വഴിയരികില്‍ നിന്ന് നിരീശ്വരവാദി പ്രസംഗിക്കുകയാണ്.
”ദൈവം എന്ന ഒന്നില്ല. ഈ ശാസ്ത്രയുഗത്തിലും ദൈവത്തില്‍ വിശ്വസിക്കുന്ന മണ്ടന്മാര്‍ ഉണ്ട്. ദൈവം ഉണ്ടെന്നോ അത് എന്താണെന്നോ തെളിയിക്കുവാന്‍ ഇന്നുവരെ ശാസ്ത്രത്തിന് സാധിച്ചിട്ടില്ല. യുക്തിബോധമുള്ള ഒരാളും ദൈവത്തില്‍ വിശ്വസിക്കുകയില്ല. ഇല്ലാത്ത ഒന്നിനെ ആരാധിക്കുകയും അതില്‍ അഭയം തേടുകയും ചെയ്യുന്ന വിഡ്ഢിത്തം മനുഷ്യന്‍ നിര്‍ത്തണം.”
അനര്‍ഗ്ഗള നിര്‍ഗ്ഗളമായി അദ്ദേഹത്തിന്റെ വാക്കുകള്‍ ഒഴുകുകയാണ്. മുന്നിലെ ശൂന്യതയിലേക്ക് നോക്കി ദൈവമില്ലാത്ത ഒരു ലോകത്തെ സൃഷ്ട്ടിക്കുവാന്‍ പ്രപഞ്ചം പറഞ്ഞയച്ച വിശുദ്ധനെപ്പോലെ അദ്ദേഹം വിഡ്ഢികളായ മനുഷ്യനെ തന്റെ അറിവിന്റെ കമ്പിളി പുതപ്പിക്കുകയാണ്.
രാവിലെ അമ്പലത്തില്‍ തൊഴുത് മടങ്ങിയ കേശവന്‍ ചേട്ടന്‍ കവലയിലെ ചായക്കടയിലേക്ക് കയറി. കയ്യില്‍ വാഴയിലയില്‍ ഇരുന്ന പ്രസാദം ഡസ്‌ക്കിലേക്ക് വെച്ചിട്ട് ഒരു ചായക്ക് ഓര്‍ഡര്‍ നല്കി. വായുവില്‍ പറന്നു വന്ന വാക്കുകള്‍ കേശവന്‍ ചേട്ടന്റെ ചെവികളില്‍ തുളച്ചു കയറി. ”ഇവനൊന്നും രാവിലെ വേറെ പണിയൊന്നുമില്ലേ” കേശവന്‍ ചേട്ടന്റെ വാക്കുകളില്‍ പുച്ഛം നിറഞ്ഞിരുന്നു.
അടുത്തിരുന്നയാള്‍ ചേട്ടനോട് ചോദിച്ചു.
”ചേട്ടന്‍ അമ്പലത്തില്‍ പോയാല്‍ എന്താണ് പ്രാര്‍ഥിക്കുന്നത്.”
”ഈ ലോകത്തിന് മുഴുവന്‍ നന്മ വരട്ടെ എന്നാണ് എന്റെ പ്രാര്‍ത്ഥന.” കേശവന്‍ ചേട്ടന്റെ നെഞ്ചുവിരിച്ചുള്ള മറുപടി.
”ലോകത്തിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ചേട്ടന്‍ ചേട്ടന്റെ കാര്യങ്ങള്‍ എന്തെങ്കിലും ദൈവത്തോട് പറയാറുണ്ടോ?” മറ്റെയാള്‍ വിടുന്ന ലക്ഷണമില്ല.
”അത് സ്വാഭാവികമായും ഉണ്ടാകുമല്ലോ. നമുക്കൊക്കെ ജീവിതത്തില്‍ പല കാര്യങ്ങളുമില്ലേ. അതൊക്കെ ദൈവത്തോട് പറയുകയും അനുഗ്രഹം വാങ്ങുകയും വേണമല്ലോ. എല്ലാ കാര്യങ്ങളും നടത്തിത്തരുന്നത് ഭഗവാന്റെ കാരുണ്യമാണ്. അതിനായി നമ്മള്‍ അമ്പലത്തില്‍ പോകുകയും പ്രാര്‍ഥിക്കുകയും വേണം. അല്ലാതെ ഇതുപോലെ കവലകളില്‍ മൈക്കുകെട്ടി ദൈവത്തെ കുറ്റപ്പെടുത്തി നടന്നിട്ട് യാതൊരു കാര്യമില്ല.” കിട്ടിയ സമയത്ത് പാവം നിരീശ്വരവാദിക്കിട്ട് ഒരു താങ്ങുകൂടി കൊടുക്കാന്‍ ചേട്ടന്‍ മറന്നില്ല.
”അപ്പോള്‍ അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുന്നവരുടെ കാര്യം മാത്രമേ ദൈവം നോക്കുകയുള്ളോ? ഈ ഭൂമിയില്‍ ജീവിക്കുന്ന അങ്ങനെയല്ലാത്തവരുടെ കാര്യം ആരു നോക്കും. പ്രാര്‍ഥിക്കുന്നവര്‍ക്ക് എല്ലാം നല്‍കുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യുന്നതാണോ ദൈവത്തിന്റെ രീതി. ദൈവത്തിന് എല്ലാവരും ഒരുപോലെയല്ലേ? അതില്‍ പ്രാര്‍ഥിക്കുന്നവനും പ്രാര്‍ഥിക്കാത്തവനും എന്ന വകഭേദമുണ്ടോ?” അയാള്‍ മിശറുപോലെ പിടിച്ചിരിക്കുകയാണ്.
”ഇതെല്ലാം ഒരു വിശ്വാസമാണ്. അമ്പലത്തില്‍ പോയി പ്രാര്‍ഥിച്ചു കഴിയുമ്പോള്‍ ഒരു മനസമാധാനം കിട്ടും. നമ്മുടെ കാര്യങ്ങള്‍ നോക്കാന്‍ ദൈവമുണ്ട് എന്ന തോന്നല്‍ കൂടുതല്‍ ആത്മവിശ്വാസം നല്കും. പ്രശ്‌നങ്ങള്‍ നിറഞ്ഞ മനസ്സ് ശാന്തമാകും. നമ്മെ സംരക്ഷിക്കാന്‍ ദൈവം മാത്രമേയുള്ളൂ. അത് മനസ്സിലാക്കിയാല്‍ നല്ലത്.” ഒരു മുന്നറിയിപ്പ് കൂടി നല്‍കി കേശവന്‍ ചേട്ടന്‍ അയാളെ ഒന്നിരുത്തി നോക്കി.
”അപ്പോള്‍ വിശ്വാസം മാത്രമാണിതൊക്കെ. ദൈവം ഉണ്ട് എന്ന വിശ്വാസം ഒരാള്‍ക്ക് മനസമാധാനം നല്‍കുന്നു. ദൈവം ഇല്ല എന്ന വിശ്വാസം മറ്റൊരാള്‍ക്ക് മനസമാധാനം നല്‍കുന്നു. ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നയാള്‍ കവലയില്‍ നിന്ന് ദൈവത്തെ പ്രഘോഷിക്കുകയും മറ്റുള്ളവരെ തന്റെ ദൈവത്തിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരീശ്വരവാദി അതേ കവലയില്‍ നിന്ന് ദൈവമില്ല എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. രണ്ടു പേരുടേയും വിശ്വാസങ്ങള്‍ ശരിയല്ലേ? രണ്ടും തെറ്റെന്ന് പറയാന്‍ നമുക്ക് കഴിയുമോ.” അയാള്‍ ചായയുടെ രുചി നുണഞ്ഞ് തര്‍ക്കം തുടരുകയാണ്.
”എന്റെ മതം എന്നെ പഠിപ്പിച്ചത് ഇതൊക്കെയാണ്. നാളെ മരിച്ചു കഴിഞ്ഞ് ദൈവത്തിന്റെ അരികില്‍ എത്തുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകണമെങ്കില്‍ ഭക്തി വേണം. നരകത്തില്‍ പോയി ദുരിതമനുഭവിക്കുവാന്‍ എന്നെക്കൊണ്ട് വയ്യ. ദൈവത്തെ ചീത്ത വിളിക്കുന്ന ഇവനൊക്കെ അവിടെപ്പോയി തിളച്ച എണ്ണയില്‍ കിടന്ന് നരകിക്കും. ഭൂമിയില്‍ ഭക്തിയോടെയും ദൈവഭയത്തോടെയും ജീവിച്ചാല്‍ പരലോകത്ത് അതിന്റെ ഗുണം കിട്ടും.” കേശവന്‍ ചേട്ടന്‍ വാശിയില്‍ തന്നെയാണ്.
”അതായത് നിങ്ങള്‍ക്ക് ഇവിടെ ബെന്‍സ് കാര്‍ വാങ്ങിത്തരേണ്ടതും വീട് വെച്ച് തരേണ്ടതും ജോലി തരേണ്ടതും എല്ലാം ദൈവത്തിന്റെ കടമ. കൂടാതെ തന്നെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗം നല്‍കേണ്ടതും ദൈവത്തിന്റെ കടമ. വല്ലാത്തൊരു കഷ്ട്ടപ്പാടില്‍ തന്നെയാണ് ദൈവം. മനുഷ്യനെ സൃഷ്ട്ടിക്കുകയും അവന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു നല്കുകയും അവനെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കുകയും ചെയ്യുന്ന വിശ്രമമില്ലാത്ത ജോലിയിലാണ് ദൈവം. ഇങ്ങനെ പണിയെടുക്കാനാണെങ്കില്‍ എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചത്? ഇത്രമാത്രം ദൈവം കഷ്ട്‌പ്പെടുന്നത് ഈ പ്രപഞ്ചത്തിന് എന്തുനേടി കൊടുക്കുവാനാണ്?” അയാള്‍ ചിന്താമഗ്‌നനായി.
കേശവന്‍ ചേട്ടന്‍ വാഴയിലയിലെ പ്രസാദം കയ്യില്‍ ചുരുട്ടിപ്പിടിച്ച് കടയുടെ പടികള്‍ ഇറങ്ങി.
പണിയില്ലാതിരുന്ന ദൈവം സ്വയം പണിയുണ്ടാക്കുവാന്‍ മനുഷ്യനെ സൃഷ്ട്ടിച്ച കഥകളുള്ള മതഗ്രന്ഥങ്ങള്‍ മനുഷ്യന്റെ കക്ഷത്തിലിരുന്ന് കണ്ണുകള്‍ ചിമ്മി ചിരിച്ചു.
കേള്‍വിക്കാരില്ലാത്ത നിരീശ്വരവാദിയുടെ പ്രസംഗം തുടരുകയാണ്.