എളൂര്‍ ലെന്‍ഡിംഗ് ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങള്‍ എടുത്ത് എന്തൊക്കെയോ ചിന്തകളില്‍ മുഴുകി ഞാന്‍ നടക്കുകയാണ്. ബ്രോഡ്വേയിലേക്ക് നയിക്കുന്ന നടപ്പാതയിലൂടെ അങ്ങനെ നടക്കുമ്പോള്‍ അതാ പിന്നില്‍ നിന്നും തമിഴ് ചുവയുള്ള നീട്ടിയൊരു വിളി ”സാറേ.”
ഭൂതകാലത്തിന്റെ ഇരുട്ടില്‍ നിന്നും അതിനെ കീറിമുറിച്ചെത്തിയ ഓര്‍മ്മയുടെ ഒരു മിന്നല്‍. എങ്ങോ കേട്ട് മറന്നു പോയ ഒരു ശബ്ധം. ഞാന്‍ ഒരാന്തലോടെ തിരിഞ്ഞു നോക്കി. പാതയോരത്ത് ഭിക്ഷ യാചിച്ചു കൊണ്ടിരുന്ന ഒരാളാണ് വിളിച്ചത്. അയാള്‍ എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. സ്‌നേഹം കൊണ്ട് പൂത്തുലഞ്ഞ ഒരു മരം പോലെ.
”മുത്തു” മനസ്സിലേക്ക് ഒരാഹ്‌ളാദം തിരതള്ളി വന്നു. അതേ, മുത്തുവാണ് ആയിരിക്കുന്നത്. ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു സമാഗമം. തന്റെ ഒറ്റക്കാല്‍ മടക്കി ആ തെരുവോരത്തിരുന്ന് ഭിക്ഷ യാചിക്കുകയാണ് മുത്തു. മുന്നില്‍ വിരിച്ച തോര്‍ത്തില്‍ നാണയത്തുട്ടുകള്‍ ചിതറിക്കിടക്കുന്നു. ഞാന്‍ നിറഞ്ഞ ചിരിയോടെ തിരിഞ്ഞ് മുത്തുവിനടുത്തേക്ക് നടന്നു.
എന്റെ പഠന സമയത്താണ് മുത്തുവിനെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഇംഗ്ലീഷ് സിനിമകള്‍ അന്നത്തെ ഒരു ദൗര്‍ബല്യമായിരുന്നു. ആ കാലത്ത് മികച്ച ഇംഗ്ലീഷ് സിനിമകള്‍ എത്തിയിരുന്നത് ശ്രീധര്‍ തീയറ്ററിലായിരുന്നു. ഒരു പടം പോലും വിടില്ല. ഒറ്റക്കാണ് പോകാറുള്ളത്. ചിത്രം തുടങ്ങുന്നതിന് മുന്‍പുള്ള ഇംഗ്ലീഷ് ഗാനങ്ങള്‍ ആസ്വദിച്ച്, കാലുകള്‍ നീട്ടിവെച്ച്, ശ്രീധറിന്റെ നനുത്ത തണുപ്പില്‍ കുളിര്‍ന്നിരുന്നുള്ള ആസ്വാദനം ഗൃഹാതുരത്വം നല്കുന്നു.
അങ്ങനെയുള്ള ഒരു ദിവസമാണ് മുത്തുവിനെ ഞാന്‍ കണ്ടുമുട്ടുന്നത്. ശ്രീധര്‍ തീയറ്ററിന്റെ മുന്നില്‍ ഒരുവശത്തായാണ് മുത്തുവിന്റെ ഇരിപ്പിടം. മുത്തുവിന് ഒരു കാലില്ല. ക്രച്ചസ്സ് അടുത്ത് ചാരിവെച്ചിട്ടുണ്ടാകും. മുത്തുവിന് ഒരു മുച്ചക്രവണ്ടി കൂടിയുണ്ട്. അതില്‍ കയറി നിരങ്ങിയാണ് യാത്ര. സാധാരണ പടം തുടങ്ങുന്നതിന് വളരെ മുന്‍പേ ഞാനെത്തും. മുത്തുവിനെ കണ്ട ദിവസം മുത്തു എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചു. തുടര്‍ച്ചയായുള്ള കാണലുകള്‍ ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ ഒരു സൗഹൃദം വളര്‍ത്തിയെടുത്തു.
താന്‍ ഇരിക്കുന്നതിനടുത്ത് കുറച്ച് ഇഷ്ട്ടികകള്‍ അടുക്കി വെച്ച് മുത്തു എനിക്കും ഇരിപ്പിടമൊരുക്കി. തികച്ചും അപരിചിതരായ, രണ്ടു വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്നും വന്ന വ്യക്തികള്‍. ഞാന്‍ അടുത്തിരിക്കും. മുത്തു വാതോരാതെ കഥകള്‍ പറയും. തമിഴ്നാട്ടിലും കേരളത്തിലുമുള്ള മുത്തുവിന്റെ യാത്രകള്‍, അനുഭവങ്ങള്‍. ആദ്യമൊന്നും എനിക്ക് മുത്തുവിന്റെ ഭാഷ പിടുത്തം കിട്ടിയിരുന്നില്ല. പിന്നെപിന്നെ എനിക്കത് മനസ്സിലായിത്തുടങ്ങി. നിലത്തു വിരിച്ച തുണിക്കഷ്ണത്തിന് പിന്നിലും അടുക്കിവെച്ച ഇഷ്ട്ടികകള്‍ക്കും മുകളിലായി അങ്ങനെ ദൃഡമായ ഒരു ആത്മബന്ധം വളരുകയാണ്.
മുത്തുവിന് നാട്ടില്‍ അമ്മ മാത്രമേയുള്ളൂ. എല്ലാ മാസവും അമ്മക്ക് പണം അയച്ചു നല്കും. വല്ലപ്പോഴും മാത്രം നാട്ടില്‍ പോകും. കേരളവും ഇപ്പോള്‍ സ്വന്തം നാടുപോലെ തന്നെ. കാര്യങ്ങളൊക്കെ ഒന്ന് ശരിയായിട്ടു വേണം കല്യാണമൊക്കെ കഴിക്കാന്‍. അമ്മക്കരികില്‍ ഒരാള്‍ വേണം. ആരെങ്കിലും പെണ്ണ് തരുമോയെന്ന് അറിയില്ല ശ്രമിച്ചു നോക്കണം. അത് പറയുമ്പോള്‍ ആ കണ്ണുകളില്‍ കുസൃതി നിറയും. മുത്തുവിന് ദുശ്ശീലങ്ങള്‍ ഒന്നും തന്നെയില്ല. ഭാവിയെക്കുറിച്ച് സ്വപ്നങ്ങളുള്ള നല്ലൊരു ചെറുപ്പക്കാരന്‍.
ജീവിതം ഒഴുകി നീങ്ങിയപ്പോള്‍ കണ്ടുമുട്ടലുകള്‍ വല്ലപ്പോഴുമായി. പിന്നീടത് ഒട്ടുംതന്നെ ഇല്ലാതെയായി. ജീവിതത്തിന്റെ തിരക്കില്‍ മുത്തു ഓര്‍മ്മയില്‍ നിന്നും മറഞ്ഞു. ഇപ്പോള്‍ ഇതാ തികച്ചും അപ്രതീക്ഷിതമായി മുത്തു മുന്നില്‍. ഓര്‍മ്മകള്‍ ഒരു തിരമാലപോലെ ഇരച്ചെത്തുന്നു, അടിമുടി എന്നെ നനയിക്കുന്നു. മുത്തുവിന്റെ ചിരിക്കൊരു മാറ്റവുമില്ല. നരച്ച ചില താടിരോമങ്ങള്‍ കാലത്തിന്റെ യാത്രയെ ഓര്‍മ്മിപ്പിച്ചു.
ഞാന്‍ മുത്തുവിനരികെ ആ പാതയോരത്തിരുന്നു. കടന്നു പോകുന്നവര്‍ ഞങ്ങളെ അത്ഭുതത്തോടെ നോക്കി. ചിലര്‍ ഞങ്ങളുടെ ഇരിപ്പു കണ്ട് ചിരിച്ചു. അവര്‍ ചിന്തിച്ചിട്ടുണ്ടാകാം ഇവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന്. ആര്‍ക്കും മനസ്സിലാകാത്ത ചില ബന്ധങ്ങളുണ്ട്. അവിടെ സ്‌നേഹം മാത്രമേയുള്ളൂ. അത് അദൃശ്യമായ ഒരു കടല്‍ പോലെ പരന്നുകിടക്കുകയാണ്. ആളുകള്‍ ഞങ്ങളെ നോക്കി കടന്നു പോകുകയാണ്. ഞങ്ങളോ പരിസരം മറന്നുള്ള സംഭാഷണത്തിലും.
മുത്തുവിന്റെ മകളുടെ കല്യാണം കഴിഞ്ഞു. ആളൊരു മുത്തച്ഛനും ആയിരിക്കുന്നു. അണകെട്ടി തടുത്തിരുന്ന ഒരു വെള്ളക്കെട്ട് പൊട്ടിച്ചതുപോലെ മുത്തു വിശേഷങ്ങള്‍ പറഞ്ഞു. ഇടക്ക് ഞങ്ങള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്ത് പൊട്ടിച്ചിരിച്ചു. ബ്രോഡ്വേയിലെ മില്‍മയില്‍ നിന്നും കാപ്പി വാങ്ങിക്കുടിച്ചതും എന്നില്‍ നിന്നും മുത്തു മലയാള വാക്കുകള്‍ പഠിച്ചതും ഞങ്ങള്‍ ഓര്‍മ്മിച്ചെടുത്തു. എന്റെ കൈകളില്‍ ഇരുന്ന പുസ്തകങ്ങള്‍ നോക്കി മുത്തു ചോദിച്ചു ”ഒരു മാറ്റവും ഇല്ല അല്ലേ?”
കുറേസമയം അങ്ങനെ ഇരുന്നു. കയ്യിലിരുന്ന കുറച്ചു പണം മുത്തുവിനെ ഏല്‍പ്പിച്ചു. പേരക്കുട്ടിക്ക് എന്തെങ്കിലും വാങ്ങി നല്കണം. മുത്തു തലകുലുക്കി. ”ഞാന്‍ നാട്ടിലേക്ക് പോകുകയാണ്. മൂന്നു മാസം കഴിയുമ്പോള്‍ തിരികെ വരും.” മുത്തു പറഞ്ഞു. ഞാന്‍ തല കുലുക്കി. പിരിയുമ്പോള്‍ മുത്തുവിന്റെ കണ്ണുകളില്‍ മഴ പെയ്തിരുന്നു, എന്റെയും.