അധ:കൃതര്‍ താമസിക്കുന്ന ഒരു ഗ്രാമം സന്ദര്‍ശിക്കുവാന്‍ രാജാവ് പോവുകയാണ് കൂടെ തെന്നാലിരാമനും ഒരു സേവകനും മാത്രം.
മൃഗങ്ങളെയോ പക്ഷികളെയോ കൊന്ന് ഭക്ഷിക്കുന്ന ശീലം ആ ഗ്രാമാവാസികള്‍ക്കില്ല. മരിച്ചു ചത്തു വീഴുന്ന മൃഗങ്ങളുടെയോ പക്ഷികളുടെയോ മാംസം മാത്രമേ അവര്‍ തിന്നുകയുള്ളൂ. രാജ്യത്തിലെ മറ്റ് ജനങ്ങള്‍ അവരെ വെറുത്തിരുന്നത് ഇത് മൂലമായിരുന്നു.
ഗ്രാമം ചുറ്റിക്കറങ്ങവേ അഹങ്കാരിയായ സേവകന്‍ പൊങ്ങച്ചം പറഞ്ഞു. ”എന്തൊക്കെ സംഭവിച്ചാലും ചത്ത ജീവികളുടെ മാംസം ഞാന്‍ ഭക്ഷിക്കുകയില്ല.”
ഇയാളുടെ പൊങ്ങച്ചം നിറഞ്ഞ വാക്കുകള്‍ കേട്ട തെന്നാലിരാമന്‍ മറുപടിയായി പറഞ്ഞു. ”ഇങ്ങനെയുള്ള ദേശത്തില്‍ ജീവിക്കേണ്ടി വന്നാല്‍ അവര്‍ തരുന്നതൊക്കെ ഞാന്‍ ഭക്ഷിക്കും.”
”പട്ടിണി മൂലം ചത്തുപോയാല്‍ കൂടി ഞാന്‍ ഒരിക്കലും ഇത്തരം മാംസം ഭക്ഷിക്കുകയില്ല.” സേവകന്‍ പറഞ്ഞതില്‍ തന്നെ ഉറച്ചുനിന്നു.
തെന്നാലിരാമന്‍ രാജാവിനോട് ഇയാള്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറാണോ എന്നൊന്ന് പരീക്ഷിക്കണമല്ലോ എന്ന് പറഞ്ഞു. രാജാവിനും അത് ശരിയാണ് എന്ന് തോന്നി. രാജാവ് അയാളെ രണ്ടാഴ്ചക്കാലം ആ ഗ്രാമത്തില്‍ തങ്ങുവാന്‍ നിയോഗിച്ചു. ഈ കാലയളവില്‍ അയാള്‍ക്ക് ഗ്രാമത്തില്‍ നിന്നും പുറത്തുപോകുവാന്‍ അനുവാദം ഇല്ലായിരുന്നു.
കൂവരക് എന്ന ഒരുതരം ധാന്യവും ചത്ത ജീവികളുടെ മാംസവും മാത്രമായിരുന്നു ആ ഗ്രാമവാസികളുടെ ആഹാരം. സേവകന് കൂവരക് ഇഷ്ട്മായിരുന്നില്ല അതിനാല്‍ ആദ്യത്തെ ഒരാഴ്ച ഭക്ഷണമൊന്നും കഴിക്കാതെ അയാള്‍ എങ്ങനേയോ കഴിച്ചുകൂട്ടി.
ആഹാരം കഴിക്കാതെ അയാള്‍ വല്ലാതെ ക്ഷീണിച്ചു. ഭക്ഷണം കഴിച്ചില്ലെങ്കില്‍ താന്‍ പട്ടിണി മൂലം മരിച്ചുപോകുമോ എന്നയാള്‍ ഭയപ്പെട്ട് തുടങ്ങി. താന്‍ മരിച്ചാല്‍ തന്റെ കുടുംബം അനാഥമാകുമല്ലോ എന്നോര്‍ത്തയാള്‍ ദു:ഖിച്ചു. വിശപ്പും ദുഃഖവും അധികരിച്ചപ്പോള്‍ അയാള്‍ ചത്ത ജീവികളുടെ മാംസം തിന്ന് തുടങ്ങി.
തെന്നാലിരാമനോട് അയാള്‍ തന്റെ പരാജയം സമ്മതിച്ചു. രാജാവ് അയാളെ കൊട്ടാരത്തിലേക്ക് തിരിച്ചുവിളിച്ചു.
സാഹചര്യങ്ങള്‍ നമ്മളെ സ്വാധീനിക്കും. നമ്മുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരും. ഏതൊരു സാഹചര്യമാണോ നമ്മളെ കീഴടക്കില്ല എന്ന് നാം അഹങ്കരിക്കുന്നത് അത് നമ്മളെ കീഴടക്കും. ഉള്ളില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന വാസനകള്‍ അനുകൂലമായ പരിതസ്ഥിതികളില്‍ ഉണരും. നാം മറ്റൊരാളായി രൂപപ്പെടാന്‍ അധിക സമയമൊന്നും ആവശ്യമില്ല.
ഏതൊരു സാഹചര്യവും പരിതസ്ഥിതിയുമായും നാം ഇടപെടുന്നുവോ സംവേദനത്തില്‍ ഏര്‍പ്പെടുന്നുവോ അവ നമ്മളില്‍ സൃഷ്ട്ടിക്കുന്ന മാറ്റങ്ങള്‍ അത്ഭുതാവാഹമായിരിക്കും. നമ്മുടെ സ്വഭാവത്തില്‍, വികാരങ്ങളില്‍, സംഭാഷണത്തില്‍, ശരീരഭാഷയില്‍ ഒക്കെ അവ മാറ്റങ്ങള്‍ കൊണ്ടുവരും. മോശമായ കൂട്ടുകെട്ടുകള്‍ നമ്മളിലെ മനുഷ്യന്റെ നന്മയെ ഇല്ലാതെയാക്കി മനസ്സില്‍ നിഷേധവികാരങ്ങള്‍ നിറക്കും.
മോശം വ്യക്തികളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും പരമാവധി അകന്നുനില്‍ക്കുകയാണ് നമുക്ക് ചെയ്യുവാന്‍ കഴിയുന്ന കാര്യം. ഇവയുടെ നിരന്തരസാമീപ്യം നാമറിയാതെ നമ്മളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. നമ്മുടെ സ്വഭാവവ്യശിഷ്ട്യത്തെക്കുറിച്ച്, അത്മബലത്തെക്കുറിച്ച് എത്രമാത്രം വിശ്വാസം ഉണ്ടെങ്കിലും ഇവയുടെ സ്വാധീനം അതിനും മീതെയാണ്. മോശം കൂട്ടുകെട്ടുകളും സാഹചര്യങ്ങളും ഒഴിവാക്കുക തന്നെ അഭികാമ്യം.
മോശവും അനഭിലഷണീയതുമായ സാഹചര്യങ്ങളില്‍ അകപ്പെട്ടാല്‍ എത്രയും പെട്ടെന്ന് അതില്‍ നിന്നും മോചിതനാകുവാന്‍ ശ്രമിക്കുകയാവണം നമ്മുടെ ലക്ഷ്യം. തനിക്ക് ചുറ്റും നന്മയുള്ള, ഉയരത്തിലേക്ക് തന്നെ നയിക്കുവാന്‍ പ്രാപ്തമായതായ ഒരു വലയം നമുക്ക് സൃഷ്ട്ടിക്കുവാന്‍ സാധിക്കണം. മോശം അവസ്ഥയില്‍ പെട്ട് മോചിതനാകുവാന്‍ പരിശ്രമിക്കുന്നതിനേക്കാള്‍ അത്തരം അവസ്ഥയില്‍ എത്തിപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കുക തന്നെ ഉത്തമം. നന്മയില്‍ നിന്നും തിന്മയിലേക്കുള്ള ദൂരം വളരെ കുറവാണ്.