നവകേരള വാദം പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കേരളം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ സമാനതകളില്ലാത്തതാണ്. ഒരു പക്ഷേ ചരിത്രമെടുത്തു നോക്കിയാല്‍ ഇത്തരമൊരു സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോന്ന മറ്റൊരു സമയവും ഉണ്ടായിട്ടില്ല എന്നുതന്നെ കാണാം. പ്രതിസന്ധികളും വിഷമഘട്ടങ്ങളും നമ്മെ ഉറച്ചു ചിന്തിക്കാന്‍ പ്രേരിതമാക്കുന്നു. അത്തരമൊരു ചിന്തയുടെ മിന്നലൊളിയില്‍ നിന്നുമാണ് നവകേരള വാദം എന്നിലേക്ക് കടന്നുവരുന്നത്.
കേരളപ്പിറവി തൊട്ട് ഇന്നുവരെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുവാന്‍ കഴിയുന്ന ഒരുപാട് നേട്ടങ്ങള്‍ നമ്മള്‍ സ്വന്തമാക്കിയിട്ടുണ്ട്. പരിമിതമായ സാമ്പത്തിക സോതസ്സുകള്‍ക്കുള്ളില്‍ നിന്ന് ഇത്തരം നേട്ടങ്ങള്‍ സമ്പാദിക്കുക എളുപ്പമല്ല. സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥിതികളില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമുക്കു കഴിഞ്ഞു എന്നതും വിസ്മരിക്കാവുന്ന വസ്തുതകളല്ല. ഇത്തരം മാറ്റങ്ങളെ എണ്ണിയെണ്ണി വിവരിക്കുകയും അവയുടെ കാരണക്കാര്‍ ആരെന്നു വിശകലനം ചെയ്യുകയുമല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം എന്നുള്ളതു കൊണ്ട് അതിനായി മുതിരുന്നില്ല.
ചിതലരിച്ച ഉത്തരം
ചുമരുകള്‍ക്ക് കടുംനിറങ്ങള്‍ നല്കി പുതുമ കാക്കുവാന്‍ നമുക്കെപ്പോഴും സാധിക്കുന്നുവെങ്കിലും ചിതലരിച്ച ഉത്തരം താങ്ങിനിര്‍ത്തുന്ന മേല്‍ക്കൂര എപ്പോള്‍ വേണമെങ്കിലും തലയിലേക്ക് ഇടിഞ്ഞു വീഴാം എന്ന പാകത്തിനാണ് നില്‍പ്പ്. ക്ഷയിച്ച ഒരില്ലത്തിന്റെ അവസ്ഥയിലാണ് കേരളം എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. പ്രതാപം ഉണ്ടെങ്കിലും കാര്യമെന്തെങ്കിലും കാണണമെങ്കില്‍ കടം വാങ്ങണം എന്ന അവസ്ഥ. കടത്തിന് മേല്‍ കടവും അതിനു മേല്‍ പലിശയുമൊക്കെയുമായി നമ്മള്‍ ആഘോഷപൂര്‍വ്വം ദിനങ്ങള്‍ കൊണ്ടാടുകയാണ്.
പാരമ്പര്യ വരുമാന സ്രോതസ്സുകള്‍
മദ്യത്തേയും ലോട്ടറിയേയും ടൂറിസത്തേയും ചുറ്റിപറ്റിയാണ് പതിറ്റാണ്ടുകളായി നാം നിലനിന്നു പോരുന്നത്. ഇവയില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നുമുള്ള വരുമാനം നിലച്ചാല്‍ ഖജനാവ് ശൂന്യമായിത്തുടങ്ങും. പിന്നെ കടം വാങ്ങാതെ മുന്നോട്ടു പോകാന്‍ സാധിക്കാതെ വരും. പുതിയ മികച്ച വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനോ അത് വളര്‍ത്താനോ നമുക്ക് സാധിച്ചിട്ടില്ല എന്നതാണ് കേരളത്തിന്റെ ഏറ്റവും വലിയ ബലഹീനത.
ഇതിന്റെ ഭീകരമായ അവസ്ഥയാണ് ഈ കൊറോണക്കാലത്ത് നാം കണ്ടത്. സംസ്ഥാനം നിശ്ചലമായതോടെ ഖജനാവ് കാലിയായിത്തുടങ്ങി. കരുതി വെച്ചതൊന്നും നമ്മുടെ കയ്യിലില്ല. കാര്യങ്ങള്‍ നടക്കണമെങ്കില്‍ കടം വാങ്ങണം അല്ലെങ്കില്‍ സുമനസ്സുകളുടെ കാരുണ്യം വേണം. പല അനുകൂല ഘടകങ്ങളുണ്ടെങ്കിലും സ്വയം പര്യാപ്തമായ, സമ്പന്നമായ ഒരു സംസ്ഥാനമായി മാറുവാന്‍ എന്തുകൊണ്ട് ഇതുവരെ നമുക്ക് സാധിച്ചില്ല?
സ്വയം വിമര്‍ശനം അത്യാവശ്യം
ഇങ്ങനെയാണോ കേരളം മുന്നോട്ട് പോകേണ്ടത് എന്ന് നാം ചിന്തിക്കണം? ഇത് രാഷ്ട്രീയമായി ചിന്തിക്കുകയും ഇതുവരെ ഭരിച്ചവരുടെ ചുമരില്‍ പഴി കെട്ടിവെക്കുകയും ചെയ്യുവാനുള്ള ഒരു ചര്‍ച്ചയല്ല. ചിലപ്പോള്‍ ഇത്തരമൊരു നവകേരള വാദത്തില്‍ ഒളിച്ചിരിക്കുന്ന അത്തരം രാഷ്ട്രീയ മാനങ്ങളെ ഭയന്നാവാം പലരും ഇത്തരം കാര്യങ്ങള്‍ തുറന്നു പറയുകയോ എഴുതുകയോ ചെയ്യാത്തത്. മറ്റുള്ളവരില്‍ പഴി ചാരി പരസ്പ്പരം വിഴുപ്പലക്കുന്നതിനു പകരം ഇത്തരമൊരു അവസ്ഥക്ക് ഞാനും നിങ്ങളും ഉള്‍പ്പെടെയുള്ള ഓരോ മലയാളിയും ഉത്തരവാദിയാണ് എന്നുതന്നെ വിമര്‍ശനാത്മകമായി ചിന്തിക്കണം.
എന്തുകൊണ്ട് സ്വന്തം കാലില്‍ നില്ക്കുവാന്‍ കഴിയുന്നില്ല?
സമഗ്രമായ കാഴ്ചപ്പാട് നമുക്കില്ല എന്നതാണ് കാരണം. ലോകത്തിലെ ഏറ്റവും മികച്ച മാനവവിഭവശേഷിയുള്ള പ്രദേശമെന്ന് വാഴ്ത്തിപ്പാടുന്ന നമ്മള്‍ ഇന്നുവരെ അതിന്റെ അനന്ത സാദ്ധ്യതകള്‍ എങ്ങിനെ ഉപയോഗപ്പെടുത്തും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഭൂമിയിലെ ഏറ്റവും മനോഹരമായ ഭൂപ്രദേശങ്ങളിലൊന്നായ കേരളം അതിന്റെ വിനോദ വ്യവസായ സാദ്ധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്ന് പഠിച്ചിട്ടുണ്ടോ? കേവലമായ ഇടുങ്ങിയ കാഴ്ച്ചപ്പാടുകള്‍ക്കപ്പുറം വിശാലമായ, പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്ന സാമ്പത്തിക ദര്‍ശനങ്ങള്‍ നമുക്കാവശ്യമാണ്.
”എല്ലാമറിയുന്നവര്‍” എന്ന വികലമായ മനോനില നാം പേറുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിക്കുവാന്‍ ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ ഉടനെ വിവാദങ്ങള്‍ ആരംഭിക്കുകയായി. പരസ്പരം ചെളിവാരിയെറിഞ്ഞ് ഒന്നും ഒരിടത്തും എത്തിക്കാതെ നമ്മള്‍ ശ്രദ്ധിക്കും. കാരണം സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ താല്പ്പര്യങ്ങള്‍ സൂക്ഷിക്കുന്ന ഒരു സംസ്‌കാരം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞു. അത് തുടച്ചു മാറ്റുക എളുപ്പമല്ല. നവകേരള വാദവുമായി യുവതലമുറ ഉയര്‍ന്നു വരേണ്ടതിന്റെ പ്രസക്തി ഇവിടെയാണ്.
നവ കേരളം വേണം
ആരുടെ മുന്‍പിലും കൈ നീട്ടാതെ മുന്നോട്ടു പോകാന്‍ നമുക്ക് കഴിയുന്ന ഒരു ഭാവിയെ സൃഷ്ട്ടിച്ചെടുക്കണം. ചരിത്രത്തില്‍ സംഭവിച്ചതൊക്കെ എണ്ണിപ്പറഞ്ഞ് പരസ്പരം തല്ലുപിടിക്കുന്ന രാഷ്ട്രീയ സംസ്‌കാരം മാറി കേരളത്തിന്റെ ഭാവി ഞങ്ങള്‍ എങ്ങിനെയാണ് കൈകാര്യം ചെയ്യുവാന്‍ പോകുന്നത് എന്ന് വ്യക്തമായി പറയാന്‍ രാഷ്ട്രീയക്കാര്‍ തയ്യാറാവണം. ചര്‍ച്ചകള്‍ നടക്കേണ്ടത് അത്തരം കാര്യങ്ങളിലല്ലേ? മുപ്പതോ നാല്‍പ്പതോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചതൊക്കെ പറഞ്ഞ് സമയം കളയാമെന്നതല്ലാതെ അതുകൊണ്ട് ഭാവികേരളത്തിന് എന്ത് മെച്ചം?
നവകേരളത്തിനായി ഓരോരുത്തരും എന്തുചെയ്യും എന്നതില്‍ വാദപ്രതിവാദങ്ങള്‍ നടക്കട്ടെ. അതിലൂന്നിയ നയപരിപാടികള്‍ക്ക് പാര്‍ട്ടികള്‍ രൂപം നല്കട്ടെ. അതൊരു സമഗ്ര നയപദ്ധതി ആവണം. ഞങ്ങള്‍ അധികാരത്തില്‍ കയറിയാല്‍ കേരളത്തിന് പുതിയ വരുമാന സ്രോതസുകള്‍ എങ്ങിനെ സൃഷ്ട്ടിക്കും എന്ന് അവര്‍ പറയട്ടെ. കടം എങ്ങിനെ കൊടുത്തു തീര്‍ക്കുമെന്നും കേരളത്തെ സ്വയം പര്യാപ്തമാക്കുവാനുള്ള തന്ത്രങ്ങള്‍ എന്തെന്നും അവര്‍ വിശദീകരിക്കട്ടെ.
1970 ല്‍ എന്ത് സംഭവിച്ചു?
ടെലിവിഷന്‍ സംവാദങ്ങളിലും ഇലക്ഷന്‍ കാലത്തെ പ്രസംഗങ്ങളിലും സാധാരണ നമ്മള്‍ കേള്‍ക്കാറുള്ള വാചകങ്ങളാണ് ഇതുപോലുള്ളവ. എന്ത് സംഭവിച്ചാല്‍ എന്ത്? ഇനിയെന്ത് സംഭവിക്കും എന്നുള്ളതാണ് പ്രധാനം. നമ്മെ ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും തളച്ചിടാനാണ് ശ്രമം. വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കി ഭാവിയെ കരുപ്പിടിപ്പിക്കുവാനല്ല ശ്രമിക്കുന്നത്. മറിച്ച് ഭാവിയെക്കുറിച്ച് പ്രത്വേക രൂപമൊന്നുമില്ല അപ്പോള്‍ തര്‍ക്കം ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും തളച്ചിടും. മയക്കുമരുന്നിനടിമപ്പെട്ട ഒരാളെപ്പോലെ നാം അതിനടിമപ്പെട്ടിരിക്കുന്നു.
ഞങ്ങള്‍ക്ക് കേരളത്തെക്കുറിച്ചുള്ള രൂപഭദ്രമായ രൂപരേഖ ഇതാണ് എന്ന് കൃത്യമായി ആരെങ്കിലും പറയുന്നുണ്ടോ? ചുറ്റും കിടക്കുന്ന ചെളിവാരി പരസ്പരം എറിയുന്ന സുഖം അതിനുണ്ടാവില്ല. അല്പ്പം ബുദ്ധിമുട്ടുള്ള ഏര്‍പ്പാടാണ്. അത്തരമൊരു ദീര്‍ഘദൂര കാഴ്ചപ്പാട് ആര്‍ക്കുണ്ട്? ദാര്‍ശനികരുടെ അഭാവം തന്നെയാണ് കേരളത്തിന്റെ ശാപം.
നവകേരള വാദം
ഭൂതത്തെ നിങ്ങള്‍ ചുമന്നു നടന്നു കൊള്ളൂ. പക്ഷെ കേരളത്തിന്റെ ഭാവി എന്താണ്? അതില്‍ നിങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടോ? കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാനുള്ള എന്തെങ്കിലും പ്ലാന്‍ കയ്യിലുണ്ടോ? തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ എന്തെങ്കിലും പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ടോ? പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ എങ്ങിനെ തുറക്കും? കേരളം സ്വയം പര്യാപ്തമാക്കുവാനുള്ള വ്യക്തമായ രൂപരേഖ എന്താണ്? ഞങ്ങളെ നിങ്ങള്‍ എങ്ങോട്ടാണ് നയിക്കാന്‍ പോകുന്നത്?
ഉത്തരം ആവശ്യമാണ്. കടം കയറി മുടിയുന്ന ഒരു സംസ്ഥാനമാണോ നമ്മുടെ വരും തലമുറകള്‍ക്ക് നാം കൈമാറേണ്ട സമ്മാനം. ആധുനിക സാമ്പത്തിക ശാസ്ത്രവും മാനേജ്മന്റുമൊക്കെയുള്ള വഴികാട്ടുന്ന ഒരു കാലഘട്ടത്തില്‍ ജീവിച്ച പ്രാകൃത മനുഷ്യരെപ്പോലെ പുതുതലമുറ നമ്മെ വിലയിരുത്തും. ഭൂതകാലത്തിലെ നിറംകെട്ട കാഴ്ച്ചകളിലാണോ ഭാവിതലമുറ അഭിരമിക്കേണ്ടത്? പ്രളയവും രോഗവും മറ്റ് ദുരന്തങ്ങളും അലട്ടുമ്പോള്‍ ജനങ്ങളെ കാക്കുവാന്‍ സംസ്ഥാനത്തിന്റെ മടിശീലക്ക് കനം വേണം. അതിലേക്ക് കേരളത്തെ വളര്‍ത്താന്‍ കഴിവുള്ളവര്‍ ആരുണ്ട്? വികസനവും സ്വയം പര്യാപ്തതയും തോളോട് തോള്‍ ചേര്‍ന്ന് പോവുക തന്നെ വേണം.
അണികള്‍ നേതാക്കളോട് ചോദിച്ചു തുടങ്ങണം ”നമ്മള്‍ കേരളത്തിന്റെ ഭാവിക്ക് വേണ്ടി എന്ത് ചെയ്യാന്‍ പോകുന്നു? എന്താണ് നമ്മുടെ പ്ലാന്‍?”
ചര്‍ച്ചകള്‍ ഭാവിയെക്കുറിച്ചാവട്ടെ. ഭാവികേരളത്തില്‍ കേന്ദ്രീകൃതമായ ഒരു നവകേരള വാദം ഉയര്‍ന്നു വരട്ടെ.