പോക്കറ്റിലെ പണം എവിടെപ്പോയി, ദാസാ
നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരു ബിസിനസ് മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ എത്തിയതാണ്. ഹോട്ടലിന്‍റെ ലോബിയിലേക്ക് കയറുമ്പോള്‍ അവിടെയതാ സ്നേഹിതനേയും കുടുംബത്തേയും കാണുന്നു.
“എന്താണിവിടെ?” സ്നേഹാന്വേഷണം നടത്തി.
“ലഞ്ച് കഴിക്കാന്‍ വന്നതാണ്.” സ്നേഹിതന്‍ മറുപടി പറഞ്ഞു. കുറച്ചു നേരം അവരുമായി കുശലം പറഞ്ഞ് ഞാന്‍ മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് നടന്നു.
അന്ന് മുഴുവന്‍ എന്‍റെ മനസ്സില്‍ ആ ചോദ്യം തങ്ങി നിന്നു. എപ്പോഴും കണ്ടുമുട്ടുന്ന സ്നേഹിതനല്ല അയാള്‍. എങ്കിലും അയാളുടെ ജോലിയും സാമ്പത്തിക സ്ഥിതിയുമൊക്കെ എനിക്കറിയാം. പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ലഞ്ച് കഴിക്കുവാനുള്ള സാമ്പത്തിക സ്ഥിതി അയാള്‍ക്കുണ്ടോ? ഞാന്‍ സംശയിച്ചു. ഒരു സാധാരണ മനുഷ്യന്‍റെ സംശയം മാത്രം. ചിലപ്പോള്‍ ജോലിയില്‍ നിന്നും അയാള്‍ക്ക് ഉയര്‍ന്ന വരുമാനം കിട്ടുന്നുണ്ടാകാം. അതേ, മനസ്സില്‍ പത്തിവിടര്‍ത്തിയ അസ്സൂയ മൂലമാവാം എനിക്കിങ്ങനെയൊക്കെ തോന്നുന്നത്.
പിന്നൊരിക്കല്‍ അയാള്‍ സ്റ്റാര്‍ബക്സില്‍ നിന്നും ഇറങ്ങുന്നത് കണ്ടു.
“ഒരു കാപ്പി കുടിക്കാന്‍ വന്നതാണ്” അയാള്‍ തോളില്‍ തട്ടി കടന്നുപോയി. ഇത്ര വില കൂടിയ കോഫി കുടിക്കുവാന്‍ അയാള്‍ക്ക് സാധിക്കുന്നുണ്ടല്ലോ. പിന്നേയും അസ്സൂയ തലപൊക്കി.
കാലങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം മുന്നറിയിപ്പില്ലാതെ എന്‍റെ ഓഫീസിലേക്ക് അയാള്‍ കടന്നു വന്നു. “എനിക്ക് കുറച്ചു പണം വേണം” അയാള്‍ ആവശ്യപ്പെട്ടു.
“എന്തുപറ്റി” ഞാന്‍ ആശ്ചര്യപ്പെട്ടു.
“ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്‍റ് പ്രശ്നത്തിലായി. ഇനിയും അടച്ചില്ലെങ്കില്‍ അത് വലിയൊരു ഊരാക്കുടുക്കാകും.” അവന്‍റെ സംസാരത്തില്‍ നിന്നും എന്താണ് സംഭവിച്ചിരിക്കാമെന്നത് എനിക്ക് വ്യക്തമായി.
ഇത്തരമൊരു സ്നേഹിതന്‍ പല രൂപത്തില്‍ പല ഭാവത്തില്‍ നിങ്ങളുടെ ജീവിതത്തിലേക്കും കടന്നുവന്നിട്ടുണ്ടാകാം. എനിക്കും നിങ്ങള്‍ക്കും പരിചയമുള്ള ഒരാള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ നമ്മള്‍ തന്നെ.
പ്രലോഭിപ്പിക്കുന്ന ജീവിതശൈലി
മറ്റുള്ളവര്‍ക്ക് മുന്നില്‍ ജീവിത നിലവാരം പ്രതിഫലിപ്പിക്കുന്ന ജീവിതശൈലി ഒരു പ്രലോഭനമാണ്. ഈ പ്രലോഭനം നാമറിയാതെ ഉള്ളിലേക്ക് കടന്നെത്തുന്നത് നാം ജീവിക്കുന്ന ഈ സമൂഹത്തിന്‍റെ പ്രത്യേകതയാണ്. പലപ്പോഴും നാം ശ്രമിക്കുന്നത് നമ്മുടെ വരുമാനത്തിനനുസരിച്ച് ജീവിക്കുവാനല്ല മറിച്ച് മറ്റുള്ളവരുടെ ജീവിതശൈലി അനുകരിക്കാനാണ്.
ആരുടേയും പിന്നിലാകുവാന്‍ നമുക്ക് ഇഷ്ടമല്ല. അതെന്തോ കുറച്ചിലായി നാം കാണുന്നു. അല്ലെങ്കില്‍ അത്തരമൊരു അപകര്‍ഷതാബോധം നമ്മിലേക്ക് കുത്തിവെയ്ക്കപ്പെടുന്നു. മറ്റുള്ളവരെക്കാള്‍ വലിയ, ഭംഗിയുള്ള വീട്, കാറ്, മറ്റ് സൗകര്യങ്ങള്‍, ഇല്ലാത്ത പണം കണ്ടെത്തി മക്കള്‍ക്കുള്ള അത്യാഡംബര വിദ്യാഭ്യാസം ലിസ്റ്റ് ഇങ്ങനെ നീളുന്നു. മറ്റുള്ളവര്‍ക്കൊപ്പം അല്ലെങ്കില്‍ ഒരു പടി മുന്നിലാവണം നാം ഓട്ടമത്സരത്തിലാണ്.
ഒന്ന് ചിന്തിച്ചു നോക്കൂ, ഇത്തരമൊരു ജീവിതശൈലി രോഗത്തിന് നിങ്ങള്‍ അടിമപ്പെട്ടിട്ടുണ്ടോ?
ഇടറുന്ന കുടുംബ ബജറ്റ്
കുടുംബത്തിന്‍റെ ബജറ്റ് അടിമുടി ഉലയുന്നതില്‍ ഒട്ടും തന്നെ അത്ഭുതമുണ്ടാവില്ല. വരുമാനത്തിനനുസരിച്ചുള്ള ചെലവല്ല നമ്മള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. ചെലവ് കൂടുതലും വരവ് കുറവും. വണ്ടി അധികകാലം ഓടുമോ? ചിന്തിക്കേണ്ട വിഷയം തന്നെ.
ആഴ്ചയില്‍ ഒരിക്കലെങ്കിലും കുടുംബവുമൊത്ത് റെസ്റ്റോറന്‍റില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ശീലമുള്ള ഒരാളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കറിയാം മാസം എത്ര രൂപ ഇതിനു വേണ്ടി മാത്രം പൊടിക്കണമെന്നത്.
ഞാനിത് പറയുമ്പോള്‍ ജീവിതത്തിലെ സൗഭാഗ്യങ്ങളും സുഖങ്ങളും അനുഭവിക്കുന്നതിന് ഞാന്‍ എതിരാണെന്ന് ഒരിക്കലും അര്‍ത്ഥമില്ല. നിങ്ങള്‍ക്ക് നല്ല വരുമാനമുണ്ടെങ്കില്‍, ബജറ്റ് അതിന് അനുവദിക്കുന്നെങ്കില്‍ ഇതൊക്കെ ആസ്വദിക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ഞാന്‍ പറയുന്നത് കിട്ടുന്ന വരുമാനം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ആളുകളെക്കുറിച്ചാണ്. ഈ സംസാരം കൊണ്ട് അവര്‍ക്കൊരു ഉള്‍ക്കാഴ്ച പകരാന്‍ കഴിഞ്ഞാലോ!
അനാവശ്യമായ ചില ശീലങ്ങള്‍ നമ്മുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നുണ്ടാകാം. തെറ്റായ ചിന്താരീതികള്‍ ഇത്തരം ശീലങ്ങള്‍ നമ്മളില്‍ വളര്‍ത്താന്‍ ഇടയാക്കിയിട്ടുണ്ടാകാം. എന്‍റെ ജീവിതം മറ്റുള്ളവരുടെ ജീവിതം കണ്ട് രൂപപ്പെടുത്തിയാല്‍ എങ്ങിനെയിരിക്കും? താളപ്പിഴകള്‍ സംഭവിക്കുവാന്‍ മറ്റൊന്നും തന്നെ വേണ്ടതില്ലല്ലോ?
പണം ചോരുന്ന വഴികള്‍
വെറുതെ വരുത്തിവെക്കുന്ന ചെലവുകള്‍ നമുക്കുണ്ടോ? അത് നിയന്ത്രിക്കുവാന്‍ നമുക്ക് കഴിയുമോ? അങ്ങിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ പാഴായിപ്പോകുന്ന പണം വീണ്ടെടുക്കുവാനും കൂടുതല്‍ സാമ്പത്തിക ഭദ്രത കൈവരിക്കാനും സാധിക്കും. അത് ചെറിയൊരു കാര്യമല്ല. മനസ്സിന് സന്തോഷം തരുന്ന, കുടുംബത്തിനൊപ്പം ഒരുമിച്ചു ചെലവഴിക്കുന്ന, റെസ്റ്റോറന്‍റിലെ മികച്ച ഭക്ഷണം ആസ്വദിക്കാന്‍ സാധിക്കുന്ന അവസരങ്ങള്‍ പൂര്‍ണ്ണമായി വേണ്ടെന്നു വെക്കേണ്ട. പക്ഷെ ആഴ്ചയില്‍ ഒരിക്കല്‍ എന്നത് മാസത്തില്‍ ഒന്ന് എന്ന നിലയില്‍ ചുരുക്കിയാല്‍ തന്നെ സേവ് ചെയ്യാന്‍ കഴിയുന്ന പണം ആലോചിച്ചു നോക്കുക.
കുടുംബത്തിന് ചെറിയൊരു കാറ് മതി അപ്പോള്‍ മറ്റുള്ളവരെ കാണിക്കുവാന്‍ ആഡംബര വാഹനം വാങ്ങുകയാണെങ്കില്‍ കൂടുതലായി ഒരുപാട് പണം ചെലവഴിക്കേണ്ടി വരും. ലോണ്‍ കിട്ടും പക്ഷേ മാസം തിരിച്ചടവ്, പലിശ എല്ലാം കൂടി ധാരാളം പണം കയ്യില്‍ നിന്നും ഒഴുകിപ്പോകും. എന്നാല്‍ അനാവശ്യമായ ആഡംബരത്തിന് മുതിരാതെ അപ്പോഴത്തേക്ക് ചെറിയൊരു വാഹനം വാങ്ങിയാലോ. നമ്മുടെ വരുമാനത്തില്‍ നിന്നു തന്നെ കാര്യങ്ങള്‍ നടന്നുപോകും.
ഇതൊക്കെ ഉദാഹരണങ്ങള്‍ മാത്രമാണ്. ചെറുതും വലുതുമായ പല ചെലവുകളും നമുക്ക് ഉപേക്ഷിക്കുവാനോ നിയന്ത്രിക്കുവാനോ സാധിക്കും. അനാവശ്യമായി ക്രെഡിറ്റ് കാര്‍ഡ് എടുത്തു വീശി പിന്നീട് അത് അടച്ചു തീര്‍ക്കുവാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥ ഒഴിവാക്കാം. മറ്റുള്ളവരെ അസൂയപ്പെടുത്താനല്ല നാം ജീവിക്കുന്നത്. നമുക്ക് സന്തോഷവും സമാധാനവും വേണം. വരുമാനത്തിന്‍റെ നാല് ചുമരുകള്‍ക്കുള്ളില്‍ ചെലവുകള്‍ ഒതുക്കുമ്പോഴാണ് അത് സാധ്യമാകുക.
കൊള്ളപ്പലിശയുള്ള ലോണുകള്‍
അത്യാവശ്യം വരുമ്പോള്‍ പെട്ടെന്ന് ലഭ്യമാകുന്ന ലോണുകളുടെ പ്രത്യേകത നിങ്ങള്‍ക്കറിയാം. കഴുത്തറപ്പന്‍ പലിശയുമായിട്ടായിരിക്കും അവന്‍റെ കയറി വരവ്. ഉണ്ടാക്കുന്ന വരുമാനത്തിന്‍റെ സിംഹഭാഗവും അത് വിഴുങ്ങിത്തുടങ്ങും. സമൂഹത്തിലെ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ കൂടുതല്‍ ചെലവുകളിലേക്ക് നാം പോകുമ്പോള്‍ മറുഭാഗത്ത് കടവും കയറും. അത്യസാധാരണമായ, തീരെ നിവൃത്തിയില്ലാത്ത ഘട്ടങ്ങളിലല്ലാതെ ലോണ്‍ തേടി പോകരുത്. പോയാല്‍ തന്നെ പലിശ കുറവുള്ള, നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന തിരിച്ചടവുകളുള്ള ലോണുകള്‍ മാത്രം സ്വീകരിക്കുക. കൂടുതല്‍ ശ്രദ്ധ ലോണ്‍ എടുക്കുന്നതില്‍ പുലര്‍ത്തിയാല്‍ അത് ജീവിത വിജയത്തിന് സഹായകരമാകും.
കെണിയാവുന്ന ക്രെഡിറ്റ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കുന്ന സ്വഭാവമുള്ളവരുണ്ട്. ആ സമയത്തെ കാര്യം നടക്കും. പിന്നീടത് പാമ്പിനെപ്പോലെ കഴുത്തില്‍ ചുറ്റിവരിയും. ഒരിക്കലും ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം പിന്‍വലിക്കരുത്. അതുപോലെ തന്നെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കുന്ന ഒരു ആയുധമായി മാത്രം ക്രെഡിറ്റ് കാര്‍ഡിനെ കരുതുക. എന്തിനും ഏതിനും ക്രെഡിറ്റ് കാര്‍ഡ് വലിച്ചൂരുന്ന സ്വഭാവം കുടുംബ ബജറ്റിന്‍റെ നട്ടെല്ലോടിക്കും.
ഓഫറുകളിലും ഡിസ്കൗണ്ടുകളിലും കാലിടറാതെ
ഇത് നമ്മുടെയെല്ലാം ഒരു ദൗര്‍ബല്യമാണ്. ഇഷ്ടപ്പെടുന്ന ബ്രാന്‍ഡിന്‍റെ വസ്ത്രങ്ങള്‍ക്ക് ഡിസ്കൗണ്ട് ലഭിക്കുന്നുവെന്ന് കേള്‍ക്കുമ്പോഴേ നമ്മുടെ കണ്ട്രോള്‍ പോകുന്നു. അപ്പോള്‍ അത് ആവശ്യമില്ലെങ്കിലും നമ്മള്‍ വാങ്ങിയേ അടങ്ങൂ. നാം ഓടുകയാണ്. കിട്ടുന്ന ഓഫറുകളും ഡിസ്കൗണ്ടുകളും വാങ്ങിയെടുക്കുന്നു. ഹാവൂ, സമാധാനമായി. വസ്ത്രങ്ങളുടെ മാത്രമല്ല എല്ലാറ്റിന്‍റേയും കാര്യം ഇങ്ങിനെ തന്നെയാണ്.
ഇവിടെ എന്ത് സംഭവിക്കുന്നു? ഈ സമയം ആ വസ്തുവിന്‍റെ ആവശ്യമില്ല. പക്ഷേ ആസക്തിയെ തടുക്കാന്‍ നമുക്ക് കഴിയുന്നില്ല. വളരെ അപ്രതീക്ഷിതമായി കടന്നുവന്നതാണ് ആ ഓഫര്‍. ആ മാസത്തെ ബജറ്റില്‍ ഇത്തരമൊരു പര്‍ച്ചേസിനുള്ള സാധ്യതയേയില്ല. എന്നാല്‍ നമ്മളത് കണ്ണടയ്ക്കുന്നു. ഈ ഓഫറെങ്ങാനും നഷ്ടപ്പെട്ടാലോ? പ്രലോഭനത്തില്‍ നാം കുടുങ്ങുന്നു.
ആസക്തിയെ മെരുക്കാം
എന്‍റെ ജീവിതത്തില്‍ വലിയൊരു മണ്ടത്തരം സംഭവിച്ചത് ഐ പാഡ് വാങ്ങിയപ്പോഴാണ്. അതൊരു വലിയ പ്രലോഭനമായിരുന്നു. ഒരു മീറ്റിങ്ങില്‍ ആരോ ഒരാള്‍ ഐ പാഡ് ഉപയോഗിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ പൂതി. അച്ഛനില്‍ നിന്നും അന്‍പതിനായിരം രൂപ കടം വാങ്ങി ഞാന്‍ ഐ പാഡ് വാങ്ങിച്ചു. മൂന്നു മാസം ഉപയോഗിച്ചതോടെ ആ ആവേശം കെട്ടടങ്ങി. ഇപ്പോള്‍ അതെവിടെയോ പൊടിപിടിച്ചു കിടക്കുന്നു. തികച്ചും ആലോചിക്കാതെയെടുത്ത തീരുമാനം.
നാമൊക്കെ പലപ്പോഴും ഇത്തരം പൂതികളില്‍ വീണുപോകാറുണ്ട്. സ്വന്തം അനുഭവം വന്നപ്പോഴാണ് ഞാനോര്‍ത്തത് എന്തിനാണ് ആ പണം വെറുതെ കളഞ്ഞത്. അതിനെക്കാള്‍ അനിവാര്യമായ കാര്യങ്ങള്‍ ഉണ്ടായിരുന്നില്ലേ? ഇപ്പോള്‍ ഒരു സാധനം വാങ്ങുന്നതിന് മുന്‍പ് വീണ്ടും വീണ്ടും ആലോചിക്കും, ഇത് ആവശ്യമുണ്ടോ?
ആവശ്യമില്ലാത്ത ഒരു വസ്തു വാങ്ങി പണം കളയാതിരിക്കുക തന്നെ നല്ലത്. ചില സാധനങ്ങള്‍ കാണുമ്പോള്‍ നമുക്ക് ആസക്തി തോന്നും. അത്തരം സന്ദര്‍ഭങ്ങളില്‍ പെട്ടെന്നുള്ള തീരുമാനം എടുക്കരുത്. സമയം കൊടുക്കുക. അപ്പോള്‍ തന്നെ പര്‍ച്ചേസ് ചെയ്യണമെന്നത് മനസ്സിന്‍റെ ആവേശമാണ് (Impulse Purchase). അതിന് വശംവദനാവാതിരിക്കുക. പണം പോക്കറ്റില്‍ കിടക്കും.
ചെലവുകള്‍ ഡിജിറ്റലാവട്ടെ
മാസ വരുമാനം അങ്ങിനെ തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് ഇടൂ. കയ്യില്‍ അത്യാവശ്യ ചെലവുകള്‍ക്കുള്ള പണം മാത്രം സൂക്ഷിക്കുക. ബാക്കി എല്ലാ ചെലവുകളും ബാങ്ക് അക്കൗണ്ടില്‍ നിന്ന് മാത്രം നടത്തുക. കയ്യില്‍ കൂടുതല്‍ പണം വെച്ചാല്‍ ചെലവഴിക്കാനുള്ള പ്രവണത കൂടും. ചെലവുകളെ കൃത്യമായി ട്രാക്ക് ചെയ്യാനും നിയന്ത്രിക്കാനും ഇത് ഉപകരിക്കും.
മനസ്സില്‍ സൂക്ഷിക്കുക
- ജീവിതശൈലി വരുമാനത്തിനനുസൃതമായി ചിട്ടപ്പെടുത്തുക.
- അമിത പലിശയുള്ള ലോണുകള്‍ ഒഴിവാക്കുക.
- ക്രെഡിറ്റ് കാര്‍ഡ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഉപയോഗിക്കുക. ഒരിക്കലും അതില്‍ നിന്നും പണം പിന്‍വലിക്കാതിരിക്കുക.
- വാങ്ങാനുള്ള പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനെ തീരുമാനമെടുക്കരുത്. ആലോചിക്കുവാന്‍ സമയമെടുക്കുക.
- വരുമാനം പൂര്‍ണ്ണമായും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുക. ചെലവുകള്‍ അതില്‍ നിന്നും നടത്തുക.
നമ്മുടെ ഭൂമിയിലെ ജീവിതം സുന്ദരവും സുരഭിലവുമാകട്ടെ.