രണ്ട് സ്‌നേഹിതര്‍ തര്‍ക്കിക്കുകയാണ്.
”എന്റെ കാഴ്ചപ്പാടാണ് ശരി. അതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഞാന്‍ പറയുന്നതാണ് ശരി.”
”അതെങ്ങിനെ ശരിയാകും. എന്റെ കാഴ്ചപ്പാടില്‍ നിങ്ങള്‍ പറയുന്നത് തെറ്റാണ്. ഞാന്‍ പറയുന്നതാണ് ശരി.”
ഈ തര്‍ക്കത്തിന് പെട്ടെന്ന് ഒരു സമാപ്തി പ്രതീക്ഷിക്കാമോ?
തീര്‍ച്ചയായുമില്ല. അതങ്ങനെ തുടര്‍ന്നു പോകും. ഈ സ്‌നേഹിതരുടെ തര്‍ക്കം പോലെ എത്രയോ തര്‍ക്കങ്ങള്‍ നാം ദിനംപ്രതി കേള്‍ക്കുന്നു. പലതും ഇപ്പോഴും അവസാനിക്കാതെ യാത്ര തുടരുന്നു.
എന്തു കൊണ്ട് തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല? അതിനുള്ള ഉത്തരം നമ്മുടെ രണ്ട് സ്‌നേഹിതന്മാരും പറയുന്നുണ്ട്.
”എന്റെ കാഴ്ചപ്പാട്” അതേ ഈ കാഴ്ചപ്പാടാണ് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാത്തത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഒരു കാഴ്ചപ്പാടുണ്ട്. അതാണ് ശരിയെന്ന് അവര്‍ വിശ്വസിക്കുന്നു. ”ശരി” എന്ന വിശ്വാസം അവരുടെ മാത്രമാണ്. അത് സത്യമാവണമെന്നു കൂടിയില്ല. സത്യമല്ലാത്ത കാഴ്ചപ്പാടുകള്‍ കൂടി ശരി എന്ന് വിശ്വസിക്കുന്നിടത്ത് തര്‍ക്കങ്ങള്‍ക്ക് അവസാനമുണ്ടാകില്ല.
സ്വയം തിരഞ്ഞെടുക്കുന്ന രാഷ്ട്രീയം
എനിക്ക് എന്റെ രാഷ്ട്രീയമുണ്ട്. അത് ഒരു പ്രത്യയശാസ്ത്രത്തില്‍ അടിസ്ഥിതമോ അല്ലാതെയോ ആകാം. ഞാന്‍ വളര്‍ന്ന സാഹചര്യം, എന്റെ രാഷ്ട്രീയ വിദ്യാഭ്യാസം, സാമൂഹ്യ വ്യവസ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, നിലപാടുകളോടുള്ള ആകര്‍ഷണങ്ങള്‍, നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അതൃപ്തി, സമാന ചിന്താഗതിക്കാരുമായുള്ള ഇടപെടലുകള്‍ ഇങ്ങനെ പലതുമാകാം എന്നില്‍ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉടലെടുക്കുവാന്‍ കാരണമാകുന്നത്. അത് ഒരു പ്രത്വേക കാരണം തന്നെയാവണമെന്നുമില്ല. കാരണങ്ങളുടെ ഒരു കൂട്ടായ്മ തന്നെ അതിനുണ്ടാവാം.
രാഷ്ട്രീയത്തിന്റെ ഒരു പ്രത്വേകത അത് ഞാന്‍ സ്വയം തിരഞ്ഞെടുക്കുന്ന ഒന്നാണ് എന്നതാണ്. എന്റെ ജന്മം ഏത് ദേശത്തായാലും ഏത് വര്‍ഗ്ഗത്തിലോ വംശത്തിലോ ആയാലും ഏത് മതത്തിലായാലും രാഷ്ട്രീയം എന്റെ തിരഞ്ഞെടുക്കലില്‍ ഉള്‍പ്പെടുന്ന ഒന്നാണ്. എന്തിനു വേണ്ടി നിലകൊള്ളുന്നു എന്ന തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയത്തെ മതത്തില്‍ നിന്ന് വിഭിന്നമാക്കി നിലനിര്‍ത്തുന്നു.
അടിച്ചേല്‍പ്പിക്കപ്പെടുന്ന മതം
ഞാനറിയാതെ, എന്റെ സമ്മതമില്ലാതെ എന്നില്‍ കെട്ടിവെക്കപ്പെടുന്ന കാഴ്ചപ്പാടാണ് മതം. ഹിന്ദുവിന്റെ മക്കളായി ജനിച്ചവര്‍ ഹിന്ദുക്കളായി വളര്‍ത്തപ്പെടുന്നു. മുസ്ലിമിന്റെ മക്കള്‍ മുസല്‍മാന്മാരായി വളര്‍ത്തപ്പെടുന്നു. ക്രിസ്ത്യാനിയുടെ മക്കള്‍ ക്രിസ്ത്യാനികളായും മാറുന്നു. വിവിധ ചെടികളില്‍ പൂക്കള്‍ ഉണ്ടാകുന്നത് പോലെയാണിത്. റോസാച്ചെടിയില്‍ റോസാപ്പൂക്കളേ ഉണ്ടാകുവാന്‍ പാടുള്ളൂ. ഇത് പ്രകൃതി നിയമമാണ്. ഈ പ്രകൃതി നിയമത്തെ എത്ര വിദഗ്ദ്ധമായാണ് നാം ചൂഷണം ചെയ്തിരിക്കുന്നത് എന്ന് ആലോചിക്കുക.
ഇവിടെ സ്വാതന്ത്ര്യം ഇല്ല. മതവും സാമൂഹ്യ വ്യവസ്ഥിതികളുമായി കെട്ടുപിണഞ്ഞു കഴിഞ്ഞു. പരസ്പ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു വൃക്ഷത്തിന്റെ വേരുകളെപ്പറ്റി ചിന്തിക്കുക. അങ്ങനെയൊരു സങ്കീര്‍ണ്ണ വ്യവസ്ഥിതി മനപ്പൂര്‍വ്വം സൃഷ്ട്ടിച്ചെടുക്കപ്പെട്ടു കഴിഞ്ഞു. ജനനം മുതല്‍ മരണം വരെ മതവുമായി കെട്ടിയിടപ്പെടുന്ന ഒരു സംഘടിത പ്രക്രിയക്ക് എന്നേ രൂപം നല്കിക്കഴിഞ്ഞു. എന്റെ ജാതകം എഴുതുന്നത്, എന്നെ മാമ്മോദീസ മുക്കുന്നത്, എന്റെ സുന്നത്ത് കഴിക്കുന്നത് ഒന്നും എന്റെ അനുവാദം വാങ്ങിയിട്ടല്ല. മതപരിവര്‍ത്തനം പോലെതന്നെ നിര്‍ബന്ധിതമായി മാറുന്നു മതബന്ധം ഉറപ്പിക്കലും.
മതമെന്തെന്നോ ദൈവമെന്തെന്നോ മതഗ്രന്ഥമെന്തെന്നോ എന്നൊക്കെ തിരിച്ചറിയുന്ന മാനസിക വളര്‍ച്ച എത്തുന്നതിന് മുന്‍പേ ഈ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജ്യര്‍ നടപ്പിലാക്കപ്പെട്ടു കഴിഞ്ഞു. രാഷ്ട്രീയത്തില്‍ ഒരു കുടുംബത്തില്‍ നാല് രാഷ്ട്രീയ കക്ഷികളില്‍ വിശ്വസിക്കുന്ന നാല് പേരുണ്ടാകാം പക്ഷേ ഇവര്‍ നാലുപേരും ഒരു മതക്കാര്‍ തന്നെ. രാഷ്ട്രീയത്താല്‍ വേര്‍തിരിക്കപ്പെട്ടവരും മതത്താല്‍ ആഴത്തില്‍ ബന്ധിക്കപ്പെട്ടവരുടേതുമായ ഒരു കൂട്ടത്തെ നിങ്ങള്‍ക്കവിടെ കണ്ടെത്താന്‍ കഴിയും.
പ്രക്രിയാധിഷ്ടിതമായ ഒരു കോര്‍പ്പറേറ്റ് വ്യവസ്ഥിതിയെ നിങ്ങള്‍ക്കിവിടെ ദര്‍ശിക്കാം. ഇത് വളരെ ബുദ്ധിപരമായി വിഭാവനം ചെയ്യുകയും നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ്. നിങ്ങളുടെ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നത് പോലെ, വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നത് പോലെ, തൊഴില്‍ തിരഞ്ഞെടുക്കുന്നത് പോലെ നിങ്ങള്‍ക്കൊരിക്കലും മതം തിരഞ്ഞെടുക്കുവാന്‍ അവകാശമില്ല. പക്വമായ ഒരു മാനസിക നിലയില്‍ നിങ്ങള്‍ മതം സ്വയം തിരഞ്ഞെടുക്കുകയാണെന്ന് കരുതുക. അവിടെ നിങ്ങള്‍ മതമാറ്റത്തിന് വിധേയനായവനായി മാറ്റപ്പെടുന്നു. നിങ്ങള്‍ എന്തോ കുറ്റം ചെയ്തിരിക്കുന്നു.
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിഷേധം മതത്തെ നിര്‍ബന്ധപൂര്‍വ്വം സ്വീകരിക്കുവാന്‍ എന്നെ നിര്‍ബന്ധിതനാക്കുന്നു. കാലില്‍ ചങ്ങല കെട്ടിയിട്ട ഒരുവനെപ്പോലെയാണ് ഇനിയുള്ള എന്റെ യാത്ര. എന്റെ കാഴ്ചപ്പാടുകളില്‍ സംശയമുണ്ടെങ്കില്‍പ്പോലും മതത്തെ സംരക്ഷിക്കേണ്ട ചുമതല എന്നില്‍ വന്നു ചേരുന്നു. മതവും എന്റെ സ്വത്വബോധവുമായി താതാത്മ്യം പ്രാപിച്ചു കഴിഞ്ഞു. നിന്റെ മതം മാത്രമാണ് നല്ലത് എന്ന് എന്നെപ്പറഞ്ഞ് പഠിപ്പിക്കുന്നു. അസ്വാതന്ത്ര്യം എന്റെ വായ മൂടിക്കെട്ടുന്നു. ഞാന്‍ തിരഞ്ഞെടുക്കാത്ത ഒന്നിനെ സംരക്ഷിക്കേണ്ട സഹജമായ ഉത്തരവാദിത്വം എന്നില്‍ നിക്ഷിപ്തമാകുന്നു.
തിരഞ്ഞെടുത്ത രാഷ്ട്രീയവും തിരഞ്ഞെടുക്കാത്ത മതവും
ഇതൊരു വല്ലാത്ത വൈരുദ്ധ്യമാണ്. സമതുലനം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുള്ള ഒന്ന്. മതവും രാഷ്ട്രീയവും ചുറ്റിപ്പിണഞ്ഞ ഒരു സാമൂഹ്യ വ്യവസ്ഥിതി അതിസങ്കീര്‍ണ്ണമാണ്. അതിനെ നയിക്കുക നിസാര ചുമതലയല്ല. എന്റെ രാഷ്ട്രീയവും അതിനൊപ്പം എന്റെ മതത്തേയും എനിക്ക് സംരക്ഷിച്ചേ തീരൂ. എന്തൊരു ധര്‍മ്മസങ്കടമാണിത്. കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യങ്ങള്‍ക്ക് ഒരിക്കലും അവസാനമുണ്ടാകുന്നില്ല.
എന്റെ രാഷ്ട്രീയ നിലപാടുകളെ മാത്രം സംരക്ഷിച്ചാല്‍ മതിയാകില്ല. അതേ സമയം തന്നെ എന്റെ മത വിശ്വാസങ്ങളേയും സംരക്ഷിക്കണം. എങ്കില്‍ മാത്രമേ ഈ വ്യവസ്ഥിതിയുടെ ഒരു സന്തതിയായ എനിക്ക് തൃപ്തിയാകുകയുള്ളൂ. ഇതില്‍ ഏതെങ്കിലും കാര്യത്തില്‍ ഒരു പൊരുത്തക്കേട് സംഭവിച്ചാല്‍ അത് അസംതൃപ്തിയിലേക്കും വൈരുദ്ധ്യങ്ങളിലേക്കും നയിക്കും. ഒരിക്കലും തൃപ്തനാകാന്‍ സാധിക്കാത്ത പൗരനായി ഞാന്‍ എന്നും നിലകൊള്ളുന്നതിന്റെ ശാസ്ത്രം ഇതാവാം.
അതിസങ്കീര്‍ണ്ണമായ ഇത്തരമൊരു വ്യവസ്ഥിതിയില്‍ കാഴ്ചപ്പാടുകള്‍ക്ക് പഞ്ഞമില്ല. ഞാനും നിങ്ങളും ഒരിക്കലും ഒന്നിലും തൃപ്തരാകില്ല. ഞാന്‍ തൃപ്തനാകുന്ന നിമിഷം നിങ്ങള്‍ അസംതൃപ്തനാകും. കാരണം ഈ വ്യവസ്ഥിതി നാം കെട്ടിപ്പടുത്തതാണ്. ഇതൊരു ഫലഭൂയിഷ്ട്ടമായ മണ്ണാണ് ആര്‍ക്കും വിത്തിറക്കാം കൊയ്യുകയും ചെയ്യാം. കാഴ്ചപ്പാടുകളുടെ വൈരുദ്ധ്യങ്ങളുമായി തലമുറകള്‍ ജീവിക്കുകയും മരിക്കുകയും ചെയ്യും.
തര്‍ക്കങ്ങള്‍ ഒരിക്കലും അവസാനിക്കുകയുമില്ല.