വളരെ പ്രശസ്തനായ ഒരു ആത്മീയാചാര്യനെ കാണുവാന്‍ ഒരു ജര്‍മ്മന്‍ സഞ്ചാരി അദ്ദേഹത്തിന്റെ ആശ്രമത്തിലെത്തി. എന്തോ കാരണത്താല്‍ ജര്‍മ്മന്‍കാരന്റെ മനസ്സ് സംഘര്‍ഷഭരിതമായിരുന്നു. അതുകൊണ്ടു തന്നെ അയാള്‍ ദേഷ്യത്തിലായിരുന്നു.
ആശ്രമകവാടത്തിലെത്തിയ അയാള്‍ തന്റെ ഷൂസുകള്‍ ഊരി ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് ദേഷ്യത്തോടെ കതകുകള്‍ തള്ളിത്തുറന്നു. വാതിലിന്റെ പാളികളോട് എന്തോ വലിയ ശത്രുതയുള്ളതു പോലെയാണ് അയാള്‍ പെരുമാറിയത്. അകത്തേക്ക് കയറിയ അയാള്‍ ഗുരുവിനെ തൊഴുതു.
ഗുരു പറഞ്ഞു ”ഇപ്പോള്‍ നമ്മള് തമ്മില്‍ സംഭാഷണം സാദ്ധ്യമല്ല. താങ്കള്‍ ആദ്യം ഷൂസുകളോടും കതകുകളോടും മാപ്പ് പറഞ്ഞിട്ട് മടങ്ങി വരിക”.
ജര്മ്മന്കാരന് ഇതൊരു വിഡ്ഡിത്തമായി തോന്നി. ജീവനില്ലാത്ത ഷൂസുകളോടും കതകുകളോടും താന്‍ എന്തിന് മാപ്പ് പറയണം. എന്നാല്‍ ഗുരു സമ്മതിക്കുന്നില്ല. അദ്ദേഹവുമായുള്ള സംഭാഷണം നടക്കണമെന്നു ണ്ടെങ്കില് ആ വസ്തുക്കളോട് മാപ്പ് പറഞ്ഞേ മതിയാകൂ. ജര്മ്മന്കാരന് മഹാ സങ്കടത്തിലായി. ഇത്രയും ദൂരം യാത്ര ചെയ്ത് ഗുരുവിനെ കാണാന്‍ എത്തിയിട്ട് അത് സംഭവിക്കാതെ തിരിച്ചു പോവുക ചിന്തിക്കാന്‍ കൂടി വയ്യ.
മനസ്സില്ലാമനസ്സോടെ അയാള്‍ തിരിച്ചുപോയി. ഷൂസുകളുടെ മുന്നില്‍ കൈകള്‍ കൂപ്പി പറഞ്ഞു ”ഞാന്‍ നിങ്ങളെ വലിച്ചെറിഞ്ഞത് തെറ്റായിപ്പോയി. എന്റെ മനസ്സില്‍ ദേഷ്യം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങിനെ സംഭവിച്ചത്. ദയവായി എന്നോട് ക്ഷമിക്കുക”. കതകുകളോടും അയാള്‍ മാപ്പപേക്ഷിച്ചു. തിരികെ ഗുരുവിനടുത്തെത്തി.
ഗുരു അയാളെ സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു ”ഇപ്പോള്‍ നാം തമ്മില്‍ സംഭാഷണം സാധ്യമായിരിക്കുന്നു. കാരണം നിങ്ങളുടെ ഉള്ളില്‍ ഇപ്പോള്‍ പ്രേമമുണ്ട്. നിങ്ങള്‍ പ്രസന്നചിത്തനായിരിക്കുന്നു. ആനന്ദവാനായിരിക്കുന്നു.”
ജര്‍മ്മന്‍ സഞ്ചാരി തന്റെ ആത്മകഥയില്‍ എഴുതി ഗുരു ഷൂസുകളോടും കതകുകളോടും മാപ്പ് പറയാന്‍ പറഞ്ഞപ്പോള്‍ അത് ഒരു മഹാ വിഡ്ഡിത്തമായി എനിക്കു തോന്നി. എന്നാല്‍ ജീവനില്ലാത്ത ആ വസ്തുക്കളോട് ഞാന്‍ മാപ്പ് പറഞ്ഞപ്പോള്‍ എന്റെ ഉള്ളിലുണ്ടായിരുന്ന ദേഷ്യം അലിഞ്ഞുപോയി. എന്റെ മനസ്സില്‍ ആനന്ദം നിറഞ്ഞു. സംഘര്‍ഷം ഒഴിഞ്ഞ് എന്റെ ഉള്ളം ശൂന്യമായി. എനിക്ക് വലിയൊരു പരിവര്‍ത്തനം സംഭവിച്ചു.
മനസ്സില്‍ പ്രേമമില്ലെങ്കില്‍ അത് സംഘര്‍ഷപൂരിതമാകും. ചെറിയ അസ്വസ്ഥതകളെപ്പോലും കൈകാര്യം ചെയ്യുവാന്‍ അതിന് കഴിയാതെയാകും. നാം അകാരണമായി ദേഷ്യപ്പെടും. മറ്റുള്ളവരെ ശകാരിക്കും. നിഷേധവികാര ങ്ങള് കുടിയേറുന്ന സംഘര്‍ഷ ഭൂമിയായി മനസ്സ് മാറും.
മറ്റുള്ളവരോട് നാം ദേഷ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഘര്‍ഷ ത്തിലേക്ക് പോകുന്നത് നമ്മുടെ മനസ്സാണ്. നാം ദേഷ്യപ്പെടുന്നവരോടോ തെറ്റുകള്‍ ചെയ്യുന്നവരോടോ ഒന്ന് ക്ഷമാപണം നടത്തി നോക്കൂ. മനസ്സ് ശാന്തമാകും. തിരയടങ്ങിയ ഒരു കടല്‍ പോലെ, മനസ്സില്‍ ആനന്ദം നിറയും. കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് നാം ആഹ്ളാദചിത്തരാകും. നമ്മെ ആഹ്ളാദിപ്പി ക്കാന്‍ ഒരു ക്ഷമാപണത്തിന് കഴിയുമെന്നുണ്ടെങ്കില്‍ നാം എന്തിനത് വേണ്ടെന്നു വെക്കണം.