അവന് ശൂന്യതയിലേക്ക് നോക്കിയിരുന്നു. വല്ലാതെ വിശക്കുന്നുണ്ട്. ആരോട് പറയാന്‍. ഭൂമിയില്‍ തനിച്ചായവന്റെ സങ്കടം അവനു മാത്രമേ അറിയൂ. തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവന്‍ തെരുവിന്റെ സന്തതിയാണ്. തെരുവവനെ പോറ്റുന്നു, കിടക്കാന്‍ ഇടം നല്കുന്നു. സമയം കടന്നു പോകുന്നതിനെക്കുറിച്ച് അവന്‍ വ്യാകുലപ്പെടുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം പകല്‍ ഭക്ഷണം തേടാനും രാത്രി ഉറങ്ങാനും മാത്രമുള്ള സൂചനകള്‍ മാത്രം.
വിശപ്പിന്റെ കാഠിന്യത്തില്‍ അവശമായ തന്റെ ശരീരത്തെ തെരുവോരത്തെ കടത്തൂണില്‍ ചാരിയിരുത്തി അവന്‍ തനിക്ക് മുന്നിലൂടെ അനന്തമായി നീളുന്ന പാതയെ നോക്കിയിരുന്നു. മുന്നിലൂടെ കടന്നു പോകുന്ന വ്യത്യസ്തരായ മനുഷ്യര്‍. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. തലയിലെ ചിന്തകള്‍ ഭാരത്താല്‍ അവരുടെ കാലുകള്‍ തളര്‍ന്നിരിക്കുന്നു.
എങ്ങനെയാണ് ദാരിദ്ര്യം വേര്‍തിരിവിന്റെ അളവുകോലായത്. ഭൂമിയിലെ ജനങ്ങള്‍ രണ്ടു തട്ടിലാണ്. സമ്പന്നരും ദരിദ്രരും. വിശപ്പടക്കാന്‍ നിവൃത്തിയില്ലാത്തവന്‍ ദരിദ്രനും അല്ലാത്തവന്‍ സമ്പന്നനും ആകുന്നു. ഈ ഭൂമി രൂപം കൊണ്ടപ്പോള്‍ അത് എല്ലാവരുടേതുമായിരുന്നു. എങ്ങനെയാണത് കീറിമുറിക്കപ്പെട്ടത്? ഇന്ന് ഭൂമിക്ക് അവകാശികള്‍ ഏറെയാണ്. ഭൂമിയുടെ ഓരോ കഷ്ണവും ഓരോരുത്തരുടെ കൈകളിലാണ്. എങ്ങനെയാണ് ചിലര്‍ക്ക് ഭൂമി ലഭിച്ചതും എങ്ങനെയാണ് ചിലര്‍ക്ക് ഭൂമി ലഭിക്കാതിരുന്നതും?
ദരിദ്രനും സമ്പന്നനും തമ്മിലുള്ള സാമൂഹ്യ അകലം അളക്കാവുന്നതിനേക്കാള്‍ ഏറെയാണ്. സമൂഹത്തിലെ നല്ലതെല്ലാം സമ്പന്നനായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. മികച്ച വിദ്യാഭ്യാസവും, ഭക്ഷണവും, സംഗീതവും, കായിക വിനോദങ്ങളും, സന്തോഷവും അവനായി സമൂഹം വാഗ്ദാനം ചെയ്യുന്നു. പണം ഇവിടെ ഇടനിലക്കാരനാണ്. പണമുള്ളവന്‍ കൂടുതല്‍ കൂടുതല്‍ ഭൂമിയുടെ അവകാശിയാകുന്നു. ദരിദ്രന്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുന്നു.
സമത്വം എത്ര മഹത്തായ നടപ്പിലാകാത്ത ആശയമാണ്. ദരിദ്രനും സമ്പന്നനും അവസരങ്ങള്‍ ഒരു പോലെയല്ല. സമ്പന്നന്റെ കുട്ടിക്ക് മികച്ച വിദ്യാഭ്യാസവും സാമൂഹ്യ സൗകര്യങ്ങളും ലഭിക്കുമ്പോള്‍ ദരിദ്രന് അത് നിഷേധിക്കപ്പെടുന്നു. പണത്തിന്റെ ഏറ്റക്കുറച്ചിലുകളില്‍ സമ്പന്നനും ദരിദ്രനും സമൂഹം വാഗ്ദാനം ചെയ്യുന്നത് വ്യത്യസ്ത അവസരങ്ങളാണ്. ദരിദ്രന്‍ അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നു. മുതലാളിത്വത്തിന്റെ ദൈവം പണമാണ്.
ലോകത്തിന്റെ തമാശകള്‍ ചിന്തിച്ചപ്പോള്‍ അവന് ചിരിവന്നു. വരണ്ട ചുണ്ടുകളില്‍ ചിരി ഒളിപ്പിച്ച് വിശപ്പിന്റെ അവശതയില്‍ മാടിപ്പോയ കണ്ണുകള്‍ അമര്‍ത്തിയടച്ച് അവന്‍ കടത്തിണ്ണയിലേക്ക് ചാഞ്ഞു.
ഉറക്കത്തിന്റെ ആഴത്തില്‍ തന്റെ അരികില്‍ ആരോ ഇരിക്കുന്നതായി തോന്നിയ അവന്‍ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു. നേരം പാതിരാ ആയിരിക്കുന്നു. തെരുവ് ഒഴിഞ്ഞിരിക്കുന്നു. തന്റെ കാലിനരികില്‍ ആരോ ഇരിക്കുന്നുണ്ട്. അവന്‍ ചാടിയെഴുന്നേറ്റു.
”നിങ്ങള്‍ ആരാണ്?” അവന്‍ ഭയത്തോടെ ചോദിച്ചു.
”ഭയപ്പെടേണ്ട. ഞാന്‍ ദൈവമാണ്.” ആ രൂപം ഉത്തരം പറഞ്ഞു.
ഇത് മറ്റൊരു തമാശ. പാതിരാത്രി ലോകം ഉപേക്ഷിച്ച ഒരുവന്റെ കാലിനരുകില്‍ ദൈവം ഇരിക്കുക. നേരത്തെ ചുണ്ടുകള്‍ക്കിടയില്‍ ഒളിച്ച ചിരി പുറത്തേക്ക് എത്തിനോക്കി. അവന്‍ ദൈവത്തോട് ചേര്‍ന്നിരുന്ന് ആ മുഖത്തേക്ക് നോക്കി.
”നീ ചിന്തിച്ചതൊക്കെ ശരിയാണ്” ദൈവം പറയുകയാണ്. ”നാം തുല്യ ദുഃഖിതരാണ്.”
ദൈവത്തിനും ദുഃഖമോ? അവന് ചിരി പൊട്ടി.
”മനുഷ്യന്‍ എന്നേയും വിഭജിച്ചിരിക്കുകയാണ്. എന്റെ അസ്തിത്വം തന്നെ അവന്‍ ഇല്ലാതെയാക്കി. ചിലയിടങ്ങളില്‍ എനിക്ക് രൂപമുണ്ട്. അതും പലരൂപങ്ങള്‍. ചിലയിടങ്ങളില്‍ എനിക്ക് രൂപമില്ല. ഭൂമിയില്‍ ഓരോ ഇടങ്ങളിലും എന്റെ പേരുകള്‍ വ്യത്യസ്തമാണ്. നീ മനുഷ്യനെ നോക്കുക. നിന്റെ പേര് ലോകത്തില്‍ എല്ലായിടത്തും ഒന്ന് തന്നെയാണ്. നീ നീയാണ് എന്ന് മറ്റുള്ളവര്‍ തിരിച്ചറിയുന്നത് നിന്റെ പേരിലൂടെയാണ്. ഞാന്‍ സൃഷ്ട്ടിച്ച ഈ ഭൂമിയില്‍ എനിക്ക് എന്റെ പേര് തന്നെ കൈമോശം വന്നിരിക്കുന്നു.”
അവന്‍ തലയാട്ടി.
”എന്റെ പേരില്‍ മനുഷ്യന്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ രണ്ട് വര്‍ഗ്ഗങ്ങളെയേ സൃഷ്ട്ടിച്ചിട്ടുള്ളൂ. ആണും പെണ്ണും. പക്ഷെ ഇപ്പോള്‍ എണ്ണിയാല്‍ തീരാത്ത വര്‍ഗ്ഗങ്ങളുണ്ട്. അവയിലൊക്കെ എനിക്ക് വ്യത്യസ്ത രൂപവും നാമവും ഉണ്ട്. അവര്‍ക്ക് മതഗ്രന്ഥങ്ങളും ഞാന്‍ പറഞ്ഞത് എന്ന പേരിലുള്ള നിര്‍ദ്ദേശങ്ങളും ആചാരങ്ങളുമുണ്ട്.”
”ചിലര്‍ എനിക്ക് അമ്പലങ്ങള്‍ പണിയുന്നു. മറ്റുചിലര്‍ പള്ളികളും. എല്ലായിടങ്ങളിലും ആചാരങ്ങള്‍ വ്യത്യസ്തമാണ്. ചിലര്‍ തൊഴുകയും ക്ഷേത്രങ്ങള്‍ ചുറ്റുകയും നിലത്തുരുളുകയും ചെയ്യുന്നു. മറ്റു ചിലര്‍ ഉച്ചത്തില്‍ പ്രാര്‍ഥിക്കുകയും മുട്ടുകുത്തുകയും നമസ്‌കരിക്കുകയും പാപങ്ങള്‍ ഏറ്റു പറയുകയും ചെകുത്താന് കല്ലെറിയുകയും ഒക്കെ ചെയ്യുന്നു. ഇത് വലിയൊരു തമാശയാണ്. എങ്ങിനെയാണ് ഓരോരുത്തരോടും വ്യത്യസ്തമായ രീതിയില്‍ എന്നെ പ്രാര്‍ഥിക്കാന്‍ എനിക്ക് പറയുവാന്‍ കഴിയുക. പുഷ്പാഞ്ജലി നടത്തുന്ന ഒരാള്‍ക്കും നിസ്‌ക്കരിക്കുന്ന ഒരാള്‍ക്കും ഒന്നും ചെയ്യാതിരിക്കുന്ന ഒരാള്‍ക്കും എങ്ങനെയാണ് ഞാന്‍ അനുഗ്രഹങ്ങള്‍ വീതിച്ചു നല്കുക. പ്രാര്‍ഥനയുടെ തീഷ്ണത നിശ്ചയിക്കുക എങ്ങനെയാണ്?”
അവന് ദൈവത്തിന്റെ മനസ്സിലെ സംഘര്‍ഷം മനസ്സിലായിത്തുടങ്ങി,
”ഭൂമിയെ വിഭജിച്ച പോലെ മനുഷ്യന്‍ എന്നേയും വിഭജിച്ചു. വിഭജനം അവന്റെ സ്വഭാവമായി മാറിയിരിക്കുന്നു. നിന്നെ അവന്‍ ദരിദ്രനാക്കിയത് പോലെ എന്നെയും അസ്തിത്വമില്ലാത്തവനാക്കി. അവന്റെ നേട്ടങ്ങള്‍ക്കായി ഇനിയും അവന്‍ വിഭജനങ്ങള്‍ നടത്തും. ദാരിദ്ര്യവും വിശ്വാസവും അവന്റെ ആയുധങ്ങള്‍ മാത്രമാണ്. വിഡ്ഢികളായ ഒരുകൂട്ടം ജനത ഭൂമിയില്‍ ഉള്ളിടത്തോളം കാലം ബുദ്ധിമാന്മാരായ ഒരു വിഭാഗം ഈ ആയുധങ്ങള്‍ പ്രയോഗിച്ചു കൊണ്ടേയിരിക്കും.”
ഈ ഭൂമിയില്‍ രണ്ടു പേര്‍ക്കേ സമത്വമുള്ളൂ അത് ദരിദ്രനും ദൈവത്തിനുമാണ്.
രണ്ടുപേരും തുല്യ ദുഃഖിതരുമാണ്.