തികച്ചും അവിശ്വസനീയമായ ഒരു കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇത്തരം ഒരു അവസ്ഥ ഏറ്റവും മോശം സ്വപ്നങ്ങളില്‍ പോലും നാം കണ്ടിരുന്നില്ല. അപ്രതീക്ഷിതങ്ങളായ സംഭവങ്ങളാണ് അരങ്ങേറുന്നത്. ലോകത്തിന്റെ ഭാവി പുനര്‍നിര്‍ണ്ണയിക്കപ്പെടുവാന്‍ പോകുന്ന ദിനങ്ങളാണ് ഇനി വന്നെത്തുന്നത്. സമൂഹം കടുത്ത ആശങ്കയിലാണ്. മാറ്റങ്ങള്‍ പ്രവചനാതീതം. കാലം ഉത്തരം നല്‌കേണ്ട ചോദ്യങ്ങള്‍ നിരവധി ബാക്കിയാകുന്നു.
ബിസിനസ് സമൂഹത്തെ താറുമാറാക്കിയ ദുരന്തം എന്ന് നമുക്ക് കോവിഡിനെ വിശേഷിപ്പിക്കാം. ലോക സമ്പത്ത് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞ ഈ മഹാമാരി ഇനിയുള്ള നാളുകളില്‍ ഏറ്റവും കൂടുതല്‍ പിടിച്ചുലക്കുവാന്‍ പോകുന്നത് ബിസിനസ് ലോകത്തെയാണ്. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ ബിസിനസ് സമൂഹം ഇനിയുള്ള നാളുകള്‍ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് കണ്ടറിയണം.
മുതലാളിയും തൊഴിലാളിയും
സാമൂഹ്യ വ്യവസ്ഥയുടെ കാലാകാലങ്ങളിലുള്ള പരിണാമത്തിലൂടെ ബിസിനസ് സമൂഹത്തില്‍ സംഭവിച്ച പൊളിച്ചെഴുത്തുകള്‍ നാം കാണാതെ പോകരുത്. മുതലാളി തൊഴിലാളി എന്ന അതിര്‍വരമ്പ് നേര്‍ത്തു നേര്‍ത്തു വരികയാണ്. പണ്ട് ബിസിനസിലേക്ക് കടന്നു വരുന്നത് കയ്യില്‍ പണമുണ്ടായിരുന്ന വ്യക്തികളോ പ്രസ്ഥാനങ്ങളോ ആയിരുന്നെങ്കില്‍ പരിണാമദശയില്‍ അതിന് വ്യത്യാസം സംഭവിച്ചു. ഏതൊരു തൊഴിലാളിയും ഇന്ന് നാളത്തെ മുതലാളിയാവാം. ആശയം മാത്രം കയ്യിലുണ്ടെങ്കില്‍ ഒരു സംരംഭകനാകാവുന്ന ബിസിനസ് സാമൂഹ്യ വ്യവസ്ഥയോ സംസ്‌കാരമോ വ്യാപകമായി ഉടലെടുത്തു കഴിഞ്ഞു.
തൊഴിലാളികളേക്കാള്‍ ദരിദ്രനായ മുതലാളി
മുതലാളി ധനികനും തൊഴിലാളി ദരിദ്രനും എന്ന വ്യവസ്ഥിതി ഇന്ന് സാര്‍വത്രികമായ ഒന്നല്ല. സംരംഭങ്ങള്‍ നടത്തുന്ന മിക്ക മുതലാളികളും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളേക്കാള്‍ സാമ്പത്തിക പ്രശ്‌നങ്ങളിലൂടെ കടന്നു പോകുന്നവരാണ്. ഉള്ളതെല്ലാം തടുത്തു കൂട്ടിയും പോരാത്തത് കടം വാങ്ങിയും സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ മുതലാളി എന്ന വിശേഷണത്തിന്റെ ഭാരം ചുമക്കുന്നവരും മിക്കപ്പോഴും തൊഴിലാളികളേക്കാള്‍ ദരിദ്രരുമാകുന്നു.
എത്രപേര്‍ നിലനില്ക്കും?
വരും നാളുകളില്‍ എത്ര സംരംഭങ്ങള്‍ നിലനില്‍ക്കും എന്നത് കണ്ടറിയേണ്ട വസ്തുതയാണ്. പിടിച്ചു നില്ക്കാന്‍ സാധിക്കാത്തവര്‍ ഇതിനകം തന്നെ കളം ഒഴിഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും ഈ പ്രക്രിയ ആവര്‍ത്തിക്കും. സംരംഭം നടത്തുന്ന വ്യക്തിയുടെ ജീവിതം മാത്രമല്ല സമൂഹത്തിന്റെ പൊതു അവസ്ഥയെക്കൂടി ഇത് ബാധിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ഒരു ദിനം പെട്ടെന്ന് ജോലി നഷ്ട്ടപ്പെടുന്നു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് പോകുന്നു. ഉടനെ ഒരു ജോലി ലഭ്യമാകുക എളുപ്പമല്ല. മുതലാളിയും തൊഴിലാളികളും ഒരുമിച്ച് ദുരിതക്കയത്തിലേക്ക് എടുത്തെറിയപ്പെടുന്നു.
തൊഴിലിടങ്ങള്‍ മാറുവാന്‍ തുടങ്ങുന്നു
ഒഴിവാക്കുവാനാകാത്ത ചില മാറ്റങ്ങള്‍ തൊഴിലിടങ്ങളില്‍ വന്നു ചേരും. സംരംഭങ്ങള്‍ പുതിയൊരു സംസ്‌കാരം ഉള്‍ക്കൊള്ളുവാന്‍ തയ്യാറാവേണ്ടി വരും. തൊഴിലുകള്‍ പുനര്‍നിര്‍വ്വചിക്കപ്പെടും. തൊഴിലാളികളുടെ നിപുണതകളില്‍ കാലാനുസൃതമായ ദ്രുത മാറ്റങ്ങള്‍ ആവശ്യമായി വരും. ഇന്നലത്തെ തൊഴില്‍ അതുപോലെ, അതേ ഫലം ലഭ്യമാകുന്ന രീതിയില്‍ തുടരാന്‍ കഴിയാതെ വരാം.
കൂടുതല്‍ തൊഴിലാളികള്‍ എന്ന റിസ്‌ക് ഇനിയുള്ള കാലത്ത് സംരംഭകര്‍ എടുക്കുവാന്‍ തയ്യാറാകില്ല. കൃത്യമായ വലുപ്പത്തില്‍ സംരംഭങ്ങള്‍ നടത്തിക്കൊണ്ടു പോകുവാനായിരിക്കും അവര്‍ ശ്രമിക്കുക. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കുവാന്‍ സാദ്ധ്യമായ എല്ലാ നടപടികളും അവര്‍ സ്വീകരിക്കും. തൊഴിലാളികളുടെ അദ്ധ്വാനം കൃത്യമായ ഫലം നല്‍കുന്നുണ്ടോ എന്നത് സൂഷ്മമായ വിശകലനത്തിലൂടെ കടന്നു പോകും. ഒരു ജോലിയും ശാശ്വതമായ സുരക്ഷിത മണ്ഡലമാകും എന്ന് വിശ്വസിക്കുവാന്‍ സാധിക്കുകയില്ല.
പല ജോലികള്‍ ചെയ്യുവാന്‍ കഴിവുള്ള ഒരാള്‍
കൃത്യമായ വലുപ്പത്തില്‍ സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകുവാന്‍ സംരംഭകര്‍ സ്വീകരിക്കുവാന്‍ പോകുന്ന ഒരു മാര്‍ഗ്ഗം പല ജോലികളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തികളെ നിയമിക്കുക എന്നതായിരിക്കും. ഇന്നും ഇത് ഫലപ്രദമായി നടപ്പിലാക്കുന്ന സംരംഭങ്ങളുണ്ട്. ഈ സംസ്‌കാരം വ്യാപകമാകും. മുന്‍പ് ഇതില്‍ വിശ്വസിക്കാതിരുന്ന സംരംഭകര്‍ കൂടി ഇതിന്റെ ആവശ്യകതയിലേക്ക് എത്തപ്പെടും.
തൊഴിലാളികള്‍ക്ക് തങ്ങളുടെ നിപുണതകളില്‍ ആവശ്യമായ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വേണ്ടിവരും. പല ജോലികള്‍ ഒരേസമയം നിര്‍വ്വഹിക്കുവാന്‍ സ്വയം പ്രാപ്തരാകേണ്ടത് അത്യാവശ്യമായി മാറും. സംരംഭത്തിന്റെ നിലനില്പ്പ് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് ബോധ്യപ്പെടുന്ന ഒരവസരം കൂടിയാണിത്.
യന്ത്രവത്ക്കരണവും സാങ്കേതിക വിപ്ലവവും
സാമൂഹിക അകലപാലനവും ശുചിത്വവും നിര്‍ബന്ധിതവും അവഗണിക്കാനാകാത്ത ആവശ്യകതയുമൊക്കെയാകുമ്പോള്‍ ഏത് പ്രതികൂല സാഹചര്യത്തേയും നേരിടുവാന്‍ ബിസിനസിനെ സജ്ജമാക്കേണ്ട ചുമതല സംരംഭകര്‍ക്കുണ്ട്. കഴിയാവുന്ന പരമാവധി മേഖലകളില്‍ യന്ത്രവത്കരണവും വിവര സാങ്കേതികവിദ്യയുടെ ഉപയോഗവും ഒഴിച്ചുകൂടാന്‍ കഴിയാതെ വരും. ഇത് നിര്‍ബന്ധിതമായ ഒരു അവസ്ഥയാണ്. ഇതിന് പുറം തിരിഞ്ഞു നില്ക്കാന്‍ സൂഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കു പോലുമാവില്ല.
സംരംഭങ്ങളിലെ നവീനങ്ങളായ ഇത്തരം മാറ്റങ്ങള്‍ ജോലിയുടെ സ്വഭാവത്തെ പുനര്‍നിര്‍വ്വചിക്കും. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ നിര്‍വ്വഹിക്കുവാന്‍ ദിനവും ഓഫീസില്‍ എത്തേണ്ട ആവശ്യം വരുന്നില്ല. എല്പ്പിക്കുന്ന ജോലികളില്‍ കൃത്യമായ ഫലം ഉറപ്പു വരുത്തണം എന്ന് മാത്രം. WORK FROM HOME ഒരു സംസ്‌കാരമാകും. കൂടുതല്‍ സാങ്കേതിക അറിവുകള്‍ ആവശ്യമുള്ള ജോലി സാദ്ധ്യതകള്‍ ഉടലെടുക്കും.
തൊഴിലാളിയെ നിരന്തരം വീക്ഷിക്കുവാനും നിര്‍ദ്ദേശങ്ങള്‍ തരുവാനും നാളെ ഒരു മേലധികാരി ഉണ്ടാകണമെന്നില്ല. സാങ്കേതിക വിദ്യയുടെ തുളച്ചുകയറല്‍ ഇത്തരം ചില ആവശ്യങ്ങളെ ഇല്ലാതെയാക്കും. തൊഴിലാളി എന്ത് ചെയ്യുന്നുവെന്നും അതിന്റെ ഫലം എന്താണ് എന്നും യന്ത്രങ്ങള്‍ രേഖപ്പെടുത്തും. ജോലി സംരക്ഷിക്കേണ്ട ബാധ്യത തൊഴിലാളിക്കാവുമ്പോള്‍ പരമാവധി ഫലം നല്‍കാന്‍ തൊഴിലാളി ശ്രമിക്കും. ഒരു ജോലിയും ശാശ്വതമാകില്ല. ഒരു ജോലി ഇട്ടെറിഞ്ഞു പോയി മറ്റൊരു ജോലി തേടി കണ്ടെത്തുകയും എളുപ്പമാവില്ല.
തൊഴില്‍ സംസ്‌കാരത്തിലും മാറ്റം വരും
നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ വലിയൊരു മാറ്റം ആവശ്യമാണ്. തൊഴിലിനാവശ്യമായ നിപുണതകള്‍ നേടുക മുന്‍ഗണനയിലേക്ക് വരേണ്ടതുണ്ട്. ജോലി എങ്ങിനെ ചെയ്യുക എന്നതിനേക്കാള്‍ അതിന്റെ ഫലം ഉറപ്പു വരുത്തുക എന്നതാണ് പ്രാധാന്യം. ഇനിയൊരു കാലം വരെ ശമ്പളത്തിലും ആനുകൂല്യങ്ങളിലും വലിയൊരു ഇടിവ് ഉണ്ടാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സംരംഭങ്ങളുടെ നിലനില്‍പ്പിന് ഇത് ചിലപ്പോള്‍ ഒഴിവാക്കുവാന്‍ കഴിയുകയില്ല. സ്വന്തം തൊഴില്‍ നിലനിര്‍ത്തുവാന്‍ സംരംഭവും നിലനില്‍ക്കേണ്ടതുണ്ട് എന്ന കാഴ്ചപ്പാട് അത്യന്താപേക്ഷിതമാണ്.
ഓഫീസില്‍ എത്തുമ്പോള്‍ മാത്രം ജോലി എന്ന ശീലവും മാറുകയാണ്. വീടും ഓഫീസായി രൂപാന്തരത്വം പ്രാപിക്കും. ഇത് തുടര്‍ന്നുപോന്ന ശീലങ്ങളെ മാറ്റിമറിക്കും. വ്യത്യസ്ത റോളുകള്‍ കൈകാര്യം ചെയ്യപ്പെടേണ്ട അവസ്ഥയില്‍ സമയശീലങ്ങളില്‍ വ്യത്യാസം വരും. സ്ഥിരശമ്പളം എന്ന വ്യവസ്ഥിതി ചിലപ്പോള്‍ മാറാം ഓരോ വ്യക്തിയുടേയും പ്രകടനത്തിനനുസരിച്ചു മാറുന്ന അസ്ഥിരമായ ഒരു ശമ്പളവ്യവസ്ഥ രൂപപ്പെടാം.
സ്ഥിരമായി ഒരേ സംരംഭത്തില്‍ ജോലി എന്ന കാഴ്ചപ്പാടും മാറി GIG ECONOMY കൂടുതല്‍ ശക്തി പ്രാപിക്കാം. തങ്ങളുടെ നിപുണതകള്‍ക്കനുസരിച്ചുള്ള നിശ്ചിത കാലത്തേക്കുള്ള പ്രൊജക്റ്റുകള്‍ സ്വീകരിക്കുകയും ചെയ്തു നല്‍കുകയും ചെയ്യുന്ന വ്യാപകമായ സംസ്‌കാരം ഉടലെടുക്കാം. ഇങ്ങനെ സ്വതന്ത്ര ജോലികള്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണം സമീപ ഭാവിയില്‍ കുതിച്ചുയരാം. തൊഴിലാളികളെ സ്ഥിരമായി നിയമിച്ച് കൂടുതല്‍ ചിലവുകള്‍ ഉണ്ടാക്കേണ്ട എന്ന് തീരുമാനിക്കുന്ന സംരംഭങ്ങള്‍ GIG ECONOMYക്ക് കരുത്തു പകരും.
സംരംഭങ്ങള്‍ നിലനില്‍ക്കട്ടെ
എല്ലാ മാറ്റങ്ങളും നന്മയിലേക്കാവട്ടെ എന്ന് പ്രത്യാശിക്കാം. ഈ സമയത്ത് നിലനില്‍പ്പ് മാത്രമാണ് പ്രധാനം. അതിനപ്പുറം ചിന്തിക്കാവുന്ന ഒരു സമയം എത്താന്‍ കുറച്ചു കാലം കൂടി കഴിയണം. എല്ലാവരും കൂടി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംരംഭങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. ഒരുമിച്ചു നില്‍ക്കുകയും നേടുകയും ചെയ്യുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.