മറ്റാര്‍ക്കും കണ്ടെത്താനാവാത്ത, നമുക്കുമാത്രം കണ്ടെത്താനാവുന്ന ന്യൂനതകള്‍ ഓരോ വ്യക്തിയിലുമുണ്ട്. ഈ ന്യൂനതകള്‍ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് സംരംഭകന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമാണ്
ശില്‍പ്പി കല്ലില്‍ അതിസുന്ദരിയായ ഒരു സ്ത്രീയുടെ മുഖം കൊത്തിക്കൊണ്ടിരിക്കുകയാണ്. അതുവഴി വന്ന ഒരു യാത്രക്കാരന്‍ കൗതുകപൂര്‍വ്വം ശില്‍പ്പിയുടെ കരവിരുതാസ്വദിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ യാത്രക്കാരന്റെ കണ്ണുകള്‍ ശില്‍പ്പിയുടെ അടുത്തിരിക്കുന്ന മറ്റൊരു ശില്‍പ്പം കണ്ടു. ശില്‍പ്പി ഇപ്പോള്‍ നിര്‍മ്മിക്കുന്ന ശില്‍പ്പവും അതും ഒരേ പോലെയിരിക്കുന്നു. യാതൊരു വ്യത്യാസവുമില്ല. വളരെ കൗതുകപൂര്‍വ്വം ആ ശില്‍പ്പം പരിശോധിച്ച യാത്രക്കാരന് അതില്‍ യാതൊരു ന്യൂനതകളും കണ്ടെത്താനായില്ല. ജിജ്ഞാസ അടക്കാനാവാതെ അയാള്‍ ശില്‍പ്പിയോടു ചോദിച്ചു. എന്തുകൊണ്ടാണ് അങ്ങ് ഒരേപോലുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ ശില്‍പ്പം അതിമനോഹരമായിരിക്കുന്നു. അതിന് യാതൊരു ന്യൂനതകളുമില്ല. പിന്നെയെന്തിനാണ് മറ്റൊരു ശില്‍പ്പം? ചോദ്യം ശ്രവിച്ച ശില്‍പ്പി പറഞ്ഞു. ഞാന്‍ ആ ശില്‍പ്പം കൊത്തുമ്പോള്‍ എന്റെ ഉളികൊണ്ട് ആ ശില്‍പ്പത്തിന്റെ ചുണ്ടില്‍ ചെറിയൊരു പാട് വീണിട്ടുണ്ട്. അതുകൊണ്ടാണ് ഞാന്‍ മറ്റൊരു ശില്‍പ്പം കൊത്തുന്നത്. മറുപടി കേട്ട യാത്രക്കാരന്‍ ശില്‍പ്പത്തിന്റെ ചുണ്ട് സൂക്ഷ്മമായി പരിശോധിച്ചു. വളരെ നേര്‍ത്ത ഒരുപാട്. വളരെ ബുദ്ധിമുട്ടിയാലല്ലാതെ കണ്ണുകള്‍ക്ക് അത് കണ്ടെത്താനാവില്ല. യാത്രക്കാരന്‍ വീണ്ടും ശില്‍പ്പിയോട് ചോദിച്ചു. അങ്ങ് എവിടെയാണ് ഈ പ്രതിമ സ്ഥാപിക്കുവാന്‍ പോകുന്നത്. ഇരുപതടി മുകളില്‍, ശില്‍പ്പി മറുപടി നല്‍കി. അത്ഭുതം നി റഞ്ഞ മിഴികളുമായി യാത്രക്കാരന്‍ ചോദിച്ചു. ഇരുപതടി മുകളില്‍ വയ്ക്കുന്ന ഈ ശില്‍പ്പത്തിന്റെ ചുണ്ടിലെ പാട് ഒരു നഗ്നനേത്രത്തിനും കാണുവാനാവില്ല. പിന്നെന്തിനാണങ്ങ് മറ്റൊരു ശില്‍പ്പം നിര്‍മ്മിക്കുന്നത്. ഇത് തികച്ചും വിഡ്ഢിത്തമല്ലേ. ശില്‍പ്പി പറഞ്ഞു, സുഹൃത്തേ മറ്റൊരാള്‍ക്കും ഈ ന്യൂനത കണ്ടെത്താനാവില്ല എന്നെനി ക്കറിയാം, പക്ഷേ ഇത് എനിക്കറിയാം. അതുകൊണ്ട് തന്നെയാണ് ഞാന്‍ മറ്റൊരു ശില്‍പ്പം നിര്‍മ്മിക്കുന്നത്.
മറ്റാര്‍ക്കും കണ്ടെത്താനാവാത്ത നമുക്കുമാത്രം കണ്ടെത്താനാവുന്ന ന്യൂനതകള്‍ ഓരോ വ്യക്തിയിലുമുണ്ട്. നമ്മുടെ ഉയര്‍ച്ചയും താഴ്ചയും നിര്‍ണ്ണയിക്കുന്ന നമുക്കു മാത്രമറിയാവുന്ന ഈ ന്യൂനതകള്‍ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് സംരംഭകന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ ഒരു മാര്‍ഗ്ഗമാണ്. ഇവിടെ സംരംഭകന്‍ സ്വയം തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വയം മാറ്റത്തിന് വിധേയനാകുവാനുള്ള തീരുമാനമെടുക്കുക അത്ര എളുപ്പമല്ല. വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അത് മറ്റെന്തിനും മീതെയാണ് താന്‍ എന്ന തോന്നല്‍ ജനിപ്പിക്കുവാന്‍ പര്യാപ്തമാണ്. തന്റെ കഴിവുകളെക്കുറിച്ച് ആവശ്യത്തിലധികമുള്ള അഭിമാനം ന്യൂനതകളിലേക്ക് കണ്ണുകള്‍ എത്താനുള്ള വഴികളടയ്ക്കുന്നു. തന്റെ കഴിവുകളും അറിവും നിപുണതയുമെല്ലാം കാലത്തിനനുസരിച്ച് ഉയര്‍ത്തുക (Upgradation) എന്നത് സംരംഭകന്റെ മാത്രം ദൗത്യമാണ്. താന്‍ ഇതിനെല്ലാം അതീതനാണെന്ന ചിന്ത ഈ Upgradation എന്ന പ്രവൃത്തിയുടെ ശത്രുവാകുന്നു.
മംഗള്‍യാന്‍ ചൊവ്വയിലെത്തിയപ്പോള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിച്ച ഒരു പോസ്റ്റ് വളരെ രസകരമായിരുന്നു. 1947-ല്‍ രണ്ടു രാജ്യങ്ങള്‍ സ്വതന്ത്രരായി. അതില്‍ ഒരു രാജ്യം ചൊവ്വയിലെത്തി. മറ്റെ രാജ്യം ഇപ്പോഴും ഇന്ത്യയില്‍ കടക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇതുപോലെയാണ് നമ്മുടെ പല ബിസിനസുകളുടേയും സംരംഭകരുടേയും സ്ഥിതി. സാങ്കേതികതയും പ്രക്രിയകളും എല്ലാ സീമകളും ഭേദിച്ച് മുന്നേറുമ്പോള്‍ നാം ഇപ്പോഴും പഴയതുതന്നെ പാലിക്കുകയും പിന്‍തുടര്‍ന്നു പോവുകയും ചെയ്യുന്നു. Upgradation എന്നത് സംസ്‌ക്കാരമായി മാറേണ്ടത് ഓരോ ബിസിനസുകാരന്റെയും ആവശ്യമാണ്.
ബോധപൂര്‍വ്വം Upgrade ചെയ്യുക
സംസാരിക്കുക എന്ന ഉദ്ദേശ്യത്തില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ എത്രമാത്രം മുന്നോട്ടു
പോയിരിക്കുന്നു. ഇന്നത്തെ സ്മാര്‍ട്ട് ഫോണുകള്‍ നമുക്കൊപ്പം സഞ്ചരിക്കുന്ന കമ്പ്യൂട്ടറുകളായി മാറി. കമ്യൂണിക്കേഷന്‍ അഥവാ ആശയവിനിമയം എന്നതിന്റെ തലം തന്നെ അടിമുടി മാറിയിരിക്കുന്നു. ലോകത്തില്‍ സംഭവിക്കുന്ന എന്തും ചൂടോടെ നമ്മുടെ കൈകളിലെത്തി ചേരുന്നു. ബിസിനസിന്റെ വലിയൊരു ഭാഗം ഇന്ന് സ്മാര്‍ട്ട് ഫോണുകള്‍ കൈകാര്യം ചെയ്യുന്നു. സാങ്കേതികതയുടെ വളര്‍ച്ച നമ്മുടെ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കുന്നു. നമ്മുടെ കൈയ്യിലെ ഫോണിലേക്കു നോക്കൂ. മൂന്നോ നാലോ വര്‍ഷം മുന്‍പ് വര്‍ത്തമാനം പറയാന്‍ മാത്രം ഉപയോഗിച്ചിരുന്ന ഒരു ഉപകരണമല്ല അത്. വിവരങ്ങള്‍ ശരവേഗത്തില്‍ നമുക്കടുത്തേക്കെത്തുന്നു.
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നാം ബിസിനസ്സ് സാമ്രാജ്യം വ്യാപിപ്പിക്കുന്നു. പക്ഷേ ഇന്നും ഇതൊന്നുമറിയാതെ അല്ലെങ്കില്‍ ഇതൊന്നും എനിക്കുള്ളതല്ല എന്ന ഭാവം നമ്മളില്‍ പലര്‍ക്കുമുണ്ട്. ഒന്നോര്‍ക്കുക ഈ വളര്‍ച്ചയെ തിരിച്ചറിയാത്ത ഒരുപാടു പേര്‍ കാലചക്രത്തില്‍ മറഞ്ഞുപോയിരിക്കുന്നു.
നമ്മുടെ പ്രക്രിയകള്‍ മാറണം. നമ്മുടെ മാര്‍ക്കറ്റിംഗ് രീതികള്‍ മാറണം. ഡിജിറ്റല്‍ മീഡിയയെ പൂര്‍ണ്ണമായി ഉപയോഗിക്കാവുന്ന തരത്തില്‍ നാം ബിസിനസില്‍ മാറ്റങ്ങള്‍ വരുത്തണം. ഒരു വെബ്‌സൈറ്റില്ലാത്ത, സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാത്ത, ഡിജിറ്റല്‍ യുഗത്തെ തിരിച്ചറിയാത്ത ഒരുപാട് ബിസിനസുകളും ബിസിനസുകാരും ഇപ്പോഴും ഇവിടെയുണ്ട്. Upgradationന്റെ പ്രസക്തിയും പ്രാധാന്യവും അവര്‍ തിരിച്ചറിയണം.
പുതിയ തലമുറയുടെ ചിന്തകളെ സ്വാധീനിക്കുന്നതിലും പ്രവൃത്തികളെ നയിക്കുന്നതിലും ഡിജിറ്റല്‍ മീഡിയ ഇന്നു വഹിക്കുന്ന പ്രാധാന്യം വളരെ വലുതാണ്. ഇന്നത്തെ ചെറുപ്പക്കാര്‍ വാര്‍ത്തകള്‍ക്കായി തേടുന്നത് ഓണ്‍ലൈന്‍ പത്രങ്ങളാണ്. അവര്‍ ജോലി ഒഴിവുകള്‍ തേടുന്നത് ഓണ്‍ലൈന്‍ ജോബ് സൈറ്റുകളിലാണ്. റിയല്‍ എസ്റ്റേറ്റ് സൈറ്റുകളിലൂടെ അവര്‍
സ്ഥലം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. ഒഎല്‍എക്‌സ് പോലുള്ള സൈറ്റുകളിലൂടെ വ്യാപാരം പൊടി പൊടിക്കുന്നു. ഓണ്‍ലൈന്‍ ഓര്‍ഡറിലൂടെ ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തുന്നു. പുതിയ തലമുറ ഇന്ന് ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്നത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ്. നമ്മുടെ ബിസിനസ് ഇവരെ ലക്ഷ്യം വെച്ചുള്ളതാവണം. പത്രത്തില്‍ പരസ്യം നോക്കി കടയില്‍ പോയി മണിക്കൂറുകള്‍ ചെലവാക്കി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന തലമുറ തീര്‍ന്നുകൊണ്ടിരിക്കുന്നു. ഉപഭോക്താവിന്റെ സ്വഭാവം നോക്കി കാലാനുസൃതമാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ പഴയ പത്രത്താളുകള്‍ പോലെയാവും നമ്മുടെ ബിസിനസുകള്‍.
സംരംഭകന്റെ പരിശീലനം വളരെ പ്രാധാന്യമുള്ളത്
സ്വയം പരിശീലിപ്പിക്കപ്പെടുവാന്‍ സംരംഭകന്‍ തയാറാവണം. ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം ട്രെയിനിംഗുകളും സെമിനാറുകളും എക്‌സിബിഷനുകളുമെല്ലാം അനിവാര്യമായ ഒന്നാണ്, വിജയിക്കപ്പെട്ട എന്നെ ഇനി ആരു പരിശീലിപ്പിക്കുവാന്‍ എന്ന തോന്നല്‍ നമുക്കുണ്ടാവാം. നമുക്ക് ഊഹിക്കുവാന്‍ കഴിയാത്ത വേഗത്തില്‍ മാറ്റങ്ങള്‍ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് സിനിമ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത് യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയാണ്.
തിയറ്ററില്‍ പോയി ക്യൂ നിന്ന് ഇന്നത്തെ തലമുറ ടിക്കറ്റെടുക്കുന്നില്ല, ടിക്കറ്റുകള്‍ അവരുടെ വിരല്‍ തുമ്പില്‍ ലഭ്യമാണ്. മാറ്റങ്ങള്‍ അറിയണമെങ്കില്‍, അവയെ സ്വീകരിക്കണമെങ്കില്‍ നമ്മുടെ അറിവിലും കഴിവുകളിലും upgradation ആവശ്യമാണ്. മാസം അഞ്ചു മണിക്കൂറെങ്കിലും പരിശീലിക്കപ്പെടുവാന്‍ നാം തയ്യാറാവണം. കൈയിലേക്കൊന്നു നോക്കുക. ആ പഴയ ഫോണാണോ വലിച്ചെറിയൂ. എന്നിട്ട് ഒരു സ്മാര്‍ട്ട് ഫോണിലേക്ക് സ്വയം upgrade ചെയ്യൂ. അതാവട്ടെ ആദ്യത്തെ പടി.