ഞാൻ ദലിതൻ
            ‘അമ്മ പെണ്ണ് തന്നെ
            അച്ഛനൊരാണ് തന്നെ
            മൃഗങ്ങൾ ഇണകൂടി പിറന്നവനല്ല
            എന്നെ ആരും വിസർജ്ജിച്ചതല്ല
            ദേഹം ചെളിയാൽ മെനഞ്ഞതല്ല
            ശ്വാസമെടുക്കുന്നത് മൂക്കിലൂടെ
            തിന്നുന്നത് വായിലൂടെ
            ഞാനുമീ മണ്ണിന്റെ മകൻ
            ഞാനുമീ ദൈവത്തിൻ സൃഷ്ടി
            വെയിലും മഴയും
            വെളിച്ചവും ഇരുളും
            വസന്തവും ഗ്രീഷ്മവും
            എനിക്കുമുണ്ട്
            നന്മയും തിന്മയും
            സ്വർഗ്ഗവും നരകവും
            ദൈവവും പിശാചും
            എനിക്കുമുണ്ട്
            എൻറെ പെണ്ണും പെറും
            എന്റെ മക്കളും വളരും
            നിന്റെ ശുക്ലം ദിവ്യമായതെങ്ങിനെ?
            നീ ബ്രാഹ്മണനും
            ഞാൻ ദലിതനുമായതെന്ത്?
            ഞാൻ രാജാവല്ല
            ഞാൻ യോദ്ധാവല്ല
            ഞാൻ പൂജാരിയല്ല
            ഞാൻ സന്യാസിയല്ല
            ഞാൻ ജന്മിയല്ല
            ഞാൻ അടിമയല്ല
            ജനിച്ചു മരിച്ചു പോം
            നീയും ഞാനും
            വെറും മനുഷ്യർ മാത്രം
            നാം തമ്മിലെ ദൂരമൊരു
            പൂണൂലാൽ വേർതിരിച്ച
            നീ എന്തൊരു വിഡ്ഢി.

