ഒരു ഭക്ഷ്യോത്പാദന ഫാക്ടറിയില്‍ അച്ചാര്‍ (Pickle) ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. തൊഴിലാളികള്‍ അസംസ്കൃത വസ്തുക്കള്‍ എത്തിക്കുന്നു. പ്രൊഡക്ഷന്‍ ജീവനക്കാര്‍ അത് മിക്സറില്‍ ഇട്ട് മിക്സര്‍ (Mixer) പ്രവര്‍ത്തിപ്പിക്കുന്നു. തയ്യാറായ അച്ചാര്‍ അവര്‍ വലിയ കണ്ടെയ്നറുകളിലേക്ക് മാറ്റി ശേഖരിക്കുന്നു. വളരെ ഉത്സാഹത്തോടെ ജോലി അങ്ങിനെ നടന്നു കൊണ്ടിരിക്കുന്നു.
ഉത്പാദനത്തിന്‍റെ ഓരോ ആവൃത്തി (Production Cycle) കഴിയുമ്പോഴും തൊഴിലാളികള്‍ വീണ്ടും അസംസ്കൃത വസ്തുക്കള്‍ കൊണ്ടുവരുന്നു. ഉത്പാദന പ്രക്രിയ (Production Process) നേരത്തെ കണ്ട പോലെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. 50 മീറ്ററോളം അകലെയുള്ള സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന അസംസ്കൃത വസ്തുവായ (Raw Material) ചെറുനാരങ്ങ രണ്ടുപേര്‍ എടുത്ത് ഒരു ഉന്തുവണ്ടിയില്‍ ഫാക്ടറിയില്‍ എത്തിക്കുകയാണ്. ഓരോ തവണയും ഈ പ്രവൃത്തി ആവര്‍ത്തിക്കുന്നുണ്ട്.
ഒരു Production Cycle തുടങ്ങി അവസാനിക്കുവാന്‍ ഏകദേശം 45 മിനിറ്റുകള്‍ എടുക്കുന്നുണ്ട്. ഒരു ആവൃത്തി ഉത്പാദനം നടന്നതിന് ശേഷം അസംസ്കൃത വസ്തുക്കള്‍ എത്തിക്കാന്‍ തൊഴിലാളികള്‍ 20 മിനിറ്റോളം എടുക്കുന്നു. ഓരോ തവണയും ഉത്പാദനത്തിന് ശേഷം അസംസ്കൃത വസ്തുക്കള്‍ എത്താന്‍ മറ്റുള്ള തൊഴിലാളികള്‍ കാത്തു നില്ക്കുന്നു. ഇതേ പ്രക്രിയ ഫാക്ടറിയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്നു.
ഒരു ദിവസം ഇത് കണ്ടു നിന്ന ഞാന്‍ ചോദിച്ചു “എന്തിനാണ് ഓരോ തവണയും ഇത്രയും സമയം അസംസ്കൃത വസ്തുക്കള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത്. ഈ സമയം പഴാക്കാതിരുന്നാല്‍ ഉത്പാദനം ഇനിയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമല്ലോ? എന്തുകൊണ്ടാണ് അത് ചിന്തിക്കാത്തത്?”
ഈ ഉത്പാദന യൂണിറ്റില്‍ ഇത് കൊണ്ട് മാത്രം നഷ്ടപ്പെടുന്ന സമയം നമുക്കൊന്ന് കണക്കാക്കിയാലോ?
45 മിനിറ്റുകള്‍ ഒരു പ്രൊഡക്ഷന്‍ സൈക്കിളിനായി ചിലവഴിക്കപ്പെടുന്നു. ഓരോ തവണയും 20 മിനിറ്റുകള്‍ അസംസ്കൃത വസ്തുക്കളുടെ ഗതാഗതത്തിനായി (Transportation) വിനിയോഗിക്കപ്പെടുന്നു. അങ്ങിനെ വരുമ്പോള്‍ ഒരു പ്രാവശ്യം അച്ചാര്‍ ഉത്പാദനം നടത്താന്‍ 65 മിനിറ്റുകള്‍ ആവശ്യമാകുന്നു. അതായത് 8 മണിക്കൂറില്‍ 7 ഓളം പ്രൊഡക്ഷന്‍ സൈക്കിള്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നു. ഇതില്‍ അസംസ്കൃത വസ്തുക്കളുടെ ഗതാഗതത്തിനായി മാത്രം 140 (20 മിനിറ്റുകള്‍ X 7 തവണ) മിനിറ്റുകള്‍ ചിലവഴിക്കുന്നു. അതായത് 2 തവണ കൂടി ഉത്പാദനം നടത്തുവാനുള്ള സമയം ഇതില്‍ പാഴാക്കപ്പെടുന്നു. 9 തവണ ഉത്പാദനം നടക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ 7 തവണ മാത്രമാണ് ഉത്പാദനം നടക്കുന്നത്.
സമയം പാഴാകുന്നത് പാഴ്ച്ചെലവാണെന്ന് ഉത്പാദകന്‍ തിരിച്ചറിയുന്നില്ല. തന്‍റെ വിഭവങ്ങളുടെ ക്രിയാത്മകമായ ഉപഭോഗത്തെക്കുറിച്ച് സംരംഭകന്‍ ബോധവാനല്ല എന്ന് ചുരുക്കം. ഉത്പാദനം നടക്കാതിരിക്കുന്ന ഓരോ നിമിഷവും പാഴ്ച്ചെലവാകുന്നു. അവിടെ മനുഷ്യവിഭവ ശേഷി പാഴാകുന്നു. ഓരോ തവണയും അസംസ്കൃത വസ്തുക്കള്‍ എത്തിച്ചേരാന്‍ തൊഴിലാളികള്‍ കാത്തുനില്ക്കുന്നു. ഇവിടെ ഉത്‌പാദനത്തിന്‍റെ ചെലവ് കൂടുതലാണ്. 8 മണിക്കൂറില്‍ 7 തവണ ഉത്പാദനം നടത്തുന്നതിനെക്കാള്‍ ലാഭകരമല്ലേ 9 തവണ ഉത്പാദനം നടത്തുന്നത്. എന്നാല്‍ 140 മിനിറ്റുകള്‍ യാതൊരു പ്രയോജനവുമില്ലാതെ വെറുതെ പാഴാക്കപ്പെടുന്നു.
140 മിനിറ്റുകള്‍ ക്രിയാത്മകമായി വിനിയോഗിക്കാം
നഷ്ടമാകുന്ന ഈ 140 നിമിഷങ്ങളെ എങ്ങിനെ ഉത്പാദകന് ക്രിയാത്മകവും ഉത്പാദനക്ഷമവുമായി വിനിയോഗിക്കാം. അതിനുള്ള പ്രതിവിധികള്‍ ഒന്ന് നോക്കാം.
- ഓരോ തവണയും ഉത്പാദനം കഴിയുന്നതിന് കാത്തുനില്‍ക്കാതെ അടുത്ത പ്രൊഡക്ഷന്‍ സൈക്കിളിന് ആവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ തൊഴിലാളികള്‍ക്ക് ഫാക്ടറിയിലേക്ക് എത്തിക്കാം. ഉത്പാദനം നടന്നുകൊണ്ടിരിക്കുന്ന അതേസമയം തന്നെ അടുത്ത തവണത്തേക്കുള്ള വസ്തുക്കള്‍ അവിടെ എത്തിക്കഴിഞ്ഞു. സമയം പാഴാക്കാതെ അടുത്ത പ്രൊഡക്ഷന്‍ സൈക്കിള്‍ ഉടനെ ആരംഭിക്കാം.
- ആ ദിവസത്തെ കൃത്യമായ പ്രൊഡക്ഷന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഉത്പാദനം തുടങ്ങും മുന്‍പ് തന്നെ അന്നത്തെ ഉത്പാദനത്തിന് ആവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളും അടുപ്പിച്ചു വെക്കാം. ഇത് ഓരോ തവണത്തേയും അനാവശ്യ ഗതാഗതത്തെ ഒഴിവാക്കുന്നു. തൊഴിലാളികളുടെ സമയം കാര്യക്ഷമമായി വിനിയോഗിക്കാനും ഇത് സഹായിക്കും. ആദ്യമേ തന്നെ അസംസ്കൃത വസ്തുക്കള്‍ എത്തിച്ചേര്‍ന്നാല്‍ അത് എത്തിച്ചു നല്കുന്ന തൊഴിലാളികളെ ആ ജോലി കഴിഞ്ഞാല്‍ മറ്റ് ജോലികള്‍ക്കായി വിനിയോഗിക്കാം. അങ്ങിനെ വരുമ്പോള്‍ കൂടുതല്‍ ഉത്പാദനവും നടക്കും മനുഷ്യവിഭവ ശേഷിയുടെ ഉപഭോഗവും കാര്യക്ഷമമാകും.
ഉത്പാദനത്തിലെ പാഴ്ച്ചെലവുകള്‍
നാമിപ്പോള്‍ കണ്ടത് ഒരു ഉദാഹരണം മാത്രമാണ്. ഇതുപോലുള്ള എത്രമാത്രം പാഴ്ച്ചെലവുകള്‍ ദിവസവും നിങ്ങളുടെ സംരംഭത്തില്‍ സംഭവിക്കുന്നുണ്ട്. ഇത്തരം പാഴ്ച്ചെലവുകള്‍ ബിസിനസിന്‍റെ ലാഭത്തെ ദോഷകരമായി ബാധിക്കുന്നുണ്ടോ? ജീവനക്കാരുടെ ശേഷിയെ ക്രിയാത്മകമായി ഉപയോഗിക്കുവാന്‍ കഴിയാതിരുന്നാല്‍ ബിസിനസിന് അത് നഷ്ടമല്ലേ? പണത്തിനൊപ്പം സമയത്തിനും മൂല്യം നല്കുന്ന ഒരു സംരംഭകനാണോ നിങ്ങള്‍? ഇത്തരം പാഴ്ച്ചെലവുകള്‍ ഇല്ലാതെയാക്കിയാല്‍ കൂടുതല്‍ ലാഭകരമായ രീതിയില്‍ സംരംഭത്തെ മുന്നോട്ട് നയിക്കുവാന്‍ സംരംഭകന് സാധിക്കും. എവിടെയൊക്കെയാണ് പാഴ്ച്ചെലവുകള്‍ മൂലം സംരംഭത്തില്‍ നഷ്ടം വരുന്നതെന്ന് നോക്കിയാലോ?
ഗതാഗതം (Transportation)
ഗതാഗതം എങ്ങിനെ പാഴ്ച്ചെലവാകാം എന്ന് കണ്ടുകഴിഞ്ഞു. ഫാക്ടറി രൂപകല്പ്പന (Design) ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഉത്പാദനം നടക്കുന്ന സ്ഥലത്തു നിന്നും വളരെ അകലെയാണ് സ്റ്റോര്‍ സ്ഥിതിചെയ്യുന്നതെങ്കില്‍ ഗതാഗതം മൂലമുള്ള പാഴ്ച്ചെലവ് വര്‍ദ്ധിക്കുവാന്‍ കാരണമായേക്കാം. ഇത് അസംസ്കൃത വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല ഉത്പന്നങ്ങളുടെ കാര്യത്തിലും ബാധകമാണ്. ഫാക്ടറിയുടെ ലേ ഔട്ട് ഗതാഗതം മൂലമുള്ള പാഴ്ച്ചെലവ് പരമാവധി കുറയ്ക്കുവാന്‍ പര്യാപ്തമായ നിലയിലാവണം. ഒരു കെട്ടിടം ആയാല്‍ ഫാക്ടറിയായി എന്ന ചിന്തയാണ് പലര്‍ക്കും. കൃത്യമായ പ്ലാനില്ലെങ്കില്‍ പണം ചോര്‍ത്താന്‍ ഫാക്ടറിക്ക് സാധിക്കും.
ഉത്പാദനം (Production)
ആവശ്യത്തില്‍ അധികമായ ഉത്പാദനം പാഴ്ച്ചെലവ് ക്ഷണിച്ചു വരുത്തും. ഉത്പാദനം വര്‍ദ്ധിക്കുമ്പോള്‍ കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ ആവശ്യമാകും. ഇത് പ്രവര്‍ത്തന മൂലധനത്തിന്‍റെ അനാവശ്യ വിനിയോഗം കൂട്ടും. കൂടുതല്‍ സ്റ്റോറേജ് ആവശ്യമായി വരും. വസ്തുക്കളുടെ അനാവശ്യ ഗതാഗതം വര്‍ദ്ധിക്കും. ഉപയോഗിക്കപ്പെടുന്ന മനുഷ്യവിഭവ ശേഷിക്കനുസൃതമായ ആദായം ലഭ്യമാകാതെ വരും. അമിത ഉത്പാദനം മൂലം ഉത്പന്നങ്ങള്‍ കൂടുതല്‍ കാലം സൂക്ഷിക്കേണ്ടി വരും. ഇത് ഉത്പന്നങ്ങളുടെ വേസ്റ്റേജ് വര്‍ദ്ധിപ്പിക്കും. ഭക്ഷ്യ വിഭവങ്ങള്‍ പോലെ Expiry Date ഉള്ള ഉത്പന്നങ്ങള്‍ കൂടുതല്‍ കാലം സ്റ്റോക്കില്‍ ഇരുന്നാല്‍ അവ പാഴാകും.
സംരംഭകന് വളരെ വ്യക്തമായ Production Plan ഉണ്ടായിരിക്കണം. ഉത്പാദിപ്പിക്കുകയും വില്ക്കുകയും ചെയ്യുക എന്നത് മാത്രമല്ല എത്ര ഉത്പാദിപ്പിക്കണം എന്നതിനു കൂടി വ്യക്തമായ ധാരണ അനിവാര്യമാണ്. ഓരോ ദിവസത്തേയും പ്രൊഡക്ഷന്‍ പ്ലാന്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞാല്‍ ഈ പാഴ്ച്ചെലവ് പരമാവധി കുറയ്ക്കുവാന്‍ സാധിക്കും.
സ്റ്റോക്ക് (Stock)
അനാവശ്യമായ സ്റ്റോക്കും പാഴ്ച്ചെലവ് വര്‍ദ്ധിപ്പിക്കുന്നുണ്ട്. കൃത്യമായ പ്ലാനിന്‍റെ അഭാവമാണ് ഇതിനും കാരണം. അസംസ്കൃത വസ്തുക്കളായാലും ഉത്പന്നങ്ങളായാലും അമിതമായി സ്റ്റോക്ക് ചെയ്യരുത്. പ്രവര്‍ത്തന മൂലധനത്തിന്‍റെ ക്രിയാത്മകമായ വിനിയോഗം ഇതുമൂലം നടക്കാതെ വരുന്നു. ശക്തമായ സ്റ്റോക്ക് മാനേജ്‌മെന്‍റ് സിസ്റ്റം നടപ്പിലാക്കുന്നത് സ്റ്റോക്കിലുള്ള പാഴ്ച്ചെലവ് ഇല്ലാതെയാക്കും.
സമയം (Time)
ജോലിസ്ഥലത്ത് പാഴാക്കപ്പെടുന്ന ജീവനക്കാരുടെ സമയം അനാവശ്യമായ ചെലവാണ്. അസംസ്കൃത വസ്തുക്കള്‍ എത്തുവാന്‍ കാത്തുനില്‍ക്കുന്ന തൊഴിലാളികളെ നാം നേരത്തെ കണ്ടു. ഈ നഷ്ടപ്പെടുന്ന സമയം സ്ഥാപനത്തിന് വേസ്റ്റ് ആണ്. വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളി തനിക്ക് ഉപകരണങ്ങള്‍ (Tools) ആവശ്യമാകുമ്പോള്‍ ഓരോ തവണയും ഓഫീസില്‍ പോയി അത് എടുക്കുന്നത് സങ്കല്‍പ്പിക്കുക. ആവശ്യമായ ഉപകരണങ്ങളുടെ ഒരു ടൂള്‍ ബോക്സ് അയാളുടെ അരികിലുണ്ടെങ്കില്‍ ഈ സമയം പാഴാകാതെ സൂക്ഷിക്കാം. ഇത്തരം ചെറിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ സമയത്തിന്‍റെ പാഴ്ച്ചെലവ് പരമാവധി ഒഴിവാക്കാം.
പ്രക്രിയകള്‍ (Processes)
ജോലിസ്ഥലത്തെ പ്രക്രിയകള്‍ ക്രിയാത്മകമായി രൂപകല്പന ചെയ്‌താല്‍ ഇത് മൂലം നഷ്ടപ്പെടുന്ന സമയവും മനുഷ്യവിഭവ ശേഷിയും വസ്തുക്കളുടെ പാഴ്ച്ചെലവും കുറയ്ക്കാം. പ്രക്രിയകള്‍ വ്യവസ്ഥാപിതമാക്കുക (Systematize). വ്യവസ്ഥിതിയുടെ (System) നടപ്പിലാക്കല്‍ ഓരോ പ്രവൃത്തിയും എങ്ങിനെ ചെയ്യണമെന്നും അതില്‍ നിന്നും എന്ത് ഫലം ലഭിക്കണമെന്നും ജീവനക്കാര്‍ക്ക് വ്യക്തമായ ഉള്‍ക്കാഴ്ച നല്കുന്നു. ഇത് അനാവശ്യമായി ചെലവാകുന്ന സമയത്തെ ഇല്ലായ്മ ചെയ്യുന്നു.
സംരംഭകര്‍ തങ്ങളുടെ സംരംഭത്തെക്കാള്‍ മികച്ച സംരംഭങ്ങളെ മാതൃകയാക്കണം. മറ്റുള്ളവര്‍ നടപ്പിലാക്കിയ വ്യവസ്ഥിതികള്‍ (Systems) സ്വീകരിക്കുന്നതില്‍ അപാകതകളൊന്നുമില്ല. നല്ല മാതൃകകള്‍ പിന്തുടരാന്‍ സംരംഭകര്‍ മടിക്കേണ്ടതില്ല. ചെറിയ ബിസിനസ് ആണെങ്കിലും അതില്‍ സംരംഭകന്‍ നടപ്പിലാക്കുന്ന വ്യവസ്ഥിതി അതിന്‍റെ വളര്‍ച്ചയ്ക്ക് സഹായകരമാകും.
ഉത്പന്നം (Product)
മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്കുക എന്നതാവണം സംരംഭകന്‍റെ ലക്‌ഷ്യം. ഉത്പന്നങ്ങളുടെ മേന്മ (Quality) മോശമാണെങ്കിലോ? ആ ന്യൂനതക്ക് ബിസിനസ് വലിയ വില കൊടുക്കേണ്ടി വരും. 2020 ല്‍ ഇന്ത്യയിലെ വാഹന നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചു വിളിക്കേണ്ടി (Recall) വന്നത് 3.37 ലക്ഷത്തോളം വാഹനങ്ങളെയാണ്. ഉത്പന്നങ്ങളിലെ ന്യൂനതയാണ് ഇതിന് കാരണമായത്. ഇതിന്‍റെ പാഴ്ച്ചെലവ് ഒന്ന് ചിന്തിച്ചു നോക്കുക. വികലമായ ഉത്പന്നങ്ങളുടെയോ പാര്‍ട്സിന്‍റെയോ നിര്‍മ്മാണം പാഴ്ച്ചെലവ് വര്‍ദ്ധിപ്പിക്കും ബ്രാന്‍ഡിനേയും പ്രതികൂലമായി ബാധിക്കും.
ഉത്പാദനവും ഉത്പന്നവും – രണ്ട് താക്കോല്‍ മേഖലകള്‍ (Two Key Areas)
- എന്താണ് ഉത്പാദിപ്പിക്കുന്നത്? – ഉത്പന്നം
- അത് എങ്ങിനെയാണ് ഉത്പാദിപ്പിക്കുന്നത്? – ഉത്പാദനം
ഉത്പന്നം ഉത്പാദിപ്പിക്കുക എന്നത് വലിയൊരു വെല്ലുവിളിയല്ല. സാങ്കേതികവിദ്യയും യന്ത്രങ്ങളും അസംസ്കൃത വസ്തുക്കളും ജോലിക്കാരുമൊക്കെ ലഭ്യമെങ്കില്‍ ആരെക്കൊണ്ടും സാധിക്കുന്ന കാര്യമാണ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം. എന്നാല്‍ അത് ഉത്പാദിപ്പിക്കേണ്ട രീതിയില്‍ ഉത്പാദിപ്പിക്കുവാന്‍ മികച്ചൊരു സംരംഭകന് മാത്രമേ കഴിയുകയുള്ളൂ. ഫാക്ടറി രൂപകല്പ്പന മുതല്‍ ഉത്പാദനത്തിന്‍റെ ഓരോ പ്രക്രിയയും വ്യവസ്ഥാപിതമാക്കി പാഴ്ച്ചെലവുകള്‍ ഇല്ലാതെയാക്കി മേന്മയുള്ള ഉത്പന്നം നിര്‍മ്മിക്കുക എന്നതാവണം സംരംഭകന്‍റെ ലക്‌ഷ്യം.
എങ്ങിനെയെങ്കിലും ചെയ്യുക എന്ന മാനസികാവസ്ഥയില്‍ നിന്നും ചെയ്യേണ്ട രീതിയില്‍ കാര്യങ്ങള്‍ ചെയ്യുക എന്ന കാഴ്ചപ്പാട് സംരംഭകനെ നയിക്കണം. ഉത്പാദന പ്രക്രിയയെക്കുറിച്ചുള്ള അറിവ് അനാവശ്യമായ ചെലവുകളെ കണ്ടെത്താനും നിയന്ത്രിക്കുവാനും സംരംഭകനെ പ്രാപ്തനാക്കുന്നു. വിപണിയില്‍ ആവശ്യകതയുണ്ടായിട്ടും പല ഉത്പന്നങ്ങളും നിര്‍മ്മിക്കുന്നവര്‍ പരാജയപ്പെടുന്നത് ഉത്പാദനത്തില്‍ വരുന്ന പാഴ്ച്ചെലവുകള്‍ മൂലമാണ്. നേരിട്ട് പണം ചെലവഴിക്കപ്പെടുന്നതില്‍ മാത്രമല്ല സംരംഭകന്‍റെ ശ്രദ്ധ ചെന്നെത്തേണ്ടത്. സമയം ചെലവഴിക്കപ്പെടുന്നതിലും സ്ഥലം ചെലവഴിക്കപ്പെടുന്നതിലുമൊക്കെ ശ്രദ്ധ ആവശ്യമുണ്ട്.
സംരംഭത്തില്‍ ഒന്നും സൗജന്യമല്ല. എന്തിനും ഏതിനും ചെലവുണ്ട്. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഓരോ കാര്യങ്ങളും നടപ്പിലാക്കുന്നതിന് മുന്‍പ് തയ്യാറെടുപ്പുകള്‍ നടത്തുക. കുറ്റമറ്റ ഉത്പാദനം സംരംഭത്തിന്‍റെ അടിത്തറയാകും. മേന്മയുള്ള ഉത്പന്നങ്ങള്‍ സംരംഭത്തിന്‍റെ ആസ്തിയാകും.