മാത്രമേ കെട്ടിയിട്ടുള്ളൂവെങ്കിലോ. എന്നിട്ടും നമ്മള്‍ അദ്ദേഹം സന്യാസിയാണ് എന്ന് വിശ്വസിച്ചില്ലേ. സന്യാസിമാര്‍ക്ക് പ്രത്വേക വേഷമോ ആചാരങ്ങളോ വേണമെന്ന് നിര്‍ബന്ധമുണ്ടോ?”
”സന്യാസിമാര്‍ ലളിത ജീവിതം നയിക്കുന്നവരാകണം. അവര്‍ക്ക് ഭൗതിക സമ്പത്തുകളോട് ആശയുണ്ടാവുകയില്ല. അവര്‍ മത്സ്യമാംസാദികള്‍ ഭക്ഷിക്കുകയില്ല. അവരുടെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് മാതൃകയാകും..”
”ലളിത ജീവിതം നയിക്കുന്ന, മത്സ്യമാംസാദികള്‍ വര്‍ജ്ജിച്ചവരെല്ലാം സന്യാസിമാരാണോ?”
”ഒരിക്കലുമല്ല. സന്യാസിമാര്‍ക്ക് വേദങ്ങളിലും മറ്റും അഗാധമായ പാണ്ഡിത്യം ഉണ്ടാവേണ്ടതുണ്ട്.”
”അങ്ങനെയാകുമ്പോള്‍ പണ്ഡിതന്മാരെ മുഴുവന്‍ സന്യാസിമാരായി കണക്കുകൂട്ടുവാന്‍ കഴിയുമോ?”
”ഭൗതിക സുഖങ്ങളോട് വിരക്തി പുലര്‍ത്തുന്നവരായിരിക്കും സന്യാസിമാര്‍. ഭൗതിക സുഖങ്ങള്‍ അനുഭവിക്കുന്ന പണ്ഡിതന്മാരെ സന്യാസികളായി നമുക്ക് എങ്ങിനെ കണക്കാക്കാന്‍ സാധിക്കും. ഒരു സന്യാസിക്ക് ഒരുപാട് ഗുണങ്ങള്‍ ഒത്തുകൂടേണ്ടതുണ്ട്. ഒന്നോ രണ്ടോ ഗുണങ്ങള്‍ മാത്രം ഒത്തുകൂടി എന്നുള്ളത് കൊണ്ട് ഒരാള്‍ സന്യാസിയാവണം എന്നില്ല.”
”സന്യാസിക്ക് വേണ്ട എല്ലാ ഗുണങ്ങളുമുള്ള, ദീക്ഷ എടുത്ത ഒരാള്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു നടന്നാല്‍ അയാളെ സന്യാസിയായി ആളുകള്‍ കരുതുമോ?”
”തീര്‍ച്ചയായുമില്ല. ഒരു സന്യാസി തന്റെ വസ്ത്രത്തിലും, പെരുമാറ്റത്തിലും, വര്‍ത്തമാനത്തിലും, പ്രവര്‍ത്തിയിലുമൊക്കെ പാലിക്കേണ്ട ചില മര്യാദകളുണ്ട്. അവ പിന്തുടരുക തന്നെ വേണം. അല്ലെങ്കില്‍ അതൊരു വേഷംകെട്ടല്‍ മാത്രമായിപ്പോകും.”
”ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചാല്‍ ഒരു സന്യാസിയെ നാം അംഗീകരിക്കില്ലായെങ്കില്‍ വിലപിടിച്ച വസ്ത്രങ്ങളും തുകല്‍ചെരുപ്പും വാഹനങ്ങളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിക്കുന്ന സന്യാസ വേഷധാരികളെ എന്തുകൊണ്ടാണ് നാം സന്യാസിമാരായി അംഗീകരിക്കുന്നത്. അവര്‍ ഭൗതിക സുഖങ്ങള്‍ ഉപേക്ഷിക്കുന്നില്ലല്ലോ. മറിച്ച് ഭൗതിക സുഖങ്ങള്‍ അനുഭവിക്കുവാനുള്ള പാതയായിട്ടാണ് അവര്‍ സന്യാസത്തെ കാണുന്നതെങ്കിലോ? ബ്രഹ്മചര്യവും പാണ്ഡിത്യവും മത്സ്യമാംസാദി വര്‍ജ്ജനമോ മാത്രം മതിയോ സന്യാസിയാകുവാന്‍?”
”ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ സന്യാസിമാരെ തിരിച്ചറിയുവാന്‍ നമുക്ക് ബുദ്ധിമുട്ടാണ്. ശരിയാണ് നീ പറഞ്ഞ പോലെ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ പോകുന്ന ഒരു വ്യക്തിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന സന്യാസിയെ നമുക്ക് തിരിച്ചറിയുവാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെ കാഷായ വസ്ത്രം ധരിക്കുന്ന ഒരാളുടെ വസ്ത്രത്തിന്റെ വിലയോ അയാളിലെ സന്യാസിയുടെ മേന്മയോ തിരിച്ചറിയുവാനും നമുക്ക് സാധിക്കുകയില്ല. സന്യാസം കേവലം യൂണിഫോമില്‍ പ്രകടിപ്പിക്കുവാന്‍ കഴിയുന്ന ഒന്നല്ല. അങ്ങിനെ വസ്ത്രത്തില്‍ മാത്രം പ്രകടിപ്പിക്കപ്പെടുന്ന സന്യാസം വെറും പ്രഹസനമാണ്.”
”ധനികനായ ഒരാള്‍ കാഷായ വസ്ത്രം ധരിക്കുന്നതു പോലെയല്ലേ അവര്‍ അത് ധരിക്കുമ്പോള്‍ അനുഭവപ്പെടുന്നുള്ളൂ. സന്യാസം പ്രകടിപ്പിക്കാതെ എങ്ങിനെ പ്രകടമാകും എന്നത് വലിയൊരു ചോദ്യമാണ്. ഞാന്‍ ഒരു സന്യാസിയാണ് എന്ന് ഞാന്‍ എങ്ങിനെ മറ്റുള്ളവരോട് സംവേദിക്കും. സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കുട്ടിയെ കണ്ടാല്‍ വിദ്യാര്‍ത്ഥിയാണ് എന്ന് തിരിച്ചറിയാം ഒരു പോലീസുകാരനെ യൂണിഫോമില്‍ കണ്ടാല്‍ തിരിച്ചറിയാം. അതുപോലെയുള്ള ഒരു യൂണിഫോം മാത്രമാണോ സന്യാസിയുടെ വേഷം. മറ്റുള്ള ഭൗതികതയില്‍ നിമഗ്‌നനായി വേഷം മാത്രം കെട്ടിയിട്ടെന്തു കാര്യം?”
”ശരിയാണ്. ഈ കാലഘട്ടത്തില്‍ ബുദ്ധന്‍ ജീവിച്ചിരിക്കുകയും ബെന്‍സ് കാറില്‍ വന്നിറങ്ങുകയും ഐ ഫോണും ലാപ്‌ടോപ്പും ഒക്കെ ഉപയോഗിക്കുകയും ചെയ്യുന്നത് നമുക്കൊന്ന് ചിന്തിക്കാം. സമ്പന്നതയുടെ നടുവിലിരുന്ന് ബുദ്ധന്‍ ജ്ഞാനം നല്കുമ്പോള്‍ സന്യാസം പുനര്‍നിര്‍വ്വചിക്കപ്പെടുകയാണ് എന്ന് നമുക്ക് കരുതാം.”
”ഇനിയൊരു ബുദ്ധന്‍ ജനിക്കുകയില്ല.” അവരിലാരോ മന്ത്രിച്ചു.
അനന്തമായ കടലിന്റെ അഗാധതയില്‍ നിന്നും മൗനം തണുത്ത കാറ്റായി അവരെ പൊതിഞ്ഞു.